കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചു

 

പ്രമുഖ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ഏറ്റവും പുതിയ മോഡലായ കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,48,256 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക് ഷോറൂം വില. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചതായും കെടിഎം അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ വിപണി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി കെടിഎം 250 അഡ്വഞ്ചര്‍ വിപണിയിലെത്തിക്കുന്നത്. ബിഎസ് 6എമിഷനോടുകൂടിയ 248സിസി അത്യാധുനിക ഡിഒഎച്ച്‌സി ഫോര്‍ വാള്‍വ് സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് കെടിഎം 250 അഡ്വഞ്ചറിന്റെ കരുത്ത്. 30 എച്ച്പി (22 കിലോവാട്ട്) പവര്‍, 24 എന്‍എം ടോര്‍ക്ക് എന്നിവ ഉയര്‍ത്താന്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സഹായിക്കുന്നു. സാങ്കേതികമായി നൂതനമായ പവര്‍ അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചാണ് (പിഎഎസ്സി) മറ്റൊരു പ്രധാന പ്രത്യേകത.

ഡബ്ല്യൂപി അപ്പെക്‌സ് സസ്‌പെന്‍ഷനാണ് കെടിഎം 250 അഡ്വഞ്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ് 177 എംഎം ട്രാവല്‍ റേഞ്ചാണ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറിന് ഉള്ളത്, ഡബ്ല്യുപി അപെക്‌സ് അപ്പ് സൈഡ്- ഡൗണ്‍ 43 എംഎം ഫ്രണ്ട് ഫോര്‍ക്ക് 170 എംഎം ട്രാവല്‍ വാഗ്ദാനം നല്‍കുന്നു.

ബ്രെംബോ നിര്‍മ്മിച്ച കട്ടിംഗ് എഡ്ജ് ബൈബ്രെ ബ്രേക്കുകളില്‍, 4 പിസ്റ്റണ്‍ റേഡിയല്‍ മൗണ്ട് ചെയ്ത കാലിപ്പറോഡുകൂടിയ, 320 എംഎം ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക്കുണ്ട്. ഒപ്പം 230 എംഎം റിയര്‍ ഡിസ്‌ക്കും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബോഷിന്റെ അത്യാധുനിക എബിഎസ് സിസ്റ്റത്തിന് ഒരു അധിക ഓഫ്-റോഡ് മോഡ് കൂടി ഈ വാഹനത്തിലുണ്ട്. സമീപ വര്‍ഷങ്ങളില്‍ സാഹസിക ടൂറിംഗ് വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ് കാണപ്പെടുന്നതെന്നും ഔട്ട്ഡോര്‍ പര്യവേക്ഷണത്തിനുള്ള താല്‍പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും വാഹനം അവതരിപ്പിച്ചുകൊണ്ട് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രസിഡന്റ് (പ്രോബൈക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു.