April 20, 2025 |
Share on

കുടിയേറ്റക്കാരുമായെത്തിയ യുഎസ് വിമാനങ്ങൾ തടഞ്ഞ് കൊളംമ്പിയ; പ്രതികാര നടപടികളുമായി ട്രംപ്

എന്തൊക്കെ പ്രതികാര നടപടികളാണ് കൊളംബിയയ്ക്കെരെ നടത്തുകയെന്നും ട്രംപ് പ്രഖ്യാപിച്ചു

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട കൊളമ്പിയൻ ജനതയുമായി എത്തിയ രണ്ട് യുഎസ് സൈനിക വിമാനങ്ങളുടെ ലാൻഡിങ്ങ് തടഞ്ഞ് കൊളംമ്പിയൻ പ്രസിഡന്റ് ​ഗുസ്താവോ പെട്രോ. തുടർന്ന് ഗുസ്താവോ പെട്രോയുടെ പുതിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി.

നിയമവിരുദ്ധ കുറ്റവാളികളുമായി എത്തിയ വിമാനമായിരുന്നു അത്. ഇപ്പോഴും ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത കൊളമ്പിയയിലെ സോഷ്യലിസ്റ്റ് നേതാവായ ഗുസ്താവോ പെട്രോ, വിമാനങ്ങൾ കൊളംമ്പിയയിൽ ലാന്റ് ചെയ്യുന്നത് തടഞ്ഞു. യുഎസിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന നടപടിയാണ് പെട്രോയുടെയെന്നും അടിയന്തിരവും നിർണായകവുമായ പ്രതികാര നടപടികൾ അമേരിക്ക സ്വീകരിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ നെറ്റ്വർക്കിൽ കുറിച്ചു.

എന്തൊക്കെ പ്രതികാര നടപടികളാണ് കൊളംബിയയ്ക്കെരെ നടത്തുകയെന്നും ട്രംപ് പ്രഖ്യാപിച്ചു. കൊളംബിയൻ കയറ്റുമതിയിൽ 50% വരെ താരിഫ് ഇരട്ടിയാക്കും. കൊളംബിയൻ ഉദ്യോഗസ്ഥർക്കും സഖ്യകക്ഷികൾക്കുമുള്ള വിസ നിരോധിക്കുകയും അസാധുവാക്കുകയും ചെയ്യും. യുഎസിലേക്ക് പ്രവേശിക്കുന്ന കൊളംബിയൻ പൗരന്മാരുടെയും ചരക്കുകളുടെയും കർശന പരിശോധനകൾ നടത്തും, തുടങ്ങിയവയാണ് കൊളംബിയക്കെതിരെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ. ഈ നടപടികൾ ഒരു തുടക്കം മാത്രമാണെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ പ്രതികാര നടപടികൾക്ക് മറുപടിയായി, യുഎസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 25% വർദ്ധിപ്പിക്കാൻ പെട്രോ ഉത്തരവിട്ടു. സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് താരിഫ് ഏർപ്പെടുത്തിയിട്ടുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പകരം ദേശീയ ഉൽപ്പാദനം കൊണ്ടുവരാനുള്ള പദ്ധതികളും പെട്രോ പ്രഖ്യാപിച്ചു. കൊളംബിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസ്, കൊളംബിയയിലേക്ക് ക്രൂഡ് ഓയിൽ, കാപ്പി, പൂക്കൾ തുടങ്ങിയ ചരക്കുകൾ കയറ്റുമതി ചെയ്തിരുന്നു.

കുടിയേറ്റക്കാരൻ ഒരു കുറ്റവാളിയല്ല, അവരോട് മാന്യമായി പെരുമാറണം. ചങ്ങലയിട്ട ബ്രസീലിയൻ കുടിയേറ്റക്കാരുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് യുഎസ് നാടുകടത്തൽ രീതികളെ പെട്രോ വിമർശിച്ചു.

കുടിയേറ്റക്കാരെ സിവിലിയൻ വിമാനങ്ങളിൽ നാടുകടത്തണമെന്നും കുടിയേറ്റക്കാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കരുതെന്നും പെട്രോ അറിയിച്ചു. മടങ്ങിവരുന്ന കുടിയേറ്റക്കാർക്കായി രാഷ്ട്രപതിയുടെ വിമാനവും അദ്ദേഹം ലഭ്യമാക്കി.

വിമാനങ്ങൾ വായുവിൽ ആയിരിക്കുമ്പോൾ പെട്രോ ഫ്ലൈറ്റ് അനുമതി റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു. ഇത് വഞ്ചനാപരമാണെന്നും ഇത്തരം നടപടികൾ തൻ്റെ ഭരണകൂടം വെച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു.

യുഎസ് നാടുകടത്തൽ വിമാനങ്ങളെച്ചൊല്ലിയുള്ള തർക്കം പലയിടത്തും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മെക്സിക്കോയും സമാനമായ വിമാനം നിരസിച്ചതായി റിപ്പോർട്ടുണ്ട്. ലൂസിയാനയിലെ അലക്‌സാൻഡ്രിയയിൽ നിന്ന് ബ്രസീലിലെ ബെലോ ഹൊറിസോണ്ടിലേക്കുള്ള നാടുകടത്തൽ വിമാനങ്ങൾ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പാനമയിലും മനാസിലും ഇറക്കേണ്ടി വന്നു. എന്നാൽ ബ്രസീൽ സർക്കാർ ഇടപെട്ട് വ്യോമസേനയുടെ വിമാനം അയച്ച് കുടിയേറ്റക്കാരെ രാജ്യത്തെത്തിക്കുകയായിരുന്നു. ആറ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ശനിയാഴ്ച രാത്രി ബെലോ ഹൊറിസോണ്ടിലെത്തി.

നാടുകടത്തപ്പെട്ടവരോടുള്ള അപമാനകരമായ പെരുമാറ്റം സംബന്ധിച്ച് ഔപചാരികമായി പരാതി നൽകുമെന്ന് ബ്രസീലിൻ്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈവിലങ്ങുകളും ലെഗ് അയണുകളും ഉപയോഗിക്കുന്നതിലൂടെ 2017 ലെ കരാർ ലംഘിച്ചുവെന്നും യുഎസ് ഏജൻ്റുമാർ നാടുകടത്തപ്പെട്ടവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുവെന്നും ബ്രസീൽ സർക്കാർ പറഞ്ഞു.

Content Summary: Colombia blocks US deportation flights, prompting retaliation from Trump
Donal trump Gustavo Petro deportation flights 

Leave a Reply

Your email address will not be published. Required fields are marked *

×