Continue reading “കുഴഞ്ഞുമറിഞ്ഞ കാന്‍സര്‍ സന്ദേശങ്ങളും ചിന്താവിഷ്ടരായ പൊതുജനവും”
" /> Continue reading “കുഴഞ്ഞുമറിഞ്ഞ കാന്‍സര്‍ സന്ദേശങ്ങളും ചിന്താവിഷ്ടരായ പൊതുജനവും” ">രാമന്‍നായരുടെയും ശ്യാമളയുടെയും രണ്ടു പെണ്‍മക്കള്‍ കൗമാരത്തിലെത്തി നില്‍ക്കുകയായിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്, ജീവിതം ഒന്നു കരുപിടിപ്പിക്കാന്‍. മൂന്നാമത്തെ ബിസിനസാണ് പച്ച പിടിച്ചത്. സമ്പന്നതയിലേക്കുള്ള തെന്നുന്ന പടികള്‍ അടിവച്ചു കയറുകയാണിപ്പോള്‍ – രാമന്‍ മനസ്സിലോര്‍ത്തു. ഭാവി നല്ലതിനായിരിക്കും.
പെട്ടെന്നൊരു ദിവസമാണ് ശ്യാമള ഇടത്തേ മാറില്‍ ഒരു മുഴ ശ്രദ്ധിച്ചത്. ആധിയോടെ അടുത്ത ആസ്പത്രിയിലെ ജനറല്‍ സര്‍ജനെ കാണിച്ചു. അദ്ദേഹം ഒരു കഷണം മുറിച്ചെടുത്ത് പരിശോധനയ്ക്ക് വിട്ടു – കാന്‍സറാണ്.
ലോകം അപ്പാടെ ഇടിഞ്ഞു വീണതായി തോന്നി രണ്ടു പേര്‍ക്കും. ശ്യാമളയുടെ അമ്മൂമ്മയും മാറില്‍ കാന്‍സര്‍ ബാധിതയായാണ് മരിച്ചതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. രണ്ടും കല്‍പ്പിച്ച് ഈ ശത്രുവിനെ തോല്‍പ്പിക്കാന്‍ രാമനും ശ്യാമളയും നിശ്ചയിച്ചു.
ജനറല്‍ സര്‍ജന്‍ പറഞ്ഞു: ”മാറെടുത്ത് കളഞ്ഞ്, കക്ഷത്തെ കഴലകളും നീക്കണം. ഈ ഓപ്പറേഷന്‍ മാത്രമാണ് ഇതിന്റെ ചികിത്സ.”
”തുടര്‍ ചികിത്സകള്‍ വേണ്ടി വരുമോ?”
”ഇത് ചെയ്തിട്ട് ഭാഗം പരിശോധിച്ച് പാതോളജി റിപ്പോര്‍ട്ട് വരട്ടെ. എന്നിട്ടു പറയാം.”
ചില ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച്, പിന്നീടവര്‍ ഒരു കാന്‍സര്‍ സര്‍ജന്‍ സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയത്. അവര്‍ രണ്ടു മുലകളുടെയും മാമ്മോഗ്രാഫി സ്‌കാന്‍, വയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, നെഞ്ചിന്റെ സി ടി സ്‌കാന്‍ എന്നിവ ചെയ്യിച്ചു.
”കീമോതെറാപ്പി എടുക്കണം. അഡ്മിറ്റ് ചെയ്ത് നാളെത്തന്നെ തുടങ്ങാം. പിന്നീട് മാറ് എടുത്ത് കളഞ്ഞ് കക്ഷത്തെ ക്ലീയറാക്കുന്ന ശസ്ത്രക്രിയ. അതിനു ശേഷം ബാക്കി പറയാം.”
കീമോ തെറാപ്പി തുടങ്ങി. മുടിയൊക്കെ കൊഴിഞ്ഞു. വളരെയധികം ശരീര പ്രയാസങ്ങള്‍ മൂലം ശ്യാമള വലഞ്ഞു. എല്ലും തോലുമായി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ”മക്കളുടെ കല്യാണമൊക്കെ ഒന്നു കാണണമെന്നുണ്ടായിരുന്നു, നടക്കുമോ ആവോ.” ശ്യാമള ദീനതയോടെ പറഞ്ഞു. മക്കള്‍ കരഞ്ഞു. രാമന്‍ കണ്ണുതുടച്ച് എഴുന്നേറ്റു. കടയില്‍ പോണമല്ലോ.
ശസ്ത്രക്രിയ കഴിഞ്ഞു. മുറിവുകള്‍ കരിഞ്ഞു. ഇതുവരെ ചെലവ് അമ്പതിനായിരം. കുഴപ്പമില്ല. രോഗം മാറിയാല്‍ മതി.
”പാതോളജി റിപ്പോര്‍ട്ട് വന്നു. റേഡിയേഷന്‍ വേണം.” ഡോക്ടര്‍ പറഞ്ഞു. വലിയ ഒരു കാന്‍സര്‍ സെന്ററിലേക്കാണ് റേഡിയേഷന് പറഞ്ഞുവിട്ടത്. കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടുകളിലേക്ക് നോക്കി. കടുപ്പത്തില്‍ റേഡിയേഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
”ഈ സര്‍ജന്‍മാര്‍ കീമോതെറാപ്പി കൊടുക്കുന്നത് ശരിയല്ല. എന്താ അവന്റെയൊക്കെ വിചാരം?” ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറോട് പറയുന്നത് രാമന്‍ ആകസ്മികമായി കേട്ടു. അല്ലെങ്കില്‍ തന്നെ പല പല ടെസ്റ്റുകളും ചികിത്സകളും കൊണ്ട് മടുത്തിരിക്കുകയായിരുന്നു ഇരുവരും. മോഡേണ്‍ മെഡിസിന്‍ ഒരു തൊന്തരവു തന്നെ. എന്തുമാത്രം ഓടണം? എന്തൊക്കെ വൃത്തികെട്ട പാര്‍ശ്വഫലങ്ങള്‍? എന്തൊരു ചെലവ്? ആരും ഒന്ന് മര്യാദയ്ക്ക് സമയമെടുത്ത് പറഞ്ഞുതരുന്നുമില്ല. ഇനി അമ്പതിനായിരം കൂടി വേണം. പിന്നേയും രക്ത ടെസ്റ്റുകള്‍, ഓട്ടം, റേഡിയേഷന്‍. എല്ലാം പൂര്‍ത്തിയാക്കി. വല്ലപ്പോഴും ചെക്കപ്പിനു പോകണം.
ജീവിതം പിന്നെയും സാധാരണയായി. ദൈവസം സഹായിച്ച് ബിസിനസ് വച്ചടിച്ചു കയറി. അഞ്ചാറു വര്‍ഷം കൊണ്ട് എല്ലാം മറന്ന മട്ടായി.
പിന്നീടും വര്‍ഷങ്ങള്‍ കഴിഞ്ഞു. മൂത്തമകളുടെ കല്യാണം കഴിഞ്ഞു.
ഇളയതിന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ് ശ്യാമളയ്ക്ക് ഒരു ബോധക്കേടുണ്ടായത്. സ്‌കാനെടുത്തപ്പോള്‍ തലച്ചോറില്‍ ഒരു മുഴയുണ്ട്. മറ്റവന്‍ തിരിച്ചുവന്നിരിക്കുന്നു.
രാമന് ദേഷ്യവും സങ്കടവും വന്നു. എന്തു മാത്രം കഷ്ടപ്പെട്ട് ചികിത്സിച്ചതാണ്? പൂര്‍ണ്ണമായും മാറി എന്നു വിചാരിച്ചിരുന്നതാണ്. ഇത്ര ചികിത്സ കൊണ്ടൊക്കെ എന്തു കാര്യം?
പിന്നെ സ്‌കാനുകളുടെ ഒരു പരമ്പരയായിരുന്നു. അള്‍ട്രാ സൗണ്ട്, സി.ടി., എം.ആര്‍.ഐ. മുതലായ കുറേയെണ്ണം. അതെല്ലാം കഴിഞ്ഞപ്പോള്‍ ദേ പുതിയ ഒരണ്ണം – പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി. അതും ചെയ്തു.
തലയിലും ശ്വാസകോശത്തിലും ഓരോ ചെറിയ മുഴകള്‍ ഉണ്ട്. രാമനും ശ്യാമളയും പല പല കാന്‍സര്‍ കേന്ദ്രങ്ങള്‍ കയറിയിറങ്ങി. ഇപ്പോള്‍ പഴയ പോലെയല്ല. അസുഖത്തിന്റെ തുടക്കത്തില്‍ എല്ലാ ഡോക്ടര്‍മാരും ഏകദേശം ഒരേ അഭിപ്രായങ്ങളാണ് പറഞ്ഞത്. ഇപ്പോള്‍ പലരും പല മാതിരിയാണ് പറയുന്നത്. തലയിലും നെഞ്ചിലും ഓപ്പറേഷന്‍ ചെയ്താല്‍ സാദ്ധ്യതയുണ്ടെന്ന് ഒരു നക്ഷത്ര ആസ്പത്രിക്കാര്‍ ആണയിട്ടു പറഞ്ഞു. വേറെ ചിലര്‍ ലക്ഷങ്ങള്‍ വിലയുള്ള കീമോ തെറാപ്പി മരുന്നുകളാണ് പറയുന്നത്. പ്രത്യേകതരം അതിനൂതനമായ റേഡിയേഷന്‍ തരംഗങ്ങള്‍ ഉപയോഗിച്ച് കാന്‍സറിനെ കരിച്ചുകളയാമെന്ന് ഒരാള്‍ പറഞ്ഞു. ഒരു സാദാ എം.ബി.ബി.എസ്. ഡോക്ടര്‍ (ബന്ധുവാണ്) എല്ലാ രേഖകളും പഠിച്ച ശേഷം പറഞ്ഞു: ”കാര്യായി ഒന്നും ചെയ്യേണ്ടെന്നു വച്ചാലോ? സ്വാന്ത്വന ചികിത്സ മാത്രം ചെയ്യുന്നതും കുഴപ്പമില്ലെന്നു തോന്നുന്നു.”
ഒരു കല്ലെടുത്ത് അയാളുടെ തലയ്ക്കടിക്കാനാണ് രാമനു തോന്നിയത്. പിന്നൊരിക്കലും രാമന്‍ ആ ബന്ധുവിനോട് മിണ്ടിയിട്ടില്ല.
അവസാനം ശസ്ത്രക്രിയയും, റേഡിയേഷനും കീമോതെറാപ്പിയും എല്ലാം ചെയ്തു. ശ്യാമള അടിക്കടി മോശമായി കൊണ്ടിരുന്നു.
ഓരോ സ്‌കാനിനും കമ്മീഷനുണ്ട്. ഓരോ ടെസ്റ്റിനും സ്‌കാനിനും ആശുപത്രിക്കു ഭീകരലാഭമുണ്ട്. രണ്ടു മാസം അടുപ്പിച്ച് ഓപ്പറേഷനൊന്നും ചെയ്തില്ലെങ്കില്‍ സര്‍ജന്‍മാരെ ചിലപ്പോള്‍ ആശുപത്രി പറഞ്ഞുവിടും. കീമോതെറാപ്പി – ചില പുതിയ മരുന്നുകള്‍ ഭയങ്കര ചെലവാണ്. നാലു ലക്ഷം രൂപ വരുന്ന മരുന്ന് അമ്പത് ശതമാനം ആയുസ്സ് കൂട്ടിക്കൊടുക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് എന്നു പറഞ്ഞത് നാലു മാസം ആയുസ് എന്നത് ആറുമാസത്തേക്ക് കൂട്ടിക്കിട്ടും എന്നാണര്‍ത്ഥം.
ഈ കാര്യങ്ങളൊക്കെ പതിയെ ഗവേഷണത്തിലൂടെ രാമനു മനസ്സിലായി. അതോടെ എല്ലാ ഡോക്ടര്‍മാരോടും വെറുപ്പായി.
മരുന്നുകള്‍, ടെസ്റ്റുകള്‍, സ്‌കാനുകള്‍, ട്യൂബുകള്‍, അവസാനം, വെന്റിലേറ്റര്‍, മോണിറ്റര്‍, പമ്പുകള്‍, ഐ.സി.യു. എന്നിങ്ങനെയുള്ള ഘോഷയാത്രയുടെ അകമ്പടിയോടെ ശ്യാമള പരലോകത്തേക്ക് യാത്രയായി.
ആദ്യത്തെ രോഗശമന ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ ചിലവായപ്പോള്‍, രണ്ടാമത് രോഗം വന്ന് ശ്യാമള മരിക്കുന്നതുവരെയുള്ള ഒന്നര വര്‍ഷത്തില്‍ ഇരുപത്തഞ്ചുലക്ഷം ചെലവായി.
ഇതിനിടയില്‍ രാമന്‍ ഒരു കാശുകാരനായി മാറിയതിനാല്‍ കിടപ്പാടം രക്ഷപ്പെട്ടു കിട്ടി.
ഈ കഥകളെല്ലാം രാമന്‍ പിന്നീട് സുഹൃത്തായ ഒരു പ്രമുഖ നടനോട് പറഞ്ഞു. എല്ലാം കേട്ട് അദ്ദേഹം പൊട്ടിത്തെറിച്ചു:
”കാന്‍സറിന് ആധുനിക വൈദ്യത്തില്‍ ചികിത്സയില്ല!”
ശ്യാമളയുടെ അതേ സ്റ്റേജില്‍ രോഗം കണ്ടുപിടിച്ച അമ്പതു ശതമാനം സ്ത്രീകള്‍ക്കും പൂര്‍ണ്ണരോഗശമനം കിട്ടിയിരുന്നു. ഇതേ അസുഖം നേരത്തെ കണ്ടുപിടിക്കപ്പെട്ട എണ്‍പതു ശതമാനം സ്ത്രീകളും രോഗം നിശേഷം മാറി സാധാരണ ജീവിതം നയിച്ചു. രോഗശമനത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അവര്‍ ദൈവത്തിനും സ്വന്തം നിശ്ചയദാര്‍ഢ്യത്തിനും കൊടുത്തു.
ശ്യാമളയ്ക്ക് തന്നെ പത്തുപന്ത്രണ്ടു വര്‍ഷം ജീവിക്കാനും മക്കളുടെ വിവാഹം കാണാനും പറ്റി.
ചികിത്സയില്ലാത്തതല്ല കുഴപ്പം. എല്ലാറ്റിനും ചികിത്സയുള്ള ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. ഓരോന്നും എത്രമാത്രം ഫലപ്രദമാണ് എന്നു പറയാന്‍ പറ്റില്ലെന്നു മാത്രം. ചിലവിനനുസരിച്ച് ഗുണം കിട്ടുന്ന ഒരു ആഭരണക്കച്ചവടമല്ല ആധുനിക വൈദ്യം. കച്ചവടം തന്നെ എന്ന സത്യം അവശേഷിക്കുന്നു.
ഇനി ശ്യാമളയുടെ അമ്മൂമ്മക്കെന്തു സംഭവിച്ചു എന്നു നോക്കാം. മുഴ മാറില്‍ വന്നത് മുപ്പതാമത്തെ വയസ്സിലാണ്. അന്നൊന്നും ഈ മുഴയൊന്നും ആരും ഗൗനിക്കാത്തതിനാല്‍ അവരും അത് ശ്രദ്ധിച്ചില്ല. മുഴ കക്ഷത്തിലും വളര്‍ന്നു, മുഴവന്ന് ഒരു കോലമായപ്പോഴാണ് ഒരു നാട്ടുവൈദ്യനെ കാണിച്ചത്. പ്രത്യേക ഡിഗ്രിയൊന്നുമില്ലാത്ത അയാള്‍ എന്തോ കഷായങ്ങളൊക്കെ കൊടുത്തു. മുഴപൊട്ടി ഒലിക്കാന്‍ തുടങ്ങി.
”പഴുപ്പ് പോകുന്നതാ. ഉടനെ ശമനമുണ്ടാകും.” വൈദ്യന്‍ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ അവര്‍ മരിച്ചു. അസുഖം പ്രകടമായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ആള്‍ പോയതിനാല്‍ ആരും പിന്നീട് രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും ഒന്നും ഓര്‍ത്തില്ല. പെട്ടെന്ന് രോഗം വന്ന് ആള്‍ മരിച്ചു. അത്ര തന്നെ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക