February 17, 2025 |
Share on

ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിന് പിന്നില്‍ ബാല്യകാല സുഹൃത്ത്

വശീകരിച്ച് ഫ്‌ളാറ്റിലെത്തിച്ചു, തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി, എല്ലും മാംസവും പൊതികളിലാക്കി ഉപേക്ഷിച്ചു

ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം അന്‍വറുള്‍ അസീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീയെ കാണിച്ച് പ്രലോഭിപ്പിച്ചാണ് അസീമിനെ കൊല്‍ക്കത്തയിലെ ന്യൂ ടൗണിലുള്ള ഫ്‌ളാറ്റില്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. അവിടെ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം കഷ്ണങ്ങളാക്കി മുറിച്ചെടുത്തു. തൊലിയുരിഞ്ഞെടുത്ത ശരീരഭാഗങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളിലെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. Bangladesh Mp’s Murder in kolkata 

അന്‍വറുള്‍ അസീമിന്റെ ശരീരഭാഗങ്ങള്‍ പൂര്‍ണമായി ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍ പൊലീസിനൊപ്പം ധാക്ക പൊലീസും കൊലപാതകത്തില്‍ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. എംപിയെ വശീകരിച്ച് ഫ്‌ളാറ്റില്‍ എത്തിച്ച സ്ത്രീയെയും മറ്റു രണ്ടുപേരെയും ബംഗ്ലാദേശിലും അസീമിന്റെ ശരീരം വെട്ടിമുറിച്ച കശാപ്പുകാരനെ ഇന്ത്യയിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ പൊലീസിലെ സിഐഡി സംഘം ബംഗ്ലാദേശിലേക്കും തിരിച്ച് അവിടെ നിന്നുള്ള അന്വേഷണ സംഘം കൊല്‍ക്കത്തയിലും എത്തുമെന്നും ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ സംയുക്തമായി വിശകലനം ചെയ്യുമെന്നുമാണ് വിവരം.

ആസൂത്രണം ചെയ്തത് ബാല്യകാല സുഹൃത്ത്
ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി അംഗമാണ് മൂന്നാം തവണയും എംപിയായ അന്‍വറുള്ള അസീം. അസീമിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന മൊഹമ്മദ് അക്തറുസ്മാന്‍ എന്ന ഷഹീന്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. അമേരിക്കന്‍ പൗരത്വമുള്ള ബംഗ്ലാദേശിയാണ് അക്തറുസ്മാന്‍. ഇയാളാണ് ന്യൂ ടൗണിലുള്ള ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതും, അസീമിനെ വശീകരിക്കാന്‍ ഉപയോഗിച്ച സ്ത്രീയെ വിലയ്‌ക്കെടുത്തതും. സിലസ്തി റഹ്‌മാനാണ് കൊലപാതകത്തില്‍ പങ്കുള്ള സ്ത്രീ. കശാപ്പുകാരന്‍ ഉള്‍പ്പെടെ മറ്റു മൂന്നു പേര്‍ കൂടി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

മേയ് 12 നാണ് ചികിത്സാര്‍ത്ഥം ബംഗ്ലാദേശ് എംപി ഇന്ത്യയിലെത്തുന്നത്. പിറ്റേദിവസം മേയ് 13 ന് അദ്ദേഹം കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടു. കൊല നടന്നതിനു പിന്നാലെ മൊഹമ്മദ് അക്തറുസ്മാന്‍ കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു. സ്ത്രീയും മറ്റു രണ്ടു പേരും ബുധനാഴ്ച്ച ബംഗ്ലാദേശില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് അക്തറുസ്മാന്‍ രക്ഷപ്പെട്ട വിവരം പൊലീസ് അറിയുന്നത്.

വെട്ടിമുറിക്കാനും തോലുരിക്കാനും കശാപ്പുകാരന്‍
പശ്ചിമ ബംഗാള്‍ സിഐഡി സംഘമാണ് ജിഹാദ് ഹവാല്‍ദാര്‍ എന്ന കശാപ്പുകാരനെ പിടികൂടുന്നത്. മുംബൈയില്‍ കശാപ്പ് ജോലി ചെയ്തു വന്നിരുന്ന 24 കാരനാണ് ജിഹാദ്. പൊലീസ് പറയുന്നത് പ്രകാരം, അക്തറുസ്മാന്‍ ജിഹാദിനെ വാടകയ്ക്ക് എടുക്കുകയായിരുന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ജിഹാദിനെ കൊല്‍ക്കത്തയില്‍ എത്തിച്ചു. മറ്റൊരു പ്രതിക്കൊപ്പം പ്രത്യേകം മുംബൈയില്‍ നിന്നും കൊണ്ടുവന്നതാണ് ഇയാളെ. മുംബൈയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരനാണിയാള്‍. ബംഗ്ലാദേശിലെ ദിഗോലിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ബരക്പൂര്‍ സ്വദേശിയാണ് ജിഹാദ് ഹവാല്‍ധാര്‍. ജിഹാദ് തങ്ങളോട് കുറ്റം ഏറ്റു പറഞ്ഞുവെന്നാണ് സിഐഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. അക്തറുസ്മാന്റെ നിര്‍ദേശപ്രകാരം ജിഹാദും മറ്റു മൂന്നു ബംഗ്ലാദേശികളും ചേര്‍ന്ന് അസീമിനെ ഫ്‌ളാറ്റില്‍വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അസീമിന്റെ ശരീരം ജിഹാദ് ആദ്യം തോലുരിഞ്ഞെടുത്തു. ശരീരം ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമായിരുന്നു. അതിനുശേഷമാണ് കഷ്ണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ കവറുകളിലാക്കിയത്. അസീമിന്റെ എല്ലുകള്‍ ചെറിയ കഷ്ണങ്ങളാക്കി പ്രത്യേകം പൊതിഞ്ഞെടുത്തുവെന്നും അന്വേഷണ സംഘം പറയുന്നു. എല്ലുകളും മാംസങ്ങളും കവറുകളാക്കി ഫ്‌ളാറ്റിന് പുറത്തെത്തിച്ചശേഷം വ്യത്യസ്ത വാഹനങ്ങളില്‍ കയറി പ്രതികള്‍ കൊല്‍ക്കൊത്തയുടെ വിവിധ പ്രദേശങ്ങളില്‍ അവ ഉപേക്ഷിച്ചു.

പ്രധാനമന്ത്രി താമസിച്ച വകയിലെ ബില്‍ ഒരു വര്‍ഷമായിട്ടും കൊടുത്തിട്ടില്ല; നിയമ നടപടിക്കൊരുങ്ങി ഹോട്ടല്‍ 

ജിഹാദ് ഹവാല്‍ദാറിനെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം തന്നെ ബംഗ്ലാദേശില്‍ പിടിയിലായ സിമുല്‍ ഭുയാന്‍ എന്ന അമാനുള്ള, സിലാസ്തി റഹ്‌മാന്‍, തന്‍വീര്‍ ഭുയാന്‍ എന്നിവരെ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് അവിടുത്തെ കോടതിയും ഉത്തരവിട്ടുണ്ട്. അക്തറുസ്മാനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘങ്ങള്‍ പറയുന്നത്.

അന്‍വറുള്ള അസീമും മൊഹമ്മദ് അക്തറുസ്മാനും ബാല്യകാല സുഹൃത്തുക്കളാണ്. ഇരുവരും സ്വര്‍ണ കച്ചവടത്തിലെ പങ്കാളികളുമായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമായിരിക്കാം ഇരുവര്‍ക്കുമിടയില്‍ ശത്രുത വളര്‍ത്തിയതെന്നാണ് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നത്.

സ്ത്രീയെ ഉപയോഗിച്ച് വശീകരിച്ച് ഫ്‌ളാറ്റിലെത്തിച്ചു
മേയ് 12 ന് ഉച്ചകഴിഞ്ഞ് 2.40 ന് നാദിയായിലെ ഗേഡേ അതിര്‍ത്തി വഴിയാണ് ബംഗ്ലാദേശ് എംപി ഇന്ത്യയില്‍ എത്തുന്നത്. അസീം ഇന്ത്യയിലെത്തിയശേഷം ആദ്യം പോയത് സ്വര്‍ണ വ്യാപാരിയായ സുഹൃത്ത് ഗോപാല്‍ ബിശ്വാസിനെ കാണാനായിരുന്നു. ബാരാനഗറിലെ മൊണ്ടല്‍പാര ലെയ്‌നിലായിരുന്നു ആ കൂടിക്കാഴ്ച്ച. മേയ് 13 ന് ഗോപാലിന്റെ വസതിയില്‍ നിന്നും അസീം കൊല്‍ക്കത്തയിലേക്ക് പോയി. പ്രതികളിലൊരാളായ അമാനുള്ളയാണ് അസീമിനെ കൊല്‍ക്കത്തയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ബംഗ്ലാദേശ് ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അമാനുള്ള. ന്യൂ ടൗണിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് അമാനുള്ള അസീമിനെ കൊണ്ടു പോകുന്നത്. അവിടെ മറ്റുപ്രതികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

ബോധം പോയതോടെ ക്രൂരമായ കൊലപാതകം
മേയ് 13 ഉച്ചകഴിഞ്ഞാണ് അസീം കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സിഐ ഡി സംഘം പറയുന്നത്. വാഷ്‌ബേസന് സമീപം പ്രതികള്‍ ക്ലോറോഫോം തന്ത്രപരമായി വച്ചിരുന്നു. മുഖം കഴുകുന്നതിനിടയില്‍ അസീം അറിയാതെ ക്ലോറോഫോം ഉപയോഗിച്ചു. അസീം അബോധാവസ്ഥയില്‍ ആയതോടെയാണ് പ്രതികള്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ജീവനെടുത്തശേഷം ശരീരം വെട്ടിയരിഞ്ഞ് ചെറിയ പൊതികളിലാക്കി സ്യൂട്ട്‌കെയ്‌സിലും ട്രോളി ബാഗിലും നിറച്ചു. തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള കൃഷ്ണമതിയില്‍ കൊണ്ടു പോയി പൊതികള്‍ ഉപേക്ഷിച്ചു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Content Summary; Bangladesh mp anwarul azim murder in kolkata, chopped body into pieces ,killers used women as bait

×