മെഡിക്കല്‍ കോളേജ് വരാന്തയും ബാങ്കിലെ കാഷ്യര്‍ കാബിനും എഴുത്തിടങ്ങളാക്കിയ ജോണ്‍ പോള്‍

നമ്മുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കള്‍ക്കെല്ലാം തന്റേതായ ഒരു എഴുത്തിടം ഉണ്ടാകില്ലേ...!
 
ezhuthidangal

നമ്മുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കള്‍ക്കെല്ലാം തന്റേതായ ഒരു എഴുത്തിടം ഉണ്ടാകില്ലേ...! ഒരു പക്ഷെ അത് സ്വന്തം വീട്ടിലെ ഒരു മുറിയാകാം, എതെങ്കിലും ഹോട്ടല്‍ മുറിയോ, ഗസ്റ്റ് ഹൗസോ റസ്റ്റ് ഹൗസോ ആകാം. അങ്ങനെ ഏതെങ്കിലും ഒരിടം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തിടമായി അവര്‍ക്കുണ്ടാകില്ലേ! അങ്ങനെ അല്ലാത്തവരും കാണും. എങ്കിലും നമ്മള്‍ നെഞ്ചോടു ചേര്‍ത്ത് കൊണ്ട് നടക്കുന്ന കഥകളും കഥാപാത്രങ്ങളുമൊക്കെ അക്ഷരങ്ങളായി പിറന്നു വീണത് എവിടെയായിരുന്നു എന്നറിയാനുള്ള കൗതുകം എല്ലാവരിലും കാണില്ലേ, ആ കൗതുകമാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ന് ജോലി ചെയ്തിരുന്ന മാസികയില്‍ ' എഴുത്തിടങ്ങള്‍' എന്നൊരു പരമ്പര ചെയ്യാന്‍ പ്രേരണയായത്.

ആരില്‍ നിന്നും തുടങ്ങണം എന്നാലോചനയില്‍ ഒരു പേര് മാത്രമെ മനസില്‍ വന്നുള്ളൂ; ജോണ്‍ പോള്‍. അദ്ദേഹത്തിന്റെ സിനിമകളും, മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ അടക്കം പങ്കുവച്ചിരുന്ന ഓര്‍മകളും അത്രമേല്‍ ജോണ്‍ പോള്‍ എന്ന രചയിതാവിനെ പ്രിയപ്പെട്ടവനാക്കിയിരുന്നു. ഒരു സുഹൃത്തില്‍ നിന്നും സംഘടിപ്പിച്ച ലാന്‍ഡ് നമ്പരില്‍ അദ്ദേഹത്തെ വിളിക്കുമ്പോള്‍, ഉള്ളില്‍ ആശങ്ക ചെറുതല്ലാതായി ഉണ്ടായിരുന്നു. വീട്ടില്‍ വരൂ, നേരിട്ട് സംസാരിക്കാമെന്ന് സ്‌നേഹഭരിതമായ ക്ഷണം. 2012 ഡിസംബറിലെ ഏതോ ഒരു വൈകുന്നേരമാണ് അദ്ദേഹത്തെ ജീവിതത്തിലാദ്യമായി നേരില്‍ കാണുന്നത്. ഉള്ളിലെ ആശയം പങ്കുവച്ചപ്പോള്‍, സശ്രദ്ധം കേട്ടിരുന്നു. അത്രയൊന്നും നീണ്ടുപോകാതിരുന്ന ആ കൂടിക്കാഴ്ച്ച അവസാനിപ്പിച്ച് അദ്ദേഹം യാത്രയാക്കിയത്, ഞാനൊന്ന് നോക്കട്ടെ, രണ്ട് ദിവസം കഴിഞ്ഞു വിളിക്കൂ എന്നു പറഞ്ഞായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ടു വിളിക്കേണ്ടി വന്നില്ല, വിളി ഇങ്ങോട്ടു വന്നു. 'നാളെ തോപ്പുംപടിയില്‍ വരിക, എഴുതിയത് തരാം'. പിറ്റേദിവസം തോപ്പുംപടിയിലെ ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വച്ച് നീട്ടിയ കവറില്‍ രണ്ടായി മടക്കിയ വെള്ളപ്പേപ്പറുകളില്‍ ആ മഹാനായ എഴുത്തുകാരന്റെ അനുഭവങ്ങളായിരുന്നു; സ്വന്തം കൈപ്പടയില്‍ എഴുതിയത്. അദ്ദേഹം തന്നെ ഇട്ടിരുന്ന ' മനസിലെ ധ്യാനമുറി' എന്ന തലക്കെട്ടോടെ അത് ' എഴുത്തിടങ്ങള്‍' എന്ന പരമ്പരയിലെ ആദ്യ ഭാഗമായി 2013 ജനുവരിയില്‍ പ്രസിദ്ധീകരിച്ചു. വീണ്ടുമൊരിക്കല്‍ കൂടി ആ അനുഭവക്കുറിപ്പ് എല്ലാവര്‍ക്കും വേണ്ടി പൂര്‍ണരൂപത്തില്‍ പങ്കുവയ്ക്കുകയാണ്.


എന്റെതായ ഒരു എഴുത്തിടം; നിഷ്ഠകള്‍, താത്പര്യങ്ങള്‍, അന്തരീക്ഷം... പറയുമ്പോള്‍ കൗതുകവും താത്പര്യവും അഭിനിവേശവും തോന്നുന്നു. അങ്ങനെ ചിലത് ലഭ്യമാകുമ്പോള്‍ അതിലൂടെ അനുഭവവേദ്യമാകുന്ന പ്രത്യേക പരിഗണന... ഞാന്‍ എനിക്കായി ചാര്‍ത്തിയെടുക്കുന്നതും മറ്റുള്ളവര്‍ അനുവദിച്ചു തരുന്നതും...അതാഹ്ലാദകരമാണ്.
 
ചിലര്‍ക്കിഷ്ടം ചില പ്രത്യേകതരം നിറം കടലാസുകളാണ്. മഷിയും പേനയും ഇന്നതു വേണമെന്നു നിഷ്ഠയുള്ളവരുണ്ട്. എഴുത്ത് മേശ, അതിന്റെ ചെരിവ്, എഴുത്തു പലക, ഇരിപ്പിടം, അതിന്റെ ചാരിയില്‍ വിരിക്കുന്ന ടര്‍ക്കി, ജനല്‍ വിരി, ജാലകക്കാഴ്ച്ചയില്‍ എത്തുന്ന പ്രകൃതിയിലെ പച്ചപ്പ്, നിറമുള്ള പൂക്കള്‍...കടന്നു വരുന്ന കാറ്റ്, അതിലെ സുഗന്ധം...അങ്ങനെ ഇഷ്ടങ്ങളും നിഷ്ഠകളും വൈവിധ്യമാര്‍ന്നവയാണ് പലര്‍ക്കും. അങ്ങിനെ ചിലത് വായിക്കുമ്പോള്‍ അവരോട് ആദരവ് തോന്നിയിട്ടുമുണ്ട്. പക്ഷെ അങ്ങിനെ ഒരു വിധ ്രപതിപത്തികളും ്രപത്യേകമായില്ലാത്തതിന്റെ പേരില്‍ ഒരിക്കലും സ്വയംനിന്ദ തോന്നിയിട്ടില്ല. ഞാനൊരു കള്‍ട്ടിവേറ്റ്ഡ് റൈറ്റര്‍ ആയതുകൊണ്ടാകാം ്രപയോഗ്രപയുക്തിക്കപ്പുറം മറ്റു നിഷ്ഠകള്‍ ശഠിക്കാത്തത്. അതൊക്കെ ബോണ്‍ റൈറ്റര്‍ക്ക് അവകാശപ്പെട്ട ആഢംബരങ്ങളാകാം; അറിയില്ല.


ഓരോ സാഹചര്യങ്ങളില്‍ ഓരോ സ്ഥലത്തിരുന്ന് എഴുതിപ്പോരുന്നു. വീട്ടിലിരുന്നാകാം. ഒരു വിരോധവുമില്ല. വീടുവിട്ടൊരിടമാകാം. എഴുത്ത് വേ
ളയില്‍ സ്വാസ്ഥ്യം ്രപധാനമാണ.് അതുപക്ഷെ മാനസികവും അതിനാല്‍ ആപേക്ഷികവുമല്ലേ... സ്വന്തം ഒരിടം എന്ന തോന്നല്‍ നല്ലതാണ്. അതുതേടി സ്വന്തം മാളം വിട്ടു പകരം ഇടംതേടുന്നത് ്രപായോഗിക സൗകര്യങ്ങളുടെ മാ്രതം പേരിലാണ്. അലോസരങ്ങളും മറ്റ് ഇടപെടലുകളും ഉണ്ടാവരുത് ഏകാ്രഗത വേണം. അതു പക്ഷെ മനസ് നേടിയെടുക്കുന്നതും നേടിയെടുക്കേണ്ടതുമാണ.് ഹോട്ടല്‍ മുറികളിലും ഗസ്റ്റ് ഹൗസിലും ചങ്ങാതിക്കൂട്ടം വന്നു നിറഞ്ഞ് ഏകാ്രഗതയ്ക്ക് ്രഭംശം വന്ന സന്ദര്‍ഭങ്ങള്‍ എ്രതയോ ഉണ്ട്. ബഹളമയമായ ആരവങ്ങള്‍ക്കിടയില്‍ മനസ് അതിലൊന്നും കുരുങ്ങാതെ എഴുതേണ്ടതിലും എഴുതുന്നതിലും മാ്രതം ജാഗരൂകമാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. മെഡിക്കല്‍ കോളേജിന്റെ വാര്‍ഡില്‍ വരാന്തയിലെ ജനല്‍ക്കല്‍ റൈറ്റിംഗ് പാഡ് വച്ച് മരുന്നിന്റെയും സ്പിരിറ്റിന്റെയും ഗന്ധവീചികളില്‍ നിന്ന് മനസ്സിനെ വിടര്‍ത്തി നിന്നുകൊണ്ട് എഴുതിയ സന്ദര്‍ഭങ്ങളുമുണ്ട്. ബാങ്കില്‍ കാഷ്യറായിരുന്ന നാളുകളില്‍ വൈകിട്ട് ഷൂട്ട് ചെയ്യേണ്ട ഒരു സീന്‍ മാറ്റിയെഴുതേണ്ട അത്യാവശ്യം വന്നു. കാഷ്യറുടെ ക്യാബിന്‍ എഴുത്തുപുരയായി. അവയൊക്കെ ഓരോ അനുഭവങ്ങള്‍. അവയെ സാമാന്യവത്കരിക്കാന്‍ വയ്യ. 

ആലുവ പാലസില്‍ ഇരുന്ന് ഞാന്‍ ചില തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. പാലസിന് തീരെ രാശിയില്ലെന്ന് മുന്നറിയിപ്പു തന്നു ഒരു ചലച്ചി്രതസുഹൃത്ത്. എഴുതിയതില്‍ ചിലതു വന്‍വിജയങ്ങളായി. നല്ല ഖ്യാതി നേടിത്തന്നു. മറ്റു ചിലത് വന്‍ ദുരന്തങ്ങളായി. രണ്ടിലും പാലസിന്റെ പങ്കു പക്ഷെ നിര്‍ദ്ദോഷമല്ലേ. ജയിച്ചതും തോറ്റതും നന്നായതും നന്നാവാതെ പോയതും രചനകളാണ്. രാശിയുടെ പേരില്‍ പാലസ് വേണ്ടെന്ന് ഉപദേശിച്ച ചങ്ങാതി പിറ്റേവര്‍ഷം പാലസിലിരുന്നു പുതിയ ചി്രതത്തിന്റെ എഴുത്ത് ജോലികള്‍ നടത്തുന്ന കാഴ്ചയും ഞാന്‍ കണ്ടു.  

ഷൊര്‍ണൂരിലും വടക്കാഞ്ചേരിയിലുമുള്ള റസ്റ്റ് ഹൗസും ഗസ്റ്റ് ഹൗസും എ്രതയോകാലമായി തലമുറകളുടെ ഇഷ്ടസങ്കേതങ്ങളാണ്. ആലുവ പാലസിനെക്കുറിച്ച് പറഞ്ഞത് ഇവയെ സംബന്ധിച്ചിടത്തോളവും സത്യമാണ്. ബഷീറിനെ ഒരിക്കല്‍ ചികിത്സയ്ക്കായി എംടിയും ശോഭന പരമേശ്വരന്‍ നായരുമൊക്കെ ചേര്‍ന്നു വല്ലപ്പുഴ വൈദ്യരുടെ അടുക്കല്‍ കൊണ്ടുവന്നു. കുറച്ചുകാലം അവിടെ താമസിച്ചുവേണം ചികിത്സ. ബഷീര്‍ ആണെങ്കില്‍ ആകെ ഇടഞ്ഞുനില്‍ക്കുന്നു. അനുനയപ്പെടുത്തുവാന്‍ തുനിഞ്ഞ ശിഷ്യരോടു ബഷീര്‍ അവിടെ അഡ്മിറ്റാകുവാന്‍ സമ്മതിക്കുന്നതിനു പറഞ്ഞ മുന്‍വ്യവസ്ഥ ജനാലപ്പാളി തുറന്നാല്‍ ആകാശം കാണാവുന്ന മുറി വേണമെന്നായിരുന്നു. തിരക്കഥാകൃത്തായി രണ്ടാമതൊരു ഊഴം തേടി മദിരാശിയിലെത്തിയ പി ജെ ആന്റണി മരണത്തിനു തലേന്നാള്‍ സഹചാരിയോടു ഖേദമായി പറഞ്ഞത് താമസിക്കുന്ന ലോഡ്ജ് മുറിയില്‍ സൂര്യ്രപകാശം നേരിട്ടു കടന്നുവരുന്ന ജനാലയില്ലെന്നായിരുന്നു. 

ബഷീറും ആന്റണിയുമൊക്കെ അവരുടെ മികച്ചതെന്നു നാം വാഴ്ത്തുന്ന എഴുത്തുകള്രതയും എഴുതിയത് ഈ ഇഷ്ടവട്ടത്തിലിരുന്നായിരുന്നോ? ഹരിക്കേന്‍ വിളക്കിന്റെയും ടേബിള്‍ ലാമ്പിന്റെയും അരണ്ട വെളിച്ചത്തിലും സൗകര്യം ഏതുമില്ലാത്ത മുറിമൂലകളില്‍ ഭിത്തിയോട് ചേര്‍ത്തിട്ട മേശയില്‍ കസേര ചേര്‍ത്തു മുനിഞ്ഞിരുന്നിട്ടുമൊക്കെയായിരുന്നില്ലേ?

എഴുതിയതെന്തെന്നേ കാലം ഗൗനിച്ചുള്ളൂ. എഴുതിയതെവിടെയിരുന്ന്, ഏതുനിറത്തില്‍, തരത്തില്‍ എന്നത് എഴുതിയ ആളുടെ വ്യക്തിപരമായ കാര്യമാണ്; സൗകര്യമാണ്; ഇച്ഛയാണ്. അത് സാമാന്യവത്കരിക്കാന്‍ ആവില്ല. 

എംടിയുടെ ആദ്യതിരക്കഥ 'മുറപ്പെണ്ണ്' വള്ളുവനാടന്‍ ഭാഷയിലായതിന്റെ പേരില്‍ ചലച്ചി്രതമാക്കുവാന്‍ സാമ്പത്തിക പിന്‍ബലം കിട്ടാതെ വര്‍ഷങ്ങളോളം കൈയില്‍ സൂക്ഷിക്കേണ്ടിവന്നതിന്റെ കഥ ശോഭന പരമേശ്വരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. അന്നാളുകളിലെങ്ങോ മറ്റൊരു ചി്രതത്തിനുവേണ്ടി ലൊക്കേഷന്‍ കണ്ടു പി ഭാസ്‌കരനോടൊപ്പം മടങ്ങും വഴി കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ പോകുമ്പോള്‍ താഴെ പുഴയുടെ അവസ്ഥ കണ്ട് ഭാസ്‌കരകവി അപ്പോള്‍ തന്നെ ബെര്‍ക്ക്‌ലി സിഗററ്റ് പാക്കറ്റിലെ തങ്കക്കടലാസിന്റെ ഒരു വശത്ത് ഓടുന്ന വണ്ടിയിലിരുന്ന് കുറിച്ച വരികളാണ് മുറപ്പെണ്ണിന്റെ ജീവധാരയായ ഗാനമായി മാറിയത്, 'കരയുന്നോ പുഴ ചിരിക്കുന്നോ/ഒരുമിച്ചു ചേര്‍ന്നുള്ള കൈവഴികള്‍ പിരിയുമ്പോള്‍/കരയുന്നോ പുഴ ചിരിക്കുന്നോ...'

സമാനമായ ഒരു സാക്ഷ്യം വയലാറിനെക്കുറിച്ച് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞതുമോര്‍ക്കുന്നു. രാവിലെ റിക്കാര്‍ഡ് ചെയ്ത് ഉച്ചതിരിഞ്ഞു ഷൂട്ട് ചെയ്യേണ്ട ഒരു ഗാനം. വരികള്‍ എഴുതിക്കിട്ടിയിട്ടുവേണം ചിട്ടപ്പെടുത്തി റിക്കാര്‍ഡിംഗ് നടത്താന്‍. വയലാറിന്റെ മുറിയിലെ ഘോഷരാവില്‍ ചങ്ങാതിവൃന്ദം പിരിഞ്ഞപ്പോള്‍ പാതിരാ കഴിഞ്ഞു. കവി കിടന്നുറക്കമായി. പുലര്‍ച്ചയ്ക്ക് ക്ഷോഭം ഇരച്ചുകയറിയ മുഖവുമായി സംഗീതകാരന്‍ വിളിച്ചുണര്‍ത്തിയപ്പോള്‍ ഉറക്കച്ചടവു വിട്ടു കവിളില്‍ ഒരു കള്ളച്ചിരിയുടെ മിനുക്കത്തോടെ ്രപിയകവി പറഞ്ഞുപോലും '' മറന്നിട്ടില്ല, ദാ ഉടനെ തരാം..'-' വാതില്‍ക്കല്‍ വന്നു കിടന്ന രാവിലത്തെ ഹിന്ദുപ്രതവുമെടുത്തു ടോയ്‌ലെറ്റില്‍ പോയ കവി പത്തുനിമിഷം കഴിഞ്ഞ് മടങ്ങിവന്നത് പെന്‍സില്‍ കൊണ്ട് അന്നത്തെ വാര്‍ത്തയുടെ വക്കിലെഴുതിയ നാലുവരികളുമായാണ്, '' ഇതുവച്ചു തുടങ്ങൂ...അപ്പോഴേക്കും ബാക്കി എത്തിയ്ക്കാം.'-' വരികള്‍ വായിച്ചപ്പോള്‍ മനസ്സിലൂറിയ വിസ്മയവും ഇഷ്ട കവിയോടുള്ള ആരാധനയും മാസ്റ്റര്‍ എപ്പോഴുമോര്‍ക്കുമായിരുന്നു.''സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന/സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍/സ്വര്‍ഗ്ഗസീമകള്‍ ഉമ്മവയ്ക്കുന്ന/സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍'-'-സൊറ വര്‍ത്തമാനങ്ങള്‍ക്കും അലസനടത്തയ്ക്കുമിടയില്‍ പെട്ടെന്ന് വെളിപാടുണര്‍ന്ന് സ്വന്തം തുടയില്‍ ആഞ്ഞടിച്ച് കാണുന്ന തുണ്ടു കടലാസില്‍ തിടുക്കപ്പെട്ട് എഴുതുന്ന വരികള്‍ കൊണ്ട് നമ്മെ മോഹിപ്പിക്കുക കാവാലത്തിന്റെ ഒരു ്രപത്യേകതയാണ.് ഇങ്ങനെയൊന്നുമല്ലാതെ ചിട്ടവട്ടങ്ങള്‍ ഇണങ്ങി ഇണക്കി കവികള്‍ ചൊവ്വേയിരുന്ന് എഴുതിയ മനോഹരങ്ങളായ കവിതകള്‍ നിരവധി വേറെയുമുണ്ട്. ഏതിനെയാണ് സാമാന്യവത്കരിക്കുക! 

പറഞ്ഞുകൊടുത്ത് സീനുകളും സംഭാഷണങ്ങളും എഴുതിക്കുന്നവരുണ്ട്. ഡിക്ടാ ഫോണില്‍ പറഞ്ഞ് റിക്കാര്‍ഡ് ചെയ്ത് പിന്നീട് പകര്‍ത്തിക്കുന്നവരുണ്ട്. നേരിട്ട് കമ്പ്യൂട്ടറില്‍ എഴുതുന്നവരുണ്ട്. എനിക്ക് പക്ഷെ കടലാസില്‍ പേനയെടുത്ത് ഞാന്‍ സ്വയം എഴുതണം. അങ്ങിനെയേ കഴിയൂ. ഇതില്‍ ചിലതു ശരിയെന്നും ബാക്കി ശരിയല്ലെന്നും എങ്ങിനെ പറയും! ഒരിക്കല്‍ ചെറുതുരുത്തി റസ്റ്റ് ഹൗസില്‍ മുറിയെടുത്തപ്പോള്‍ മമ്മദിക്ക പറഞ്ഞു-'' ഈ മുറിയിലിരുന്നാണ് മൂപ്പര് (എംടി) രണ്ടാമൂഴം എഴുതിയത്'-'ആ മുറിയിലിരുന്നാണ് പണ്ട് താന്‍ 'ഓളവും തീരവും' എഴുതിയതെന്ന് എംടി ഓര്‍ക്കുന്നുണ്ടാവില്ല. എപ്പോഴോ ഒരുമിച്ച് ആ മുറിയില്‍ തങ്ങുമ്പോള്‍ പി എന്‍ പറഞ്ഞിട്ടുള്ള ഓര്‍മ്മയാണ് അതെനിക്ക്. എന്നു കരുതി അതുകേട്ട് ആ മുറിയിലിരുന്ന് ഒരുമ്പെട്ട് ഉടനെ ഞാനൊരു നോവലെഴുതിയാല്‍ അതൊരു 'പത്താമൂഴം' പോലുമാവില്ല. എന്നാലും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ചെന്നുപെടുമ്പോള്‍ അതൊന്നും എന്റെ എഴുത്തിനെ സ്വാധീനിക്കാറില്ലെങ്കിലും ഒരു ്രപത്യേക അനുഭൂതി മനസ്സില്‍ നിറയാറുണ്ട്. അതു സത്യം. ജനലിനോട് ചേര്‍ത്തിട്ട മേശ, പുറത്തുനോക്കിയാല്‍ കാണുന്ന ആകാശം,അവിടേയ്ക്കു നോക്കിയെരിയുന്ന ബീഡിയുടെ ധൂമവലയങ്ങള്‍ പുറത്തേയ്ക്കൂതിവിട്ട് കഥാപാ്രതങ്ങള്‍ക്കും വാക്കുകള്‍ക്കും ബിംബങ്ങള്‍ക്കുമിടയിലെ സമസ്യകളില്‍ ധ്യാനനിമഗ്നനായിരിക്കുന്ന എംടിയെ സങ്കല്‍പ്പിക്കുമ്പോള്‍ ഒരു തീര്‍ത്ഥക്കരയിലെത്തിയ ്രപതീതി തോന്നും. അപ്പോഴും അവിടെ ബാക്കി നില്‍ക്കുന്നുവെന്നു മനസ്സുകണ്ടെത്തുവാന്‍ ്രശമിക്കുന്ന ബീഡി ഗന്ധം നാസാരന്ധ്രങ്ങള്‍ ചികഞ്ഞെടുക്കും.

കല്‍ക്കത്തയില്‍ ഗുരുദേവന്റെ മന്ദിരത്തില്‍ അദ്ദേഹത്തിന്റെ എഴുത്തുമുറിയിലെ കസേരക്കയ്യിലെ എഴുത്തുപലകയില്‍ കണ്ണടയ്ക്കു സമീപം
ഒതുക്കിവച്ച പഴയ പേനകാണുമ്പോള്‍ കടന്നുവരുന്ന കാറ്റില്‍ രബീ്രന്ദ സംഗീതം മര്‍മ്മരമായി കാതിലെത്തുംപോലെ...മാസങ്ങള്‍ക്കു മുമ്പ് അക്കിത്തത്തിന്റെ വീട്ടില്‍ പോയിരുന്നു. നടുവിനു രോഗക്ലേശമുള്ളതുകൊണ്ട് തളത്തില്‍ വിരിവിരിച്ച് കമിഴ്ന്നു കിടന്നുകൊണ്ടാണ് ഇപ്പോള്‍ ഇത്തിരിയെങ്കിലും എഴുത്ത് എന്ന് കവി പറഞ്ഞപ്പോള്‍ ആ തളത്തില്‍ ചെരുപ്പിട്ട് നില്‍ക്കുന്നതില്‍ കുറ്റബോധം തോന്നി. അത്തരം തിരിച്ചറിവുകളും അനുഭൂതികളുമൊക്കെ സംസ്‌കാരത്തിന്റെ ശീലങ്ങളാണ;് ചിട്ടകളാണ്. എംടിയും പത്മരാജനും തോപ്പില്‍ ഭാസിയും സുരാസുവും പാറപ്പുറത്തും കെ സുരേന്ദ്രനും ജീ യും വൈലോപ്പിള്ളിയും പി ഭാസ്‌കരനും എന്‍ പിയും അടക്കം നിരവധി മഹാരഥന്മാര്‍ എഴുതുന്നത് അടുത്തു നിന്നും അകന്നുനിന്നും കാണുവാനുള്ള ഭാഗ്യനിയോഗമുണ്ടായിട്ടുണ്ട.് അക്കൂട്ടത്തില്‍ എന്റേതെന്ന് പറയുവാന്‍ ഏറ്റവും അവസാനത്തെ വരിയില്‍ ചേര്‍ക്കാനാണെങ്കിലും ഏതെങ്കിലും രീതിവട്ടങ്ങള്‍ നിരത്തുവാന്‍ വയ്യ. ഞാനെഴുതുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ലല്ലോ... കാണുന്നില്ലല്ലോ...മനസ്സിലെ ധ്യാനമുറി തന്നെയാണ് അനുഭവത്തില്‍, ഫലത്തില്‍, സത്യത്തില്‍ ഏറ്റവും നല്ല എഴുത്തിടം. അതിനെ ഭൗതികമായി എവിടെ ്രപതിഷ്ഠിക്കുന്നു എന്നുള്ളത് രണ്ടാമതേവരുന്നുള്ളൂ. അവിടെ ശീലങ്ങളും ആഭിമുഖ്യങ്ങളും പറയാനാവാത്തത് അവ എന്നെ സംന്ധിച്ചെടുത്തോളം ചര്‍ച്ചകളായി ആവര്‍ത്തിക്കപ്പെടാത്തതുകൊണ്ടുകൂടിയാണ്. ഓരോ പുതിയ അക്ഷരവും ഓരോ പുതിയ എഴുത്തും സ്വന്തം വഴി വികസിച്ചു കൊണ്ടാണല്ലോ എന്നും തെളിയുന്നത്.