ദേശീയ ധനസമാഹരണ പദ്ധതി; 26,700 കി.മീ റോഡ്, 400 റെയില്‍വേ സ്റ്റേഷനുകള്‍, 25 വിമാനത്താവളങ്ങള്‍ വിറ്റഴിക്കും

 
Nirmala

കേരളത്തില്‍ നിന്നുള്ള റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല

കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള 'ദേശീയ ധനസമാഹരണ പദ്ധതി'യിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുറത്തുവിട്ടു. 12 മന്ത്രാലയങ്ങള്‍ക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുക. 26,700 കി.മീ റോഡ്, 400 റെയില്‍വേ സ്‌റ്റേഷനുകള്‍, 90 ട്രെയിനുകള്‍, 25 വിമാനത്താവളങ്ങള്‍, രണ്ട് ദേശീയ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്ന ആസ്തികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ഓരോ വര്‍ഷവും വിലയിരുത്തും. മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തി നിതി ആയോഗാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. നിലവില്‍ കേന്ദ്രസ്ഥാപനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കായും സമാന പദ്ധതികള്‍ ഉടന്‍ വരും.
  

നാല് വര്‍ഷത്തെ ആസ്തിവില്‍പ്പനയില്‍ ഉള്‍പ്പെടുന്നവ:
റോഡുകള്‍: ലക്ഷ്യം 1,60,200 കോടി. ആകെ 1,21,155 കിലോമീറ്റര്‍ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വര്‍ഷത്തിനകം. ദക്ഷിണേന്ത്യയില്‍ 28 മേഖലകളിലായി 1931 കിലോമീറ്റര്‍ റോഡാണുള്ളത്. എന്നാല്‍, കേരളത്തില്‍ നിന്നില്ല. മൊത്തം ആസ്തിവില്‍പ്പനയുടെ 27 ശതമാനം.

റെയില്‍വേ: ലക്ഷ്യം 1,52,496 കോടി. 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 യാത്രാവണ്ടികള്‍, കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍, 15 റെയില്‍വേ സ്റ്റേഡിയങ്ങളും തിരഞ്ഞെടുത്ത റെയില്‍വേ കോളനികളും. മൊത്തം ആസ്തിവില്‍പ്പനയുടെ 26 ശതമാനം.

സ്റ്റേഡിയം: രണ്ട് ദേശീയ സ്റ്റേഡിയങ്ങളും രണ്ട് പ്രാദേശികസ്റ്റേഡിയങ്ങളും. 11,450 കോടി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഇതില്‍ ഉള്‍പ്പെടും.

വ്യോമയാനം: 25 വിമാനത്താവളങ്ങള്‍. ലക്ഷ്യം 20,782 കോടി. കോഴിക്കോട് വിമാനത്താവളത്തിനു പുറമേ കോയമ്പത്തൂര്‍, ചെന്നൈ, തിരുപ്പതി എന്നിവയും ഉള്‍പ്പെടും. മൊത്തം ആസ്തിവില്‍പ്പനയുടെ 18 ശതമാനം.

ടെലികോം-35,100 കോടി. വെയര്‍ഹൗസിങ്-28,900 കോടി. ഊര്‍ജവിതരണ മേഖല-45,200 കോടി. ഖനനം-28,747 കോടി. ഊര്‍ജോത്പാദനമേഖല-39,832 കോടി. പ്രകൃതിവാതക പൈപ്പ്ലൈന്‍-24,462 കോടി. തുറമുഖം-12,828 കോടി. പ്രോഡക്ട് പൈപ്പ്ലൈന്‍, മറ്റുള്ളവ-22,504 കോടി. അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ്- 15,000 കോടി. റോഡ്, റെയില്‍വേ, ഊര്‍ജം, എണ്ണ-വാതക പൈപ്പ്ലൈന്‍, ടെലികോം മേഖലകള്‍മാത്രം ഇതില്‍ 83 ശതമാനവും വരും. 

ഈ വര്‍ഷംമാത്രം ഇതിന്റെ 15 ശതമാനം-0.88 ലക്ഷം കോടി സമാഹരിക്കും. ആദ്യവര്‍ഷം 88190 കോടി, രണ്ടാംവര്‍ഷം 1,62,422 കോടി, മൂന്നാംവര്‍ഷം-1,79,544 കോടി, നാലാംവര്‍ഷം 1,67,345 കോടി എന്ന കണക്കിലാണിത്.