ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിര്‍ത്തിവെച്ചതായി എഫ്‌ഐഇഒ

 
D

ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും  താലിബാന്‍ നിര്‍ത്തിവെച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് അറിയിച്ചു. പാകിസ്താനിലൂടെയുണ്ടായിരുന്ന ചരക്ക് നീക്കം നിലച്ചതായും ഇക്കാരണത്താല്‍ ഇറക്കുമതി നിര്‍ത്തിയതായും അദ്ദേഹം അറിയിച്ചു. 

'അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്' - അജയ് സഹായ് പറഞ്ഞു.

ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീര്‍ഘകാല ബന്ധമുണ്ട്, പ്രത്യേകിച്ച് വ്യാപാരത്തില്‍. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് വലിയ നിക്ഷേപമുണ്ട്. നമ്മള്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരാളാണ്, അഫ്ഗാനിസ്ഥാനിലേക്കുള്ള നമ്മുടെ കയറ്റുമതി 2021 ല്‍ ഏകദേശം 835 മില്യണ്‍ ഡോളറാണ്. ഏകദേശം 510 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ നമ്മള്‍ ഇറക്കുമതി ചെയ്തു. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു.

വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ആരോഗ്യകരമായ ബന്ധമുണ്ടെന്നും ഡോ. അജയ് സഹായ് പറഞ്ഞു.  നിലവില്‍ ഇന്ത്യ അഫഎഗാനിലേക്ക് കയറ്റി അയക്കുന്നവയില്‍  പഞ്ചസാര, ഫാര്‍മസ്യൂട്ടിക്കല്‍സ്, വസ്ത്രങ്ങള്‍, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ട്രാന്‍സ്മിഷന്‍ ടവറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇറക്കുമതി ചെയ്യുന്നത് ഉണങ്ങിയ പഴങ്ങളും, ഉള്ളിയും അടങ്ങുന്നതാണെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ പറഞ്ഞു.