വാസന്തിക്ക് മകനെ ഡോക്ടറാക്കണം; ഒരു വഴിയോര കച്ചവടക്കാരിയുടെ അതിജീവന ശ്രമങ്ങള്‍

 
വാസന്തിക്ക് മകനെ ഡോക്ടറാക്കണം; ഒരു വഴിയോര കച്ചവടക്കാരിയുടെ അതിജീവന ശ്രമങ്ങള്‍

വി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം പാളയം കണ്ണിമാറ മാര്‍ക്കറ്റ് കവാടത്തില്‍ രണ്ടാം തവണ വാസന്തി ചേച്ചിയെ കാണാന്‍ പോകുമ്പോള്‍ നേരം ഇരുട്ടിയിരുന്നു, ആട്ടിയോടിക്കാന്‍ നഗരസഭ അധികാരികള്‍ എപ്പോഴാണെത്തുക എന്ന ഭീതി മങ്ങിയ വെളിച്ചത്തിലും അവരുടെ മുഖത്ത് തെളിഞ്ഞു കാണാം. മകനെ ഡോക്ടര്‍ ആക്കാന്‍ ഈ 65ആം വയസ്സിലും അധ്വാനിക്കുന്ന അവരെ ആകെ അലട്ടുന്നത് അതൊന്നു മാത്രമാണ്‌. ഒരു ദിവസത്തെ വരുമാനം കുറയുമ്പോള്‍ അതു ബാധിക്കുന്നത് മകന്റെ പഠനമാണെന്നുള്ള ആധി അവരെ ഈ പ്രായത്തിലും ഒരു മിനിറ്റ് നടു നിവര്‍ത്താന്‍ അനുവദിക്കുന്നില്ല. പടല വെട്ടി നിരത്തിയ പാളയന്തോടനും, ഏത്തനും, റോബസ്റ്റയും ഉന്തുവണ്ടിയില്‍ നിരത്തി മാര്‍ക്കറ്റ് കവാടത്തിലുണ്ടാവും അവര്‍ എപ്പോഴും. ചിലപ്പോള്‍ നഗരസഭ ഉദ്യോഗസ്ഥരെ പേടിച്ച് വണ്ടിയുടെ മേല്‍ ഷീറ്റ് വിരിച്ച് കാക്കത്തണല്‍ വിരിക്കുന്ന ചെറിയൊരു ബദാം മരത്തിനു ചുവട്ടില്‍. അല്ലെങ്കില്‍ തലയിലൊരു തോര്‍ത്തും ചൂടി കായയുടെ മുകളില്‍ വന്നിരിക്കുന്ന ഈച്ചയെ പത്രം കൊണ്ട് ആട്ടിയോടിച്ചുകൊണ്ട് പൊരി വെയിലത്ത്.

നഗരപാതയിലെ മഞ്ഞവിളക്കുകള്‍ കണ്ണടയ്ക്കുന്നതിനു മുന്‍പ് അവര്‍ പാളയത്തെത്തും. പഴക്കുലകള്‍ എടുക്കുന്നത് മണക്കാട് നിന്നാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒരുമിച്ച് രണ്ടുതവണ 12ല്‍ തൊടുമ്പോഴും വാസന്തിചേച്ചി വീട്ടില്‍ ഉണ്ടാവില്ല. ഒന്നുകില്‍ മാര്‍ക്കറ്റില്‍ അല്ലെങ്കില്‍ വീട്ടിലേക്കുള്ള വഴിയില്‍. കോഴി കൂവുന്നതിനു മുന്‍പ് കാരയ്ക്കാമണ്ഡപം മേലാങ്കോട്ടുള്ള രണ്ടു സെന്റു പുരയിടത്തിലെ വീട്ടില്‍ നിന്നും അവര്‍ മാര്‍ക്കറ്റിലേക്ക് വച്ചുപിടിക്കും. രാവിലെ മണക്കാട് പോയിട്ട് വരുമ്പോള്‍ ചിലപ്പോള്‍ താമസിക്കും. അവിടെ നിന്നും മൊത്തവിലയ്ക്ക് കുല എടുക്കണം, ഓട്ടോയില്‍ കയറ്റി മാര്‍ക്കറ്റിലെത്തിക്കണം. അപ്പൊഴേക്കും മറ്റുള്ള കടകളൊക്കെ തുറന്നിട്ടുണ്ടാവും. മറ്റെന്തെങ്കിലും കാര്യത്തിനായി രാവിലെ പോകേണ്ടിവന്നാല്‍ അവിടന്നുള്ള കുല എടുപ്പ് നടക്കില്ല. അപ്പൊ മാര്‍ക്കറ്റിലെ കടകളില്‍ നിന്ന് തന്നെ സാധനം എടുക്കണം. മൊത്ത വിലയില്‍ നിന്ന് 10-15 രൂപ വരെ വ്യത്യാസത്തില്‍ പഴമെടുത്താല്‍ ലാഭം ഒന്നുമുണ്ടാവില്ല.


വാസന്തിക്ക് മകനെ ഡോക്ടറാക്കണം; ഒരു വഴിയോര കച്ചവടക്കാരിയുടെ അതിജീവന ശ്രമങ്ങള്‍

മാര്‍ക്കറ്റിനകത്തെ സാജുവിന്‍റെ 240മത് നമ്പര്‍ സ്റ്റാളിന്റെ സമീപം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുന്ന ഉന്തുവണ്ടിയില്‍ പഴം നിരത്തുന്നത് മുതല്‍ തുടങ്ങും വാസന്തിചേച്ചിയുടെ അദ്ധ്വാനം. വണ്ടി അകത്തേക്ക് കയറ്റാന്‍ സ്ഥലമില്ലാത്തതു കൊണ്ട് പഴക്കുല ഓരോന്നും എടുത്തുകൊണ്ടുവന്നു പടല വെട്ടിയാലെ അടുക്കു ശരിയാവൂ. അതിരാവിലെ തുടങ്ങുന്ന ചില്ലറക്കച്ചവടം അന്തിമയങ്ങുന്നതു വരെ നീളും. രാവിലെ നടക്കാന്‍ പോകുന്നവരും വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ആള്‍ക്കാരുമാണ് അവരുടെ കസ്റ്റമേഴ്സ്. അതില്‍ രണ്ടു പഴം വാങ്ങാന്‍ വരുന്നവരും ഓരോ കിലോ ദിനവും വാങ്ങുന്നവരും ഉണ്ടാവും. ചേച്ചി ആരെയും വെറുപ്പിക്കാറില്ല. കച്ചവടം കഴിഞ്ഞു വണ്ടി തിരിച്ചു കൊണ്ടിടുന്ന സമയം അന്നത്തെ വരുമാനം കണക്കുകൂട്ടുമ്പോള്‍ ചിലപ്പോ ഇരുനൂറു രൂപ വരെ ലഭിക്കും. കോര്‍പ്പറേഷന്‍കാര്‍ ഓടിച്ചു വിടുന്ന ദിവസം തുക മൂന്നക്കം എത്തിക്കാന്‍ വാസന്തിക്കു കഴിയാറില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകന്‍ വേണുവിന്റെ പഠനച്ചെലവുകള്‍ക്കും രണ്ടുപേരുടെ ദൈനം ദിന ചെലവുകള്‍ കണ്ടെത്താന്‍ അവര്‍ക്കറിയാവുന്ന പണി ഇതു മാത്രമാണ്.

വാസന്തിയുടെ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ രണ്ടു മക്കളാണ്. മൂത്തവന്‍ ബിജുവും രണ്ടാമന്‍ വേണുവും. വേണു ഇപ്പോള്‍ എംബിബിഎസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. അവനുവേണ്ടിയാണ് അവര്‍ വയസ്സാംകാലത്തും എല്ലുമുറിയെ പണിയെടുക്കുന്നത്. മൂത്തയാള്‍ ബിജു ബികോം വരെ പഠിച്ചിട്ടുണ്ട്. ജോലിയുണ്ടെങ്കിലും എംബിബിഎസ് പഠന ചിലവുകള്‍ ബിജു കൂട്ടിയാല്‍ കൂടില്ല, ബിജുവിന് ഭാര്യയും കുട്ടിയുമുണ്ട്. ആ ചിലവുകളും വഹിക്കേണ്ടതിനാല്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അമ്മയോടൊപ്പം മകനും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അമ്മയുടെ കഷ്ടപ്പാട് തന്റെ കുട്ടിക്കാലം മുതല്‍ കണ്ടാണ്‌ ബിജു വളര്‍ന്നത്‌.

‘ഞാന്‍ കുട്ടിയായിരിക്കുന്ന സമയം കുഞ്ഞമ്മയെയോ അല്ലെങ്കില്‍ അടുത്ത വീട്ടിലോ എന്നെ ഏല്‍പ്പിച്ചാണ് അമ്മ മാര്‍ക്കറ്റിലേക്ക് പോവുക. പതിനാലാം വയസ്സില്‍ ചുമടെടുക്കാന്‍ തുടങ്ങിയതാണ് അവര്‍. അച്ഛന്‍ ഉപേക്ഷിച്ചു പോയപ്പോഴും എല്ലുമുറിയെ പണിയെടുത്താണ് അമ്മ ഞങ്ങളെ പോറ്റിയത്. ചെറിയ ഭാരമുള്ള സാമഗ്രികള്‍ തലച്ചുമട് എടുത്ത് കടകളില്‍ എത്തിച്ചാണ് ജോലിയുടെ ആരംഭം എന്ന് ഇടയ്ക്കിടെ അമ്മ പറയുന്നത് കേള്‍ക്കാം, പിന്നതു വലിയ ചാക്കുകള്‍ ആയി മാറി.’-ബിജു ഓര്‍ക്കുന്നു.

30 വര്‍ഷത്തോളം ചാക്കുകെട്ടുകളോടൊപ്പം അവര്‍ ജീവിതഭാരവും ചുമന്നു. പ്രായം തളര്ത്തുന്നതുവരെ അവര്‍ ചുമടെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള അനിയത്തിയുടെ രണ്ടു മക്കളെ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു. രണ്ടും കൂടി ഒരുമിച്ച് ചുമക്കാന്‍ ശരീരം അനുവദിക്കാതെ വന്നപ്പോഴാണ് മാര്‍ക്കറ്റിനു മുന്നില്‍ പഴക്കച്ചവടത്തിലേക്ക് തിരിയുന്നത്. ശാരീരികാസ്വാസ്ഥ്യം കാരണം അത് ഇടയ്ക്ക് നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാലും വെറുതേയിരുന്നു ശീലമില്ലാത്തതുകൊണ്ട് പച്ചക്കറികള്‍ വാങ്ങി കാരായ്ക്കാമണ്ഡപത്തു കവലയില്‍ വച്ചു വിറ്റിരുന്നു. അപ്പോഴാണ്‌ വേണുവിന് എംബിബിഎസിന് അഡ്മിഷന്‍ ശരിയാവുന്നത്. വരാന്‍ പോകുന്ന സാമ്പത്തിക ബുദ്ധിമുട്ട് മനസ്സില്‍ കണ്ടുകൊണ്ട് അവര്‍ മകനോട് ചോദിച്ചു.

‘നിനക്കിതിനു തന്നെ പോണോടാ മോനേ? നമ്മളെക്കൊണ്ടു പറ്റുമോടാ!

വാസന്തിക്ക് മകനെ ഡോക്ടറാക്കണം; ഒരു വഴിയോര കച്ചവടക്കാരിയുടെ അതിജീവന ശ്രമങ്ങള്‍

അതിനു മറുപടിയായി വേണു അമ്മയോട് പറഞ്ഞത് പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആശുപത്രിയില്‍ കിടന്ന സമയത്തെ അനുഭവങ്ങളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തനിക്കും കുടുംബത്തിനും അതുപോലെ മറ്റനേകം പേര്‍ക്കും ആശുപത്രിയില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച്.

‘ഞാനൊരു ഡോക്ടര്‍ ആയാല്‍ കുറച്ചുപേരെയെങ്കിലും നമുക്കു സഹായിക്കനാവില്ലേ അമ്മേ’ എന്ന ചോദ്യത്തിന് മുന്നില്‍ വാസന്തിക്കു മറുപടിയില്ലായിരുന്നു.

മാസം 600 രൂപ യാത്രക്കൂലിയും മറ്റു ചിലവുകള്‍ 900 രൂപയും ചെലവാകും. ഉയര്‍ന്ന റാങ്കോടെ മെറിറ്റില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ച വേണുവിന് ഒരുമാസത്തെ പഠനച്ചെലവുകള്‍ക്ക് എങ്ങനെയൊക്കെ പോയാലും 3000 വേണ്ടിവരും. അവരെ സംബന്ധിച്ചിടത്തോളം 3000 ഒരു വലിയ തുകയാണ്. അങ്ങനെയൊരവസ്ഥയില്‍ വീട്ടില്‍ കുത്തിയിരിക്കാന്‍ വാസന്തിക്കു കഴിഞ്ഞില്ല. അവര്‍ വീണ്ടും പാളയത്തെത്തി, പഴം നിറച്ച ഉന്തുവണ്ടിയുമായി.

വേണുവിനെക്കുറിച്ചു പറയാതെ വാസന്തിയുടെ കഥ അപൂര്‍ണ്ണമാണ്. അതു പറയാന്‍ ഏറ്റവും യോഗ്യര്‍ അവന്റെ അമ്മയും ചേട്ടനും തന്നെയാണ് .

‘ഞാനും വേണുവും തമ്മില്‍ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. അവനിപ്പോ 20ഉം എനിക്ക് 33ഉം. അവന്റെ കുട്ടിക്കാലം മുതല്‍ സ്കൂളില്‍ രക്ഷകര്‍ത്താവായി പോകുന്നത് ഞാനായിരുന്നു. അമ്മ ജോലിക്ക് പോകുമ്പോ അതല്ലാതെ വേറെ മാര്‍ഗമില്ല. പത്താം ക്ലാസുവരെ നേമം ബോയ്സ് സ്കൂളിലാണ് അവന്‍ പഠിച്ചത്. നല്ല മാര്‍ക്കുണ്ടാരുന്നോണ്ട് സെന്റ്‌ ജോസഫില്‍ കിട്ടി. പഠിച്ച എല്ലാ ക്ലാസ്സിലും നല്ല മാര്‍ക്കോടെ അവന്‍ പാസ്സായി. പ്ലസ്‌ ടുവിനും നല്ല മാര്‍ക്കുണ്ടായിരുന്നു. ആ സമയത്താണ് അവന്റെ ലക്ഷ്യം ഇതാണെന്ന് വീട്ടില്‍ പറയുന്നത്. ഇനി അവന്‍ ഡോക്ടര്‍ ആയി വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍ ഓരോരുത്തരും’- ബിജുവിന്‍റെ ഓരോ വാക്കിലും അനിയനെക്കുറിച്ചുള്ള അഭിമാനം തുളുമ്പുന്നുണ്ടായിരുന്നു.

വേണുവിനെക്കുറിച്ച് വാസന്തിച്ചേച്ചിയോട് ചോദിച്ചാല്‍ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടരും, കണ്ണില്‍ ആത്മവിശ്വാസം തെളിയും. ജോലിക്കാവശ്യമുള്ള കണക്കുകൂട്ടല്‍ അല്ലാതെ വാസന്തിക്ക് എഴുത്തോ വായനയോ അറിയില്ല. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അതിനൊട്ടു സമയം കിട്ടിയതുമില്ല. മകനെക്കുറിച്ചു ചോദിച്ചാല്‍ ആദ്യം അവര്‍ പറയുക, ഇത് വരെ ഒരു ക്ലാസിലും അവന്‍ തോറ്റിട്ടില്ല എന്നായിരിക്കും.

‘പ്രത്യേകിച്ച് ഒന്നും അവന്‍ ആവശ്യപ്പെടാറില്ല. രാവിലെ കോളേജില്‍ പോകാന്‍ നേരം ഒരു പാല്‍ചായ ഇട്ടു കൊടുക്കും ഞാന്‍. അതും കുടിച്ചോണ്ട് മക്കള് പോവും. കൊച്ചിലേ നല്ലോണം പഠിക്കുമാരുന്നു. നിര്‍ബന്ധിക്കേണ്ടാരുന്നു ഒന്നിനും. എല്ലാം തന്നെ തോന്നി ചെയ്തോളും. കൊച്ചായിരുന്നപ്പൊ മുതല്‍ വീട്ടില്‍ പൈസ കൊണ്ടു വയ്ക്കുമായിരുന്നു ഞാന്‍. അന്നൊക്കെ നല്ല കച്ചോടം ഉള്ള സമയം. കൊണ്ടു വച്ചേന്ന് ഒരു രൂപ പോലും മക്കളുമാര് എടുക്കില്ല. അത് ബിജൂം വേണൂം ഒരേപോലെ. ഒരു രൂപ വേണമെങ്കില്‍ എന്നോട് ചോദിക്കും. എന്റെ കൈ കൊണ്ടു തന്നെ എടുത്തു കൊടുക്കേം വേണം. അതിന് ഇന്നും ഒരു മാറ്റോം വന്നിട്ടില്ല. എന്നും കൊണ്ടു പോകുന്നതില്‍ പത്തു രൂപ അധികം വേണമെങ്കില്‍ പോലും അവന്‍ പറയും എന്നോട്, ഇന്ന് ഇന്ന ആവശ്യമുണ്ട് എന്ന്’

വേണുവിന് അമ്മയെ ഈ പ്രായത്തില്‍ ജോലിക്കുവിടുന്നതില്‍ ഏറെ വിഷമമുണ്ട്, വേറെ വഴിയില്ലാത്തതിനാല്‍ അവനത് ആരോടും പറയുന്നില്ല എന്ന് മാത്രം.20 വയസ്സേ ആയിട്ടുള്ളൂ എങ്കിലും തന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ്‌ വേണു. തന്റെ ജീവിതം ഇവിടം വരെ എത്തിയതെങ്ങനെ എന്നത് വ്യക്തമായ ബോധവും അയാള്‍ക്കുണ്ട്. പക്ഷേ ഇനിയെങ്ങനെ എന്ന ഒരു ചോദ്യം ഇപ്പോഴും വേണുവിനെ അലട്ടുന്നുണ്ട്.

‘പ്ലസ്‌ ടൂ കഴിഞ്ഞ് എന്ട്രന്‍സ് കോച്ചിംഗിനു ചേര്‍ന്നത്‌ സഫയറിലായിരുന്നു. അതിന്‍റെ ഉടമ സുനില്‍ സാര്‍ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഫീസ്‌ വാങ്ങാതെയാണ് എന്നെ പഠിപ്പിച്ചത്. ആദ്യ തവണ എഴുതുമ്പോ മുഴുവന്‍ ടെന്‍ഷന്‍ ആയിരുന്നു. കിട്ടിയാലും എങ്ങനെ പഠിക്കും എന്നുള്ള കാര്യം ഓര്‍ത്ത്. അക്കാരണം കൊണ്ട് പരീക്ഷ നന്നായി എഴുതാന്‍ സാധിച്ചില്ല. രണ്ടാം തവണ എഴുതുമ്പോ കാറ്റഗറിയില്‍ രണ്ടാം റാങ്ക് നേടാന്‍ കഴിഞ്ഞു. അമ്മയുടെയും സുനില്‍ സാറിന്റെയും ചേട്ടന്റെയും ഒക്കെ സപ്പോര്‍ട്ട് ഇല്ലാതെ ഇതൊന്നും സാധിക്കുകയുമില്ലായിരുന്നു’-വേണു തന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നന്ദിയോടെ ഓര്‍ത്തു.

വാസന്തിയിലേക്ക് തിരികെ വരാം...

ആദ്യം പറഞ്ഞതുപോലെ നഗരസഭയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ് വാസന്തി. അവര്‍ മാത്രമല്ല, സംസ്ഥാനത്തെ പല വഴിയോര കച്ചവടക്കാരും. നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അതൊന്നും ഇക്കൂട്ടരെ സംരക്ഷിക്കാറില്ല. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വഴിയോരകച്ചവടക്കാരുടെ സത്യാഗ്രഹത്തിലും വാസന്തി പങ്കെടുത്തു. വാസന്തിയുടെ കാര്യത്തില്‍ അതില്‍ സ്വല്പം പ്രൊഫഷണല്‍ ജെലസിയും കൂടി കലര്‍ന്നിട്ടുണ്ട്. മൊത്തവിലയ്ക്ക് സാധനമെടുക്കുന്ന അവര്‍ മറ്റു കടക്കാരെപ്പോലെ കൊള്ളലാഭമെടുക്കാറില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ കച്ചവടം കുറയാന്‍ കാരണം വാസന്തിയാണെന്നു കരുതുന്ന ചിലര്‍ കണ്ണിമാറ മാര്‍ക്കറ്റിലുണ്ട്. അവര്‍ ഇടയ്ക്കിടയ്ക്ക് പരാതി നല്‍കും, അതു കിട്ടേണ്ട താമസം നഗരസഭയില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തും. ഇടയ്ക്ക് പോലീസിന്റെ വക വിരട്ടലും. ഇതു തുടങ്ങിയിട്ട് വര്‍ഷങ്ങളായി, ഇടയ്ക്ക് രണ്ടു തവണ വാസന്തിയുടെ ഉന്തുവണ്ടിയെ അറസ്റ്റു ചെയ്ത് കോര്‍പ്പറേഷന്‍ കോമ്പൌണ്ടില്‍ കൊണ്ടിടുകയും ചെയ്തു. അതില്ലാതെ തന്റെയും മക്കളുടെയും ജീവിതം മുന്നോട്ടു പോകില്ല എന്നുറപ്പുള്ളതു കൊണ്ട് കുറേ കാശു നഷ്ടം വന്നെങ്കിലും വണ്ടിയെ അവര്‍ ജാമ്യത്തിലെടുത്തു. ഏതു നിമിഷവും ഉദ്യോഗസ്ഥരെ പ്രതീക്ഷിച്ചാണ് വാസന്തിയുടെ ഇരിപ്പ് തന്നെ. ഇവര്‍ കാരണം മിക്കപ്പോഴും കച്ചവടം മുടങ്ങും. അടിക്കടി ഉദ്യോഗസ്ഥ സന്ദര്‍ശനം ഉണ്ടാകാറുണ്ടെങ്കിലും അവര്‍ പോയ്ക്കഴിഞ്ഞാല്‍ ഉന്തുവണ്ടി വീണ്ടും മാര്‍ക്കറ്റിനു മുന്നിലെത്തും. കാരണം ലളിതം. വാസന്തിയുടെ വരുമാനം കുറഞ്ഞാല്‍ മുടങ്ങുക വേണുവിന്‍റെ പഠനമായിരിക്കും. വേണു ഡോക്ടര്‍ കുപ്പായമിടുന്നത്‌ വരെ തന്നെ ജോലിയെടുക്കാന്‍ അനുവദിക്കണം എന്ന് മാത്രമാണ് വാസന്തിയുടെ ഏക ആവശ്യം.

വാസന്തിയേയും വേണുവിനെയും സഹായിക്കണമെന്നുള്ളവര്‍ക്ക് വേണ്ടി

Venu.V.S

Acc No:67250091880

State Bank of Travencore- SCT college branch

IFSC Code:SBTR0000851

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ )