അസ്മത്തുള്ള ഒമര്‍സായ്‌യുടെയും സഹോദരങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം തെരുവിലെ ക്രിക്കറ്റ് കളിയായിരുന്നു. എന്നാല്‍ പകല്‍ മാഞ്ഞു തുടങ്ങിയാല്‍, വീടിനു പുറത്തിറങ്ങാന്‍ മാതാപിതാക്കള്‍ അവരെ അനുവദിക്കില്ലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. തെഹ്‌രീക്-ഇ-താലിബന്‍ എന്ന തീവ്രവാദ സംഘടനയുടെ ശക്തി കേന്ദ്രമായിരുന്നു നംഗര്‍ഹാര്‍. പാകിസ്താന്‍ സൈന്യവുമായി അവരുടെ ഏറ്റുമുട്ടല്‍ അവിടെ പതിവായിരുന്നു. യുദ്ധത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലില്‍ വളരേണ്ട ഓരോ അഫ്ഗാന്‍ കുട്ടിയുടെയും അതേ ഗതിയായിരുന്നു ഒമര്‍സായ്ക്കും. എന്നാല്‍, ഇന്ന് ആ രാജ്യത്തെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിര്‍ത്താന്‍ ഒമര്‍സായ്‌യെപോലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് കഴിയുന്നുണ്ട്. അവരും പോരാട്ടം നടത്തുകയാണ്. തോക്കും ബോംബും കൊണ്ടല്ല, ആരെയും കൊന്നിട്ടുമല്ല വിജയം നേടുന്നത്. കളിച്ച് തോല്‍പ്പിച്ചാണ്. ലാഹോര്‍ സ്‌റ്റേഡിയത്തില്‍ കണ്ടതുമതാണ്.
2014ലെ ഏഷ്യ കപ്പ്. ആദ്യമായി അഫ്ഗാന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെ തോല്‍പ്പിക്കുന്നു. അന്ന് 14 വയസായിരുന്നു അസ്മത്തുള്ള ഒമര്‍സായ്ക്ക്. സ്വന്തം രാജ്യത്തിന്റെ വിജയത്തില്‍ ആഹ്ലാദതചിത്തനായി നിന്ന ഒമര്‍സായിയുടെ പിതാവ് തന്റെ മകനോട് ചോദിച്ചു; നീ വലുതാകുമ്പോള്‍ ആരാകാനാണ് ഇഷ്ടം? ഒട്ടും സംശയമില്ലാതെ ആ 14 കാരന്‍ പറഞ്ഞു; ക്രിക്കറ്റ കളിക്കാരന്‍. മറ്റെന്തിനെക്കാളും അവന് ഇഷ്ടം ക്രിക്കറ്റിനോടായിരുന്നു. ബുധനാഴ്ച്ച, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമ്പോള്‍ അഫ്ഗാന്‍ കളിക്കാര്‍ തോളിലേറ്റി കൊണ്ടു പോയത് അതേ 14 കാരനായിരുന്നു. അസ്മതുള്ള ഒമര്‍സായ്. ഇപ്പോഴവന് പ്രായം 24.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ത്രില്ലിംഗ് മാച്ച് ആയിരുന്നു അഫ്ഗാനും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്. ഇബ്രാഹിം സദ്രാന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍(177) സ്വന്തമാക്കിയ കളിയില്‍ അഫ്ഗാന്‍ 325 റണ്‍സാണ് ശക്തരായ എതിരാളികള്‍ക്കെതിരേ നേടിയത്. മറുപടി ബാറ്റിംഗില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി മികവോടെ ലക്ഷ്യം ഏറെക്കുറെ ഇംഗ്ലണ്ടിന് അടുത്ത് എത്തിയിരുന്നു. എന്നാല്‍ സെഞ്ച്വറിക്കാരന്‍ റൂട്ട്, ലക്ഷ്യത്തിലെത്തുമെന്ന വാശിയില്‍ നിന്നിരുന്ന ജെയ്മി ഓവര്‍ടണ്‍ എന്നിവരെ അവസാന നിമിഷത്തില്‍ പുറത്താക്കി ഒമര്‍സായ് ചരിത്രം വിജയം സ്വന്തം ടീമിന് നല്‍കി. നേരത്തെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെയും മടക്കിയത് ഒമര്‍സായ് ആയിരുന്നു. ഒടുവില്‍ ആദില്‍ റാഷിദിനെ ഇബ്രാഹിം സദ്രാന്റെ കൈകളില്‍ എത്തിച്ച് ടീമിന്റെ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കി. 9.5 ഓവറില്‍ 58 റണ്‍സ് വഴങ്ങിയാണ് ഒമര്‍സായ് അഞ്ചു വിക്കറ്റുകള്‍ നേടിയത്. ബൗളിംഗില്‍ മാത്രമല്ല, ബാറ്റിംഗിലും ടീമിന് വേണ്ട പിന്തുണ ഒമസര്‍സായ് നല്‍കിയിരുന്നു. 31 പന്തില്‍ 41 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്‌സും ഒരു ഫോറും. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു മികച്ച ഓള്‍ റൗണ്ടര്‍ തന്നെയാണ് ഈ അഫ്ഗാന്‍ താരം.
അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും വന്നവരാണവര്‍, ക്രിക്കറ്റ് അവര്‍ക്ക് അതിജീവനം കൂടിയാണ്
2014 ലെ ഏഷ്യ കപ്പില്‍ ബംഗ്ലാദേശുമായുള്ള അഫ്ഗാന്റെ മത്സരം കുടുംബം ഒരുമിച്ചായിരുന്നു ടിവിയില്‍ കണ്ടത്. ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ ഒന്നും പിതാവിന് അറിയില്ലായിരുന്നു. ഫോറും സിക്‌സുമെല്ലാം അടിക്കുമ്പോള്‍ ഞങ്ങള്‍ ആഘോഷിക്കുന്നത് കണ്ട് എന്താണ് അവിടെ സംഭവിക്കുന്നതെന്നായിരുന്നു പിതാവ് ചോദിച്ചിരുന്നത്. എന്നാല്‍ ടീം വിജയിച്ചതോടെ അദ്ദേഹവും ആഹ്ലാദത്തിലായി. ഞങ്ങള്‍ക്ക് കാറിന്റെ കീ തന്നു, പുറത്തു പോയി ആഘോഷിക്കാന്‍ പറഞ്ഞു. വൈകുന്നേരമായാല്‍ സാധരണ ഞങ്ങളെ പുറത്തു വിടാത്തതാണ്; 2021 ല്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍സായ് പറഞ്ഞ കാര്യങ്ങളാണ്.
അന്ന് ഞങ്ങള്‍ തിരിച്ചു വന്നശേഷം, പിതാവ് എന്നോട് ചോദിച്ചത് ക്രിക്കറ്റ കളിക്കാരന്‍ ആകണമെന്നാണോ മോഹം എന്നായിരുന്നു. ക്രിക്കറ്റ് എനിക്ക് ഇഷ്ടമാണെന്നും തെരുവില്‍ ഞങ്ങള്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കാറുണ്ടെന്നും ഞാന്‍ പറഞ്ഞു. അന്ന് മുതല്‍ അദ്ദേഹം എന്നെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ അനുവദിച്ചു, ഒമസര്‍സായ് പറയുന്നു.
ഒമര്‍സായ്‌യുടെ സഹോദരനും കൂട്ടരും തെരുവില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഒരു ദിവസം ടീമില്‍ ആളെ തികയ്ക്കാന്‍ വേണ്ടിയാണ് ഒമര്‍സായ്‌യോട് കളിക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെടുന്നത്. പകരക്കാരനായി ഇറങ്ങിയ ആ മത്സരത്തില്‍ ഒമര്‍സായ് കഴിവ് തെളിയിച്ചു. എതിര്‍ ടീമിന് ജയിക്കാന്‍ 16 റണ്‍സ് മതിയായിരുന്നു. അഞ്ചു വിക്കറ്റും കൈയിലുണ്ട്. ക്യാപ്റ്റന്‍, ഒമര്‍സായ്‌യെ പന്തേല്‍പ്പിച്ചു. ഓഫ് ബ്രേക്കായിരുന്നു പരീക്ഷിച്ചത്. ഒന്നും വെറുതെയായില്ല, നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തോല്‍ക്കുമെന്ന് പ്രതീക്ഷിച്ച കളിയില്‍ തന്റെ ടീമിനെ വിജയിപ്പിക്കാന്‍ ഒമസര്‍സായ്ക്ക് കഴിഞ്ഞു.
നാല് വര്‍ഷത്തോളം തെരുവില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച നടന്ന ഒമസര്‍സായ് 2018 ല്‍ അഫ്ഗാന്‍ അണ്ടര്‍-19 ടീമിനു വേണ്ടി ലോകകപ്പ് കളിച്ചു. ആ ലോകകപ്പില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെതിരേ 23 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്‌സുകള്‍ ഉള്‍പ്പെടെ. 202 റണ്‍സായിരുന്നു അന്ന് അഫ്ഗാന്‍ കീവീസിനെ തകര്‍ത്തത്.
2021 ലാണ് ഒമര്‍സായ് അഫ്ഗാനിസ്താന് വേണ്ടി ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം കളിക്കുന്നത്. അടുത്ത വര്‍ഷം ട്വന്റി-20യിലും അരങ്ങേറി. 2023 ല്‍ ബംഗ്ലാദേശിനെതിരേ ആദ്യ അര്‍ദ്ധ സെഞ്ച്വറി. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കെതിരേ അടിച്ചെടുത്തത് 62 റണ്‍സ്. 2024 ല്‍ ഐസിസിയുടെ ഏകദിന ക്രിക്കറ്റര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് അസ്മത്തുള്ള ഒമര്‍സായ്. Azmatullah Omarzai, Afghanistan’s all-rounder, was the hero against England in the Champions Trophy
Content Summary; Azmatullah Omarzai, Afghanistan’s all-rounder, was the hero against England in the Champions Trophy