യുഎസ് - ചൈന വ്യാപാര യുദ്ധം 20 വര്‍ഷത്തേയ്ക്ക് വരെ നീളാം: ആലിബാബ സ്ഥാപകന്‍ ജാക്ക് മാ

 
യുഎസ് - ചൈന വ്യാപാര യുദ്ധം 20 വര്‍ഷത്തേയ്ക്ക് വരെ നീളാം: ആലിബാബ സ്ഥാപകന്‍ ജാക്ക് മാ

യുഎസ് - ചൈന വ്യാപാര യുദ്ധം 20 വര്‍ഷത്തേയ്ക്ക് വരെ നീണ്ടേക്കാമെന്ന് ആലിബാബ സഹസ്ഥാപകന്‍ ജാക്ക് മാ. ആലിബാബ നിക്ഷേപകര്‍ക്കായി നടത്തിയ വാര്‍ഷിക സമ്മേളനത്തിലാണ് ജാക് മാ ഇക്കാര്യം അഭിപ്രായപ്പെട്ടത്. 200 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 10 ശതമാനം അധികനികുതിയാണ് യുഎസിലെ ട്രംപ് ഗവണ്‍മെന്റ് ചുമത്തിയിരിക്കുന്നത്. അതേസമയം 20 ദിവസം കൊണ്ട് അത് അവസാനിച്ചാലും അദ്ഭുതപ്പെടാനില്ലെന്നും ആലിബാബ സ്ഥാപകന്‍ അഭിപ്രായപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ അസ്വാരസ്യം തുടരുമെന്ന് ജാക്ക് മാ പറഞ്ഞു. യുഎസുമായുള്ള വ്യാപാര യുദ്ധം ആലി ബാബ കമ്പനിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മാ പറഞ്ഞു. അതേസമയം ആലി ബാബയില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നില്‍ ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയകാരണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ആലിബാബയുടെ ഓഹരികള്‍ 3.5 ശതമാനം ഇടിഞ്ഞു. ജൂണില്‍ ഏറ്റവും ഉന്നതിയില്‍ നിന്നിരുന്ന സ്റ്റോക്ക് ഏറ്റവും മോശമായി നിലയിലെത്തിയിരിക്കുകയാണ്. യുഎസുമായുള്ള വ്യാപാരസംഘര്‍ഷം മറ്റ് രാജ്യങ്ങളിലേയ്ക്ക് തിരിയാന്‍ ചൈനയെ പ്രേരിപ്പിക്കും. വ്യാപാരയുദ്ധം ചൈനക്കെതിരായ നീക്കമായി ചൂണ്ടിക്കാട്ടിയ ജാക്ക് മാ അതേസമയം ചൈന വിപണി കൂടുതല്‍ തുറന്ന് വ്യാപാര നയം കൂടുതല്‍ ഉദാരമാക്കണമെന്ന് ആവശ്യപ്പെട്ടു.

https://www.azhimukham.com/vayicho-alibaba-owner-jackma-china-capitalism/