മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം; ടെലികോം കമ്പനികള്‍ക്ക് നാല് വര്‍ഷത്തെ മോറട്ടോറിയം 

 
D

രാജ്യത്തെ  ടെലികോം മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജും മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് മോറട്ടോറിയം അനുവദിക്കാന്‍ കേന്ദ്ര മന്ത്രി സാഭായോഗം തീരുമാനിച്ചു. അതേസമയം  മോറട്ടോറിയം പ്രയോജനപ്പെടുത്തുന്നവര്‍  കുറച്ച് പലിശ നല്‍കേണ്ടിവരുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 മുതല്‍ മൊറട്ടോറിയം ആരംഭിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.

ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനും സര്‍ക്കാര്‍ അനുമതി നല്‍കി.  പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. ടെലികോം കമ്പനികള്‍ മുന്നോട്ടുവെച്ച രക്ഷാപാക്കേജിന്റെ ഭാഗമായി കൂടിയാണ് ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് ഈ ആനുകൂല്യം ബാധകമാകില്ല.   ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് 2020 ഏപ്രിലിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയരുന്നു. 

വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ക്ക് മോറട്ടോറിയം അനുവദിച്ച തീരുമാനം ഗുണകരമാകും. കമ്പനികള്‍ക്ക്  നാല് വര്‍ഷത്തേക്കാകും മോറട്ടോറിയം അനുവദിക്കുക. കുമാര്‍ മംഗലം ബിര്‍ള ആഗസ്റ്റ് 4 ന് വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. 

വോഡാഫോണ്‍ ഐഡിയയുടെ ഓഹരികള്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികള്‍ക്കോ നല്‍കാമെന്ന് അറിയിച്ച് കുമാര്‍ മംഗളം ബിര്‍ള കത്തുനല്‍കിയിരുന്നു. ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണിന്റെ ഇന്ത്യ യൂണിറ്റും ബിര്‍ളയുടെ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും ലയിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച വിഐഎല്‍   കുടിശ്ശികയായി ഏകദേശം 50,399.63 കോടി രൂപ നല്‍കാനുണ്ട്. 

ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഓട്ടോമൊബൈല്‍ മേഖലയ്ക്കായുള്ള പുതുക്കിയ ഉല്‍പാദന-അനുബന്ധ പ്രോത്സാഹന പദ്ധതി (പിഎല്‍ഐ) കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.