വാഹന കൈമാറ്റത്തിന് ബാങ്ക് എൻഒസി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി

 
vehicle

വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ.ഒ.സിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ 'വാഹൻ' വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ  ലഭിക്കും. വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അത് ആർ.ടി ഓഫീസിൽ സമർപ്പിക്കാനും അപ്‌ലോഡ് ചെയ്യുന്നതിന് ഓൺലൈൻ സേവനദാതാക്കളെ സമീപിക്കേണ്ടിവരുന്നതും വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷൻ വിവരങ്ങളെല്ലാം 'വാഹൻ' സൈറ്റിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങൾ 'വാഹൻ' സൈറ്റിൽ നൽകും. സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, സംസ്ഥാന ബാങ്കേഴ്‌സ് സമിതി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. ഒരു മാസത്തിനുള്ളിൽ വാഹനങ്ങളുടെ വായ്പ വിവരങ്ങൾ 'വാഹൻ'  വെബ്‌സൈറ്റിൽ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.