കേന്ദ്ര ബജറ്റ് വരാനിരിക്കെ ഒരു ധനകാര്യ വിചാരം

 
കേന്ദ്ര ബജറ്റ് വരാനിരിക്കെ ഒരു ധനകാര്യ വിചാരം

അമേരിക്കയുടെ ആദ്യ വനിതാ ധനമന്ത്രി (ട്രഷറി സെക്രട്ടറി) യാണു ജാനറ്റ് എലന്‍. വയസ് 74. തൂവെള്ള തലമുടിയാണ് അവരെ ശ്രദ്ധേയയാക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന എലന്‍ ധനശാസ്ത നൊബേല്‍ ജേതാവ് ജോര്‍ജ് അകെര്‍ലോഫിന്റെ ഭാര്യയാണ്. ഇന്ദിരാഗാന്ധിക്കു ശേഷം ഇന്ത്യയില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത വനിത നിര്‍മല സീതാരാമന്റെ ഭര്‍ത്താവും ധനശാസ്ത്രജ്ഞനാണ്. പരകല പ്രഭാകര്‍. ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റിനുള്ള മോഹം ഉപേക്ഷിക്കേണ്ടി വന്ന നിര്‍മലയ്ക്ക് എലനുമായുള്ള സാമ്യം അവിടെ തീരുന്നു.

വിരുദ്ധനിലപാടുകള്‍

രണ്ടു പേരുടെയും കാഴ്ചപ്പാട് നേര്‍വിപരീതമാണ്. കോവിഡ് ആഘാതത്തില്‍ നിന്നു യുഎസ് സമ്പദ്ഘടനയെ കരകയറ്റാന്‍ ഇനിയും വളരെ കൂടുതല്‍ ചെയ്യാനുണ്ടെന്നു വിശ്വസിക്കുന്നയാളാണ് എലന്‍. അതിനു കമ്മി, കടം തുടങ്ങിയവ ചൂണ്ടിക്കാട്ടി തടസം നില്‍ക്കരുതെന്നാണ് എലന്‍ സെനറ്റിലെ സ്ഥിരീകരണ വിചാരണയില്‍ അഭ്യര്‍ഥിച്ചത്. സാമ്പത്തിക ഉത്തേജനത്തിനു വേണ്ടതെല്ലാം ചെയ്‌തെന്നും ഇനി ഇന്ത്യ തനിയേ അതിവേഗം തിരിച്ചുകയറുമെന്നും വിശ്വസിക്കുന്നയാളാണു നിര്‍മല.

നൂറ്റാണ്ടിനിടയില്‍ കണ്ടിട്ടില്ലാത്ത ബജറ്റാകും ഒന്നാം തീയതി അവതരിപ്പിക്കുക എന്ന് അറുപത്തൊന്നുകാരിയായ നിര്‍മല കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പക്ഷേ രണ്ടു വര്‍ഷത്തെ അവരുടെ ധനകാര്യ ഭരണം ആ അവകാശവാദത്തെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതല്ല.

കമ്മി എന്ന ദുര്‍ഭൂതം

കമ്മി എന്ന ദുര്‍ഭൂതത്തെ വല്ലാതെ ഭയപ്പെടുന്ന ധനമന്ത്രിയെയാണ് നിര്‍മലയില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലാത്തത്ര വലിയ ഇടിവ് ഇക്കൊല്ലം ജിഡിപി യില്‍ ഉണ്ടാകും. റിസര്‍വ് ബാങ്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസും (എന്‍എസ് ഒ) പറയുന്നത് അതാണ്.

കോവിഡ് ലോക്ക് ഡൗണ്‍ മൂലം ഈ ധനകാര്യ വര്‍ഷം ആദ്യ പാദത്തില്‍ 23.9 ശതമാനം ഇടിവാണു ജിഡിപിയല്‍ ഉണ്ടായത്. കോടിക്കണക്കിനു പേര്‍ക്കു പണി പോയി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നേരിട്ടു പണം നല്‍കിയും മറ്റും ഉപഭോഗവര്‍ധനയ്ക്കു വഴിയൊരുക്കണമെന്നു പരക്കെ ആവശ്യമുയര്‍ന്നു; ഉപദേശങ്ങളും ഉണ്ടായി. (അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അതു ചെയ്തു. ഇനിയും വലിയ തോതില്‍ ചെയ്യാന്‍ പോകുന്നു). എങ്കിലേ ജിഡിപി വളര്‍ച്ച തിരിച്ചു വരൂ, രാജ്യത്തു പണിയും പണവും ഉണ്ടാകൂ എന്നു മന്ത്രിയുടെ ഭര്‍ത്താവ് അടക്കമുള്ള ധനശാസ്ത്ര വിദഗ്ധരും പറഞ്ഞു.

പക്ഷേ, ബജറ്റില്‍ നിന്നു പണം ചെലവഴിച്ചു രാജ്യത്ത് ഉത്തേജനം വരുത്തണ്ട എന്ന ശാഠ്യത്തില്‍ നിന്നു നിര്‍മലയും ഗവണ്മെന്റും മാറിയില്ല. അനേകലക്ഷം കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷേ യഥാര്‍ഥ പണച്ചെലവുള്ളതോ ജനങ്ങളിലേക്കു കാര്യമായി പണം ചെല്ലുന്നതോ ആയ ഒന്നുമില്ലായിരുന്നു. മിക്കതും വായ്പാ പദ്ധതികളോ സര്‍ക്കാര്‍ ഗാരന്റി സ്‌കീമുകളാേ ആയിരുന്നു.

വായ്പ എടുക്കാന്‍ സംരംഭകരില്ല

വായ്പ എടുക്കാനോ ഗാരന്റിയുടെ ബലത്തില്‍ സംരംഭം തുടങ്ങാനോ ആരും മുന്നോട്ടു വന്നില്ല. കാരണം രാജ്യത്തു ഡിമാന്‍ഡ് ഉണ്ടെന്നു സംരംഭകര്‍ക്കു തോന്നിയില്ല. അവരുടെ നിഗമനം ശരിയായിരുന്നു. ഈ മാസമാദ്യത്തെ ഒരു കണക്ക് നോക്കൂ. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം ഒരു വര്‍ഷം കൊണ്ടു 12 ശതമാനം കൂടി. ബാങ്കുകള്‍ നല്‍കുന്ന വായ്പ ആറു ശതമാനം മാത്രം വര്‍ധിച്ചു.

എങ്കിലും കോര്‍പറേറ്റ് ലാഭക്കണക്കുകളുടെ വെളിച്ചത്തില്‍ രാജ്യം V പോലെ വളരുകയാണെന്ന കോറസ് ഉയരുന്നു. ഒരു വശം മാത്രം കാണുകയും കാണിക്കുകയും ചെയ്യുന്നതു ശീലമാക്കിയ മാധ്യമങ്ങള്‍ അത് ഏറ്റു പാടുകയും ചെയ്യുന്നു.2017 ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ആ മാസം ലക്ഷ്യമിട്ട നികുതി പിരിവ് 2020 ഡിസംബറില്‍ ലഭിച്ചതിനെ വലിയ കുതിച്ചു ചാട്ടമായാണല്ലോ ഈ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. അതിനു മുമ്പ് 40 മാസങ്ങളില്‍ ഈ ലക്ഷ്യം സാധിക്കാത്തതിനെ ആരും പരാമര്‍ശിച്ചു പോലുമില്ല.

തനിയാവര്‍ത്തനം ആകുമോ?

അടുത്ത ഒന്നാം തീയതി നിര്‍മല തന്റെ മൂന്നാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക ഉത്തേജനത്തിനു ലോകമാകെ ചെയ്യുന്നതു പോലുള്ള കാര്യങ്ങള്‍ അതില്‍ പ്രതീക്ഷിക്കാനില്ല എന്ന് ഇതു വരെയുള്ള ധനമന്ത്രിയുടെ പ്രവര്‍ത്തനം കാണിക്കുന്നു. അപ്പോള്‍ എന്താണു ബജറ്റില്‍ പ്രതീക്ഷിക്കുന്നത്?കാര്യമായി ഒന്നുമില്ല എന്നു പറയുന്നതാണു ശരി.തനിയാവര്‍ത്തനം (More of the same) ആകും ബജറ്റ് എന്നും പറയാം. വ്യത്യസ്തമായെന്തെങ്കിലും ചെയ്യാന്‍ നിര്‍മലയോ മോദി സര്‍ക്കാരോ ഉദ്ദേശിക്കുന്നതിന്റെ യാതൊരു സൂചനയും ഇതുവരെ പുറത്തു വന്നിട്ടില്ല.

വരവ് കുറയുന്നു,കമ്മി കൂടുന്നു

നിര്‍മല സീതാരാമന്‍ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ രണ്ടാം തവണയും കണക്കു തെറ്റി എന്ന് ഏറ്റു പറയേണ്ട നിലയിലാണ്. 2019 -20 ലെ ബജറ്റ് പ്രതീക്ഷകള്‍ കാര്യമായി തിരുത്തിയാണു കഴിഞ്ഞ ഫെബ്രുവരിയില്‍ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. അന്നു 2020- 21-ലേക്കു പ്രതീക്ഷിച്ച വരവുചെലവു കണക്കും പാളി.

ആ പാളിച്ച ചെറുതല്ല. ബജറ്റ് തയാറാക്കിയപ്പോള്‍ കോവിഡ് മഹാമാരിയുടെ ഭീഷണി ഇല്ലായിരുന്നല്ലോ. അന്നു കണക്കാക്കിയത് തന്നാണ്ടു വിലയില്‍ സമ്പദ്ഘടന 10 ശതമാനം വളരുമെന്നാണ്. അതനുസരിച്ചു ജിഡിപി 225 ലക്ഷം കാേടി രൂപ വരും. അതനുസരിച്ചു നികുതിയും മറ്റുവരവുകളും കൂടും. 30.42 ലക്ഷം കോടി രൂപ ചെലവും ജിഡിപിയുടെ 3.5 ശതമാനമായ 7.96 ലക്ഷം കോടി ധനകമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് തയാറാക്കി.

ഇപ്പോള്‍ എന്‍എസ്ഒ പറയുന്നു തന്നാണ്ടു വിലയില്‍ ജിഡിപി 4.2 ശതമാനം കുറയുമെന്ന്. 225 ലക്ഷം കോടി എന്നതു 194.8 ലക്ഷം കോടിയായി കുറയും. അപ്പോള്‍ നികുതി പിരിവ് എത്ര കുറയുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. 3.5 ശതമാനം ധനകമ്മി പ്രതീക്ഷിച്ചത് ഏഴ് - എട്ടു ശതമാനത്തിലെത്തുമെന്നാണ് ധനകാര്യ നിരീക്ഷകര്‍ കണക്കാക്കുന്നത്. 14-15 ലക്ഷം കോടി രൂപയുടെ കമ്മി!

കോവിഡിനു മുമ്പേ ധനകാര്യം തകര്‍ന്നു

കഴിഞ്ഞ ധനകാര്യ വര്‍ഷത്തെ കമ്മിക്കണക്കുകളും ധനമന്ത്രി തിരുത്തി സമര്‍പ്പിക്കേണ്ടി വരും. 2019 - 20-ല്‍ 3.3 ശതമാനം ധനകമ്മിയാണു ബജറ്റില്‍ പ്രതീക്ഷിച്ചത്. പുതുക്കിയ എസ്റ്റിമേറ്റില്‍ അത് 3.8 ശതമാനമാക്കി.

എന്നാല്‍ ധനകാര്യ വര്‍ഷം കഴിഞ്ഞപ്പോള്‍ കഥ അവിടെയൊന്നും നിന്നില്ല. ധനമന്ത്രാലയത്തിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ (സിജിഎ) കണക്കനുസരിച്ച് 2019 -20 ലെ ധനകമ്മി 9.36 ലക്ഷം കോടി രൂപയാണ്. പുതുക്കിയ എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ചിരുന്നത് 7.67 ലക്ഷം കോടി. ജിഡിപി യുടെ 4.59 ശതമാനം വരും ഇത്.

അക്കൊല്ലം സര്‍ക്കാര്‍ പ്രതീക്ഷിച്ച നികുതി വരുമാനത്തിന്റെ 90 ശതമാനമേ ലഭിച്ചുള്ളൂ. വരുമാനം ഇടിഞ്ഞു, കമ്മി കൂടി. എന്തുകൊണ്ട്?കോവിഡിനു മുമ്പു തന്നെ സര്‍ക്കാരിന്റെ ധനകാര്യ നില തകര്‍ന്നതുകൊണ്ട്.ആ തകര്‍ച്ചയ്ക്കു കാരണം അക്കൊല്ലം സാമ്പത്തിക തകര്‍ച്ച ഉണ്ടായത്. 2019-20 ല്‍ ജിഡിപി 4.2 ശതമാനം വളര്‍ന്നെന്ന കണക്കുകളെ അവിശ്വസിക്കാന്‍ നിരീക്ഷകരെ പ്രേരിപ്പിക്കുന്നത് ഇക്കാര്യങ്ങളാണ്.

വികസനം മുടങ്ങി,പണികള്‍ ഇല്ലാതായി

അതിന്റെ തുടര്‍ വര്‍ഷമായ ഇക്കൊല്ലം (സ്ഥിരവിലയില്‍) ജിഡിപി 7.7 ശതമാനം കുറയുമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു. അത്ര കുറച്ചേ വരുമാനം ഉണ്ടാകൂ.അതേ സമയം കോവിഡ് മൂലം ചെലവ് കൂടി. പ്രത്യേകിച്ചും ആരോഗ്യ സേവന മേഖലയില്‍. അതിര്‍ത്തി സംഘര്‍ഷം പ്രതിരോധച്ചെലവും കൂട്ടി.സര്‍ക്കാരിന്റെ കണക്കുകള്‍ പാളിയപ്പോള്‍ വികസന പദ്ധതികള്‍ അവതാളത്തിലായി. അതു മറച്ചുവയ്ക്കാനുള്ള വലിയ ശ്രമമാകും ബജറ്റില്‍ കാണുക.

മറ്റൊന്നുണ്ട്. 2019-20-ല്‍ രാജ്യത്തു സര്‍ക്കാര്‍ പറയുന്നത്ര വളര്‍ച്ച ഉണ്ടായില്ല. ഇക്കൊല്ലം പിന്നോട്ടു പോയെന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. രണ്ടും ചേരുമ്പോള്‍ രാജ്യം 2O21 മാര്‍ച്ചില്‍ എത്തി നില്‍ക്കുന്നത് 2019 മാര്‍ച്ചിലെ നിലയിലാണ്. രാജ്യത്തു രണ്ടു വര്‍ഷം മുമ്പുള്ള വരുമാനവും പണിയും മാത്രം. രണ്ടു വര്‍ഷം തൊഴിലന്വേഷകരായി വന്നവര്‍ക്ക് നല്‍കാന്‍ തൊഴില്‍ ഉണ്ടായില്ല. ഇതു പരിഹരിക്കാനാണു സര്‍ക്കാര്‍ വലിയ ഉത്തേജക നടപടികള്‍ എടുക്കണമെന്നു പറയുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതു മഹാ അപരാധമെന്ന മട്ടിലാണു ഗവണ്മെന്റും നിര്‍മല സീതാരാമനും. കാര്യങ്ങള്‍ തനിയേ നന്നാകും, സ്വകാര്യ മൂലധനം വളര്‍ച്ച ഉറപ്പാക്കും എന്നു സര്‍ക്കാര്‍ പക്ഷ ജിഹ്വകള്‍ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നുമുണ്ട്.

അതുകൊണ്ടാണ് ഈ ബജറ്റിനെപ്പറ്റി വലിയ പ്രതീക്ഷ ഇല്ലാത്തത്.സര്‍ക്കാര്‍ കൂടുതല്‍ ചെയ്താലേ വളര്‍ച്ച ഉണ്ടാകൂ എന്നു മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയുടെ പുതിയ ധനമന്ത്രി പറയുന്നത് സന്തോഷം പകരുന്നതും അതുകൊണ്ടാണ്.

വാല്‍ക്കഷണം:

1918-21ലെ സ്പാനിഷ് ഫ്‌ളൂ എന്ന മഹാമാരിയുടെ കാലത്താണ് തൊഴിലില്ലായ്മ നീക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന ആശയം പാശ്ചാത്യ രാജ്യങ്ങളില്‍ പ്രബലമായത്. ഒന്നാം ലോകയുദ്ധം കഴിഞ്ഞ ശേഷമുള്ള ആ വര്‍ഷങ്ങളില്‍ മഹാമാരി വലിയ വ്യവസായങ്ങളെ തകര്‍ത്തത് തൊഴിലില്ലായ്മ കൂട്ടി. ഇപ്പോള്‍ മറ്റൊരു വലിയ മഹാമാരി വന്നപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ടെന്ന നിലപാടെടുത്ത ഡോണള്‍ഡ് ട്രംപിന് അധികാരം നഷ്ടമായി.