EXCLUSIVE: അധാര്‍മ്മിക ഭരണകൂടം ജനങ്ങളുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറും, സാമൂഹ്യ റജിസ്ട്രി വിഭാവനം ചെയ്ത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

 
EXCLUSIVE: അധാര്‍മ്മിക ഭരണകൂടം ജനങ്ങളുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറും, സാമൂഹ്യ റജിസ്ട്രി വിഭാവനം ചെയ്ത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

സോഷ്യല്‍ റജിസ്ട്രി സംവിധാനത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട വ്യക്തി വിവരങ്ങള്‍ എങ്ങനെയാവും ഇന്ത്യയിലെ 100 കോടിയിലേറെ വരുന്ന ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുകയെന്നത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ അവഗണിച്ചതായി അഴിമുഖത്തിന് ബോധ്യപ്പെട്ടു.

സോഷ്യല്‍ റജിസ്ട്രി നേരത്തെ അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ, വ്യക്തികളുടെ സാമൂഹ്യ സാമ്ബത്തിക ജീവിതം എപ്പോഴും നിരീക്ഷണ വിധേയമാക്കുന്നതിനുള്ള സംവിധാനമാണ്. സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിശോധനയ്ക്കാണ് ഈ നിരീക്ഷണം.

മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍, സുപ്രീം കോടതിയുടെ ആധാര്‍ വിധി മറികടന്നുള്ള നീക്കം സാമൂഹ്യ റജിസ്ട്രിയുടെ മറവില്‍

എന്നാല്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിനിടെ ഗ്രാമീണ വികസന മന്ത്രാലയത്തിലെ സാമ്ബത്തിക കാര്യ ഉപദേഷ്ടാവ് മനോരഞ്ജന്‍ കുമാറിന് ബോധ്യമായത് ഈ സംവിധാനം സമഗ്രമായ നിരീക്ഷണത്തിനായി ഉപയോഗിക്കാമെന്നതാണ്. ഉദ്യോഗസ്ഥ സംവിധാനവും പൊലീസും പോലും ധാര്‍മ്മികത കാണിക്കാത്ത കാലത്ത് ഈ നിരീക്ഷണ സംവിധാനത്തിന് എന്ത് സംരക്ഷണമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. (ഇക്കാര്യം ചോദിച്ചുകൊണ്ട് അഴിമുഖം ഗ്രാമീണ വികസന മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അതിന്റെ വിശദീകരണം ലഭിച്ചാല്‍ ഈ ലേഖനം പുതുക്കുന്നതായിരിക്കും.)

2015 ജനുവരി 27ന്, ദേശീയ സാമൂഹ്യ റജിസ്ട്രിയെ കുറിച്ച്‌ വിശദീകരിക്കുന്ന ഒരു കുറിപ്പ് ഗ്രാമവികസന മന്ത്രാലയത്തിലെ സാമ്ബത്തിക ഉപദേഷ്ടാവ് മനോരഞ്ജന്‍ കുമാര്‍ തയ്യാറാക്കി. സര്‍ക്കാരിന് രാജ്യത്തെ ഏറ്റവും ദരിദ്രരായ പൗരന്മാര്‍ക്ക് സുതാര്യമായ രീതിയില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും പദ്ധതികളുടെ പ്രയോജനം വിലയിരുത്തുന്നതിനുമായി വിപ്ലവകരമായ പുതു മാര്‍ഗ്ഗം എന്ന നിലയിലാണ് ഈ കുറിപ്പ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, താന്‍ വിഭാവനം ചെയ്ത സാമൂഹ്യ റജിസ്ട്രി രാജ്യമാകെ നടപ്പിലാക്കാനൊരുങ്ങുമ്ബോള്‍, ഉത്തമ ബോധ്യത്തോടെ രൂപകല്‍പന ചെയ്യപ്പെട്ട ഈ സംവിധാനം, 120 കോടി പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെട്ടിക്കുറയ്ക്കുമോ എന്നാണ് കുമാര്‍ ഭയപ്പെടുന്നത്.

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിത്തിന്റെ ഓരോ മേഖലയേയും പിന്തുടരുന്നതിനായി ആധാര്‍ നമ്ബര്‍ ഉപയോഗിക്കുന്ന, വിവരാടിത്തറകളുടെ ശേഖരം എന്ന് വിശേഷിപ്പിക്കാവുന്ന ഭീമാകാരവും ആളുകളുടെ ജീവിതത്തിലെ നുഴഞ്ഞുകയറുന്നതുമായ ഒന്നാണ് സാമൂഹ്യ റജിസ്ട്രിയെന്ന് വിവര, ഭരണനിര്‍വഹണ ഗവേഷകന്‍ ശ്രീനിവാസ് കോഡാലി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

അഴിമുഖം റിപ്പോര്‍ട്ട് ചെയ്തതുപോലെ പൗരന്മാര്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കൂടുമാറുമ്ബോള്‍, തൊഴിലിടങ്ങള്‍ മാറുമ്ബോള്‍, പുതിയ ആസ്തികള്‍ സ്വന്തമാക്കുമ്ബോള്‍, അവരുടെ കുടുംബത്തില്‍ ഒരു അംഗം ജനിക്കുകയോ മരിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുമ്ബോഴെല്ലാം ദേശീയ സാമൂഹ്യ റജിസ്ട്രി അവരെ സ്വയമേവ പിന്തുടരും. മാത്രമല്ല, ഓരോ പൗരന്റെയും ജാതി, മതം, വരുമാനം, ആസ്തി, വിദ്യാഭ്യാസം, വൈവാഹിക നില, തൊഴില്‍, വൈകല്യം, കുടുംബ ബന്ധങ്ങള്‍ എന്നീ വിവരങ്ങളെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഭീമാകാരമായ വിവാരടിത്തറയായി സംയോജിപ്പിക്കുകയും ചെയ്യും.

സര്‍ക്കാരിന്റെ 'ക്ഷേമ പദ്ധതികളില്‍ സുതാര്യത ആഗ്രഹിച്ചിരുന്നതിനാലാണ് സാമൂഹ്യ റജിസ്ട്രി സംവിധാനം രൂപം കൊള്ളണമെന്ന് ഞാന്‍ ആഗ്രഹിച്ചത്' 2019ല്‍ വിരമിച്ച ശേഷം രജിസ്ട്രിയെ കുറിച്ചു നടത്തിയ ആദ്യ പരസ്യ അഭിപ്രായപ്രകടനത്തില്‍ അഴിമുഖത്തോട് കുമാര്‍ പറഞ്ഞു. 'ഗ്രാമീണ പദ്ധതികളുടെ നിര്‍വഹണ വിവരങ്ങള്‍ ചില വകുപ്പുകളും ഉദ്യോഗസ്ഥരും പെരുപ്പിച്ച്‌ കാണിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇതിന് ഒരു അറുതി വരുത്തണമെന്നും, ക്ഷേമ വിതരണത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സാമൂഹ്യ രജിസ്ട്രിയില്‍ പ്രതിഫലിക്കുമെന്നും ഞാന്‍ വിശ്വസിച്ചു.'

എന്നാല്‍ ഈ സമയത്ത് അത് നടപ്പിലാക്കുന്നത് ഇന്ത്യ ഒരു പോലീസ് രാജിലേക്ക് ചായുന്നു എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടാന്‍ റജിസ്ട്രിയുടെ അന്തിമരൂപം കാരണമാകുമെന്നാണ് കുമാറിന്റെ വിശ്വാസം.

സമഗ്രമായ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണക്രമം എന്ന ആശയത്തിന്റെ വക്താവ് എന്ന നിലയില്‍ നിന്ന് വിവര കേന്ദ്രീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച്‌ സന്ദേഹിയായ ഒരു മനുഷ്യന്‍ എന്ന നിലയിലേക്കുള്ള കുമാറിന്റെ പരിവര്‍ത്തനം ഇന്ത്യയുടെ ഉദ്യോഗസ്ഥ സംവിധാനത്തെ കുറിച്ച്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്. വിശാലമായ നയപരിപാടികളുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവരശേഖരത്തോടുള്ള ആഭിമുഖ്യത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച്‌ എത്രമാത്രം അജ്ഞരാണെന്ന് തെളിയിക്കുന്നു.

'ഇന്ത്യ ഒരു പോലീസ് രാജ്യമായി മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ വീക്ഷിക്കുന്നുണ്ട്. ശക്തമായ പോലീസ് രാജ്. ഒരു രാജ്യം വികസിക്കണമെങ്കില്‍, കുടുംബങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുകയും നിയന്ത്രണങ്ങള്‍ കുറയ്ക്കുകയും ചെയ്യണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' എന്ന് കുമാര്‍ പറയുന്നു.
'നിര്‍ഭാഗ്യവശാല്‍, ഇന്ന് എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സംവിധാനങ്ങളെയും നമ്മള്‍ പോലീസ് ഏജന്റുമാരായി മാറ്റിയിരിക്കുന്നു,' എന്ന് അദ്ദേഹം പറയുന്നു. ഇന്‍ഷൂറന്‍സ് സംവിധാനമോ ബാങ്ക് മേഖലയോ നികുതി ഈടാക്കലോ അല്ലെങ്കില്‍ ആസ്തി രജിസ്‌ട്രേഷനോ ഏതോ ആകട്ടെ എല്ലാവരും ഒരു ക്രിമിനല്‍ കോണിലാണ് എല്ലാത്തിനേയും വീക്ഷിക്കുന്നത്. അതോടൊപ്പം പാര്‍പ്പിട, വാണിജ്യ മേഖലയ്ക്ക് വളരെ കുറച്ച്‌ സ്വാതന്ത്ര്യം മാത്രം നല്‍കുകയും ചെയ്യുന്നു.'

സാമൂഹ്യ റജിസ്ട്രി പോലുള്ള സംവിധാനങ്ങളോടുള്ള ആഭിമുഖ്യം യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തോടുള്ള ഭരണകൂടത്തിന്റെ മാറിയ കാഴ്ചപാടിനെ പ്രതിഫലിപ്പിക്കുന്നു.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭരണനിര്‍വഹണത്തിനായി സര്‍വ ശിക്ഷാ അഭിയാന്‍ പരിപാടി, ഭക്ഷ്യ സുരക്ഷ നിയമം തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്ക് സാക്ഷ്യം വഹിച്ചത് 2000 ത്തിന്റെ ആദ്യകാലങ്ങളിലാണ്. ഈ പദ്ധതികളുടെ നേട്ടങ്ങള്‍ അവ ലക്ഷ്യമിട്ടിരിക്കുന്ന ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിലായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിന്റെ ശ്രദ്ധ.

ഇങ്ങനെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നുണ്ടോ എന്ന ഉറപ്പുവരുത്താനുള്ള അമിതമായ ആശങ്കയാണ് നാഷണല്‍ സോഷ്യല്‍ റജിസ്ട്രി എന്ന ഭീതിദമായ അവസ്ഥയിലേക്ക് എത്തിച്ചത്.

'ആധാര്‍ അധിഷ്ടിതമായ വിവരങ്ങളെല്ലാം ഇപ്പോള്‍ തന്നെ ലഭ്യമാണ് എന്ന് നിങ്ങള്‍ മനസിലാക്കണം,' എന്ന് അഴിമുഖത്തോട് കുമാര്‍ വിശദീകരിക്കുന്നു. 'ഇതെല്ലാം ഒരു സ്ഥലത്ത് സമാഹരിക്കുന്നതിന് ആരെങ്കിലും ഒരു സോഫ്റ്റുവെയര്‍ തയ്യാറാക്കേണ്ട ആവശ്യം മാത്രമേയുള്ളു.'

'പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് രണ്ട് വശങ്ങളുണ്ട്. ഇത് പൗരന്മാരെന്ന നിലയില്‍ പൊതു സേവനങ്ങളായ ആരോഗഹ്യം വിദ്യാഭ്യാസം മറ്റ് ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കുള്ള അവകാശങ്ങളില്‍നിന്ന് നമ്മെ അകറ്റുന്നു.' ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദബാദിലെ സാമ്ബത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ റീതിക ഖേര പറയുന്നു.Surveillance

രണ്ടാമത്തേത് ക്ഷേമ പദ്ധതികളെ വിവരശേഖരവുമായി ബന്ധപ്പെടുത്തുകയെന്നതാണ് പദ്ധതികള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളിലെത്തിക്കുന്നതിനായി ചെയ്യുന്നത്. ക്ഷേമ നിരീക്ഷണമെന്നത് നിരീക്ഷണം തന്നെയാണ്. വിവിധ ഇടങ്ങളില്‍ ശേഖരിച്ച വിവരങ്ങളെ ഏകീകരിക്കുകയെന്ന കാര്യം വ്യക്തമായി നേരത്തെ പറഞ്ഞിട്ടുമില്ല. അതേസമയം ബയോ മെട്രിക്ക് സംവിധാനം നടപ്പിലാക്കുന്നത് പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തു. (നിങ്ങള്‍ക്ക് കിട്ടേണ്ടവ മറ്റാര്‍ക്കും കിട്ടില്ല) . ഇങ്ങനെ പദ്ധതികള്‍ ലക്ഷ്യമിട്ടവരിലേക്ക് തന്നെ എത്തുന്നുതുമായി ബന്ധപ്പെട്ടുള്ള പല വാദങ്ങള്‍ നിരീക്ഷണത്തെ സംബന്ധിച്ചുളള ഭീതിയെ മാറ്റി നിര്‍ത്താന്‍ സഹായകരമായിരുന്നു.

ഔദ്യോഗിക രേഖകള്‍ പ്രകാരം, സാമൂഹ്യ റജിസ്ട്രിയുടെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാള്‍ മനോരഞ്ജന്‍ കുമാറാണ്. 2015ല്‍ അതുമായി ബന്ധപ്പെട്ട കുറിപ്പ് എഴുതിയതിന് പുറമെ, അദ്ദേഹം പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ഉന്നതതല വിദഗ്ധ കമ്മിറ്റിയുമായുള്ള ഗ്രാമ വികസന മന്ത്രാലയത്തിന്റെ ചര്‍ച്ചാ സംഘത്തെ നയിക്കുകയും പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങളും വിഭവങ്ങളും നേടിയെടുക്കുന്നതിനായി മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുമായും ലോക ബാങ്കുമായും നീതി ആയോഗുമായും ഏകോപനം നടത്തുകയും ചെയ്തു.

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ വരണ്ട ഭാഷകള്‍ക്കിടയില്‍ പദ്ധതിയോടുള്ള കുമാറിന്റെ പ്രണയം തിളങ്ങി നിന്നു.

'വെല്ലുവിളി നിറഞ്ഞ ഒരു കര്‍ത്തവ്യമാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. അത് നിര്‍വഹിച്ചിരിക്കുന്നു,' എന്ന് 2015 നവംബറില്‍ ഒരു കുറിപ്പില്‍ അദ്ദേഹം എഴുതി. 'തദ്ദേശീയമായി വികസിപ്പിച്ച, എസ്‌ഇസിസി ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ റജിസ്ട്രി ആണ് നമുക്ക് ആവശ്യം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതും എന്നാല്‍ ലോക ബാങ്കുപോലുള്ള സംവിധാനങ്ങളുടെ ശേഷി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുമായിരിക്കും.. സോഷ്യല്‍ റജിസ്ട്രിയുടെ അടിസ്ഥാനമെന്നത് സോഷ്യോ എക്കോണമിക്ക് കാസ്റ്റ് സെ്ന്‍സസ് ആണ്.'

2016 ല്‍ ഉടനീളം അദ്ദേഹം പദ്ധതിയുമായി സജീവമായി സഹകരിച്ചു. എന്നാല്‍ 2017 ഓടെ അദ്ദേഹത്തിന്റെ ചില സന്ദേഹങ്ങള്‍ ഉടലെടുത്തുവെന്ന് വേണം അനുമാനിക്കാന്‍.

സാമൂഹ്യ റജിസ്ട്രി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ലോക ബാങ്കുമായുള്ള തന്റെ മന്ത്രാലയത്തിന്റെ ചര്‍ച്ചകളുടെ സ്ഥിതിയെ കുറിച്ച്‌ 2017 മാര്‍ച്ച്‌ 15ന് എഴുതിയ കുറിപ്പില്‍, അദ്ദേഹത്തിന്റെ വളര്‍ന്നുവരുന്ന ആശങ്കകളെ വെളിവാക്കുന്ന ചില വരികള്‍ ഉണ്ടായിരുന്നു.

'സ്വകാര്യതയുമായി ബന്ധപ്പെടുന്ന ആശങ്കകള്‍ കൂടി കണക്കിലെടുക്കുന്ന ഒരു സാമൂഹ്യ റജിസ്ട്രി സംവിധാനത്തിനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. പ്രത്യേകിച്ചും, അധാര്‍മ്മികത പ്രദര്‍ശിപ്പിക്കാന്‍ മിക്കപ്പോഴും യാതൊരു വൈമുഖ്യവും പ്രകടിപ്പിക്കാത്തതും പലപ്പോഴും അഴിമതി നിഴലിക്കുന്ന പോലീസ് സംവിധാനത്തിന്റെയും ഉദ്യോഗസ്ഥ ഭരണനിര്‍വഹണത്തിന്റെയും കാര്യത്തില്‍,' എന്ന് കുമാര്‍ രേഖപ്പെടുത്തി.
ഈ ഫയലിലുള്ള കുമാറിന്റെ നിരീക്ഷണങ്ങള്‍ക്ക് ആരും മറുപടി പറഞ്ഞില്ല.

ഈ സമയത്ത്, ആധാര്‍ രേഖ എടുക്കാനും വിഭിന്നമായ സര്‍ക്കാര്‍ ശൃംഖലകളിലേക്ക് തങ്ങളുടെ ആധാര്‍ നമ്ബറുകള്‍ ബന്ധിപ്പിക്കാനും ഇന്ത്യന്‍ പൗരന്മാരെ നിര്‍ബന്ധിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നിര തന്നെ മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍, സ്വാകര്യത മൗലികാവകാശമാണോ എന്നതിനെ കുറിച്ചുള്ള നിരവധി ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

ആ സമയത്ത്, ആധാറിന്റെ ദുരുപയോഗം ഏറിക്കൊണ്ടിരിക്കുന്നതിലുള്ള തന്റെ ആശങ്ക പങ്കുവെക്കുന്ന ഔദ്യോഗിക കുറിപ്പുകള്‍ എഴുതിയിരുന്നതായി കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

ഇന്ന് നിങ്ങള്‍ പണം നിക്ഷേപിക്കാനോ തിരിച്ചടയ്ക്കാനോ അല്ലെങ്കില്‍ ഗുരുതരമായി കിടക്കുന്ന ഒരു രോഗിയുടെ ആശുപത്രി ബില്ല് പണമായി അടയ്ക്കാനോ അങ്ങനെ എവിടെ പോയാലും നിങ്ങളുടെ ആധാര്‍ ആവശ്യപ്പെടുകയും നിങ്ങളെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്യുന്നു. അവരെല്ലാം പോലീസുകാരുടെ ജോലിയാണ് ചെയ്യുന്നത്,' എന്ന് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഇത്തരം ഒരു സാഹചര്യത്തില്‍, ആധാര്‍ വളരെ അപകടകരമായ ഒരു ഉപകരണമായി മാറുന്നു. അതില്‍ ധാരാളം വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒന്നും രഹസ്യമല്ലാത്ത വിധത്തിലേക്ക് സാങ്കേതികവിദ്യ മാറിയിരിക്കുന്നു.'

'ഇന്ന് ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കൈയില്‍ ചില ബയോമെട്രിക് വിവരങ്ങളുണ്ടെന്ന് സങ്കല്‍പിക്കുക. ഒരു കുറ്റകൃത്യം തെളിയിക്കാന്‍ അയാളുടെ മേല്‍ പൊതുജന സമ്മര്‍ദം ഉണ്ടെന്നും വിചാരിക്കുക. അയാള്‍ എന്ത് ചെയ്യും? ആരെയെങ്കിലും കേസില്‍ കുടുക്കും. അത്തരമൊരു സാഹചര്യം നിലനില്‍ക്കെ, ബയോമെട്രിക്കുകള്‍ സൂക്ഷിക്കുകയും അത് കൂടെക്കൂടെ ഉപയോഗിക്കുകയും ചെയ്യുന്നത് വളരെ അപകടകരമാണ്. ആ കുറിപ്പ് എഴുതിയതിന്റെ പിന്നിലെ ഉദ്ദേശം അതായിരുന്നു,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2017 ഓഗസ്റ്റില്‍, സാമൂഹ്യ റജിസ്ട്രിയുടെ ദുരുപയോഗ സാധ്യതകളെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ കുമാര്‍ രേഖപ്പെടുത്തി മാസങ്ങള്‍ക്ക് ശേഷം, സ്വകാര്യത മൗലീകാവകാശമാണോ എന്ന പ്രശ്‌നത്തില്‍ സുപ്രീം കോടതി അതിന്റെ ഉത്തരവ് പുറപ്പെടുവിച്ചു.

'തൊഴിലിലെ മികവ് സാമ്ബത്തിക സ്ഥിതി, ആരോഗ്യം, വ്യക്തിഗത ഇഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍, വിശ്വാസ്യത, പെരുമാറ്റം, സ്ഥലം അല്ലെങ്കില്‍ സഞ്ചാരം,' തുടങ്ങിയ 'ചില വ്യക്തിഗത ഘടകങ്ങള്‍ അവലോകനം ചെയ്യാനോ പ്രവചിക്കാനോ,' 'വ്യക്തിഗത വിവരങ്ങളുടെ യന്ത്രവല്‍കൃത സംസ്‌കരണത്തിലൂടെ' വ്യക്തികളുടെ രൂപരേഖ നിര്‍മ്മിക്കുന്നത് 'നിരീക്ഷണത്തിന്റെ ഒരു രൂപമാണ്,' എന്ന് സുപ്രീം കോടതി പറഞ്ഞു.

'അത്തരത്തില്‍ രൂപരേഖ തയ്യാറാക്കുന്നത് മതം, വംശം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് കാരണമാകും,' എന്ന് സുപ്രീം കോടതി പറഞ്ഞു.

അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് പോലെ, ആധാറിനെ ഒഴിവാക്കിക്കൊണ്ട് ഒരു സാമൂഹ്യ റജിസ്ട്രി നിര്‍മ്മിക്കാനുള്ള സാധ്യമായ വഴികള്‍ സര്‍ക്കാര്‍ തുടക്കത്തില്‍ ആരാഞ്ഞിരുന്നെങ്കിലും ഒടുവില്‍ ആധാര്‍ ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭേദഗതികള്‍ നടപ്പില്‍ വരികയാണെങ്കില്‍ ആധാറില്‍ കോടതി നിര്‍ബന്ധിതമാക്കിയ സുരക്ഷാവ്യവസ്ഥകള്‍ അര്‍ത്ഥരഹിതമാകുമെന്ന് സ്വകാര്യത വക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

'പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ഒരു നിയമവും നിലവില്ലെന്നിരിക്കെ, സാമൂഹ്യ റജിസ്ട്രി പോലുള്ള സജീവ വിവരാടിത്തറകളെ സര്‍ക്കാരിന് അസംഖ്യ വഴികളില്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കും,' എന്ന് ആര്‍ടിഐ ഉപയോഗിച്ച്‌ സോഷ്യല്‍ റജിസ്ട്രി ഫയല്‍ കുറിപ്പുകള്‍ ലഭ്യമാക്കിയ കോഡാലി പറയുന്നു. 'ഈ വിവരങ്ങളില്‍ പ്രാപ്യതയുള്ള അധികാരത്തിലിരിക്കുന്ന ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും, ഏത് തിരഞ്ഞെടുപ്പിലും തങ്ങളുടെ പാര്‍ട്ടി അല്ലെങ്കില്‍ തങ്ങളുടെ സാമൂഹ്യ-സാമ്ബത്തിക സംഘങ്ങള്‍ മാത്രമേ അധികാരത്തിലെത്തൂ എന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ വോട്ടര്‍മാരുടെ രൂപരേഖള്‍ സൃഷ്ടിക്കാനും മണ്ഡലങ്ങള്‍ അടിസ്ഥാനപരമായി മാറ്റുന്ന തരത്തില്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും,' എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യ റജിസ്ട്രി പോലെയുള്ള ഒരു കേന്ദ്രീകൃത സംവിധാനത്തിന്റെ തിക്തഫലങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി അടിപതറുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കില്ലെന്ന് ഇപ്പോള്‍ വിരമിച്ചതിന് ശേഷം കുമാര്‍ വിശ്വസിക്കുന്നു.

'പൗരന്മാര്‍ക്ക് സമത്വവും നീതിയും ലഭ്യമാകുന്ന തരത്തില്‍ അതിന് ചുറ്റുമുള്ള സംവിധാനങ്ങള്‍ നവീകരിക്കപ്പെടുന്നത് വരെ ഞാനത് നടപ്പിലാക്കില്ല,' കുമാര്‍ അഴിമുഖത്തോട് പറഞ്ഞു. 'നിങ്ങളുടെ വിരലടയാളം നിങ്ങളുടെ സാന്നിധ്യത്തിനുള്ള തെളിവായി കണക്കാക്കുന്ന ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമം ആദ്യം പരിശോധിക്കുകയും വിശകലനവിധേയമാക്കുകയും ചെയ്യുക. സര്‍ക്കാരിനകത്തുള്ള വിവരസുരക്ഷ മെച്ചപ്പെടുത്തുക. കോടതികളുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കുക. പിന്നീട് ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കുക. അല്ലെങ്കില്‍ അത് സര്‍ക്കാരിന്റെ ദുരുപയോഗത്തില്‍ മാത്രമേ കലാശിക്കൂ.'

ഭരിക്കുന്ന സര്‍ക്കാരിന്റെ അധികാരം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച സ്ഥാപനങ്ങളിലുള്ള തന്റെ വിശ്വാസം സര്‍ക്കാരില്‍ ഇരുന്ന സമയത്ത് തന്നെ തകര്‍ന്നതായി കുമാര്‍ പറയുന്നു.

'അതുവരെ എനിക്ക് സംവിധാനങ്ങളില്‍ വിശ്വാസമുണ്ടായിരുന്നു. അതുവരെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോടതികള്‍, പോലീസ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിയുടെ ശേഷിയിലും ആത്മാര്‍ത്ഥയിലുമുള്ള എന്റെ വിശ്വാസം വലിയ രീതിയില്‍ വെല്ലുവിളിക്കപ്പെടുകയും കോട്ടം തട്ടുകയോ ചെയ്തിരുന്നില്ല. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ചില വ്യക്തികള്‍ പ്രയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്,' എന്തുകൊണ്ട് താന്‍ ഇത്തരം ഒരു സംവിധാനത്തിന് പ്രഥമ പരിഗണന നല്‍കി എന്ന് വിശദീകരിച്ചുകൊണ്ട് കുമാര്‍ പറഞ്ഞു. 'ഇന്ന് സത്യസന്ധതയുടെ ഗുണനിലവാരം വളരെ താണിരിക്കുന്നു. സത്യസന്ധതയുടെ ഗുണനിലവാരം ഉയര്‍ന്ന് നിന്ന സമയം വരെ മാത്രമേ സംവിധാനത്തിലുള്ള എന്റെ വിശ്വാസം നിലനിന്നിരുന്നുള്ളു.'

'രാജ്യത്തിന്റെ അവകാശങ്ങള്‍ എന്റെ അവകാശങ്ങള്‍ക്ക് മുകളിലായിരിക്കരുത്. അത് തമ്മില്‍ ഒരു സന്തുലനം ഉണ്ടായിരിക്കണം,' എന്ന് അദ്ദേഹം പറയുന്നു. 'എന്നാല്‍, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ പ്രധാനമാണെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. രാജ്യത്തിന് തതുല്യമായ പദവി വ്യക്തികള്‍ക്ക് അനുവദിച്ച്‌ നല്‍കുന്ന ഒരേയൊരു സംവിധാനം ജനാധിപത്യമാണ്.

(അവസാനിച്ചു)

വിവര്‍ത്തനം: ശരത് കുമാര്‍