നെടുങ്കണ്ടം കസ്റ്റഡി മരണം: പുതിയ വെളിപ്പെടുത്തലുമായി രാജ്കുമാറിന്റെ സ്ഥാപനത്തിലെ മുന്‍ജീവനക്കാരി

 
നെടുങ്കണ്ടം കസ്റ്റഡി മരണം: പുതിയ വെളിപ്പെടുത്തലുമായി രാജ്കുമാറിന്റെ സ്ഥാപനത്തിലെ മുന്‍ജീവനക്കാരി

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാര്‍ പിരിച്ചെടുത്ത പണം നിക്ഷേപിച്ചത് കുമളിയിലെ ചിട്ടികമ്പനിയിലെന്ന് വെളിപ്പെടുത്തല്‍. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെതാണ് വെളിപ്പെടുത്തല്‍. പണം കൊണ്ടുപോയത് കാറിലാണെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

രാജ്കുമാര്‍ പണം തട്ടിപ്പു നടത്തിയെന്നും ആ പണം എവിടെ എന്നുമെന്ന ചോദ്യമായിരിന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഉന്നയിക്കപ്പെട്ടത്. എന്നാല്‍ കുമളിയിലെ ചിട്ടി കമ്പനി ഏതാണെന്ന്‌ ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

കുമളി ചിട്ടിക്കമ്പനിയില്‍ പണമെത്തിച്ചത് മൂന്നാം പ്രതി മഞ്ജുവിന്റെ ഭര്‍ത്താവാണെന്ന് സൂചനയെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുന്നൂറോളം സ്ത്രീകളുടെ പണമാണ് നഷ്ടപ്പെട്ടിരുന്നത്. ഇതില്‍ ഏകദേശം ഒന്നരലക്ഷത്തോളം രൂപ മാത്രമാണ് രാജ് കുമാര്‍ നടത്തിയിരുന്ന ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഓഫിസില്‍ നിന്നും കണ്ടെടുത്തത്.

മർദ്ദനത്തെ തുടർന്നാണ് രാജ്കുമാർ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടില് വ്യക്തമായിരുന്നു. സംഭവത്തെ തുടർന്ന് നെടുങ്കണ്ടത്തെ 13 പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.

കേസ് അന്വേഷണം ഫലപ്രദമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യം രാജ്കുമാറിന്റെ ബന്ധുക്കള് ഉന്നയിച്ചിട്ടുണ്ട്.