റെനോയുടെ പുതിയ ബി-എസ്യുവി റെനോ കൈഗര്‍ ഇന്ത്യയിലേക്ക്

 
റെനോയുടെ പുതിയ ബി-എസ്യുവി റെനോ കൈഗര്‍ ഇന്ത്യയിലേക്ക്

റെനോ ഇന്ത്യ ഏറ്റവും പുതിയ ഗെയിം ചേഞ്ചറായ റോനോ കൈഗര്‍ (Renault KIger) അവതരിപ്പികൊണ്ട് ഇന്ത്യയിലെ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി റെനോ കൈഗര്‍ ഷോ കാറിന്റെ ആഗോള അനാവരണം നടത്തി.ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇതും നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫ്രാന്‍സിലെയും റെനോ ഇന്ത്യയുടെയും കോര്‍പറേറ്റ് ടീമുകളുടെ സംയുക്ത രൂപകല്‍പ്പനയാണ് റെനോ കൈഗര്‍ ഷോ കാര്‍.

കൈഗര്‍ ഷോ കാറിന്റെ ബോഡിയുടെ നിറം നോക്കുന്ന വശങ്ങളെയും വെളിച്ചത്തെയും ആശ്രയിച്ച് മായികമായി മാറുന്ന നീലയും പര്‍പ്പിള്‍ നിറങ്ങളും പ്രകടിപ്പിക്കും. റെനോ കൈഗറിനോടൊപ്പം പുതിയ ടര്‍ബോ എഞ്ചിനും റെനോ അവതരിപ്പിക്കുന്നു. ഇത് ആവേശകരമായ ഡ്രൈവും മികച്ച പ്രകടനവും കാര്യക്ഷമമായ എഞ്ചിന്‍ ഒപ്ഷനുകളും നല്‍കുന്നതാണ്. റെനോ ഗ്രൂപ്പില്‍ നിന്നുള്ള ആവേശകരവും ആകര്‍ഷകവും സ്മാര്‍ട്ടുമായ പുതിയ ബി-എസ്യുവിയാണ് റെനോ കൈഗറെന്നും റെനോ കൈഗറിന്റെ ആഗോള അവതരണം ഇന്ത്യയില്‍ നടത്തുന്നതില്‍ ആഹ്ളാദമുണ്ടെന്നും അതിനു ശേഷമായിരിക്കും മറ്റ് വിപണികളില്‍ അവതരിപ്പിക്കുകയെന്നും റെനോ ഇന്ത്യ കണ്‍ട്രി സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമിലപല്ലെ പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും വിപണിയിലെ മാറുന്ന ട്രെന്‍ഡും മുന്നില്‍ കണ്ട് വികസിപ്പിച്ചതാണ് കൈഗര്‍. ബി സെഗ്മെന്റ് അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉപേക്ഷിക്കാന്‍ പറ്റാത്തതെല്ലാം ഉള്‍പ്പെട്ട പാക്കേജിലാണ് രൂപകല്‍പ്പന. കാര്യക്ഷമവും ഒതുങ്ങിയതുമായ കൈഗര്‍ ഷോ കാറിന് സ്പോര്‍ട്ടി പ്രചോദനങ്ങളായ ഇരട്ട സെന്‍ട്രല്‍ എക്സ്ഹോസ്റ്റ് സിസ്റ്റം, ഡബിള്‍ എക്സ്ട്രാക്റ്റര്‍, ഹെക്സാഗണല്‍ ഘടന തുടങ്ങിയ ഘടകങ്ങളെല്ലാമുണ്ട്. അതേസമയം, 19 ഇഞ്ച് വീലുകള്‍, വളരെയധികം പൊഴികളുള്ള ടയറുകള്‍, റൂഫ് റെയിലുകള്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, 210എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയ പ്രദര്‍ശന കാറിന്റെ സവിശേഷതകളുമുണ്ട്.

ശ്രദ്ധേയവും ഫലപ്രദവുമായ ഫ്രണ്ട് എന്‍ഡ് രണ്ടു തലങ്ങളിലുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്ലൈറ്റുകളും നിയോണ്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും ഇതിനുണ്ട്. പിന്നില്‍ സി ഷെയ്പിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ കാറിനെ എടുത്തുകാണിക്കും.