'വാക്‌സിനേഷന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായമാകും; ഈ വര്‍ഷം 9.5 ശതമാനം വളര്‍ച്ച നേടും'

 
Gita Gopinath
ലോക സമ്പദ്‌വ്യവസ്ഥയുടെ അതിജീവനം വൈകും

കോവിഡ് വാക്‌സിനേഷനിലെ ഇന്ത്യയുടെ പുരോഗതി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 9.5 ശതമാനവും 2022ല്‍ 8.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് കണക്കുക്കൂട്ടുന്നത്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തിനു മുന്നോടിയായി പുറത്തിറക്കിയ ഏറ്റവും പുതിയ 'വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കി'ലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 

വൈറസ് ഇതുവരെ രാജ്യത്തെ വിട്ടുപോയിട്ടില്ലെന്നത് വസ്തുതയായി തുടരുമ്പോഴും, വിപണി സംബന്ധിച്ച നിരവധി വെല്ലുവിളികളെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു. വാക്‌സിനേഷന്‍ നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് തീര്‍ച്ചയായും സഹായകരമാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് 7.3 ശതമാനമായി ചുരുങ്ങിയ സാമ്പത്തിക വളര്‍ച്ച 2021ല്‍ 9.5 ശതമാനമായും 2022ല്‍ 8.5 ശതമാനമായും വളര്‍ച്ച നേടും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനത്തില്‍ ഈ വര്‍ഷം മാറ്റം വരുത്തുന്നില്ല. ഏറെ രൂക്ഷമായ രണ്ടാം തരംഗത്തില്‍നിന്ന് ഇന്ത്യ പുറത്തുവന്നിരിക്കുന്നു. ജൂലൈയില്‍ അത് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ താഴ്ത്തിക്കളഞ്ഞിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച പ്രവചനത്തില്‍ ഇപ്പോള്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു. 

കോവിഡിനെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍നിന്ന് ലോക സമ്പദ്‌വ്യവസ്ഥയുടെ അതിജീവനം വൈകുമെന്നും ഐഎംഎഫ് സൂചിപ്പിക്കുന്നു. ലോക സമ്പദ്‌വ്യവസ്ഥ 2021ല്‍ 5.9 ശതമാനം വളര്‍ച്ച നേടും. എന്നാല്‍, 2022ല്‍ വളര്‍ച്ചാനിരക്ക് 4.9 ശതമാനം ആയിരിക്കും. യുഎസ് ഈ വര്‍ഷം ആറ് ശതമാനവും അടുത്ത വര്‍ഷം 5.2 ശതമാനവും വളര്‍ച്ച നേടും. അതേസമയം, ചൈന 2021ല്‍ 8 ശതമാനവും 2022ല്‍ 5.6 ശതമാനവും വളര്‍ച്ച നേടിയേക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.  

സമ്പന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങള്‍ കോവിഡ് പൂര്‍വ കാലത്തിലേക്ക് 2022ല്‍ തന്നെ തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വളര്‍ന്നുവരുന്ന വിപണിക്കും വികസ്വര സമ്പദ് വ്യവസ്ഥയ്ക്കും (ചൈന ഒഴികെ) 2024ലെ കോവിഡ് പൂര്‍വ പ്രവചനത്തേക്കാള്‍ 5.5 ശതമാനം താഴെയായിരിക്കും വളര്‍ച്ചാ നിരക്ക്. മഹാമാരിക്കാലം താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളുടെ സ്ഥിതി കൂടുതല്‍ ഇരുട്ടിലാക്കി. അതില്‍നിന്നുള്ള അവരുടെ തിരിച്ചുവരവിന് സമയമെടുക്കും. രോഗവ്യാപനം ഇപ്പോഴും തുടരുന്നതാണ് ഇത്തരത്തില്‍ ആഘാതം സൃഷ്ടിക്കുന്നത്. 2021 അവസാനത്തോടെ എല്ലാ രാജ്യവും 40 ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുകയെന്നതിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. 2022 പകുതിയോടെ അത് 70 ശതമാനത്തില്‍ എത്തിക്കാനാവും. അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.