ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. ഈ പാര്‍ലമെന്റ് അവസാനിക്കുമ്പോഴേക്കും രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബ്രിട്ടണിലെ ഇമിഗ്രേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന നീക്കമാണിത്. സാമ്പത്തിക സ്തംഭനത്തിനിടയില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പൗരന്മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ അവിടെ ഇരട്ടി കാലം താമസിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ നിയമപ്രകാരം വിദേശത്ത് നിന്ന് കെയർ വർക്കേഴ്സിനെ നിയമിക്കുന്നതിലടക്കം നിയന്ത്രണമുണ്ടാവും. കൂടാതെ തൊഴിൽ വിസയിലുള്ള നിയന്ത്രണം കടുപ്പിച്ച് കൊണ്ട് തൊഴിലുടമകൾക്കുള്ള ചെലവ് വർദ്ധിപ്പിച്ച് നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുമാണ് സർക്കാർ തീരുമാനം. യുകെയിൽ നിന്ന് വരുന്ന ആളുകളുടെ എണ്ണത്തിൽ നിന്ന് യുകെ വിട്ട് പോവുന്നവരുടെ എണ്ണം കുറച്ചാൽ കിട്ടുന്ന സംഖ്യയാണ് നെറ്റ് മൈഗ്രേഷൻ. പുതിയ പദ്ധതിയിലൂടെ കുടിയേറ്റം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നാണ് സ്റ്റാർമറിന്റെ വാദം. സ്റ്റാർമറിന് മുമ്പ് പല സർക്കാരുകളും നടപ്പിലാക്കാൻ നോക്കിയിട്ട് പാളിപോയ ഒരു പദ്ധതിയാണിത്. 2029 ആവുമ്പോഴേക്കും കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സ്റ്റാർമറുടെ വാദം.
പുതിയ നിയമം നടപ്പിലാക്കണമെങ്കിൽ തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശീയരെ നിയമിക്കുകയും നിലവിൽ രാജ്യത്തുള്ള വിദേശികളുടെ വിസ നീട്ടി നൽകുകയും വേണം. ഈ നീക്കത്തിലൂടെ വിദേശത്തേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണത്തിൽ പ്രതിവർഷം 7000 മുതൽ 8000 വരെ കുറവ് വന്നേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ കെയർ മേഖലയിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തുന്നത് ഈ മേഖലയെ പ്രതിസന്ധിലാക്കിയേക്കാമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇമിഗ്രേഷൻ സ്കിൽ ചാർജ് 32 ശതമാനമായി ഉയർത്തുന്നതോടെ കമ്പനികൾക്ക് തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനായി നിലവിൽ നൽകുന്നതിൽ നിന്ന് അധിക പണം നൽകേണ്ടതായി വന്നേക്കാം. കൂടാതെ യൂണിവേഴ്സിറ്റികളിൽ നിന്നും അധിക നികുതി ഈടാക്കിയേക്കാം. ഓരോ അന്താരാഷ്ട്ര വിദ്യാർത്ഥിയ്ക്കും പ്രവേശനം നൽകുന്നതിന് യൂണിവേഴ്സിറ്റികൾ പ്രധാന നികുതി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബ്രിട്ടണിലെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം രാജ്യം ‘അപരിചിതരുടെ ഒരു ദ്വീപായി’ മാറുന്നത് തടയുക എന്നതാണെന്ന് തന്റെ ആമുഖ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ‘2019 നും 2023 നും ഇടയില്‍, കുടിയേറ്റം കുറയ്ക്കുമെന്ന് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിക്കുന്നതാണ് കുടിയേറ്റ നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നിലവിൽ 10 വർഷമായി യുകെയിൽ താമസിക്കുന്നവർക്ക് മാത്രമേ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ കഴിയൂ. അഞ്ച് വർഷമായി യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് ഓട്ടോമാറ്റിക് സെറ്റിൽമെന്റും പൗരത്വവും നൽകുന്ന നിലവിലെ നയം പുതിയ സംവിധാനം ഇല്ലാതാക്കും.
എല്ലാ വർഷവും യുകെയിൽ ഏറ്റവും കൂടുതൽ പ്രൊഫഷണലുകളും വിദ്യാർത്ഥികളും എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. അത് കൊണ്ട് തന്നെ ഇന്ത്യയെ ഇത് കാര്യമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2023ൽ ഏറ്റവും കൂടുതൽ ആളുകൾ യുകെയിലേക്ക് കുടിയേറിയത് ഇന്ത്യയിൽ നിന്നാണ് ഏകദേശം 2,50,000 ആളുകളാണ് 2023ൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തിയത്.
തൊഴിലാളി വിസയ്ക്കുള്ള മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. കുടിയേറ്റ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാൻ ഇനി എ-ലെവലിന് തുല്യമായ യോഗ്യതയ്ക്ക് പകരം ബിരുദതല യോഗ്യത ആവശ്യമാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിലവിൽ കൊണ്ടുവന്ന നിയമങ്ങൾക്ക് ബദലായാവും സ്റ്റാർമാറിന്റെ പുതിയ നയങ്ങൾ നിലവിൽ വരിക.
content summary: Britain has tightened its immigration rules, which will impact migrants from India