January 18, 2025 |

അസം ഖനി ദുരന്തം; തെരച്ചില്‍ പുരോഗമിക്കുന്നു, ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇതുവരെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്താനായത്‌

അസമിലെ ദിമ ഹസാവോ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന രാവിലെ ജലനിരപ്പ് പരിശോധിക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടെത്താനായത്.

ജനുവരി ആറിനാണ് ഉംരാങ്‌സോയില്‍ കല്‍ക്കരി ക്വാറിയില്‍ വെള്ളം കയറി തൊഴിലാളികള്‍ കുടുങ്ങിയ സാഹചര്യമുണ്ടായത്. ജനുവരി ആറിന് തന്നെ രക്ഷാപ്രവര്‍ത്തക സംഘം നേപ്പാള്‍ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

”ഞങ്ങള്‍ രാവിലെ ജലനിരപ്പ് പരിശോധിക്കാന്‍ പോകുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓപ്പറേഷന്‍ ആരംഭിച്ചത് മുതല്‍ രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. ഞങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം ജലനിരപ്പില്‍ ആറ് മീറ്ററിന്റെ താഴ്ച്ച കാണാന്‍ സാധിച്ചിട്ടുണ്ട്.’ ദേശീയ ദുരന്ത നിവാരണ സേന കമാന്‍ഡര്‍ റോഷന്‍ കുമാര്‍ സിങ് വ്യക്തമാക്കി.

മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

‘ഉംരാങ്‌സോയിലെ രക്ഷാപ്രവര്‍ത്തനം ശക്തവും കാര്യക്ഷമവുമായി തുടരുകയാണ്. സങ്കടകരമെന്ന് പറയട്ടെ, ഇന്ന് രാവിലെ മറ്റൊരു മൃതദേഹം കണ്ടെടുത്തു. ആരാണ് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

‘ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ പ്രതീക്ഷ കൈവിടാതിരിക്കുക.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രിയോടെ ക്വാറിയില്‍ കുടുങ്ങി തൊഴിലാളികളുടെ നേതാവ് അറസ്റ്റിലായി. നാവികസേനയും കരസേനയും ചേര്‍ന്ന് തുടര്‍ച്ചയായ അഞ്ചാം ദിവസവും കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

ഇവരുടെ നേതാവായ ഹനന്‍ ലസ്‌കര്‍ അന്നു തന്നെ ഒളിവില്‍ പോയിരുന്നതായി പോലീസ് പറയുന്നു. ക്വാറിയുടെ പാട്ടക്കാരനായ ശിക്ഷ നുനിസയെ ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് അനധികൃത കല്‍ക്കരി സിന്‍ഡിക്കേറ്റിനെതിരെ കോണ്‍ഗ്രസ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഉരംങ്‌സോയിലെ കല്‍ക്കരി ക്വാറിയില്‍ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ തൊഴിലാളികളുടെ ദാണാന്ത്യം മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും പരാജയമാണെന്ന് തുറന്നുകാട്ടുന്ന സംഭവമാണെന്ന് എപിസിസി പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു.

ദൃക്‌സാക്ഷികളുടെ മൊഴിയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും അനുസരിച്ച്, അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കമാണ് ദുരന്തത്തിന് കാരണെന്ന് വ്യക്തമാകുന്നു. പ്രാദേശിക സംഘങ്ങളും ഖനന വിദ്ഗ്ധരും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

‘ഖനിക്കകത്ത് വെള്ളം കയറുന്നു എന്ന് അതിനകത്ത് നിന്ന് ആളുകള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. 30-35 ആളുകളോളം രക്ഷപ്പെട്ടു, എന്നാല്‍ 15 ഓളം ആളുകള്‍ അകത്ത് തന്നെ കുടുങ്ങിക്കിടക്കുകയാണ്.’ ഖനിക്കകത്ത് കുടുങ്ങിയ ഒരാളുടെ സഹോദരന്‍ വ്യക്തമാക്കി.

content summary; Assam mine tragedy: 2nd body recovered as rescue ops enters 6th day

×