UPDATES

മുസ്ലിം വിദ്വേഷം പടര്‍ത്തുന്ന നിതേഷ് റാണെ; കണ്ണടച്ച് കേട്ടു നില്‍ക്കുന്ന നിയമം

ഒന്നിലധികം എഫ് ഐ ആറുകള്‍ ഉണ്ടായിട്ടും ബിജെപി എംഎല്‍എയെ ഒന്നും ചെയ്യുന്നില്ല പൊലീസ്

                       

പച്ചയായ വര്‍ഗീയതായാണ് മുസ്ലിങ്ങള്‍ക്കെതിരേ വിളിച്ചു പറയുന്നത്. അയാള്‍ ഒരു സമുദായത്തെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. അതും പൊതുസ്ഥലങ്ങളിലും പൊലീസിന്റെ മുന്നില്‍ വച്ചും

” നിങ്ങള്‍(മുസ്ലിങ്ങള്‍) നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. രാംഗിരി മഹാരാജിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്’ ഏറ്റവും ഒടുവിലായി, സെപ്തബര്‍ ഒന്നിന്, മഹാരാഷ്ട്രയിലെ ശ്രീറാംപൂരില്‍ വച്ച്- ഉയര്‍ത്തിയ ഭീഷണിയാണ്.

നിതേഷ് റാണെയെ കുറിച്ചാണ് പറയുന്നത്. കങ്കാവാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന നാരായണ്‍ റാണെയുടെ മകന്‍. ആവശ്യമെങ്കില്‍ പള്ളികള്‍ക്കുള്ളില്‍ കയറി മുസ്ലിങ്ങളെ തല്ലുമെന്നു വെല്ലുവിളിച്ച ബിജെപി നേതാവ്. നിതേഷിനെതിരേ ഒന്നിലധികം എഫ്‌ഐആറുകളുണ്ട്, എല്ലാം വിദ്വേഷ പ്രസംഗങ്ങളുടെ പേരിലാണ്. അയാള്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതികളുണ്ട്. കമ്മിഷണര്‍ ഓഫിസില്‍ നിന്നു പോലും പരസ്യമായി മുസ്ലിം വിരുദ്ധത പറയുന്നു; എന്നിട്ടും നിയമപാലകര്‍ അയാള്‍ക്കെതിരേ ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ദി ക്വിന്റിന്റെ ഈ റിപ്പോര്‍ട്ട്.

പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ച് സംസാരിച്ചതിന്റെ പേരില്‍ കേസ് ചുമത്തപ്പെട്ടയാളാണ് രാംഗിരി മഹാരാജ്. അയാളെ പ്രതിരോധിച്ചാണ് നിതേഷ് റാണെ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്ത സമ്മേളനങ്ങളിലും രാംഗിരി മഹാരാജ് പറഞ്ഞത്, ‘വസ്തുതകളാണ്’ എന്നാണ് നിതേഷ് റാണെ വാദിക്കുന്നത്.

വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ശ്രീരാംപൂര്‍, തൊഫ്ഖാന പൊലീസ് സ്റ്റേഷനുകളിളാണ് ഏറ്റവും ഒടുവിലായി നിതേഷിനെതിരേ കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. പുതിയ എഫ്‌ഐആറുകളിലും മുന്‍പ് ഉണ്ടായിരുന്നവയിലും ഇതുവരെ എന്തെങ്കിലും നടപടി ബിജെപി നേതാവിനെതിരേ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചാല്‍, ഇല്ല എന്ന് ഉത്തരം കിട്ടും.

മഹാരാഷ്ട്രയില്‍, സകല്‍ ഹിന്ദു സമാജ് സംഘടിപ്പിക്കുന്ന ഹിന്ദുത്വ റാലികളിലെല്ലാം നിതേഷിന്റെ സാന്നിധ്യം ഉണ്ട്. ഇവിടെയെല്ലാം മുസ്ലിങ്ങളോടുള്ള തന്റെ വെറുപ്പ് പ്രകടിപ്പിക്കാനാണ് എംഎല്‍എ തയ്യാറായിട്ടുള്ളത്. ‘ ജിഹാദികള്‍’ ‘ ബംഗ്ലാദേശികള്‍’, ‘ രോഹിങ്ക്യകള്‍’ എന്നിങ്ങനെ മുദ്ര കുത്തിയാണ് ഇന്ത്യന്‍ മുസ്ലിങ്ങളെ നിതേഷ് അപഹസിക്കുന്നത്. മുസ്ലിങ്ങള്‍ക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. യാതൊരു തെളിവുകളുമില്ലാത്ത ‘ലൗ ജിഹാദ്’, ‘ലാന്‍ഡ് ജിഹാദ്’ ആരോപണങ്ങളും സ്ഥിരമാണ്.

‘ മുസ്ലിങ്ങള്‍ ചെയ്യുന്ന അതിക്രമങ്ങള്‍’ അമര്‍ച്ച ചെയ്യാന്‍ ആരെങ്കിലും നിയമം കൈയിലെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരത് ചെയ്യണമെന്നും, അങ്ങനെ ചെയ്യുന്നവരെ പൊലീസിന്റെ കൈയില്‍ നിന്നും ഞാന്‍ സംരക്ഷിക്കുമെന്നും’ നിതേഷ് റാണ പരസ്യമായി പ്രസംഗിക്കുന്നത് പൊലീസ് കാവലിലാണ്. താനെയിലുള്ള പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ വച്ച് പോലും ഇത്തരത്തിലുള്ള ഭീഷണി നിതേഷ് റാണ മുഴക്കിയിട്ടുണ്ട്.

ദി ക്വിന്റ് അവരുടെ വിവരശേഖരണത്തിലൂടെ കണ്ടെത്തിയത്, ഒരു വര്‍ഷത്തിനുള്ളില്‍ 30 പ്രസംഗങ്ങള്‍, മാധ്യമപ്രസ്താവനകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയിലൂടെ നിതേഷ് റാണെ തന്റെ മുസ്ലിം വിരോധം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ്. ഇതെല്ലാം തന്നെ വിദ്വേഷ പ്രചാരണങ്ങളും, മതവികാരം വൃണപ്പെടുത്തുന്നവയും രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നവയുമായിരുന്നു.

2023 ജൂലൈ ഏഴിന് മലേഗാവില്‍ സംഘടിപ്പിച്ച സകല്‍ ഹിന്ദു സമാജ് റാലിയില്‍ അയാള്‍ പ്രസംഗിച്ചത്, ഇന്ത്യയില്‍ ശരിയത്ത് നിയമം കൊണ്ടു വരാനാണ് മുസ്ലിങ്ങള്‍ ശ്രമിക്കുന്നതെന്നായിരുന്നു. മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്നൊരു സ്ഥലത്തെ മിനി പാകിസ്താന്‍ എന്നായിരുന്നു കുറ്റപ്പെടുത്തിയത്.

2023 ജൂലൈ 17 ന് അയാള്‍ നടത്തിയ വെല്ലുവിളി, ആരെങ്കിലും ഔറംഗസേബിനെ പുകഴ്ത്തി സംസാരിക്കുകയാണെങ്കില്‍ അവര്‍ അടുത്തുള്ള കബര്‍സ്ഥാന്‍ കൂടി ബുക്ക് ചെയ്‌തേക്കണമെന്നായിരുന്നു.

2023 സെപ്തംബര്‍ നാലിന് നടത്തിയ ആരോപണം പൂനെയിലെ പുണ്യേശ്വര്‍ ക്ഷേത്രത്തിന് സമീപം മുസ്ലിങ്ങള്‍ അനധികൃത കയ്യേറ്റം നടത്തുന്നുവെന്നായിരുന്നു. എന്റെ സഹപ്രവര്‍ത്തകന്‍ (ബിജെപി എംഎല്‍എ മഹേഷ് ലാന്‍ഡെ) പൊളിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. പക്ഷേ ഞാന്‍ സാധാരണയായി വെട്ടിയെടുക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒഴിപ്പിക്കാനുള്ള തീയതി ഞങ്ങള്‍ നല്‍കി കഴിഞ്ഞാല്‍, നിങ്ങള്‍ ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കേണ്ടതില്ല. പകരം കര്‍സേവകര്‍ ചെയ്തതിന്റെ വീഡിയോ കാണുക. അവിടെ ഒരു ഇഷ്ടികയെങ്കിലും ഇറക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് പലപ്പോളും ആലോചിച്ചിട്ടുണ്ട്. പുണ്യേശ്വര്‍ ക്ഷേത്രം വഴി പൂനെ അധികൃതര്‍ എനിക്ക് ആ അവസരം നല്‍കുമെന്ന് തോന്നുന്നു”. നിതേഷ് റാണെയുടെ വാക്കുകളാണിത്. നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞു കയറി ലൗ ജിഹാദ് നടത്തുമെന്നും, മഹാരാഷ്ടട്രയിലെ ദാണ്ഡിയ ആഘോഷങ്ങളില്‍ ആധാര്‍ കാര്‍ഡ് മാത്രം നോക്കിവേണം ആള്‍ക്കാരെ പങ്കെടുപ്പിക്കാനെന്നും അയാള്‍ പറഞ്ഞു.

ഇന്ത്യയില്‍ 90 ശതമാനം ഹിന്ദുക്കളാണെന്നും അതുകൊണ്ട് ഇത് ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു നിതേഷിന്റെ മറ്റൊരു വാദം. മുസ്ലിങ്ങളെ അയാള്‍ ജിഹാദികള്‍ എന്നു മാത്രമാണ് വിളിക്കുന്നത്. ഹിന്ദുക്കളെ ദുഷിച്ച കണ്ണോട് കൂടി ഇനിയാര്‍ക്കും നോക്കാന്‍ സാധിക്കില്ലെന്നും അയാള്‍ 2024 ജനുവരി എട്ടിന് സോളാപൂരില്‍ നടത്തിയൊരു റാലിയില്‍ പറഞ്ഞിരുന്നു.

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് പിന്നാലെ താനെയിലെ മീര റോഡില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, എംഎല്‍എ ഗീത ജെയ്‌നൊപ്പം മാധ്യമങ്ങളെ കണ്ടപ്പോള്‍ നിതേഷ് പറഞ്ഞത്, ജിഹാദികളെ ഭയപ്പെടുത്താന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍, ഹിന്ദു സമൂഹത്തിന് അതിനുള്ള കഴിവുണ്ടെന്നായിരുന്നു. അയാളിത് പറയുന്നത്, പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ വച്ചായിരുന്നു. അതുപോലെ അയാള്‍ പൊലീസിനെ സാക്ഷി നിര്‍ത്തി നടത്തിയ മറ്റൊരു വെല്ലുവിളിയായിരുന്നു, മുസ്ലിങ്ങളെ ആക്രമിച്ചിട്ട് തനിക്കൊരു കോള്‍ ചെയ്താല്‍ മതിയെന്നും, പൊലീസ് തൊടാതെ അവര്‍ക്ക് വീട്ടില്‍ എത്താന്‍ താന്‍ സംരക്ഷണം നല്‍കുമെന്നുള്ള ആക്രോശം. 2024 ജനുവരി 27 ന് സോളാപൂരിലെ പന്തര്‍പൂരില്‍ നടന്ന പരിപാടിയിലായിരുന്നു ഈ വാക്കുകള്‍. അന്ന് അയാള്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ പരാമര്‍ശിച്ച് ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ആരു നിയമം കൈയിലെടുത്താലും, തന്റെ ബോസ് സാഗര്‍ ബംഗ്ലാവില്‍ ഇരിക്കുന്നിടത്തോളം കാലം അവരെ ഒരു പൊലീസും തൊടില്ലെന്ന്.

ഈ വര്‍ഷം ജനുവരിയില്‍ നിതേഷ് റാണയ്ക്കും ഗോഷാമഹല്‍ എംഎല്‍എ രാജ സിംഗിനും എതിരേ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നു. സകല്‍ ഹിന്ദു സമാജ് സോളാപൂരില്‍ നടത്തിയ റാലിയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു എഫ്‌ഐആര്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി റാണെ തുടര്‍ന്നു വന്നിരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ ആദ്യമായുണ്ടാകുന്ന പൊലീസ് നടപടിയായിരുന്നു അത്. എന്നാല്‍ എഫ് ഐ ആര്‍ ഇട്ടതല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ലെന്നാണ് ദ ക്വിന്റ് പറയുന്നത്, അവര്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി, ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണമൊക്കെ സര്‍ക്കാര്‍ അനുമതിയുമായി ബന്ധപ്പെട്ടിരിക്കുമെന്നായിരുന്നു. മീര റോഡ്, മങ്കുര്‍ദ്, മല്‍വാനി, ഗട്‌കോപര്‍ എന്നിവിടങ്ങളില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ നിതേഷ് റാണയ്‌ക്കെതിരേ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചത്. അത് തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും, പൗര സംഘടനകളും നിരന്തരം കോടതി കയറിയിറങ്ങിയതിനു ശേഷം. മങ്കുര്‍ദിലും ഗോവിന്ദിയിലും നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയിലെ രണ്ട് അഭിഭാഷകരും അഞ്ച് നിയമ വിദ്യാര്‍ത്ഥികളും സുപ്രിം കോടതി ചീഫ് ജസ്റ്റീസിന് കത്തെഴുതുക വരെയുണ്ടായി. പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞായിരുന്നു അവര്‍ ചീഫ് ജസ്റ്റീസിന് പരാതി അയച്ചത്. ഒടുവില്‍ കോടതികള്‍ ഇടപെടലുകള്‍ നടത്തിയതിനു പുറത്തു മാത്രമാണ് മുംബൈ പൊലീസ് ബിജെപി എംഎല്‍എയ്‌ക്കെതിരേ പേരിനാണെങ്കിലും കേസ് ചാര്‍ജ് ചെയ്യുന്നത്.

സോളാപൂരില്‍ ഏറ്റവും ഒടുവിലായി രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറുകള്‍ ഉള്‍പ്പെടെ 2024 ല്‍ ആകെ ആറ് എഫ് ഐ ആറുകളാണ് നിതേഷ് റാണേയ്‌ക്കെതിരേ ഉള്ളത്. ഇവയില്‍ അധികവും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ്. എന്നാല്‍ ഒരു കേസില്‍ പോലും ബിജെപിയുടെ ഈ യുവനേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

2022 ഒക്ടോബറില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കുന്നത്, വിദ്വേഷ പ്രസംഗങ്ങളില്‍ പൊലീസിന് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും, ഔദ്യോഗിക പരാതിക്ക് കാത്തിരിക്കേണ്ടെന്നുമാണ്. അങ്ങനെയൊരു ഉത്തരവ് നിലനില്‍ക്കെ, നിതേഷ് റാണേയുടെ കാര്യത്തില്‍ പൊലീസ് കാണിക്കുന്നത് നഗ്നമായ കോടതിയലക്ഷ്യമാണ്. റാണെയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം അയാള്‍ക്കെതിരായ തെളിവവുകളാണ്. വിദ്വേഷം നിറയുന്ന നിരവധി പ്രസംഗങ്ങളും പ്രസ്താവനകളും ഇപ്പോഴും പരസ്യമായി തന്നെ പൊതുമധ്യത്തിലുണ്ട്. സകാല്‍ ഹിന്ദു സമാജിന്റെ പരിപാടികള്‍, സിജെപി, ഹിന്ദുത്വ വാച്ച് തുടങ്ങിയ സംഘടനകളിലെയും മറ്റ് ഹിന്ദുത്വ നേതാക്കളുടെ പ്രസ്താവനകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പൊലീസ് ഇതൊന്നും കാണാത്ത പോലെയാണ്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ റാണെ തന്റെ പല പ്രസംഗങ്ങളിലും പരാമര്‍ശിക്കാറുണ്ട്. ശ്രീരാംപൂരിലെ ഏറ്റവും പുതിയ പ്രസംഗത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഒരു സന്ദര്‍ഭത്തിലും റാണെയെ അപലപിക്കുന്ന പരസ്യ പ്രസ്താവനകള്‍ ഒന്നും തന്നെ ഫഡ്‌നാവിസ് നടത്തിയിട്ടുമില്ല. മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ശിവ്‌സേന ഉദ്ധവ് വിഭാഗവും എന്‍സിപി(ശരദ് പവാര്‍)യും സംസ്ഥാന ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.

ഇത്രയൊക്കെ വിഷം തുപ്പിയിട്ടും ബിജെപി, നിതേഷ് റാണേയെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതുവരെ ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും അയച്ചിട്ടില്ല. അതേസമയം, നിതേഷിന്റെ അച്ഛന്‍ നാരായണ്‍ റാണെ, താന്‍ മകനെ ഇക്കാര്യത്തില്‍ ശാസിച്ചിട്ടുണ്ടെന്നും പ്രസംഗിക്കുമ്പോള്‍ മതം വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്.  bjp mla nitesh rane hate speech against muslim, no police action despite firs

ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദി ക്വിന്റില്‍ വായിക്കാം

Content Summary; BJP mla Nitesh Rane hate speech against muslim, no police action despite firs

Share on

മറ്റുവാര്‍ത്തകള്‍