എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും

 
d

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും. സെപ്തംബറിനകം എയര്‍ ഇന്ത്യയെ വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സെപ്തംബര്‍ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. സ്‌പൈസ് ജെറ്റും ടാറ്റയ്‌ക്കൊപ്പം എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം.  മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ദില്ലിയിലെ എയര്‍ലൈന്‍ശ് ഹൗസും ലേലത്തിന്റെ ഭാഗമായിരിക്കും.

നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 43,000 കോടി രൂപയുടെ കടമുണ്ട്. അതില്‍ 22,000 കോടി എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിലേക്കു മാറ്റും. നേരത്തെ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 1932ല്‍ ടാറ്റ സ്ഥാപകന്‍ ജെആര്‍ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. ആദ്യം ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു പേര്. 1948ല്‍ എയര്‍ ഇന്ത്യ എന്നാക്കി പേരുമാറ്റി. 1953ല്‍ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും 1977 വരെ ടാറ്റ തന്നെയായിരുന്നു ചെയര്‍മാന്‍.