ബ്ലാക്ക്ബെറിയുടെ അന്ത്യവും ആപ്പിളിൻ്റെ ചരിത്രനേട്ടവും

 
d

2022 ജനുവരി നാല് ചൊവ്വാഴ്ച കോര്‍പ്പറേറ്റ് ലോകത്ത്  ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഒരുകാലത്ത് മൊബൈല്‍ഫോണ്‍ വിപണിയിലെ രാജാവായി വാണ ബ്ലാക്ക്ബെറി അതിന്റെ ക്ലാസിക് സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നുവെന്ന് ഡിസംബര്‍ 22 ന് പ്രസ്താവനയിലൂടെയാണ് കമ്പനി അറിയിച്ചത്.  ബ്ലാക്ക്ബെറി 10, 7.1 ഒഎസും അതിന് മുമ്പുള്ളതും ഉള്‍പ്പെടെ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കാത്ത എല്ലാ ഡിവൈസുകളുടെയും സേവനങ്ങളെ പുതിയ തീരുമാനം ബാധിക്കുമെന്നും കമ്പനി ഉപയോക്താക്കളെ ഓര്‍മ്മിപ്പിച്ചു. പാരമ്പര്യ സേവനങ്ങളും സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍  കാരിയര്‍ അല്ലെങ്കില്‍ വൈ-ഫൈ കണക്ഷനുകള്‍  ഡാറ്റ, ഫോണ്‍ കോളുകള്‍, എസ്എംഎസ്, 9-1-1 പ്രവര്‍ത്തനക്ഷമത എന്നിവ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കും  കമ്പനി അറിയിച്ചു. 

കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസര്‍ച്ച് ഇന്‍ മോഷന്‍ അഥവാ റിം  എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജര്‍ നിര്‍മിച്ച് തുടങ്ങിയ കമ്പനി പതിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തേക്ക് വരികയും അക്കാലത്തെ വിലകൂടിയ മൊബൈല്‍ഫോണ്‍ ബ്രാന്‍ഡായി വളരുകയും ചെയ്തു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും മൂല്യവും സ്വാധീനവുമുള്ള മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായിരുന്നു റിം. ഉദ്യോഗസ്ഥര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ബ്ലാക്ക് ബെറിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിലെ കീബോര്‍ഡും ബ്ലാക്ക്ബെറി മെസെഞ്ചര്‍ സേവനവും ആ സ്വീകാര്യത വര്‍ധിക്കുന്നതിനിടയാക്കി.  2000-കളുടെ ആദ്യ ദശകത്തില്‍, വൈറ്റ് കോളര്‍ പ്രൊഫഷണലുകളും അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഉള്‍പ്പെടെ പ്രമുഖര്‍ ബ്ലാക്ക്‌ബെറി ഡിവൈസുകള്‍ അഭിമാനത്തോടെ കൊണ്ടുനടന്നു.

Also Read; 'കുരുക്കുകള്‍' അഴിഞ്ഞു; ശിവശങ്കര്‍ തിരിച്ചുവരുന്നു

2009 ലും 2010 ലും കമ്പനിയുടെ പ്രതാപകാലത്ത് ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ ഏകദേശം 20% ബ്ലാക്ക്ബെറി സ്വന്തമാക്കി യുഎസില്‍ 
കണക്കുകള്‍ ഇതിലും ഉയര്‍ന്നതായിരുന്നു. പ്രതിവര്‍ഷം 50 മില്ല്യണിലധികം സ്മാര്‍ട്ട്ഫോണുകള്‍ വിപണയില്‍ വിറ്റുപോയി. എന്നാല്‍ ഐഫോണിന്റെയും ആന്‍ഡ്രോയിഡിന്റെയും ടച്ച്സ്‌ക്രീന്‍ ഉപകരണങ്ങളുടെ വരവോടെ ബ്ലാക്ക്ബെറി വിപണിയില്‍ പിന്തള്ളപ്പെട്ടു. 
ആപ്പിള്‍ ഐഫോണുകളെ അതിവേഗം പരിഷ്‌കരിച്ചുകൊണ്ടിരുന്നു. ഐഫോണ്‍ 4 എത്തിയപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ബ്ലാക്ക് ബെറിയെ മറികടന്നിരുന്നു. ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക് ബെറി ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ നിരവധി പ്രശ്നങ്ങള്‍ തിരിച്ചടിയായി. 

2007 ജൂണില്‍ ഐഫോണ്‍ ആദ്യമായി എത്തിയപ്പോള്‍, അത്  പെട്ടൊന്നൊന്നും ബ്ലാക്ക്ബെറിയെ മറികടന്നില്ലായിരുന്നു. എലൈറ്റ് സ്റ്റാറ്റസും ഉപയോക്തൃ സൗഹൃദവുമായതിനാല്‍,  ബ്ലാക്ക്ബെറിയുടെ ബിബിഎം തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ സംവിധാനവും ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ചും ബിസിനസുകാര്‍ക്ക് പ്രിയപ്പെട്ട സവിശേഷതയായി, എന്നാല്‍ താമസിയാതെ, ബ്ലാക്ക്ബെറിയുടെ സാങ്കേതികവിദ്യ പിന്നോട്ട് പോയി, ഉപയോക്താക്കള്‍ ഫിസിക്കല്‍ കീബോര്‍ഡുകളില്‍ നിന്ന് മാറാന്‍ തുടങ്ങി. ഐഫോണ്‍ നിലയുറപ്പിക്കുകയും ആന്‍ഡ്രോയിഡുകള്‍ പ്രായോഗിക ബദലായി മാറുകയും ചെയ്തതോടെ ബ്ലാക്ക്ബെറി ഡിവൈസുകള്‍ മോശം സ്വീകാര്യതയുള്ളതായി. ഐഫോണ്‍ 4 പുറത്തിറങ്ങിയതിന് ശേഷം ആപ്പിളിന്റെ ഫോണ്‍ വില്‍പ്പന ബ്ലാക്ക്ബെറിയെ മറികടന്നു.

ബ്ലാക്ക്ബെറിയുടെ ടെക്നോളജി പിടിമുറുക്കാന്‍ തുടങ്ങിയപ്പോഴേക്കും അത് ട്രെന്‍ഡില്‍ നിന്ന് പുറത്തായിരുന്നു. ബ്ലാക്ക്ബെറിയുടെ പ്രധാന ഉപഭോക്തൃ അടിത്തറകളിലൊന്നായ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ ഐഫോണുകളിലേക്കും ആന്‍ഡ്രോയിഡുകളിലേക്കും മാറാന്‍ തുടങ്ങി. 2012 സെപ്റ്റംബറില്‍, യാഹൂ സിഇഒ മാരിസ മേയര്‍, ജീവനക്കാരോട് ബ്ലാക്ക്ബെറികളില്‍ നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഉപകരണങ്ങള്‍ അസാധുവാക്കി. 2016 ല്‍ കമ്പനി സ്വന്തമായി സ്മാര്‍ട്ഫോണ്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയും സോഫ്റ്റ് വെയറില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ബ്ലാക്ക്ബെറി ബ്രാന്റിന്റെ ലൈസന്‍സ് ടിസിഎല്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ഹോള്‍ഡിങിന് നല്‍കി. 2020 വരെ ബ്ലാക്ക്ബെറി ബ്രാന്‍ഡില്‍ ഫോണുകള്‍ ഇറക്കിയത് ടിസിഎല്‍ ആണ്. ആന്‍ഡ്രോയിഡ് ഓഎസിലായിരുന്നു ഈ ഫോണുകള്‍ പുറത്തിക്കിയിരുന്നത്. ബ്ലാക്ക്ബെറി കീ2 എല്‍ഇ സ്മാര്‍ട്ഫോണ്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. നിലവില്‍ ബ്ലാക്ക് ബെറിയുടെ യഥാര്‍ത്ഥ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുക. 

തിങ്കളാഴ്ചയാണ് മൂന്ന് ലക്ഷം കോടി ഡോളറിന് മുകളില്‍ ആപ്പിളിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഒരു കാലത്ത് ബ്ലാക്ക്‌ബെറിയെ വെല്ലാന്‍ പാടുപെട്ട ഐഫോണ്‍ വിപണി കൈയ്യടക്കി ചരിത്രം കുറിക്കുമ്പോഴാണ് ഒന്നുമല്ലാതായി ബ്ലാക്ക്‌ബെറി വിപണി വിടുന്നത്. കോര്‍പ്പറേറ്റ് ലോകത്ത് ആദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യം മൂന്ന് ലക്ഷം ഡോളര്‍ കടക്കുന്നത്. എന്നാല്‍ പിന്നീട് വിപണി മൂല്യം ഇടിഞ്ഞെങ്കിലും ആപ്പിള്‍ റെക്കോര്‍ഡ് നേട്ടം തുടരും. കൊവിഡ് കാലത്തും പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നേറാന്‍ ആപ്പിളിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസത്തേ ട്രേഡിംഗില്‍ ആപ്പിള്‍ ഓഹരികള്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 182.88 ഡോളറിലെത്തി. ഒക്ടോബര്‍ ആദ്യം മുതല്‍, ആപ്പിള്‍ വിപണി മൂല്യം കുതിക്കുകയാണ്. മൂന്ന് മാസം കൊണ്ട് ഏകദേശം 70,000 കോടി ഡോളറിലധികമാണ് വിപണി മൂല്യം ഉയര്‍ന്നത്. കഴിഞ്ഞ ഒറ്റ മാസം കൊണ്ട് ആപ്പിള്‍ ഓഹരികള്‍ 13 ശതമാനമാണ് ഉയര്‍ന്നത്.

Also Read; 'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോകം ആദ്യമായി ലോക്ക്ഡൗണിലേക്ക് തിരിഞ്ഞതിനുശേഷം മറ്റ് കമ്പനികള്‍ തളര്‍ന്നപ്പോഴും ആപ്പിള്‍ ഓഹരികള്‍ 200 ശതമാനത്തിലധികം ഉയര്‍ന്നു. ആപ്പിള്‍ ഉത്പന്നങ്ങളിലൂടെയും ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സേവനങ്ങളിലൂടെയും ആപ്പിള്‍ വിപണി കീഴടക്കി മുന്നേറുകയാണ്. ആപ്പിള്‍ വിപണി മൂല്യം രണ്ട് ലക്ഷം കോടി ഡോളര്‍ കടന്ന് ഏകദേശം 17 മാസങ്ങള്‍ക്ക് ശേഷമാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ ആയി ഉയരുന്നത്. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ആപ്പിള്‍.