വയനാടന്‍ കാടുകളില്‍ എങ്ങനെ തീ പടര്‍ന്നു? മറ നീക്കാത്ത നിഗൂഡതകള്‍

 
വയനാടന്‍ കാടുകളില്‍ എങ്ങനെ തീ പടര്‍ന്നു? മറ നീക്കാത്ത നിഗൂഡതകള്‍

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് അതിരിടുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാടുകള്‍ക്ക് നടുവില്‍ ഇപ്പോഴും അസ്വസ്ഥതകള്‍ പുകയുകയാണ്. ഇതിന് മുമ്പ് ഒരിക്കലും ഇല്ലാത്തവിധം അഗ്നികുണ്ഠങ്ങള്‍ ഈ കാടുകളെ വിഴുങ്ങി തീര്‍ത്തു. രാപ്പകല്‍ കാട്ടുതീയണയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്തവര്‍ക്കിടയില്‍ നിന്നും ഒരു വനപാലകനും കാടിനുളളില്‍ വെന്തുമരിച്ചു. അനേകം ജന്തുജാലങ്ങളും പക്ഷികളുമെല്ലാം ആകാശംമുട്ടെ വളര്‍ന്ന തീമരങ്ങള്‍ക്കിടyയില്‍ ചാരമായിമാറി. പശ്ചിമഘട്ടത്തിലെ പ്രധാനമായ ഈ കാടുകള്‍ക്ക് നടുവില്‍ എങ്ങിനെ തീപടര്‍ന്നു? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി ഇതെല്ലാം അവശേഷിക്കുന്നു. ഉള്‍വനത്തിലുള്ള ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലാവുമ്പോള്‍ കാടിനുള്ളിലേക്ക് ഇരച്ചുകയറിയ കനത്ത ചൂടിനെക്കുറിച്ചും ഉണങ്ങി വരണ്ട വനത്തെക്കുറിച്ചുമാണ് വനവാസികള്‍ സംസാരിക്കുക.

ചുട്ടുപൊള്ളുന്ന ഈ മാറ്റം തന്നെയാണ് ഒരു ചെറിയ തീപ്പൊരി വീണാല്‍പോലും മണിക്കുറുകള്‍ കൊണ്ട് ചാമ്പലാകുന്നവിധത്തില്‍ കാടിനെ ഉണക്കിയതെന്ന തിരിച്ചറിവാണ് ഇവിടെ നിന്നും ഉയരുന്നത്. പശ്ചിമഘട്ടത്തിന്റെ ഏകദേശം നടുക്കായി പച്ചഭൂപടം വരച്ചു നിന്ന ഈ കാടുകള്‍ക്കുള്ളില്‍ കനത്ത മഴപെയ്തിട്ട് കാലമെത്രയായി. കാട്ടുതീ പടര്‍ന്നവേളയിലല്ലാതെ ആരും ഇതേക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ല. വറ്റിയ ജലാശയങ്ങളും തീറ്റയുടെ ദൗര്‍ലഭ്യവുമെല്ലാം വന്യജീവികളെ ഈ കാടുകളില്‍ നിന്നും എന്നേ അകറ്റിയിരിക്കുന്നു. അല്‍പ്പമെങ്കിലും പച്ചപ്പുകള്‍ ശേഷിക്കുന്ന ഇടങ്ങള്‍ തേടി ഇവയെല്ലാം കാടിനുള്ളില്‍ മുഴുവന്‍ അലഞ്ഞ് ഒടുവില്‍ കൃഷിയിടങ്ങളെ ലക്ഷ്യമാക്കിയാണ് നടന്നത്. ഇവിടെയും പ്രതിരോധത്തിന്റെ അലയൊലികള്‍ മുഴങ്ങിയപ്പോള്‍ നാടും വന്യജീവികളും തമ്മിലുള്ള പോരാട്ടത്തിന്റെ മറ്റൊരു വലിയ കഥയായി ഇതെല്ലാം മാറി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സമീപഭാവിയില്‍ തന്നെ തുടച്ചുനീക്കപ്പെട്ടേക്കാവുന്ന ഒരു വനമേഖലയുടെ ദൈന്യതകളിലേക്കാണ്. അന്തീരീക്ഷ താപനിലയില്‍ ഈയടുത്തുണ്ടായ വലിയ ഉയര്‍ച്ചകളാണ് നീലഗിര ജൈവമണ്ഡലത്തെ ആകെ ആശങ്കയിലാഴ്ത്തുന്നത്. പ്രതിവര്‍ഷം 1600 മില്ലിമീറ്റര്‍ മഴ ലഭിക്കാറുണ്ടായിരുന്ന വയനാട്ടില്‍ പോലും ഇന്ന് 60 ശതമാനത്തിലധികം മഴകുറഞ്ഞു. എന്നും പച്ചപ്പുകള്‍ കാത്തുവെച്ച ചോലവനങ്ങള്‍ പോലും അപ്രത്യക്ഷമായി. ഇവിടെ നിന്നും തുടങ്ങുകയായി താളം തെറ്റിയ കാവവസ്ഥയുടെ സമകാലിക ദുരന്തങ്ങളും.

കാട്ടുതീ..കാരണങ്ങള്‍ അജ്ഞാതം

തീവ്രതയേറിയ കാട്ടുതീ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ മാത്രം ആയിരത്തിലധികം ഹെക്ടര്‍ വനത്തെ ചുട്ടുചാമ്പലാക്കിയാണ്‌ ശാന്തമായത്. മോളയാര്‍, കല്‍ക്കാരെ, ഹെതിയാലെ റെയിഞ്ചുകളിലാണ് കൂടുതല്‍ നാശമുണ്ടായത്. ഇവിടെ നിന്നുമാണ് വയനാട് വന്യജീവി സങ്കേതത്തെ ലക്ഷ്യമാക്കിയും കാട്ടുതീ നീങ്ങിയത്. മനുഷ്യവാസമില്ലാത്ത പ്രദേശത്ത് നിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം വനത്തിനുള്ളിലാണ് തീയുടെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷമാണ് കര്‍ണ്ണാടകയില്‍ പുരോഗമിക്കുന്നത്. കാട്ടാനകള്‍ തുടങ്ങിയ വലിയ മൃഗങ്ങള്‍ തീയുടെ സാമിപ്യം ഉണ്ടായ ഉടനെ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. എങ്കിലും പതിനാലോളം ലംഗൂര്‍ വംശത്തില്‍പ്പെട്ട കുരങ്ങന്‍മാരെ കാട്ടുതീയില്‍ അകപ്പെട്ട് ചത്തനിലയില്‍ ഇവിടെ നിന്നും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അധകൃതരും സ്ഥലത്തെത്തി കൂടുതല്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

വയനാടന്‍ കാടുകളില്‍ എങ്ങനെ തീ പടര്‍ന്നു? മറ നീക്കാത്ത നിഗൂഡതകള്‍

നീലഗിരി ജൈവമണ്ഡലം അതീവ പാരിസ്ഥതിക സംരക്ഷണമേഖലയാണ്. ഇപ്പോള്‍ കടുത്ത വെല്ലുവിളിയാണ് ഈ ജൈവ മേഖല നേരിടുന്നത്. 87400 ഹെക്ടര്‍ വിസ്തൃതിയുള്ള ബന്ദിപ്പൂര്‍ വനമേഖയലാണ് ഇതില്‍ ഏറ്റവും വലുത്. രാജ്യത്തെ പ്രധാനപ്പെട്ട കടുവ സംരക്ഷണ കേന്ദ്രമായും ഇതറിയപ്പെടുന്നു. 32000 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള വയനാട് വന്യജീവി സങ്കേതവും 64,300 ഹെക്ടര്‍ വലുപ്പമുള്ള നാഗര്‍ഹോള വന്യജീവി സങ്കേതവും 32600 ഹെക്ടര്‍ വനമുള്ള മുതുമല വന്യജീവി സങ്കേതവും ചേര്‍ന്നതാണ് നീലഗിര ജൈവ മണ്ഡലം. പശ്ചിമഘട്ടത്തിലെ അനുഗ്രഹീതമായ പച്ചപ്പും കൂടയാണിത്. പതിനഞ്ചായിരത്തിലധികം മാനുകളും ആയിരത്തിലധികം കാട്ടാനകളും എഴുപതിലധികം കടുവകളും ഇതന്റെ ചെറിയ ഭാഗമായ വയനാട് വന്യജീവി സങ്കേതത്തില്‍ പോലുമുണ്ട്. കനത്ത ചൂടും കാട്ടുതീയുമെല്ലാം വര്‍ഷതോറും ജൈവലോകത്തിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയാണ്. കാട്ടാനകളുടെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ താവളം കൂടിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരേസമയം അതിരിടുന്ന ഈ കാടുകള്‍. 40

ചതുരശ്രകിലോമീറ്റര്‍ സ്ഥലത്തോളം കാടുകള്‍ കാട്ടു തീയെ തുടര്‍ന്ന് ഇവിടെ നശിച്ചതായി പ്രാഥമിക കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നു. 2009, 2012, 2014 വര്‍ഷങ്ങളിലും ഇവിടെ കാട്ടുതീ നാശം വിതച്ചിരുന്നു. ഇതിനെയെല്ലാം വെല്ലുന്ന രീതിയിലാണ് ഇത്തവണ തീപടര്‍ന്നത്.

കര്‍ണ്ണാടക ഫോറസ്റ്റ് ഫയര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ നിഗമനപ്രകാരം വന്യമൃഗങ്ങളും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇതേതുടര്‍ന്ന് വഷളായ വനംവകുപ്പുമായുള്ള ബന്ധങ്ങളുമാണ് കാട്ടുതീക്ക് പിന്നിലുളളതെന്നാണ് വിലയിരുത്തല്‍. ഇത്തരത്തിലുള്ള പ്രതിചേര്‍ക്കല്‍ പോലും വനഗ്രാമങ്ങളുമായി നല്ല രീതിയില്‍ തുടരുന്ന ബന്ധങ്ങള്‍ പോലും തകരാനിടയാവുന്നുവെന്നത് മറ്റൊരു നിരീക്ഷണവുമാണ്. വേനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വനത്തിലൂടെ കടന്നുപോകുന്ന പാതയോരങ്ങളില്‍ ഫയര്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. വഴിയാത്രക്കാര്‍ ആരെങ്കിലും സിഗരറ്റ് കുറ്റിയോ മറ്റോ വലിച്ചെറിഞ്ഞാല്‍ പോലും പടരുന്ന തീയെ കാടിനുള്ളിലേക്ക് വ്യാപിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത്തരത്തില്‍ ഫയര്‍ലൈന്‍ അടക്കമുള്ളവ മുന്‍കരുതലായി എടുത്തിട്ടും നിബിഡവനത്തിനുള്ളില്‍ തീ എങ്ങിനെ പടര്‍ന്നു എന്നതാണ് വനംവകുപ്പിന്റെ അന്വേഷണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാന്‍ - ആനിമല്‍ കോണ്‍ഫ്‌ളികററ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമെന്നനിലയില്‍ വനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കാടിനുള്ളിലും ഇവയോട് ചേര്‍ന്നും താമസിക്കുന്ന ഗ്രാമവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍പേലും തീ അണയ്ക്കാന്‍ വനം വകുപ്പ് ഇതര വകുപ്പ് ജീവനക്കാര്‍ക്കൊപ്പം തന്നെ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന ഗ്രാമവാസികളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നതില്‍ പലര്‍ക്കും വിയോജിപ്പുമുണ്ട്. സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ വലിയ മലകളിലും മറ്റും കല്ലുകള്‍ അടര്‍ന്ന് വീണ് താഴേക്ക് പതിക്കുമ്പോള്‍ കല്ലുകള്‍ തമ്മിലുരസി തീയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബന്ദിപ്പൂര്‍ വനത്തില്‍ ഇതിനുള്ള സാധ്യത തീരേയില്ല. കുന്നുകളും മറ്റുമില്ലാതെ നിരന്ന പ്രദേശമാണിത്. മനുഷ്യരുടെ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ് തീപടര്‍ന്നതെന്ന നിഗമനത്തെ ഇത് ശക്തിപ്പെടുത്തുന്നു. തീ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അണയ്ക്കാന്‍ ഹെലികോപ്ടര്‍ പോലുള്ള ആധുനിക സൗകര്യങ്ങള്‍ എത്തിക്കാന്‍ കഴിയാതിരുന്നതും ദോഷകരമായി. വലിയ തീഗോളങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ട വന്നതും ഇവര്‍ക്ക് വലിയ പാഠമായി.

വയനാടന്‍ കാടുകളില്‍ എങ്ങനെ തീ പടര്‍ന്നു? മറ നീക്കാത്ത നിഗൂഡതകള്‍

ഇനിയും തെളിയാതെ ഉറവിടം

വയനാട്ടില്‍ 2014 ല്‍ തിരുനെല്ലി വനമേഖലയില്‍ ആളിക്കത്തിയ കാട്ടുതീയുടെ കാരണങ്ങളും ഇനിയും അജ്ഞാതമായി തുടരുന്നു. ഹെക്ടര്‍കണക്കിന് വനമാണ് ഇവിടെ അന്ന് ചാരമായി മാറിയത്. ഈ കാട്ടുതീയ്ക്ക് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് അന്ന് വനംവകുപ്പും ഉറപ്പിച്ചതാണ്. പശ്ചിമഘട്ട സംരക്ഷണനത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പുറത്തുവന്ന അക്കാലത്ത് കാട്ടുതീയുടെ സാധ്യതകളിലേക്ക് അന്ന് വനഗ്രാമങ്ങളും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ബ്ഹഹ്മിഗിരി മലനിരകളില്‍ തമ്പടിച്ചുവെന്നുകരുതുന്ന മാവോവാദികളുടെ 'ഓപ്പറേഷനായും” ഇതിനെ കണ്ടിരുന്നു. വനംവകുപ്പ് വിജലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണം തുടങ്ങിയെങ്കിലും ഒടുവില്‍ കാരണങ്ങളും അജ്ഞാതമായി നീണ്ടുപോവുകയായിരുന്നു. കാട് കത്തുമ്പോള്‍ ചിലര്‍ നോക്കി നിന്നതായുള്ള പരാമര്‍ശങ്ങളും അന്ന് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഒരായുഷ്‌ക്കാലം പൂര്‍ത്തിയാക്കിയതിനുശേഷം പൂത്തുണങ്ങിയ മുളങ്കാടുകളും വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തത്തിനുള്ള സാധ്യതകള്‍ ഇരട്ടിപ്പിച്ചു. അന്തരീക്ഷ താപനിലയും ഉയര്‍ന്നതോടെ വയനാട്ടിലെ മിക്ക വനങ്ങളിലും അന്ന് തീ ആളിക്കത്തി. ഉണങ്ങിയ മുളങ്കാടുകള്‍ തീയുടെ തീവ്രതയും ഇരട്ടിപ്പിച്ചു. ഇതിനുശേഷം വയനാടന്‍ കാടുകളില്‍ കാട്ടുതീ നിയന്ത്രണവിധേയമായിരുന്നു. ഈ വര്‍ഷം കനത്ത ചൂടും തുടങ്ങിയതോടെ കാട്ടുതീയുടെ സാധ്യതകള്‍ കണക്കിലെടുത്ത് വലിയ ജാഗ്രതയിലാണ് വനം വന്യജീവി വകുപ്പ്. കാട്ടുതീ പ്രതിരോധത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യവും ഇതോടെ ഉയരുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)