ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍(എസിസി) നിന്നും തത്കാലികമായി വിട്ടുനില്‍ക്കാനുള്ള സുപ്രധാന തീരുമാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ). തീരുമാനത്തിന്റെ ഭാഗമായി അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന വനിതാ എമേര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പില്‍ നിന്നും സെപ്റ്റംബറില്‍ നടക്കുന്ന പുരുഷ ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യന്‍ ടീമുകള്‍ പിന്മാറാമെന്ന കാര്യം ബിസിസിഐ, എസിസിയെ അറിയിച്ചിട്ടുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്താനുമായി സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയാണ് നിലവില്‍ എസിസിയെ നയിക്കുന്നത്.
ക്രിക്കറ്റ് ലോകത്തും പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. ”പാകിസ്ഥാന്‍ മന്ത്രി തലവനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കഴിയില്ല എന്നാണ് ബോര്‍ഡിന്റെ നിലപാട്.
‘അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങള്‍ എസിസിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്, അവരുടെ ഭാവി പരിപാടികളിലെ പങ്കാളിത്തവും നിര്‍ത്തിവച്ചിരിക്കുന്നു. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്,’ ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബറില്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്ന പുരുഷ ഏഷ്യ കപ്പിന് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. നിലവിലെ തീരുമാനം ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യ ചിഹ്നം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ബിസിസിഐയുടെ നിലപാടില്‍ മാറ്റം ഉണ്ടാകാത്ത പക്ഷം ഏഷ്യാ കപ്പ് തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ തീരുമാനം ക്രിക്കറ്റിന്റെ ഭാവിയെ തന്നെ ബാധിക്കുന്നതാണ്. കാരണം ക്രിക്കറ്റിന്റെ പരസ്യദാതാക്കളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ട് ഇന്ത്യ മാറി നില്‍ക്കുന്ന ഏതൊരു പ്രധാന ടൂര്‍ണമെന്റും വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. മാത്രമല്ല, ലോകകപ്പില്‍ അടക്കം ഏറ്റവുമധികം വാണിജ്യ ലാഭം ഉണ്ടാക്കുന്നത് ഇന്ത്യ-പാകിസ്താന്‍ മത്സരമാണ്. അതിനാല്‍ തന്നെ ഇന്ത്യ-പാക് മത്സരം സാധ്യമാകാത്ത ഒരു ഏഷ്യ കപ്പിനെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇക്കാര്യങ്ങളൊക്കെ ആരെക്കായിലും നന്നായി ബിസിസിഐയ്ക്ക് അറിയാം.
2024ല്‍, സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ (SPNI) അടുത്ത എട്ട് വര്‍ഷത്തേക്ക് 170 മില്യണ്‍ യുഎസ് ഡോളറിനാണ് ഏഷ്യാ കപ്പ് സംപ്രോക്ഷണ അവകാശങ്ങള്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം ഏഷ്യ കപ്പ് നടന്നില്ലെങ്കില്‍ കരാര്‍ പുനപരിശോധിക്കേണ്ടി വരും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിലെ(എസിസി) അഞ്ച് പൂര്‍ണ്ണ അംഗങ്ങള്‍ക്കും( ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍) പ്രക്ഷേപണ വരുമാനത്തിന്റെ 15 ശതമാനം വീതം ലഭിക്കും. ബാക്കിയുള്ളത് അസോസിയേറ്റുകള്‍ക്കും അഫിലിയേറ്റുകള്‍ക്കുമായി വിതരണം ചെയ്യും.
2023 ല്‍ അവസാനമായി നടന്ന ഏഷ്യ കപ്പിന് പാകിസ്താനായിരുന്നു ആതിഥ്യം വഹിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയായിരുന്നു വേദിയായത്. പാകിസ്താനെ സംബന്ധിച്ച് ആ ടൂര്‍ണമെന്റ് എല്ലാ തരത്തിലും നഷ്ടക്കച്ചവടമായിരുന്നു. പാകിസ്താന് ഫൈനനില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയാണ് കൊളംബോയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അത്തവണ ചാമ്പ്യന്മാരായത്.
2024 ലെ ഐസിസി ചാമ്പ്യന്‍ഷിപ്പിനും പാകിസ്താനായിരുന്നു ആതിഥേയത്വം വഹിച്ചത്. പതിവുപോലെ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകാന്‍ വിസമ്മതിച്ചു. ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ തങ്ങളുടെ മത്സരങ്ങള്‍ നടത്തണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാശി വിജയിക്കുകയായിരുന്നു. പാകിസ്താന്‍ തുടക്കത്തിലെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതോടെ ഫൈനലില്‍ വേദിയൊരുക്കാന്‍ പോലും അവര്‍ക്കായില്ല. ഇന്ത്യയാണ് ടൂര്‍ണമെന്റ് ജേതാക്കളായത്. ഐസിസി ചാമ്പ്യന്‍ഷിപ്പും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ നഷ്ടമാണുണ്ടാക്കിയത്.
ആഗോളതലത്തില്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഐസിസി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ആണെങ്കിലും ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റ് വികസിപ്പിക്കുന്നതിനും ലോക ക്രിക്കറ്റില്‍ ശക്തമായ ഒരു ഏഷ്യന്‍ ബ്ലോക്ക് രൂപീകരിക്കുന്നതിനുമായി 1983 ലാണ് എസിസി രൂപീകരിക്കുന്നത്. ഐസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ ജയ് ഷാ ആയിരുന്നു എസിസി പ്രസിഡന്റായിരുന്നത്. BCCI decided to stay away from Asian Cricket Council, also BCCI set to pull out from Asia Cup
Content Summary; BCCI decided to stay away from Asian Cricket Council, BCCI set to pull out from Asia Cup
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.