ജനറല്‍ റാവത്തിനെക്കുറിച്ചുള്ള വികാരരഹിതമായ വിലയിരുത്തല്‍ ജനാധിപത്യപരമായ അനിവാര്യതയാണ്

ജനറല്‍ റാവത്ത്, സാം മനേക്ഷയെപ്പോലെ ഒരു യുദ്ധ വീരനോ എയര്‍ മാര്‍ഷല്‍ അര്‍ജുന്‍ സിംഗിനെപ്പോലെ ആളുകള്‍ക്കിടയില്‍ പ്രഗത്ഭനായ നേതാവോ ആയിരുന്നില്ല
 
bipin rawat

ജനറല്‍ ബിപിന്‍ റാവത്തിനുവേണ്ടിയുള്ള പരമ്പരാഗത ഹിന്ദു വിലാപകാലം അവസാനിച്ചിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ സ്വഭാവം വിമര്‍ശനാര്‍ത്ഥം അപഗ്രഥിക്കാന്‍ ശ്രമിക്കുന്നതിന് ഒരു രാഷ്ട്രം എന്ന നിലയില്‍ നാം നമ്മളോട് കടപ്പെട്ടിരിക്കുന്നു. വികാരരഹിതമായ വിലയിരുത്തല്‍ ജനാധിപത്യപരമായ അനിവാര്യതയാണ്.

ജനറല്‍ റാവത്ത്, സാം മനേക്ഷയെപ്പോലെ ഒരു യുദ്ധ വീരനോ എയര്‍ മാര്‍ഷല്‍ അര്‍ജുന്‍ സിംഗിനെപ്പോലെ ആളുകള്‍ക്കിടയില്‍ പ്രഗത്ഭനായ നേതാവോ ആയിരുന്നില്ല. സുന്ദര്‍ജി മാതൃകയില്‍ ഒരു ധീര സൈനികനെ അദ്ദേഹം ഉണ്ടാക്കിയില്ല. ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം ദൃഢമായ ഉജ്ജലവ്യക്തിത്വമായിരുന്നു. എങ്കിലും ഹെലികോപ്റ്റര്‍ അപകടത്തിലെ അദ്ദേഹത്തിന്റെ ദാരുണമായ വേര്‍പാട് യഥാര്‍ഥത്തില്‍ രാജ്യവ്യാപകമായ ദുഃഖം ഉണ്ടാക്കി. സൈന്യാധിപ വര്‍ഗത്തിന്റെ തലവനുവേണ്ടിയുള്ള ദുഃഖ പ്രവാഹം, സൈനിക ശക്തികള്‍ നമ്മുടെ ദേശീയത സങ്കല്‍പ്പത്തെ സ്വാധീനിച്ചതിന്റെ വ്യാപ്തിയെ പറ്റി നമ്മളെ ജാഗരൂകരാക്കേണ്ടതുണ്ട്.

നമ്മുടെ രാഷ്ട്രീയ വര്‍ഗത്തിന് മൊത്തത്തില്‍ ഈ പ്രതിഭാസം ശ്രദ്ധിക്കാന്‍ ആവശ്യമായ ജ്ഞാനം ഉണ്ടെന്നു നമുക്ക് അനുമാനിക്കാനാകുമോ? അതോ ഏതെങ്കിലും തരത്തിലുള്ള ദേശീയ പുനരുജ്ജീവനത്തിന്റെ പ്രധാന ഉപകരണമെന്ന നിലയില്‍ സായുധ സേനയോടുള്ള ഈ പുതിയ ആകര്‍ഷണത്തെ നിലവിലെ ഭരണ സ്ഥാപനം ബോധപൂര്‍വമോ അറിയാതെയോ പരിഗണിച്ചിട്ടുണ്ടോ? കരസേനാ മേധാവിയായും പിന്നീട് സിഡിഎസ് ആയും ജനറല്‍ റാവത്ത്, സേനയില്‍ ആവശ്യമായ ചില പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിന് വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അദ്ദേഹം ചില രാഷ്ട്രീയക്കാര്‍ക്കിടയില്‍ ജനപ്രിയനായിരുന്നത്, അതേ കാരണങ്ങള്‍ കൊണ്ട് തന്നെയാകാം വാചാലനും ഊര്‍ജ്ജസ്വലനുമായ മുന്‍ സൈനിക സമൂഹത്തിന് അദ്ദേഹത്തെ ഇഷ്ടപ്പെടാത്തതും.

ജനറല്‍ റാവത്ത്, പൊതുവെ മാന്യനും മര്യാദയുള്ളവനുമായ ഒരു കുലീന വ്യക്തിത്വമായി  കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹവുമായി ഇടപഴകിയവരില്‍ ചിലരും അദ്ദേഹം ഒരു മതഭ്രാന്തനാണെന്ന വ്യതിരിക്തമായ ധാരണയോടെയാണ് മടങ്ങി വന്നിരുന്നത്. ചിലപ്പോഴൊക്കെ, അദ്ദേഹത്തിന്റെ സ്വകാര്യ ചിന്തകളും മുന്‍ധാരണകളും അദ്ദേഹത്തിന്റെ പൊതുവായ പെരുമാറ്റത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പുഷ്പചക്ര സമര്‍പ്പണ ചടങ്ങ് ഒഴിവാക്കി കഴിഞ്ഞ വര്‍ഷം, ഗൊരഖ്പൂരിലെ ഗോരക്‌നാഥ് ക്ഷേത്രം സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം ചേര്‍ന്നത്. സിഡിഎസ് അതിലൂടെ ഒരു പ്രസ്താവന നടത്തുകയായിരുന്നു. കാവിവസ്ത്രധാരിയായ മുഖ്യമന്ത്രിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഭാവം, തന്ത്രശാലികളായ രാഷ്ട്രീയക്കാരുടെ ലോകത്തുനിന്ന് സായുധ സേനയെ വേര്‍പെടുത്തുന്ന വിലയേറിയതും പവിത്രമായതുമായ സ്ഥാപന സീമകളെ മൃദുവായി നിരാകരിക്കുന്നതായിരുന്നു.

ജനറല്‍മാരുടെ ഇടയില്‍ പ്രിയങ്കരരായി പ്രവര്‍ത്തിക്കുന്ന  രാഷ്ട്രീയക്കാര്‍ക്കെതിരെ നെറ്റി ചുളിക്കുന്നത് രാഷ്ട്രീയമായ ശരിയാണെന്ന് കരുതിയിരുന്ന ഒരു കാലം  നമ്മുടെ റിപ്പബ്ലിക്കില്‍ ഉണ്ടായിരുന്നു. ഉന്നതസ്ഥാനത്തുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയവത്കരിച്ചതിന് വി.കെ കൃഷ്ണമേനോന്‍ വ്യാപകമായി അപകീര്‍ത്തിപ്പെട്ടു. നിലവില്‍ നമ്മള്‍ മൊത്തത്തില്‍ ഒരു യു-ടേണ്‍ നടത്തിയിട്ടുണ്ട്. ഭരണ സ്ഥാപനം സായുധ സേനയെ വശീകരിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ ശ്രമിക്കുന്നത് ഏറെക്കുറെ ദൈവനിന്ദയാണ്. സൈനിക സമൂഹത്തിലെ ഒരു വിഭാഗത്തിനിടയിലെ ഈ ഇഴയുന്ന രാഷ്ട്രീയവല്‍ക്കരണം നമ്മുടെ പുതിയ ആക്രമണ ആരാധനയുടെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നു. ജനറല്‍ റാവത്ത് ആയാസരഹിതമായിതന്നെ ഈ പ്രതിഭാസത്തിന്റെ നായകനായി മാറിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആകസ്മിക മരണം ഭരണപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനറലിനെ മത്സരിപ്പിക്കുക എന്ന ആശയത്തിലേക്ക് ബിജെപിയുടെ ചാണക്യന്‍മാര്‍ നീങ്ങുകയാണെന്ന് വിജ്ഞാന വൃത്തങ്ങളില്‍ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ദൃഢകായകമായ  ഇന്ത്യയെക്കുറിച്ചുള്ള പഴകിയ വാഗ്ദാനം. ഇത് നിയമാനുസൃതമായ ആഴത്തിലുള്ള പിഴവുള്‍പ്പെടുന്ന തെരെഞ്ഞെടുപ്പ് ഗിമ്മിക്ക് ആയിരുന്നെങ്കിലും, 2014ലെ വി.കെ സിംഗിന്റെ പ്രതിഷ്ഠാപനത്തേക്കാള്‍ കുഴപ്പം പിടിച്ച സംഭവവികാസമാണ്. ഈ ദിശയില്‍ ചിന്തിക്കുന്ന തന്ത്രജ്ഞര്‍ ഇപ്പോള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രവും സായുധ സേനയിലെ ചില വിഭാഗങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഒത്തുചേരലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

ഒരു റിപ്പബ്ലിക്ക് എന്ന നിലയില്‍ മാതൃ രാജ്യത്തെ സംരക്ഷിക്കുവാന്‍ വേണ്ടി യുദ്ധം ചെയ്യുവാനും വേണമെങ്കില്‍ മരിക്കുവാനും സന്നദ്ധരായ ധീരരും അചഞ്ചലരുമായ സൈനികരുണ്ടായിരുന്നുവെന്നതില്‍ എല്ലായ്പോഴും നമ്മള്‍ ഭാഗ്യമുള്ളവരായിരുന്നു. പരമോന്നത ദേശഭക്തിയില്‍ ഊറ്റംകൊള്ളുന്ന ഈ പുരുഷന്മാരും സ്ത്രീകളും ഇന്ത്യന്‍ സായുധ സേനയിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുടെ ചീത്ത ലോകത്തില്‍ നിന്നുള്ള അകലത്തിന്റെയും വേര്‍പിരിയലിന്റെയും പ്രൊഫഷണല്‍ ധര്‍മ്മം അനുഷ്ഠിച്ചു. പ്രായോഗികമായി, ഇത് അര്‍ത്ഥമാക്കുന്നത്, രാഷ്ട്രീയക്കാരുടെ വഴക്കുകളിലും വാഗ്വാദങ്ങളിലും ഉദ്യോഗസ്ഥര്‍ ഇടപഴകുന്നത് സ്ഥിരമായി ഒഴിവാക്കുന്നു എന്നാണ്. അവരുടെ പ്രീണനത്തിലൂടെ കാണാന്‍ ഉള്ള മതിയായ ബോധം അവര്‍ക്കുണ്ടായിരുന്നു. ഉയര്‍ന്ന നേതാക്കന്മാരാല്‍ ഭയപ്പെടുത്താനോ വിഷലിപ്തമായ വാചാലരാല്‍ മയക്കപ്പെടാനോ അവര്‍ സ്വയം അനുവദിച്ചില്ല. അതുപോലെ തന്നെ പ്രധാനമായി, രാഷ്ട്രീയക്കാരെ ഉയര്‍ത്തിക്കാട്ടുന്നതിനോ കേന്ദ്രസ്ഥാനം കണ്ടെത്തുന്നതിനോ ധീരന്മാരായ ജനറല്‍മാര്‍ വഴങ്ങിയില്ല.

നമ്മുടെ തന്ത്രപ്രധാനമായ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സായുധ സേനയുടെ നിയമാനുസൃതമായ ശബ്ദവും പങ്കും റിപ്പബ്ലിക്ക് നിഷേധിച്ചുവെന്ന ഒരു വീക്ഷണത്തിലേക്ക് നാം വൈകിയെത്തിയതായി തോന്നുന്നു. സിവിലിയന്‍ നിയന്ത്രണങ്ങള്‍ക്കും ഭരണഘടന മേല്‍ക്കോയ്മയ്ക്കും മുന്‍ഗണന കൊടുക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ സായുധ സൈന്യത്തിന്റെ നേതൃത്വത്തിന് എത്രമാത്രം സ്വയം ഭരണം ഉണ്ടാകാം എന്ന ചോദ്യത്തിന് ഉത്തരമില്ല. നവഭാരതത്തിന്റെ ഭരണകര്‍ത്താക്കള്‍ ഒട്ടും ആലോചിക്കാതെ സിവില്‍ മിലിറ്ററി സമവാക്യത്തില്‍ ഒരു അസന്തുലിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ, സൈനികരുടെ ത്യാഗത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് മാന്യതയും സ്വീകാര്യതയും തേടണമെങ്കില്‍, റിപ്പബ്ലിക്കിന്റെ കൂട്ടായ വിധി രൂപപ്പെടുത്തുന്നതില്‍ ജനറലുകള്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ ആഗ്രഹിക്കുന്നത് അനിവാര്യമാണ്. ഉദാഹരണത്തിന്, ജനറല്‍ റാവത്തിനു അദ്ദേഹത്തിന്റെ സ്വാധീനമേഖലക്കും അപ്പുറത്തുള്ള പ്രശ്നങ്ങളെ പറ്റി സംസാരിക്കുവാനുള്ള പ്രവണതയുണ്ടായിരുന്നു. പക്ഷേ, ജനാധിപത്യ ഉത്തരവാദിത്തത്തിന്റെ ഭരണഘടനാപരമായ ഭാരം വഹിക്കുന്നവര്‍ അദ്ദേഹത്തെ ശാസിച്ചില്ല. ഒരുപക്ഷേ രാഷ്ട്രീയക്കാര്‍ മെഡല്‍ ചെയ്ത യൂണിഫോമിനെക്കുറിച്ച് ഒരു വിസ്മയം വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയിരിക്കാം. ദേശഭക്തി മത്സരത്തില്‍ ഒരു സൈനികനെ പുറത്താക്കാന്‍ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല.

ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളെ മെരുക്കാന്‍ സായുധ സേനയെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. തങ്ങളുടെ ചിന്തയുടെ പരിശുദ്ധിയും അവരുടെ കളങ്കമില്ലാത്ത നടത്തവും ജനാധിപത്യ ക്രമീകരണങ്ങള്‍ക്ക് വിരുദ്ധമായി കയറാന്‍ തങ്ങള്‍ക്ക് അര്‍ഹത നല്‍കുന്നുവെന്ന് വിശ്വസിക്കുന്ന തീവ്ര നീതിമാന്‍മാര്‍ സേവിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ആദ്യ കേസായിരിക്കാം ജനറല്‍ റാവത്ത്. ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് ജനറല്‍ റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്ന് ബിജെപിയിലെ ഒരു വിഭാഗം മുറവിളി തുടങ്ങിയതില്‍ അതിശയിക്കാനില്ല. ജനറല്‍ റാവത്തിന്റെ പിന്‍ഗാമിയായി സൈനിക ശ്രേണിയില്‍ വരുന്നവര്‍ക്ക്, അദ്ദേഹം വ്യക്തിവല്‍ക്കരിക്കാന്‍ വന്ന പ്രേരണകളെയും മനോഭാവങ്ങളെയും പുറംതള്ളിക്കൊണ്ട് അദ്ദേഹത്തിന് ഏറ്റവും വലിയതും സത്യസന്ധവുമായ സല്യൂട്ട് നല്‍കാം. സായുധ സേനകള്‍ അവരുടെ പരമ്പരാഗത തൊഴില്‍പരമായ സമഗ്രതയിലേക്ക് മടങ്ങണം. ഏതൊരു സൈനികനെ സംബന്ധിച്ചും, ഒരു പ്രൊഫഷണല്‍ സൈന്യം ഒരിക്കലും മോശമായ ഇടപാടല്ല