ആദായ നികുതി പോര്‍ട്ടലിലെ തകരാര്‍; ഇന്‍ഫോസിസ് എംഡി നേരിട്ട് ഹാജരാകണമെന്ന് കേന്ദ്രം

 
Income Tax

രണ്ടര മാസം കഴിഞ്ഞിട്ടും തകരാറുകള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് നടപടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പുതിയ പോര്‍ട്ടലിലെ തകരാര്‍ സംബന്ധിച്ച് ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലീല്‍ പരേഖിനെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നാളെ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കേന്ദ്ര ധന മന്ത്രാലയം സലീല്‍ പരേഖിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും തകരാറുകള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ നടപടി. 

എന്തുകൊണ്ടാണ് പുതിയ പോര്‍ട്ടലിലെ തകരാര്‍ രണ്ടര മാസമായിട്ടും പരിഹരിക്കാത്തതെന്ന് ധനമന്ത്രിയോട് വിശദീകരിക്കാന്‍ ഇന്‍ഫോസിസ് എം.ഡിയും സിഇഒയുമായ സലീല്‍ പരേഖിനെ ആഗസ്റ്റ് 23ന് വിളിപ്പിച്ചിട്ടുണ്ട്. പുതിയ പോര്‍ട്ടലിന്റെ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഈമാസം 21 മുതല്‍ പോര്‍ട്ടല്‍ തന്നെ ലഭ്യമല്ല -ആദായ നികുതി വകുപ്പ് ട്വീറ്റില്‍ വ്യക്തമാക്കി. 

നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബര്‍ 30നകം നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍, പുതിയ പോര്‍ട്ടലിലൂടെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തകരാര്‍ പരിഹരിക്കാത്തതിനാല്‍ പലര്‍ക്കും സമയപരിധിയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 

ജൂണ്‍ ഏഴിനാണ് ആദായനികുതി വകുപ്പ് www.incometax.gov.in എന്ന പോര്‍ട്ടല്‍ ആരംഭിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക വിദ്യാ കമ്പനിയായ ഇന്‍ഫോസിസാണ് പോര്‍ട്ടലിന്റെ സേവനദാതാവ്. എന്നാല്‍ പോര്‍ട്ടല്‍ ഒട്ടും 'യൂസര്‍ ഫ്രണ്ട്‌ലി' അല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ലോഗിന്‍ ചെയ്യുന്നതിനും ആധാര്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒടിപി ജനറേറ്റ് ചെയ്യാനും സാധിക്കുന്നില്ലായിരുന്നു.