ഡോളറിനെതിരെ മൂല്യത്തില്‍ ഇടിവ്; ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലെത്തി രൂപ

 
rupee

ദുര്‍ബലമായ ആഗോള സൂചികകള്‍ക്കിടയില്‍  യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 77.40 എന്ന നിലയിലേക്ക് ഇടിഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ 77.17 ല്‍ ആരംഭിച്ച രൂപ പിന്നീട് വെള്ളിയാഴ്ചത്തെ ക്ലോസിംഗ് മൂല്യമായ 76.90 ല്‍ നിന്ന് 52 പൈസ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞത്. 

സെന്‍സെക്‌സ്  550 പോയിന്റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്നാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തിയത്. 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ്  ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. 

മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ഏഴ് മാസമായി ഇവര്‍ അറ്റവില്‍പ്പനക്കാരാണ്. വിപണിയിലെ ഈ വില്പന സമ്മര്‍ദവും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഡോളറിന്റെ കരുതല്‍ ശേഖരത്തിലും കുറവുണ്ടായി. കരുതല്‍ ശേഖരം 600 ബില്യണ്‍ ഡോളറിനു താഴെ എത്തി. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം കരുതല്‍ ശേഖരം ഇത്രയും കുറയുന്നത് ആദ്യമായാണ്. റഷ്യ -  ഉക്രൈന്‍ സംഘര്‍ഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും  രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായില്ല.