എന്താണ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി; പഴയ വാഹനങ്ങള്‍ നിരത്തലിറക്കിയാല്‍ ചിലവേറും, അറിയേണ്ടതെല്ലാം

 
d


15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തി ഫോസില്‍ ഇന്ധനങ്ങളുടെ മലിനീകരണവും ഉപഭോഗവും കുറയ്ക്കുയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനത്തിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കുറഞ്ഞത് 5,000 രൂപ നല്‍കേണ്ടിവരുമെന്നാണ് പുതിയ വിജ്ഞാപനം പറയുന്നത്. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഫലത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചെലവാകുന്നതിന്റെ എട്ട് മടങ്ങ് അധികച്ചെലവ് വരുമെന്നതാണ്. 

ഭാരമേറിയ വാണിജ്യ വാഹന ഉടമകള്‍ അവരുടെ ട്രക്കുകള്‍ക്കും 15 വര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ക്കുമുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിന് എട്ട് മടങ്ങ് ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരും. 15 വര്‍ഷം പഴക്കമുള്ള കാറിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇപ്പോള്‍ 600 രൂപയായിരുന്നത് അടുത്ത വര്‍ഷം 5,000 രൂപയായിരിക്കും. അതുപോലെ, പഴയ മോട്ടോര്‍സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍-പുതുക്കല്‍ ചാര്‍ജ് ആയിരം രൂപയായിരിക്കും, ഇതിന് നിലവിലെ ഫീസ് 300 രൂപയാണ്.

15 വര്‍ഷത്തിലധികം ബസിന്റെയോ ട്രക്കിന്റെയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് 12,500 രൂപയായിരിക്കും, അത് ഇപ്പോള്‍ 1500 രൂപയാണ്. ക്യാബുകള്‍ക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതും നിലവിലെ ചാര്‍ജ് ആയിരം രൂപയേക്കാള്‍ ഏഴ് മടങ്ങ് കൂടുതലായിരിക്കും.
ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്ക്, രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇപ്പോള്‍ 5,000 രൂപയാണെജ്കില്‍ അടുത്ത വര്‍ഷം ഇതിന് 40,000 രൂപ ചിലവാകും.

കൂടാതെ, പുതിയ നിയമങ്ങള്‍ അനുസരിച്ച്, സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പ്രതിമാസം 300 രൂപ പിഴ ഈടാക്കും.  10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസലും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഇതിനകം നിരോധിച്ചിട്ടുള്ള ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും വാഹന ഉടമകളെ പുതിയ അറിയിപ്പ് ബാധിക്കില്ല.

ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഓട്ടോമൊബൈല്‍ സ്‌ക്രാപ്പേജ് പോളിസി പ്രകാരം 2023 ഏപ്രില്‍ 1 മുതല്‍ ഭാരമേറിയ വാണിജ്യ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2024 ജൂണ്‍ മുതല്‍ മറ്റ് വാഹനങ്ങള്‍ക്കും സമാനമായ നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപോര്‍ട്ട്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടത് മുതല്‍ ഓരോ ദിവസവും 50 രൂപ അധിക ഫീസും ഈടാക്കും. ഈ പുതിയ നിയമങ്ങളെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് (23 ആം ഭേദഗതി) നിയമങ്ങള്‍, 2021 എന്ന് വിളിക്കാം, മന്ത്രാലയം പറഞ്ഞു. വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ ഭവഗവയുള്ള നയത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം പറഞ്ഞു, പഴയതും മലിനീകരണമുള്ളതുമായ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നട ടിയെന്നും മന്ത്രാലയം പറയുന്നു.  

എന്താണ് സ്‌ക്രാപ്പേജ് പോളിസി?

പുതിയ പോളിസി അനുസരിച്ച് വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലാവധി പൂര്‍ത്തിയായ  വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കും.  ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെയാകും ഈ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുക. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊളിക്കല്‍ നടപടി. ഒരുവാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പൊളിക്കല്‍ പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വാഹന ഉടമകള്‍ക്ക് നഷ്‍ടപരിഹാരം നല്‍കിക്കൊണ്ടാവണം സ്‍ക്രാപ്പ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കേണ്ടതെന്ന നിർദേശം ഡ്രാഫ്റ്റ് പോളിസിയിൽ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പൊളിച്ച  വാഹനത്തിന്റെ
ഉടമസ്ഥൻ പുതിയ വാഹനം വാങ്ങുമ്പോൾ അതിന്റെ റോഡ് ടാക്‌സ് ഉൾപ്പടെ ഇളവ് ചെയ്‍തുകൊടുക്കാനും നിർദേശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളില്‍ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പഴക്കം ചെന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങള്‍ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയുമാണ് സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.