UPDATES

മണിപ്പൂര്‍ കലാപം: അസം റൈഫിള്‍സ് റിപ്പോര്‍ട്ടില്‍ ബിജെപി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

അനിശ്ചിതമായി തുടരുന്ന കലാപത്തിന് പിന്നിലെ മെയ്ത്തെയ്, കുക്കി-സോ വിഭാഗങ്ങളുടെ പങ്കിലേക്കും റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു

                       

ക്രിസ്മസ് തലേന്ന് ഗണ്ണി ബാഗുകളും തകര മേല്‍ക്കുരകളുമുള്ള ഒരു താല്‍ക്കാലിക ബങ്കറിനകം വളരെ ശാന്തമായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സമുദായമായ കുക്കി-സോയില്‍ നിന്നുള്ള 19കാരന്‍ ചോന്‍മിന്‍ലാല്‍ കിപ്ജെനും 26കാരന്‍ പൗലാല്‍ കിപ്ജെനും തങ്ങളുടെ ഒറ്റക്കുഴല്‍ റൈഫിള്‍ മുറുകെ പിടിച്ച് കാംഗ്പോക്പി ജില്ലയിലെ കുന്നുകളില്‍ എതിരാളികളായ മെയ്ത്തെയ് വിഭാഗക്കാരെയും നിരീക്ഷിച്ച് അതിനുള്ളില്‍ പതുങ്ങിയിരിപ്പുണ്ടായിരുന്നു.

തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാനായി ആയുധമെടുത്ത ഗ്രാമീണ വൊളന്റിയര്‍മാരാണ് തങ്ങളെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

അധികദൂരയല്ലാതെ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഭൂരിപക്ഷ വിഭാഗമായ മെയ്ത്തെയും നവംബര്‍ മാസം നടന്ന ക്രിസ്മസിന് സമാനമായ തങ്ങളുടെ നിങ്കോള്‍ ചക്കൗബയും നിശബ്ദമായാണ് ആഘോഷിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കീഴിലുള്ള ഒരു ഫെഡറല്‍ സര്‍ക്കാര്‍ ഭരിക്കുന്ന ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ രണ്ട് സമുദായങ്ങള്‍ കഴിഞ്ഞ 11 മാസമായി 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വര്‍ഗീയ കലാപത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

 

കലാപത്തില്‍ ഇതുവരെ 219 പേര്‍ കൊല്ലപ്പെടുകയും 1100 പേര്‍ക്ക് പരിക്കേല്‍ക്കുകയും 60,000 പേര്‍ പലായനം ചെയ്യുകയും ചെയ്തു. രണ്ട് സമുദായങ്ങളില്‍ നിന്നും പുരുഷന്മാരെയും ആണ്‍കുട്ടികളെയും റിക്രൂട്ട് ചെയ്തുകൊണ്ട് കലാപം സായുധസംഘങ്ങളുടെ ഒരു പുതിയ നിരയെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും പോലെ മതധ്രുവീകരണം പ്രതിഫലിക്കുന്ന ഹിന്ദു മെയ്ത്തേയ്, ക്രിസ്ത്യന്‍ കുക്കി-സോ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ഈ സംഘര്‍ഷവും പലപ്പോഴും നിസാരവല്‍ക്കരിക്കപ്പെടുന്നത്. കുക്കി-സോ സമുദായം ഏതാണ്ട് പൂര്‍ണമായും ക്രിസ്തുമത വിശ്വാസികളാണെങ്കിലും മെയ്ത്തേയ് വിഭാഗക്കാര്‍ ഹിന്ദുമതത്തിന്റെ സമന്വയരൂപവും തങ്ങളുടെ തദ്ദേശിയ വിശ്വാസ സമ്പ്രദായമായ സനാമഹിസവുമാണ് പിന്തുടരുന്നത്. മെയ്ത്തേയിലെ ചെറിയൊരു വിഭാഗം ക്രിസ്തുമതവും ഇസ്ലാം മതവും പിന്തുടരുന്നു.

എന്നാല്‍ മണിപ്പൂരിലെ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മണിപ്പൂര്‍ കലാപത്തിന്റെ പ്രത്യേകതകളെക്കുറിച്ച് തികച്ചും വ്യത്യസ്തമായ വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ പാരാമിലിറ്ററി സേനയായ അസം റൈഫിള്‍സിന് സംസ്ഥാനത്ത് വളരെ ദൈര്‍ഘ്യമേറിയതും വിവാദങ്ങള്‍ നിറഞ്ഞതുമായ ഒരു ചരിത്രമാണ് ഉള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന അസം റൈഫിള്‍സ് രാജ്യത്തെ ഏറ്റവും പഴയ പാരാമിലിറ്ററി സേനയാണ്.

2023ന്റെ അവസാനം റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ഈ പവര്‍പോയിന്റ് പ്രസന്റേഷന്‍ അവലോകനം ചെയ്തിരുന്നു. പ്രസന്റേഷന്‍ അവതരിപ്പിച്ച ഉദ്യോഗസ്ഥര്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കളക്ടീവ് റിപ്പോര്‍ട്ടര്‍ക്ക് തൃപ്തികരമായ വാദങ്ങളാണ് പ്രസന്റേഷനില്‍ ഉന്നയിക്കപ്പെട്ടത്. മണിപ്പൂര്‍ കലാപത്തിന്റെ കാരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരിലൊരാള്‍ കളക്ടീവുമായി പങ്കുവച്ച നിരീക്ഷണങ്ങള്‍ പവര്‍പോയിന്റ് പ്രസന്റേഷനിലെ വാദങ്ങളുമായി ഒത്തുചേരുന്നവയാണ്.

കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടി(ബിജെപി) അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ എന്‍. ബൈരേണ്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും രാഷ്ട്രീയ സ്വേച്ഛാധിപത്യ മനോഭാവവും അതിമോഹവുമാണ് കലാപത്തിന് കാരണമായി പവര്‍പോയിന്റ് പ്രസന്റേഷനില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഒരു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മുമ്പാകെയെത്തിയ ആദ്യത്തെ സത്യസന്ധമായ വിലയിരുത്തലാണ് ഇത്.

സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിച്ചുവെന്ന് ഈ മാസം ആദ്യം ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ട സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രാധാന്യം. കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി ഇത് രണ്ടാം തവണ മാത്രമാണ് പ്രതികരിക്കുന്നത് എന്നതും ഓര്‍ക്കണം. അതേസമയം ഇതുവരെ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ബുള്ളറ്റ് പോയിന്റുകള്‍ നിരത്തിയുള്ള പവര്‍പോയിന്റ് പ്രസന്റേഷനില്‍ സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഓഫീസര്‍മാര്‍ വിലയിരുത്തുന്ന കാരണങ്ങളുടെ പ്രാധാന്യത്തിന് അനുസരിച്ച് അവ തരംതിരിച്ചിട്ടില്ല.

അയല്‍രാജ്യമായ മ്യാന്‍മാറില്‍ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാരുടെ’ സ്വാധീനവും കുടിയേറ്റം പരിശോധിക്കാനുള്ള ദേശീയ രജിസ്റ്റര്‍ എന്ന നിരന്തരമായ ആവശ്യവും കുക്കിലാന്‍ഡ് എന്ന ആവശ്യത്തോടൊപ്പം ഈ കലാപത്തിന് കാരണമായിട്ടുണ്ട്.

രാഷ്ട്രീയവും സായുധവുമായ കുക്കി നേതൃത്വങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കലാപത്തില്‍ അധിനിവേശം ചെയ്യപ്പെടേണ്ടി വന്ന ജനങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക മണിപ്പൂര്‍ സംസ്ഥാനമാണ് കുക്കിലാന്‍ഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മെയ്ത്തേയ് വിഭാഗക്കാര്‍ തങ്ങളുടെ വിഭാഗക്കാരെ ആയുധസജ്ജരാക്കാന്‍ ശ്രമിക്കുന്നുവെന്നും കുക്കി സമുദായത്തിന്റെ സായുധവിഭാഗം എന്നാല്‍ സന്നദ്ധപ്രവര്‍ത്തകരാണെന്നും പ്രസന്റേഷനില്‍ പറയുന്നു.

ഈ സംഘര്‍ഷാവസ്ഥയ്ക്കിടയിലും കലാപത്തെ സ്വയം പ്രതിരോധിക്കാനുള്ള സാധാരണക്കാരുടെ ശ്രമമായി ഇരു സമുദായങ്ങളുടെയും നേതൃത്വം അവതരിപ്പിച്ചത് സാഹചര്യം മോശമാക്കി.

അസം റൈഫിള്‍സ് പ്രസന്റേഷനില്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ ഒരു സംഘടനയെന്ന നിലയിലാണോയെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന് സ്വതന്ത്രമായി പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. അതില്‍ ഉറപ്പ് വരുത്താന്‍ അര്‍ദ്ധ സൈനിക സേനയുടെ ഔദ്യോഗിക വക്താവിന് ചോദ്യങ്ങള്‍ അയച്ചിരുന്നു.

കേട്ടുകേള്‍വികളോട് പ്രതികരിക്കാന്‍ അസം റൈഫിള്‍സിന് ആകില്ലെന്നാണ് ആദ്യം ഒരു വക്താവ് വ്യക്തമാക്കിയത്.

തുടര്‍ന്ന് നടന്ന ആശയവിനിമയങ്ങളില്‍ ഊഹാപോഹങ്ങളെക്കുറിച്ചും സ്ഥിരീകരിക്കാത്ത വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാകില്ലെന്നും അസം റൈഫിള്‍സ് വിശദീകരിച്ചു. ഞങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പൂര്‍ണ്ണ ബോധമുള്ള ഒരു പ്രൊഫഷണല്‍ സ്ഥാപനമെന്ന നിലയില്‍ പവര്‍പോയിന്റ് പ്രസന്റേഷന്റെ ഒരു പകര്‍പ്പാണ് പിന്നീട് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളിലേക്ക് അയച്ച ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും ലഭിച്ചിട്ടുമില്ല.

മുഖ്യമന്ത്രിയുടെ പങ്ക്

കുക്കി-സോ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങള്‍ എതിര്‍ത്തിട്ടും പട്ടിക വര്‍ഗ പദവി വേണമെന്ന മെയ്ത്തേയ് വിഭാഗത്തിന്റെ ആവശ്യമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം.

മുഖ്യമന്ത്രിയുടെ നയങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ കാരണമായെന്ന് അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി എന്‍. ബൈരേണ്‍ സിംഗിന്റെ ‘മയക്കുമരുന്നുകള്‍ക്കെതിരായ യുദ്ധം’, ‘സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളോടുള്ള ആശങ്ക’ തുടങ്ങിയ കടുത്ത മനോഭാവങ്ങള്‍ കലാപം ആളിപ്പടരാന്‍ കാരണമായതായും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും തടയുന്നതിന്റെ പേരില്‍ സിംഗ് സമുദായങ്ങളെ തമ്മിലടിപ്പിച്ചുവെന്നാണ് പ്രസന്റേഷനില്‍ ആരോപിക്കുന്നത്. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മലയോര സംസ്ഥാനത്ത് പോപ്പി കൃഷിക്കെതിരെ അദ്ദേഹമെടുത്ത ശക്തമായ നിലപാട് കുക്കി-സോ വിഭാഗക്കാരെ ലക്ഷ്യമിട്ടാണെന്ന് ധാരണ പടരുകയും ചെയ്തു.

സംസ്ഥാന സേനകളുടെ മൗന പിന്തുണ, ക്രമസമാധാന സംവിധാനത്തിന്റെ തകര്‍ച്ച എന്നിവയും ഇപ്പോഴും തുടരുന്ന കലാപത്തിന് ശക്തിപകര്‍ന്നതായി പ്രസന്റേഷന്‍ ചൂണ്ടിക്കാട്ടുന്നു.

മെയ്ത്തേയ് വിഭാഗത്തിനിടയിലുണ്ടായ പുതിയ ചിന്തകളാണ് സംഘട്ടനത്തിന്റെ മറ്റൊരു കാരണമായി പ്രസന്റേഷന്‍ ചൂണ്ടിക്കാട്ടുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഹിന്ദുമതം ആവിര്‍ഭവിക്കുന്നതിനും പിന്നീട് 1949ല്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിനും മുമ്പുള്ള സ്വത്വത്തിലേക്ക് തിരിച്ച് പോകാനുള്ള മെയ്ത്തേയ് വിഭാഗത്തിന്റെ ചരിത്രബോധമാണ് പുതിയ ചിന്തകള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1930കളെ സനാമഹി പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിലേക്ക് ഈ ചെറുത്തുനില്‍പ്പ് വളരുകയും സായുധ പ്രസ്ഥാനത്തിന് അത് ഇന്ധനമാകുകയും ചെയ്തു.

പുതിയ കാലഘട്ടത്തിലെ രണ്ട് മെയ്ത്തേയ് സംഘടനകളായ ലീപുന്‍, അറംബായ് ടെങ്കോള്‍ എന്നിവ സംഘര്‍ഷത്തിന് കരുത്ത് പകര്‍ന്നവയായും പ്രസന്റേഷനില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മണിപ്പൂരിലെ കിരീടം വയ്ക്കാത്ത രാജാവും ബിജെപിയുടെ പാര്‍ലമെന്റ് അംഗവുമായ ലെയ്ഷംബ സനജയോബയുടെ കീഴില്‍ 2020ല്‍ രൂപീകൃതമായ സംഘടനയാണ് അറംബായ് ടെങ്കോള്‍ എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

തുടക്കത്തില്‍ സനാമഹി സംസ്‌കാരത്തെ വീണ്ടെടുക്കാനുള്ള ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തനം ആരംഭിച്ച ടെങ്കോള്‍ പിന്നീട് ആയുധങ്ങളും ഏറ്റെടുക്കുകയായിരുന്നു. സനാമഹിസത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു മെയ്ത്തേയ് ക്രിസ്ത്യന്‍ പുരോഹിതന്റെ വീട്ടില്‍ ആക്രമണം നടത്തിയതോടെ ഈ സംഘടന കൂടുതല്‍ കുപ്രസിദ്ധി നേടി.

2022ല്‍ സംഘ തലവന്‍ ടൈസണ്‍ നഗാങ്ബാം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ചിത്രം. കുതിരപ്പുറത്തേറിയ മൂന്ന് യോദ്ധാക്കളുടെ ചിത്രം പതിപ്പിച്ച കറുത്ത ടീ-ഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകരെ താന്‍ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ടൈസണ്‍ പുറത്തുവിട്ടത്.

 

2022 ജൂണില്‍ മുഖ്യമന്ത്രി ബൈരേണ്‍ സിംഗിനൊപ്പം ടൈസണ്‍ നഗാങ്ബാമും അറംബായ് ടെങ്കോളിലെ മറ്റ് അംഗങ്ങളും നില്‍ക്കുന്നതിന്റെ ചിത്രം.

കൊറൗഗന്‍ബ ഖുമാന്‍ എന്നറിയപ്പെടുന്ന ടൈസണ്‍ നഗാങ്ബാമാണ് അറംബായ് ടെങ്കോളിന് നേതൃത്വം നല്‍കുന്നത്. കൊറൗഗന്‍ബ എന്നാല്‍ സൂര്യപ്രകാശം എന്നും ഖുമാന്‍ എന്നത് ഒരു വംശത്തിന്റെ പേരുമാണ്.

കലാപം നടക്കുന്ന കാലത്തും നഗാങ്ബാം ഉപയോഗിച്ചിരുന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ കളക്ടീവ് അദ്ദേഹത്തോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറയ്ക്ക് അത് കൂട്ടിച്ചേര്‍ക്കുന്നതാണ്.

അടുത്തകാലത്ത് ഇംഫാലില്‍ മെയ്ത്തേയ് രാജാക്കന്മാരുടെ കൊട്ടാരമായ കംഗ്ള കോട്ടയില്‍ ചേര്‍ന്ന അറംബായ് ടെങ്കോളിന്റെ ശക്തിപ്രകടനത്തില്‍ വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗ് ഉള്‍പ്പെടെ രണ്ട് പാര്‍ലമെന്റംഗങ്ങളും 37 എംഎല്‍എമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി ഭേദമില്ലാതെയാണ് എംഎല്‍എമാര്‍ ഈ ശക്തിപ്രകടനത്തില്‍ പങ്കെടുത്തത്.

അനധികൃത കുടിയേറ്റം ഒഴിവാക്കാമെന്ന് പ്രതീക്ഷിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ സമ്മേളനത്തില്‍ ടെങ്കോള്‍ നേതാവ് നഗാങ്ബാം ആവശ്യപ്പെട്ടത്. കുക്കി-സോ വിഭാഗങ്ങളെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങളില്‍ നിന്നും ഒഴിവാക്കാനാകുന്ന കുക്കി-സോ സായുധ സംഘങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുക, മ്യാന്‍മാറില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മിസോറാമിലേക്ക് മാറ്റുക, ഇന്തോ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുക, അസം റൈഫിള്‍സിനെ മണിപ്പൂരില്‍ നിന്നും പിന്‍വലിക്കുക, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിലൂടെ സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളെയെല്ലാം എം.പിമാരും എം.എല്‍.എമാരും പിന്തുണയ്ക്കുകയും ചെയ്തു.

ബിജെപി ഉള്‍പ്പെടെയുള്ള തീവ്രഹിന്ദു സംഘടനകളുടെ തലതൊട്ടപ്പനായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വാധീനത്താല്‍ ഈ അടുത്തകാലത്ത് രൂപീകൃതമായ സംഘടനയാണ് മെയ്ത്തേയ് ലീപുന്‍. ഒരു മെയ്ത്തേയും സംസ്ഥാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബൈറേണ്‍ സിംഗിനോടാണ് തങ്ങള്‍ക്ക് കൂറെന്ന് ലീപുന്‍ നേതാക്കള്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ്ത്തേയ് ലീപുനും അറംബായ് ടെങ്കോളുമാണ് തങ്ങളുടെ വിഭാഗക്കാര്‍ക്കെതിരെ അക്രമം നടത്തിയതെന്ന് കുക്കി നേതാക്കള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ അറംബായ് ടെങ്കോള്‍ ഹിന്ദുമതത്തില്‍ നിന്നും അകന്നുമാറി മെയ്ത്തേയ് ദേശീയ നിലപാടുകളും മെയ്ത്തേയ് ലീപുന്‍ ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള ഹിന്ദുത്വ പ്രചാരണ നിലപാടുകളുമാണ് സ്വീകരിക്കുന്നത്.

‘ഞങ്ങള്‍ മെയ്ത്തേയ്കള്‍ സനാതന ധര്‍മ്മമാണ് പിന്തുടരുന്നത്. മെയ്ത്തേയ്കള്‍ ഇല്ലാതായാല്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ ഇല്ലാതായതുപോലെ മണിപ്പൂരിലെ സനാതന ധര്‍മ്മവും ഇല്ലാതാകും.’- മെയ്ത്തേയ് ലീപുന്‍ നേതാവ് പ്രമോദ് സിംഗ് എന്നോട് പറഞ്ഞു.

1990കല്‍ സായുധസേനയുടെ നിരന്തര ആക്രമണങ്ങള്‍ മൂലം പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റ് എന്ന വരേണ്യ ഹിന്ദുവിഭാഗത്തെക്കുറിച്ചാണ് പ്രമോദ് സിംഗ് പരാമര്‍ശിച്ചത്.

മെയ്ത്തേയ് ലീപുന്‍ നേതാവ് പ്രമോദ് സിംഗ്

ഇന്ത്യയിലെ മറ്റ് സമുദായങ്ങളില്‍ നിന്നും വ്യത്യസ്തമായി 1949ല്‍ ബലപ്രയോഗത്തിലൂടെ ഇന്ത്യയില്‍ ലയിപ്പിച്ച സ്വന്തമായ സംസ്‌കാരവും മതപരമായ വ്യക്തിത്വവുമുള്ള കംഗ്ലെയ്പാക്ക് എന്ന മണിപ്പൂരി രാജവംശത്തിന്റെ ഭാഗമാണ് തങ്ങളെന്ന് മെയ്ത്തെയ്കളിലെ നവോത്ഥാന വാദികള്‍.

കലാപത്തിലെ രാഷ്ട്രീയ, കച്ചവട അടിത്തറകളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചും ഭരണപക്ഷമായ ബിജെപിയെക്കുറിച്ചും അസം റൈഫിള്‍സിന്റെ പരാജയത്തെക്കുറിച്ചും ആരോപിക്കപ്പെടുന്ന പക്ഷപാതിത്വത്തെക്കുറിച്ചും റിപ്പോര്‍ട്ട് ഒന്നും പറയുന്നില്ല.

ആരംഭം, പരിവര്‍ത്തനം, സ്തംഭനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് അസം റൈഫിള്‍സ് കലാപത്തെ തരംതിരിച്ചിരിക്കുന്നത്. കലാപത്തിന്റെ രൂപവും ഭാവവും എങ്ങനെ മാറിയെന്ന് ഈ ഘട്ടങ്ങളിലൂടെ വിവരിക്കുന്നു.

അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ പ്രസന്റേഷനില്‍ എന്താണ് പരാമര്‍ശിക്കുന്നതെന്നും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാന്‍ എന്റെ ആറ് മാസത്തെ റിപ്പോര്‍ട്ടിംഗ് സഹായിച്ചു.

ആരംഭം

നിലവിലെ കലാപത്തിന്റെ തീയായ ബൈറേണിന്റെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും പോപ്പി കൃഷിക്കും അനധികൃത കുടിയേറ്റത്തിനുമെതിരായ കടുത്ത നിലപാടുകളും കുക്കിലാന്‍ഡ്, മെയ്ത്തെയ് പുനുരുദ്ധാരണം എന്നീ ആവശ്യങ്ങളും ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്നവയാണ്.

എന്നാല്‍ ഏപ്രിലില്‍ വീണ തീപ്പൊരി ഇതിനെ ആളിക്കത്തിച്ചു. അസം റൈഫിള്‍സിന്റെ പ്രസന്റേഷനില്‍ വിവരിക്കുന്ന ആരംഭഘട്ടം ഈ കാലഘട്ടമാണ്.

ആ മാസത്തിന്റെ തുടക്കത്തില്‍ മെയ്ത്തെയ് വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിസ്റ്റ് ചെയ്ത ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം അനുവദിക്കുന്ന ഭരണഘടന വ്യവസ്ഥയും മണിപ്പൂരിന്റെ കാര്യത്തില്‍ കുക്കികള്‍ക്ക് സ്വാധീനമുള്ള മലയോര പ്രദേശങ്ങളില്‍ ഭൂഉടമസ്ഥാവകാശവും ആവശ്യപ്പെടുന്നതാണ് ഈ ഹര്‍ജികള്‍. 1960ലെ മണിപ്പൂര്‍ ഭൂപരിഷ്‌കരണ നിയമ പ്രകാരം പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് മലയോര പ്രദേശങ്ങളില്‍ ഭൂഉടമസ്ഥാവകാശം ഉള്ളത്.

മണിപ്പൂരിലെ ഏറ്റവും വലിയ ഗോത്ര സംഘടനയായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ ആഹ്വാനത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്വാധീനമുള്ള മലയോര ജില്ലകളായ സേനാപതി, ഉഖ്രുള്‍, കാംഗ്പോക്പി, തമെങ്ലോങ്, ചുരാചന്ദ്പുര്‍, ചന്ദല്‍, തെങ്നൗപെല്‍ എന്നിവിടങ്ങളില്‍ മെയ് 3ന് ഐക്യദാര്‍ഢ്യ റാലി നടന്നു. ചുരാചന്ദ്പുരില്‍ റാലി അവസാനിച്ചപ്പോള്‍ 1917-19 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കുക്കി പോരാട്ടത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ആംഗ്ലോ-കുക്കി സെന്റിനറി ഗേറ്റിന് മുന്നില്‍ ടയര്‍ കത്തിച്ചതായി വാര്‍ത്ത പരന്നു.

തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ആയുധങ്ങളുമായി ഗെയ്റ്റിന് മുന്നിലെത്തിയതായും തീവ്രവാദികള്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്നതായും വാര്‍ത്തകള്‍ പരന്നതായി ഔട്ട്ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം കുക്കി വിഭാഗക്കാര്‍ മെയ്ത്തെയ് വിഭാഗക്കാരുടെ വീടുകള്‍ ആക്രമിച്ചതായി വാര്‍ത്തകള്‍ പരന്നു. മെയ് മൂന്നിന് ആരംഭിച്ച കലാപം തീവ്രസ്വഭാവമുള്ളതും തെരഞ്ഞെടുത്ത ഇരകള്‍ക്കെതിരായതും തീവ്രവാദികള്‍ നയിച്ചതുമാണെന്ന് അസം റൈഫിള്‍സ് ഉദ്യോഗസ്ഥരുടെ പ്രസന്റേഷനില്‍ പറയുന്നു.

ഭൂരിപക്ഷ സമുദായമായ മെയ്ത്തെയ്കള്‍ക്ക് സ്വാധീനമുള്ള തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടി.

‘മെയ് മൂന്നിന് രാത്രി എട്ട് മണിയോടെ കറുത്ത ഷര്‍ട്ട് ധരിച്ചവര്‍ ഞങ്ങളെ ആക്രമിച്ചു. ഞങ്ങള്‍ തിരിച്ച് ആക്രമിച്ചപ്പോള്‍ കുറച്ച് നേരത്തേക്കെങ്കിലും അവര്‍ പിന്മാറി.’ ഇംഫാലില്‍ കുക്കി-സോ ഭൂരിപക്ഷ പ്രദേശമായ ഖൊങ്സായ് വെങ്ങില്‍ നിന്നുള്ള 42കാരനായ എല്‍ ങാമ്പാവോ ഖൊങ്സായ് പറഞ്ഞു. സുരക്ഷാ സൈന്യം നിലയുറപ്പിച്ചിട്ടും ആള്‍ക്കൂട്ടം ആക്രമണം നടത്തുകയും കുക്കികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ആക്രോശിച്ച് കല്ലുകള്‍ വലിച്ചെറിഞ്ഞുവെന്നുമാണ് ങാമ്പാവോ പറയുന്നത്. ഇദ്ദേഹവും കുടുംബവും അടുത്തുള്ള സ്‌കൂളിലാണ് അഭയം തേടിയത്. പിന്നീട് മറ്റെല്ലാവരെയും പോലെ കുക്കി-സോ ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിലേക്ക് ഇദ്ദേഹവും പലായനം ചെയ്തു.

മലയോര പ്രദേശങ്ങളിലും മലയടിവാരത്തെ സമീപ പ്രദേശങ്ങളിലുമുള്ള മെയ്ത്തെയ് ഗ്രാമങ്ങളിലും ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. വരേപം രാമേശ്വരി എന്ന ഗര്‍ഭിണിക്ക് തന്റെ ഗ്രാമം വിട്ട് ഓടേണ്ടി വന്നു. ‘ബിഷ്ണുപുര്‍ ജില്ലയിലെ ട്രോങ്ഗ്ലാവോബി മാനിംഗ് ലെയ്കെയുടെ അടിവാരത്തിലാണ് ഞങ്ങളുടെ ഗ്രാമം. കുക്കികളും അത്യാധുനിക ആയുധങ്ങളുമായാണ് എത്തിയത്. അവര്‍ ഞങ്ങള്‍ക്ക് നേരെ വെടിവയ്ക്കാന്‍ ആരംഭിച്ചു. പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് ആയുധങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ അവിടെനിന്നും ഓടി ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടി.’ അവര്‍ വ്യക്തമാക്കി.

അസം റൈഫിള്‍സിന്റെ കണക്കുകളില്‍ മെയ് മൂന്നിനും മെയ് 23നും ഇടയക്ക് 79 കുക്കി-സോ വിഭാഗക്കാരും 18 മെയ്ത്തെയ് വിഭാഗക്കാരും കൊല്ലപ്പെട്ടു. ഈ കാലഘട്ടത്തില്‍ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുകയും ആയുധങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. 5,668 ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്നാണ് അസം റൈഫിള്‍സ് വിലയിരുത്തുന്നത്.

‘സംസ്ഥാന സര്‍ക്കാരാണ് ആയുധ കൊള്ള അനുവദിച്ചത്. സാധാരണക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഒന്ന് കയറാന്‍ പോലുമോ ആയുധങ്ങള്‍ എടുത്തുകൊണ്ട് പോകാനോ സാധിക്കില്ല എന്നതിനാല്‍ ഇത് വ്യക്തമാണ്.’ പ്രദേശത്തെ ഇന്റലിജന്‍സിന്റെയും സുരക്ഷയുടെയും ചുമതലയുണ്ടായിരുന്ന ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു.

‘അങ്ങനെ മെയ്ത്തേയ് വിഭാഗക്കാര്‍ക്കും വിമതര്‍ക്കും ആയുധങ്ങള്‍ ലഭിക്കുകയും അവര്‍ അതുമായി നഗരത്തില്‍ ജാഗ്രത തുടങ്ങുകയും ചെയ്തു. ഇതിന് മറുപടിയായി എസ്.ഒ.ഒ വ്യക്തികള്‍ കുക്കി-സോകള്‍ക്കിയിലും ആയുധങ്ങള്‍ വിതരണം ചെയ്യണമെന്ന് എതിര്‍വിഭാഗത്തിനും തോന്നി.’ അദ്ദേഹം പറഞ്ഞു.

കുക്കി-സോ സായുധ സംഘങ്ങളും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ സമാധാന കരാര്‍ ആണ് സസ്പെന്‍ ഓഫ് ഓപ്പറേഷന്‍സ് അഥവ എസ്.ഒ.ഒ. ഈ കരാര്‍ അനുസരിച്ച് കുക്കി-സോ സായുധസേന നിയുക്ത ക്യാമ്പുകളില്‍ താമസിക്കുകയും ആയുധങ്ങള്‍ സംസ്ഥാന നിരീക്ഷണത്തിലുള്ള അവരുടെ കേന്ദ്ര ആയുധ പുരയില്‍ സൂക്ഷിക്കുകയും വേണം.

‘വിഭജനം പൂര്‍ത്തിയായി. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ശക്തമായ നടപടികള്‍ സ്വീകരിക്കുകയും കലാപസാധ്യതകളെ പൊളിക്കുകയും ചെയ്യേണ്ട ഘട്ടമായിരുന്നു അത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതുണ്ടായില്ല. സംഘര്‍ഷം വ്യാപിക്കുകയും അതിന്റെ രൂപം മാറുകയും ചെയ്തു. അസം റൈഫിള്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണായിരം റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് 8,169 പ്രാഥമിക വിവര റിപ്പോര്‍ട്ടുകള്‍(എഫ്.ഐ.ആര്‍) വിശകലനം ചെയ്തുകൊണ്ട് പ്രാരംഭ സംഘര്‍ഷത്തിന്റെ കാലയളവ് വീണ്ടും വരയ്ക്കാന്‍ ശ്രമിച്ചു. ഇതില്‍ 5,818 എഫ്.ഐ.ആറുകള്‍ മെയ് മാസത്തിലും 2,351 എണ്ണം ജൂണ്‍ മാസത്തിലുമാണ് ഫയല്‍ ചെയ്തത്. പൊതുജനങ്ങളോ പോലീസോ ആദ്യം ഫയല്‍ ചെയ്യുന്ന പരാതികളാണ് എഫ്.ഐ.ആര്‍. ഒരു കുറ്റം തെളിയിക്കാന്‍ പോലീസ് അന്വേഷണം നടത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

മെയ് മൂന്നിന് ഫയല്‍ ചെയ്ത ഒരു എഫ്.ഐ.ആറിലാണ് രണ്ട് സമുദായങ്ങള്‍ കലാപത്തിന്റെ പ്രേരണ രേഖപ്പെടുത്തിയത്. ‘1500ലേറെ വരുന്ന കുക്കി, മെയ്ത്തേയ് യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടുകയും ടോര്‍ബുംഗ് ബംഗ്ലായില്‍ ഇരുവിഭാഗങ്ങളുടെയും നിരവധി വീടുകള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഏകദേശം മുന്നൂറ് വീടുകളും ഏതാനും സ്വകാര്യ വാഹനങ്ങളും അതിനിടെയില്‍ അഗ്‌നിക്കിരയാക്കി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ഏതാനും റൗണ്ട് കണ്ണീര്‍ വാതകങ്ങളും പുകബോംബുകളും മറ്റ് ആയുധങ്ങളും പ്രയോഗിച്ചു’ എഫ്.ഐ.ആറില്‍ പറയുന്നു.

ഇംഫാലിലെ മണിപ്പൂര്‍ പോലീസ് ട്രെയിനിംഗ് കോളേജില്‍ മെയ് നാലിനാണ് ആദ്യ ആയുധ കൊള്ള രേഖപ്പെടുത്തിയത്. അന്ന് മുതല്‍ കലാപകാരികള്‍ ആയുധങ്ങള്‍ കൊള്ളയടിക്കാനും ആരംഭിച്ചു. എഫ്.ഐ.ആര്‍ അനുസരിച്ച് ആള്‍ക്കൂട്ടം കാവല്‍ക്കാര്‍ക്ക് നേരെ ബലംപ്രയോഗം നടത്തി ആയുധപ്പുരയുടെ പൂട്ട് തകര്‍ത്ത് വലിയ തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൊള്ളയടിക്കുകയായിരുന്നു. 157 ഇന്‍സാസ് റൈഫിള്‍സ്, 54 എസ്.എല്‍.ആര്‍ റൈഫിള്‍സ്, എകെ-47 തോക്കുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ആയുധക്കൊള്ള മെയ് 31 വരെ തുടര്‍ന്നതായി ഈ 8,169 എഫ്.ഐ.ആറുകളില്‍ പറയുന്നു.

കലാപത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 7,831 നശിപ്പിക്കല്‍ കേസുകളും പലായനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, ലൈംഗികാതിക്രമം, ദേഹോപദ്രവം, കാണാതാകല്‍ തുടങ്ങിയവ ഉള്‍പ്പെടെ 189 കേസുകളും ആയുധങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിച്ച 79 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

കേസുകള്‍ മെയ് ജൂണ്‍ ആകെ

നശിപ്പിക്കല്‍ കേസുകളും പലായനങ്ങളും 5,579 2,252 7,831
കൊലപാകങ്ങള്‍/ അക്രമങ്ങള്‍/ദേഹോപദ്രവം/
കാണാതാകലുകള്‍ 128 61 189
കൂട്ടത്തോടെയുള്ള ആയുധക്കൊള്ള 71 8 79

പല എഫ്.ഐ.ആറുകളും ഏതാണ്ട് സമാനമായിരുന്നു. ഉദാഹരണത്തിന്, മെയ് 10ന് കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ സഗോള്‍മംഗ് പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത 74 എഫ്.ഐ.ആറുകളില്‍ ഒരേ പരാതി തന്നെയാണ് ഉണ്ടായിരുന്നത്. ‘ആയുധങ്ങളുമായി ആയിരത്തോളം വരുന്ന വ്യത്യസ്ത ഗ്രാമങ്ങളില്‍ നിന്നുള്ള കുക്കി സമുദായക്കാരെന്ന് കരുതുന്ന ചില അജ്ഞാത വ്യക്തികള്‍ (പ്രദേശത്തിന്റെ പേര്) കടന്നുകയറുകയും വസ്തുവകകള്‍ നശിപ്പിക്കുകയും വീടിന് തീയിടുകയും ചെയ്തു. നശിപ്പിക്കപ്പെട്ട സാധനങ്ങളുടെ ലിസ്റ്റിലും പ്രദേശത്തിന്റെ പേരിലും മാത്രമാണ് ഈ എഫ്.ഐ.ആറുകളില്‍ മാറ്റമുണ്ടായിരുന്നത്.

കുക്കി-സോകളുടെ ഭാഗത്തുനിന്നുള്ള പോലീസ് പരാതിയിലും ഇതേ പ്രവണത കാണാനാകും. ‘ഒരു ഗ്രാമത്തിലെ 40 വീടുകള്‍ കത്തിക്കപ്പെട്ടാല്‍ 40 എഫ്.ഐ.ആറുകള്‍’ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത മറ്റൊരു പോലീസുകാരന്‍ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സഹായിക്കുന്നതിനായി സമാന കേസുകളെല്ലാം സംയോജിപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

രണ്ടാം ഘട്ടം

മെയ് അവസാനത്തോടെ കലാപത്തിന്റെ സ്വഭാവം മാറിയെന്നാണ് അസം റൈഫിള്‍സിന്റെ പ്രസന്റേഷനില്‍ പറയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തിയ സമയമാണ് ഇത്. അപ്പോഴേക്കും ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ പോലീസ്, സുരക്ഷാ പ്രവര്‍ത്തനങ്ങളുടെയും ചുമതല നല്‍കി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. സംസ്ഥാനത്തെ പോലീസിനെയും ഫെഡറല്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും സൈന്യത്തെയും ഈ ഉദ്യോഗസ്ഥന് കീഴിലാക്കി.

ഭരണഘടനാ സംവിധാനം പരാജയപ്പെട്ടുവെന്ന് വന്നാല്‍ ഫെഡറല്‍ സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും. ബാഹ്യആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര കലാപങ്ങളില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ഭരണഘടന ആവശ്യപ്പെടുന്നു.

എന്നാല്‍ ഇവിടെ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയും ഈ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്തു. മറ്റൊരു അപ്രതീക്ഷിത നീക്കത്തിലൂടെ സര്‍ക്കാര്‍ ബഫര്‍ സോണ്‍ എന്ന ഓമനപ്പേരിട്ട് വംശീയ അതിര്‍ത്തി രൂപീകരിക്കുകയും മെയ്ത്തെയ് ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിന്ന് കുക്കി-സോകളെ വിഭജിക്കുകയും സായുധസേനയെ വിന്യസിച്ച് ഈ അതിര്‍ത്തി രൂപപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഷായുടെ സന്ദര്‍ശനവും ഏകീകൃത ഫെഡറല്‍ പോലീസ് കമാന്‍ഡും ബഫര്‍ സോണ്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

കുക്കി-സോ, മെയ്ത്തേയ് വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള പ്രധാന നഗരങ്ങളില്‍ അക്രമം കുറഞ്ഞെങ്കിലും അത് ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കപ്പെട്ടു. പരമ്പരാഗതമായി കുക്കി-സോകളും മെയ്ത്തെയ്കളും താമസിച്ച് വന്നിരുന്ന ഇംഫാല്‍ മുതല്‍ കുക്കി ആധിപത്യമുള്ള കു്ന്നുകള്‍ വരെ വ്യാപിച്ച് കിടക്കുന്ന ഈ ഗ്രാമങ്ങള്‍ കുഗ്രാമങ്ങളും ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും ചേര്‍ന്നവയാണ്.

ഇതോടെ ഇരുവിഭാഗങ്ങളുടെയും ഗ്രാമങ്ങള്‍ ഇരുവിഭാഗത്തിലെ സായുധ സംഘങ്ങളാല്‍ ആക്രമിക്കപ്പെട്ടു. ഇതോടെ വംശീയ അടിസ്ഥാനത്തില്‍ പ്രദേശങ്ങള്‍ രൂപീകരിക്കുന്നതിനുള്ള യുദ്ധം ആരംഭിച്ചു. മെയ് 23 മുതല്‍ ജൂണ്‍ 15 വരെയായിരുന്നു ഈ ഘട്ടം.

ഒരു സെപ്തംബര്‍ രാത്രിയില്‍ ഞാന്‍ മെയ്ത്തെയ് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഇംഫാലിലെ സിംഗ്ദ കദങ്ബാദ് എന്ന ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ കലാപം തുടങ്ങി ആറ് മാസമായുള്ള ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് ഗ്രാമീണര്‍ വിവരിക്കുകയുണ്ടായി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 10 ബങ്കറുകളിലായി കാവല്‍നില്‍ക്കാന്‍ ഇവിടുത്തെ 165 വീടുകളില്‍ നിന്നുള്ള 170 പുരുഷന്മാര്‍ 24 മണിക്കൂര്‍ ഷിഫ്റ്റ് എടുത്തിരുന്നു.

ജൂണ്‍ അഞ്ചിന് മെയ്ത്തേയ് വിമതര്‍ ഗ്രാമവാസികളെ സമീപിച്ചിരുന്നു. ‘അവര്‍ ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്നു. പിന്നീട് അവര്‍ ഞങ്ങളെ മുതലെടുക്കുമെന്ന് ഭയന്ന് ഞങ്ങള്‍ അത് അനുവദിച്ചില്ല.’- ഗ്രാമത്തില്‍ നിരീക്ഷണം സംഘടിപ്പിച്ച എന്‍ ബോബി സിംഗ് പറഞ്ഞു.

ഈ ഘട്ടത്തില്‍ ഇരുവിഭാഗത്തിലെയും വിമതര്‍ ഇടപെട്ടിട്ടുണ്ടെന്ന് അസം റൈഫിള്‍സിന്റെ പ്രസന്റേഷനില്‍ പറയുന്നു. വ്യത്യസ്ത വംശങ്ങളില്‍ നിന്നായി 30ലേറെ സായുധസംഘങ്ങളുള്ള സംസ്ഥാനത്തിന് കലാപങ്ങളുടെ നീണ്ട ചരിത്രമുണ്ട്. പ്രത്യേക രാജ്യം അല്ലെങ്കില്‍ ഇന്ത്യയ്ക്കുള്ളില്‍ തന്നെ വംശീയ അടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനം എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

ഓരോ വംശീയ വിഭാഗങ്ങള്‍ക്കും കീഴിലുള്ള സായുധ സംഘങ്ങള്‍ താഴെ പറയുന്നവയാണ്.

മെയ്ത്തേയ്- യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്(യു.എന്‍.എല്‍.എഫ്), പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മി(പി.എല്‍.എ), പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി ഓഫ് കെംഗ്ലിപാക്(പി.ആര്‍.ഇ.പി.എ.കെ), കെംഗ്ലിപാക് കമ്മ്യൂസ്റ്റ് പാര്‍ട്ടി(കെ.സി.പി), കംഗ്ലി യവോല്‍ കണ്ണാ ലുപ്(കെ.വൈ.കെ.എല്‍), പീപ്പിള്‍സ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട്(പി.യു.എല്‍.എഫ്), റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്(ആര്‍.പി.എഫ്), അലയന്‍സ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കെംഗ്ലിപാക്(എ.എസ്.യു.കെ), മണിപ്പൂര്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്(എം.പി.എല്‍.എഫ്)

കുക്കി- കുക്കി നാഷണല്‍ ഫ്രണ്ട് (മിലിറ്ററി കൗണ്‍സില്‍), കുക്കി നാഷണല്‍ ഫ്രണ്ട് (സോഗം), യുണൈറ്റഡ് സോഷ്യലിസ്റ്റ് റവല്യൂഷണറി ആര്‍മ്മി, യുണൈറ്റഡ് മൈനോരിറ്റി ലിബറേഷന്‍ ആര്‍മ്മി(ഓള്‍ഡ് കുക്കി), യുണൈറ്റഡ് കൊംറെം റവല്യൂഷണറി ആര്‍മ്മി, സൂ ഡിഫന്‍സ് വൊളന്റിയര്‍, ഹ്‌മാര്‍ നാഷണല്‍ ആര്‍മ്മി, സോമി റീയുണിഫിക്കേഷന്‍ ഫ്രണ്ട്, കുക്കി റവല്യൂഷണറി ആര്‍മ്മി(യൂണിഫിക്കേഷന്‍), കുക്കി ലിബറേഷന്‍ ആര്‍മ്മി(കെ.എന്‍.ഒ), കുക്കി നാഷണല്‍ ആര്‍മ്മി, കുക്കി റവല്യൂഷണറി ആര്‍മ്മി, കുക്കി നാഷണല്‍ ഫ്രണ്ട്, യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട്, കുക്കി ലിബറേഷന്‍ ആര്‍മ്മി(യു.പി.എഫ്), സോമി റവല്യൂഷണറി ആര്‍മ്മി, കുക്കി നാഷണല്‍ ഫ്രണ്ട്(ടി. സാമുവല്‍), ഹ്‌മാര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍- ഡെമോക്രസി(എച്ച്.പി.സി-ഡി), സൂ ഡിഫന്‍സ് വൊളന്റിയര്‍(യു.പി.എഫ്), സോമി റവല്യൂഷണറി ഫ്രണ്ട്(ഇസഡ്.ആര്‍.എഫ്), സെലിയാംഗ്റോംഗ് യുണൈറ്റഡ് ഫ്രണ്ട്(ഇസഡ്.യു.എഫ്). നാഗ- നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-ഇസാക്-മുയിവാഹ്(എന്‍.എസ്.സി.എന്‍-ഐ.എം)

(29.08.2012ല്‍ രാജ്യസഭയില്‍ എഴുതി ചോദിച്ച 1931, 03.07.2019ല്‍ ചോദിച്ച 1299 എന്നീ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്നും കുക്കി നാഷണല്‍ ഓര്‍ഗനൈസേഷനും യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ടും ചേര്‍ന്ന് ഒപ്പുവച്ച സസ്പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ ആമുഖത്തില്‍ നിന്നും ആണ് ഈ വിവരങ്ങള്‍ ലഭിച്ചത്).

ഇവരില്‍ പലരും മ്യാന്‍മാറില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിക്കുകയും അവിടെ ക്യാമ്പ് ചെയ്യുകയും ചെയ്യുന്നവരാണ്. സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്ന മെയ്ത്തെയ് സായുധസംഘങ്ങളുടെ ശക്തി 2000 മുതല്‍ ക്ഷയിച്ചുവരികയാണ്. കുക്കി-സോ സംഘങ്ങള്‍ പലതും സര്‍ക്കാരുമായി എസ്.ഒ.ഒ ഒപ്പിട്ടിട്ടുണ്ട്.

കുക്കി സായുധസംഘങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ സൈന്യം മറ്റ് വംശീയ വിഭാഗങ്ങളില്‍ നിന്നുള്ള സായുധസംഘങ്ങളെ എങ്ങനെ ഒറ്റപ്പെടുത്തുന്നുവെന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെയും നിയമവിരുദ്ധ കൊലപാതകങ്ങളുടെയും ട്രാക്ക് റെക്കോര്‍ഡിനൊപ്പം ഈ ആരോപണം അസം റൈഫിള്‍സിന് കളങ്കമുണ്ടാക്കിയിട്ടുണ്ട്. അവര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം ഉയരുമ്പോള്‍ തന്നെ സംസ്ഥാന പോലീസ് കുക്കികള്‍ക്കെതിരായി പക്ഷപാത നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന ആരോപണവും നേരിടുന്നുണ്ട്.

ഇപ്പോഴത്തെ സംഘര്‍ഷം കുക്കി, മെയ്ത്തെയ് സായുധ സംഘങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും പുതിയ മെയ്ത്തെയ് സംഘങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമാകുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്ന കുക്കി-സോ വിഭാഗം തുടക്കത്തില്‍ ആയുധമെടുത്ത സാധാരണക്കാരെ സഹായിക്കാന്‍ തുടങ്ങിയിരുന്നു.

‘ചില എസ്.ഒ.ഒ സംഘങ്ങള്‍ അവരുടെ പരിചയ സമ്പത്ത് ഉപയോഗിച്ച് ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്’- ഗോത്രവര്‍ഗ്ഗ ഐക്യത്തിന്റെ സമിതിക്ക് കീഴിലുള്ള പ്രതിരോധ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയും 35കാരനുമായ മിമിന്‍ സിത്ലോ അറിയിച്ചു. കംഗ്പോക്പി ജില്ലയില്‍ വലിയ തോതില്‍ പൊതുസമൂഹത്തെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമിതിയ്ക്കാണ് ബങ്കറുകളുടെ ചുമതല.

ഈ സേനാംഗങ്ങളുടെ ഇടപെടല്‍ വി.ബി.ഐ.ജികളെ സമ്മര്‍ദ്ദത്തിലാക്കുകയും മയ്ത്തേയ് സമൂഹത്തിനൊപ്പം കലാപത്തില്‍ പങ്കുചേരുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തതായി അസം റൈഫിള്‍സിന്റെ കുറിപ്പുകളില്‍ പറയുന്നു. പഴയകാലഘട്ടത്തിലെ മെയ്ത്തെയുമായി ബന്ധപ്പെട്ട വാലി ബേസ്ഡ് ഇന്‍സര്‍ജന്റ് ഗ്രൂപ്പുകള്‍ എന്നതിന്റെ ചുരുക്കപ്പേരാണ് വി.ബി.ഐ.ജികള്‍ എന്നത്. അവര്‍ ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാന്‍ തുടങ്ങുകയും തങ്ങളുടെ അടിത്തറ വ്യാപിപ്പിക്കുകയും റിക്രൂട്ട്മെന്റുകളും പ്രത്യയശാസ്ത്ര പിന്തുണയും വര്‍ധിപ്പിക്കുകയും ചെയ്തു.

ഇരുവിഭാഗത്തെയും സായുധസേനകള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും വേഗത്തിലാക്കിയതോടെ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ സംഘര്‍ഷം ഭാഗികമായി കുറയുകയും പിന്നീട് വീണ്ടും കൂടുകയും ചെയ്തു. ഫലത്തില്‍ പ്രദേശത്ത് പ്രതിസന്ധി രൂപപ്പെട്ടു.

പ്രതിസന്ധി

കംഗ്പോക്പി ജില്ലയുടെ അതിര്‍ത്തിയില്‍ ട്രഞ്ചുകള്‍ കുഴിച്ചിരിക്കുന്നതിന് 15 കിലോമീറ്റര്‍ അകലെയുള്ള ഹൈപി ഗ്രാമത്തിലേക്കാണ് ജങ്ഗൗലുന്‍ കിപ്ജെനും കുടുംബവും ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങളെല്ലാം മാറ്റിവച്ച് എത്തിച്ചേര്‍ന്നത്. ബങ്കറുകളിലൊന്നില്‍ വച്ച് സെപ്തംബറിലാണ് ഞാന്‍ ഈ 119കാരനെ പരിചയപ്പെട്ടത്. ഒരു തോക്ക് മുറുകെ പിടിച്ചുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു. ‘അഞ്ചാറ് ദിവസം മുമ്പ് ഗ്രാമത്തില്‍ വച്ചാണ് ഞങ്ങള്‍ക്ക് പരിശീലനം ലഭിച്ചത്.’

ക്രിസ്മസ് ദിനത്തില്‍ ഹൈപ്പിയിലെ തന്റ് വീട്ടിലിരുന്ന് കിപ്ജെനിന്റെ അമ്മ എന്നോട് പറഞ്ഞു: ‘യുദ്ധമുഖത്തേക്ക് സ്വന്തം മകനെ പറഞ്ഞയയ്ക്കുന്നതില്‍ ആര്‍ക്കാണ് ഭയമില്ലാതിരിക്കുക, അവന്‍ സുരക്ഷിതനായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കാകൂ.’ സിംഗ്ദ കഡംഗ്ബാദ് പോലുള്ള ജില്ലകളിലെ മെയ്ത്തേയ് പൗരന്മാരും സമാനമായ ധര്‍മ്മസങ്കടം നേരിടുന്നുണ്ട്. അവരെ സംബന്ധിച്ച് രാത്രികള്‍ അനന്തമായി തുടരുകയും പകലുകള്‍ അനിശ്ചിതത്വത്തിലാകുകയുമാണ്.

‘അറുപതിന് മുകളില്‍ പ്രായമുള്ളവരൊഴികെ എല്ലാവരും 24 മണിക്കൂര്‍ ഷിഫ്റ്റെടുക്കണം.’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഗ്രാമീണന്‍ എന്നോട് സെപ്തംബറില്‍ അറിയിച്ചു. ‘വെല്‍ഡിംഗ് ജോലി ചെയ്യുന്ന എനിക്ക് ഒരു വയസ്സുള്ള ഒരു കുട്ടിയുണ്ട്. എനിക്ക് പേടിയുണ്ടെങ്കിലും ഞങ്ങള്‍ക്ക് വേറെ വഴിയില്ല.’ ഗ്രാമീണന്‍ പറഞ്ഞു.

‘യുവജനങ്ങളിലും ഭാവി തലമുറയിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. അവരുടെ സമുദായത്തെ സംരക്ഷിക്കാനാണ് അവരുടെ കൈവശം തോക്കുകളുള്ളതെങ്കിലും അത് അങ്ങനെയല്ല പിന്നീട് സംഭവിക്കുക. ഭാവിയില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചേക്കാം. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ കൊള്ളയടിക്കാനും ആള് മാറി കൊലപ്പെടുത്താനും പ്രതികാരം തീര്‍ക്കാനുമെല്ലാം ഇത് ഉപയോഗിച്ചേക്കാം.- ഇതൊരു ദുഷിച്ച ചക്രമായി മാറാന്‍ പോകുകയാണ്.’ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ കോണ്‍സം ഹിമാലയ് സിംഗ് എന്നോട് പറഞ്ഞു.

സിംഗ് പറഞ്ഞ കാര്യം ഞാന്‍ മണിപ്പൂരില്‍ നിന്നും ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത ഡിസംബറില്‍ തന്നെ സംഭവിച്ചുകഴിഞ്ഞു. താഴ്വരയിലും കുന്നുകളിലും തോക്ക് ചൂണ്ടി നടക്കുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരം വരാന്‍ തുടങ്ങി. ആയുധധാരികളായ വൊളന്റിയര്‍മാര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ മുന്തിയ പരിഗണന ലഭിച്ചു. സ്വകാര്യ സംഭാഷണങ്ങളില്‍ ചെറുപ്പക്കാരെ സായുധസംഘങ്ങള്‍ വശീകരിക്കുകയോ റിക്രൂട്ട് ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞു. അസ്ഥിരത സ്ഥിരതയാര്‍ജ്ജിക്കുമ്പോള്‍ അത് അക്രമണത്തിന്റെയും പ്രതികാരത്തിന്റെയും ടര്‍ഫ് യുദ്ധങ്ങളുടെയും ഒരിക്കലുമൊടുങ്ങാത്ത ചക്രം സൃഷ്ടിച്ചേക്കാം.

ഇവയെല്ലാം ഫെഡറല്‍ സര്‍ക്കാരിന്റെ അര്‍ദ്ധസൈനിക വിഭാഗത്തിലെ 60,000 സായുധ സൈനികരെയും സൈന്യത്തെയും സംസ്ഥാന പോലീസിനെയും ഉപയോഗിച്ച് പ്രദേശത്തെ രണ്ടായി വിഭജിക്കുന്നതിലേക്ക് നയിച്ചു. പരസ്പരം കടന്നുചെല്ലാതിരിക്കാന്‍ ബഫര്‍ സോണ്‍ സ്ഥാപിച്ച് വിഭജിച്ചു.

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കലാപം നിലനില്‍ക്കുമ്പോഴും ഏപ്രില്‍ 19ന് രാജ്യത്തെ മറ്റ് പ്രദേശങ്ങള്‍ക്കൊപ്പം മണിപ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ‘മുഖ്യമന്ത്രിയെ പുറത്താക്കണം. അദ്ദേഹമാണ് സംസ്ഥാനത്തിന്റെ തലവന്‍. എന്നാല്‍ അദ്ദേഹം വിശ്വസ്തനല്ലെങ്കില്‍ പോലീസും സൈന്യവും ചേര്‍ന്ന് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണം. എന്നാല്‍ ഇവിടെ ഭരണം തുടരാന്‍ അനുവദിക്കുകയാണ്. കാരണം, അശാന്തി നിലനില്‍ക്കുമ്പോള്‍ കിട്ടുന്ന വോട്ടും കൂടുമെന്ന് അവര്‍ക്ക് അറിയാം.’ റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ മണിപ്പൂര്‍ അശാന്തമായതിന് പിന്നിലെ മയക്കുമരുന്ന് വ്യാപാരം, രാഷ്ട്രീയം, സായുധ സംഘങ്ങള്‍ എന്നിവയുടെ പങ്ക് പരിശോധിക്കാം.

(വിവരങ്ങള്‍: ഹര്‍ഷിത മന്‍വാനി, മോഹന്‍ രാജഗോപാല്‍, ആര്യന്‍ ചൗധരി, വേദാന്ത് കോട്ടപ്പള്ളി)

റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ ഈ അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത് അല്‍-ജസീറയാണ്.

 

Share on

മറ്റുവാര്‍ത്തകള്‍