2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയില്‍; ബുക്കിങ് ആരംഭിച്ചു

 
2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയില്‍; ബുക്കിങ് ആരംഭിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ ബുക്കിങ് ആരംഭിച്ചു. മാനുവല്‍ ട്രാന്‍സ്മിഷന്‍, ഡിസിടി വേരിയന്റുകളിലായി പുതിയ കളര്‍ ഓപ്ഷനുകളില്‍ 2021 മോഡല്‍ ലഭ്യമാണ്.ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ 2021 വര്‍ഷത്തെ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പുതുവത്സരം ആരംഭിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കുറഞ്ഞ ഭാരത്തില്‍ ശക്തമായ സംവിധാനങ്ങളോടെയാണ് പുതിയ മോഡല്‍ എത്തുന്നത്. 1,084 സിസിയുള്ള സമാന്തര ഇരട്ട എഞ്ചിന്‍ 73 കിലോവാട്ട് പവറും 103 എന്‍എം ടോര്‍ക്കും നല്‍കും. ലിഥിയം അയേണ്‍ ബാറ്ററി, പരമ്പരാഗത ബാറ്ററിയെ അപേക്ഷിച്ച് 1.6 മടങ്ങ് അധിക ഷെല്‍ഫ് ലൈഫും നാലു മടങ്ങ് ഈടും ഉറപ്പാക്കും. ബോള്‍ട്ട്-ഓണ്‍ അലുമിനിയം സബ്‌ഫ്രെയിം, സ്വിംഗ് ആം എന്നിവയും സവിശേഷതയാണ്. ത്രോട്ടില്‍ ബൈ വയര്‍ (ടിബിഡബ്ല്യു) നിയന്ത്രിക്കുന്ന സിക്‌സ് ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു), വിപുലീകരിച്ച 7 ലെവല്‍ ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള്‍ (എച്ച്എസ്ടിസി) എന്നിവയുമായി സംയോജിപ്പിച്ചാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എത്തുന്നത്.

അഞ്ചുഘട്ടങ്ങളില്‍ ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന സീറ്റ്, ഹീറ്റഡ് ഗ്രിപ്‌സ്, ടൂബ്ലെസ്സ് ടയറുകള്‍, ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്‌സ്, കോര്‍ണറിങ് ലൈറ്റ്‌സ്, ക്രൂയിസ് കണ്ട്രോള്‍, 24.5 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷതയോടുകൂടിയ 6.5 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (എംഎംഡി)യും പുതിയ മോഡലിലുണ്ട്. ഹോണ്ട ടോപ് ബോക്‌സ്, റിയര്‍ കാരിയര്‍, റാലി സ്റ്റെപ്പ്, ഡിസിടി പെഡല്‍ ഷിഫ്റ്റര്‍, ഫോഗ് ലാമ്പ്, ഫോഗ് ലാമ്പ് എടിടി, വൈസര്‍, സൈഡ് പൈപ്പ് തുടങ്ങിയ യഥാര്‍ഥ ഹോണ്ട ആക്‌സസറികള്‍ പുതിയ മോഡലിന്റെ രണ്ടു വേരിയന്റിലും ലഭിക്കും. ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ടോപ്പ്‌ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ 2021 ആഫ്രിക്ക ട്വിന്നിനായി ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലുടനീളം 15.96 ലക്ഷം രൂപയിലാണ് (എക്‌സ്‌ഷോറൂം വില) ആരംഭിക്കുന്നത്.