സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി; ഉദ്യോഗസ്ഥര്‍ക്ക് ശത്രുതാ മനോഭാവമെന്ന് വ്യാപാരികള്‍

 
Gold Merchant

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കും. വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തും. നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെ നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യതയും മുഖ്യമന്ത്രി ആരാഞ്ഞു.

സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ എതിര്‍പ്പുമായി സ്വര്‍ണവ്യാപാരികള്‍ രംഗത്തെത്തി. കേരളത്തില്‍ ഏഴായിരം സ്വര്‍ണവ്യാപാരികള്‍ മാത്രമാണ് നികുതി ഘടനയ്ക്ക് അകത്തുവരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരികളോട് ശത്രുതാ മനോഭാവമാണ്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ വ്യാപാരശാലകളില്‍ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വര്‍ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നായിരുന്നു ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രതികരണം. ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ സ്വര്‍ണക്കടകളുടെ മുന്നിലാണ് നില്‍ക്കുന്നത്. സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും, പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഈ മേഖലയില്‍ പൊലീസ് രാജ് നടപ്പാക്കാനുള്ള നീക്കമാണിതെന്നും അസോസിയേഷന്‍ ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്. ചെറിയ പിഴവിനുപോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അനധികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന  സമീപനമാണ് മാറേണ്ടത്. നികുതി വരുമാന കുറവിന്റെ പേരില്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അപലപനീയമാണ്. കോവിഡ് സാഹചര്യങ്ങളില്‍, വ്യാപാര സൗഹൃദ  സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.