'14 മാസമായി എന്ത് ചെയ്യുകയായിരുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

 
'14 മാസമായി എന്ത് ചെയ്യുകയായിരുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും കോടതി ചോദ്യം ചെയ്തു. കഴിഞ്ഞ 14 മാസമായി കേന്ദ്രം എന്ത് ചെയ്യുകയായിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്.

ഒരു വര്‍ഷം സമയം ഉണ്ടായിരുന്നിട്ടും ഏപ്രിലില്‍ മാത്രം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിതിനെയാണ് കോടതി വിമര്‍ശിച്ചത്. കോവിഡ് രണ്ടാം വ്യാപനത്തെക്കുറിച്ച് സര്‍ക്കാര്‍ ബോധ്യമില്ലായിരുന്നോ എന്ന് ചോദിച്ച കോടതി ആസൂത്രിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നുവെന്നും കുറ്റപ്പെടുത്തി. വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. ഒന്നാം വ്യാപനം പാഠമായി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ 12 മാസമായുള്ള ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നുവെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ജനങ്ങള്‍ വലിയ വില നല്‍കേണ്ടി വരുന്നു. ഒന്നാം വ്യാപനത്തിന് ശേഷം കേന്ദ്രം എന്തുചെയ്യുകയായിരുന്നുവെന്നും മുന്‍കരുതല്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

കോവിഡ് കുതിപ്പ് അപ്രതീക്ഷിതമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. വാക്‌സിന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എ.എസ്.ജി വിശദീകരിക്കുകയായിരുന്നു. വാക്‌സിന്‍ വിലനിര്‍ണ്ണയത്തെക്കുറിച്ചും കോവിന്‍ ആപ്ലിക്കേഷന്റെ തകരാറിനെക്കുറിച്ചും ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.

കോവിന്‍ തകരാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും താന്‍ കണ്ടുവെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ നാളെ ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പറഞ്ഞു.കോവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ നാളെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ചികിത്സ, ആശുപത്രികളിലെ സാഹചര്യം, ഓക്‌സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച സുവോ മോട്ടോ കേസ് പരിഗണിക്കുകയായിരുന്നു കോടതി.