ചോരയുണങ്ങാത്ത ആലപ്പുഴ
 

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെട്ടിയരിയപ്പെട്ട രണ്ടു മനുഷ്യ ജീവനുകള്‍ കൂടി ആലപ്പുഴയുടെ ചോരക്കണക്കില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു
 
murder alappuzha


കാലങ്ങള്‍ക്കു മുന്നേ ചോര പടര്‍ന്ന മണ്ണാണ് ആലപ്പുഴയുടേത്. ആ ചോര, ചൂഷകര്‍ക്കെതിരേ പോരാടിയ തൊഴിലാളികളുടെതായിരുന്നു. ആ പോരാട്ടങ്ങളെയും അവരൊഴുക്കിയ ചോരയെക്കുറിച്ചും ഇന്നും കേരളം അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. പക്ഷേ, ഇപ്പോള്‍ ആലപ്പുഴയുടെ മണ്ണില്‍ ക്വട്ടേഷന്‍ സംഘങ്ങളും മതരാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് വെട്ടിയൊഴുക്കുന്ന ചോരയ്ക്ക് ഭയത്തിന്റെ, അരക്ഷിതത്വത്തിന്റെ കടുപ്പമല്ലാതെ മറ്റൊന്നും തന്നെയില്ല. കേരളത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയൊരു ജില്ല, ക്രൂരതകളുടെ തലസ്ഥാനമായി മാറിയെന്നത് എത്ര നിര്‍ഭാഗ്യകരം.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍, കിലോമീറ്ററുകളുടെ അകലത്തില്‍ വെട്ടിയരിയപ്പെട്ട രണ്ടു മനുഷ്യ ജീവനുകള്‍ കൂടി ആലപ്പുഴയുടെ ചോരക്കണക്കില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഡിസംബര്‍ 18 നു രാത്രി ഏഴരയോടെയാണ് മണ്ണഞ്ചേരി-പൊന്നാട് റോഡിലെ കുപ്പേഴം ജംഗ്ഷനില്‍ വച്ച് എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോവുകയായിരുന്ന ഷാനിനെയാണ് നടുറോഡില്‍ വെട്ടിയരിഞ്ഞത്. 

എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു ആരോപണം. അങ്ങനെയൊരു ആരോപണം നിലനില്‍ക്കെ തന്നെയാണ് പിറ്റേദിവസം രാവിലെ ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ പ്രഭാത സവാരിക്കെതിരേ ഒരു സംഘം അമ്മയുടെയും മകളുടെയും മുന്നിലിട്ട് പകരത്തിനു പകരമെന്നപോലെ കൊത്തിയരിഞ്ഞത്. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍, ഒന്നാമത്തെ കൊലപാതകം നടന്നിടത്തു നിന്നും അത്രയകലയല്ലാതെ, സമാന രീതിയില്‍ മറ്റൊന്ന് കൂടി; അവിടെയാണാ ഭീകരതയുടെ ആഴം കാണേണ്ടത്.

പകരത്തിനു പകരമായി കൊന്നു തീര്‍ക്കുന്ന മനുഷ്യപ്പകയാണ് കഴിഞ്ഞ കുറെക്കാലമായി ആലപ്പുഴയുടെ മനസില്‍. ആ പകരം വീട്ടല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലാകട്ടെ, ഗൂണ്ടാ സംഘങ്ങള്‍ക്കിടയിലാകട്ടെ, വ്യക്തികള്‍ പരസ്പരമാകട്ടെ-ഒരു മനുഷ്യ ജീവന്റെ ഒടുക്കമാണ് ഫലം. ക്വട്ടേഷന്‍ ഗ്യാങ്ങുകളും അവരുടെ പ്രതികാരങ്ങളുടെയും കഥകള്‍ പറയുമ്പോള്‍ ആദ്യം കൊച്ചിയും പിന്നീടും തിരുവനന്തപുരവുമാണ് സിനിമാക്കാരുടെയടക്കം ആദ്യം ചോയ്‌സുകള്‍. പക്ഷേ, ക്വട്ടേഷന്‍ ബിസിനസില്‍ ഇന്ന് കേരളത്തില്‍ ആലപ്പുഴയാണ് മുന്നിലെന്ന് പറഞ്ഞാല്‍ അതിശയോക്തിയായി കാണേണ്ട. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ കണക്ക് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉണ്ടായിരുന്നത് ആലപ്പുഴയിലായിരുന്നു-336 പേര്‍. ആ കണക്ക് ഇപ്പോള്‍ അതിലുമുയര്‍ന്നിരിക്കുന്നു. 

2019 ല്‍ ' കേരളത്തിലെ രാഷ്ട്രീയ അധോലോകം'  എന്ന പേരില്‍ അഴിമുഖം പ്രസിദ്ധീകരിച്ച പരമ്പരയില്‍ ആലപ്പുഴയിലെ ചോരക്കളികളെ കുറിച്ചായിരുന്നു ഒരു അധ്യായം. ആലപ്പുഴ; കേരളത്തിലെ ഗൂണ്ടകളുടെ രാഷ്ട്രീയം തലസ്ഥാനം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ആ അധ്യായത്തിലെ ഒരു ഭാഗം ഈ കുറിപ്പിനൊപ്പം ചേര്‍ക്കുകയാണ്. ആലപ്പുഴയിലെ രാഷ്ട്രീയം ക്വട്ടേഷന്‍ രാഷ്ട്രീയമായി മാറുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ ഇത് ഉപകരിക്കപ്പെട്ടേക്കാം-'ഞങ്ങളുടെ നേരേ നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് നേരേ ഞങ്ങളും കണ്ണടയ്ക്കും' എന്നാണ് ഗുണ്ടകളുടെ കാര്യത്തില്‍ ആലപ്പുഴയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിസി. ഒളിഞ്ഞും തെളിഞ്ഞും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നതും തട്ടുകേട് പറ്റാതെ സംരക്ഷിക്കുന്നതും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തന്നെ. 'പുറത്തു നടന്നാല്‍ സാമൂഹ്യ വിരുദ്ധരായി നടക്കേണ്ട ചെറുപ്പക്കാരെ ഞങ്ങള്‍ കൂടെക്കൂട്ടി രാഷ്ട്രീയ സാമൂഹ്യ ബോധമുള്ളവരാക്കുകയാണ്' എന്നാണ് ഇതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പറഞ്ഞത്. പുറത്ത് വെറുതെ നടന്നാല്‍ സാമൂഹ്യ വിരുദ്ധരായി തീര്‍ന്നേക്കാവുന്ന ഇക്കൂട്ടരെക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മെച്ചമല്ലാതെ മറ്റൊന്നുമില്ലെന്നും ഇദ്ദേഹം തുറന്ന് സമ്മതിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യും കാലും പിടിച്ചാലും പിരിവ് നല്‍കാന്‍ തയ്യാറാവാത്തവര്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഈ 'മര്യാദരാമന്‍മാരെ' കണ്ടാല്‍ പേടിച്ചിട്ടാണെങ്കിലും ചോദിക്കുന്ന തുക സംഭാവനയായി നല്‍കും. പാര്‍ട്ടി പരിപാടികളിലും സമരങ്ങളിലും പ്രാതിനിധ്യം കൂട്ടാനും ശക്തിപ്രകടനത്തിനും ഇവര്‍ തന്നെ ധാരാളം. ഇതിനെല്ലാം പുറമെ അടി, ഇടി, വെട്ട്, കുത്ത് അങ്ങനെ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ഏത് ജോലിയും വൃത്തിയായി ചെയ്ത് തീര്‍ക്കും. ഗുണ്ടകളെ പരസ്പരം വീതംവച്ച് രാഷ്ട്രീപാര്‍ട്ടിക്കാര്‍ പലതരത്തില്‍ ലാഭമുണ്ടാക്കുമ്പോള്‍ ഗുണ്ടകളെ പിടികൂടണമെന്നും കാപ്പ ചുമത്തി അകത്താക്കണമെന്നും ആവശ്യപ്പെടാനുള്ള ധൈര്യം ഏത് രാഷ്ട്രീയ നേതാവിനുണ്ടാവും?- ഈ ചോരക്കളികള്‍ എന്തുകൊണ്ട് അവസാനിക്കുന്നില്ലെന്ന് ചോദിക്കുന്നവര്‍ക്ക് ഇതൊരു ഉ്ത്തരമായി കാമുമെന്നു കരുതുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് പോപ്പുലര്‍ ഫ്രണ്ട്-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആലപ്പുഴ വയലാറില്‍ നന്ദു 22കാരനെ വെട്ടിക്കൊലപ്പെടുത്തിയത്. നിസാരമായ എന്തോ രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ പതിനഞ്ചു വയസ് മാത്രം പ്രായമുള്ള അഭിമന്യൂവിനെ ഉത്സവ പറമ്പിലിട്ട് കുത്തി കൊന്നതും ഈ ജില്ലയില്‍ തന്നെയാണ്. സിപിഎമ്മിന്റെ രണ്ട് പ്രാദേശിക നേതാക്കളുടെ ജീവതം കത്തിമുനയില്‍ പിടഞ്ഞു തീര്‍ന്നിട്ടും വര്‍ഷം ഒന്നിലധികമായിട്ടില്ല. ഇരുട്ടിന്റെ മറവില്‍ അജ്ഞാതരായി വന്ന് കൊലപാതകം നടത്തുന്ന കാലമൊക്കെ ആലപ്പുഴയില്‍ പഴകിപ്പോയി. പകല്‍ വെളിച്ചത്തില്‍, ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച്, മുഖം മറയ്ക്കാതെ എതിരാളിയെ കുത്തി വീഴ്ത്താനോ വെട്ടിനുറുക്കാനോ ബോംബെറിയാനോ മടിയില്ലാത്തവരാണ് ഇന്ന് ജില്ലയിലുള്ളത്. മയക്കുമരുന്ന് ഉപയോഗത്തിലും വില്‍പ്പനയിലും കേരളത്തിലെ മെട്രോ നഗരങ്ങളെക്കാള്‍ കുപ്രസിദ്ധി ആലപ്പുഴയ്ക്ക് ഇപ്പോഴുണ്ട്. മതവും രാഷ്ട്രീയവും പകരുന്ന ലഹരിക്കു പുറമെയാണ്, കഞ്ചാവും മദ്യവും മുതല്‍ ഹെറോയ്ന്‍ തുടങ്ങിയ വിലയേറിയ ഡ്രഗ്‌സുകള്‍ ഇവിടുത്തെ ക്രിമിനലുകളെ എന്തിനും ധൈര്യമുള്ളവരാക്കി മാറ്റുന്നത്. ഈയടുത്ത വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതും ആലപ്പുഴയിലാണ്. കഴിഞ്ഞ മാസം ഒരു ഗൂണ്ടാ നേതാവിനെ എതിര്‍സംഘം ഇല്ലാതാക്കിയത് ബോംബറിഞ്ഞാണ്. കോടതിക്കുള്ളില്‍ പോലും കൊലവിളി മുഴക്കാന്‍ തക്ക ഭയമില്ലാത്താവരായി മാറിയിട്ടുണ്ട് ജില്ലയിലെ ക്രിമിനലുകള്‍. രാഷ്ട്രീയക്കാര്‍ക്കും, ബിസിനസുകാര്‍ക്കും ഏറെ വേണ്ടപ്പെട്ടവരാണ് ക്വട്ടേഷന്‍സംഘങ്ങള്‍. പറഞ്ഞാല്‍ എന്തും ചെയ്തു തരുന്നവരെ പൊലീസും കോടതയില്‍ നിന്നുമെല്ലാം അവര്‍ രക്ഷിച്ചെടുക്കും, എന്തിന് പൊലീസുകാര്‍ക്ക് വരെ പ്രിയപ്പെട്ട ക്വട്ടേഷന്‍കാരുമുണ്ടിവിടെ. ക്വട്ടേഷന്‍ സംഘാംഗമായി തുടങ്ങി രാഷ്ട്രീയ നേതാവായി വളര്‍ന്നവരും വളരെയുണ്ട്. 'ആലപ്പുഴ; കേരളത്തിലെ ഗൂണ്ടകളുടെ രാഷ്ട്രീയം തലസ്ഥാനം' എന്ന അധ്യായത്തിലെ ഈ ഭാഗം അതിനുള്ള ഉദ്ദാഹരണമാണ്- 'സുദേഷ് (പേര് യഥാര്‍ഥമല്ല) ഒരു തൊഴിലാളിയുടെ മകനായിരുന്നു. ചെറുപ്പത്തില്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നയാള്‍. നാട്ടിലെ ചെറിയ അടിപിടി കേസുകളെല്ലാം ഉള്‍പ്പെട്ടിരുന്ന സുദേഷ് ഒരു ദിവസം ഒരു കേസില്‍ അറസ്റ്റിലായി. ജയിലില്‍ നിന്ന് ഇയാള്‍ പുറത്തിറങ്ങിയത് മറ്റൊരാളായാണ്. പിന്നീടുള്ള ഇയാളുടെ വളര്‍ച്ച കണ്ട് നാട്ടുകാര്‍ പോലും കണ്ണുതള്ളി. നാട്ടുകാര്‍ക്ക് എപ്പോഴും സഹായഹസ്തവുമായി എത്തുന്ന സുദേഷിന് മറ്റൊരു മുഖമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകനായ ഗുണ്ടയെന്നോ ഗുണ്ടയായ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ സുദേഷിനെ വിശേഷിപ്പിക്കേണ്ടതെന്ന് ഇവര്‍ക്ക് സംശയമാണ്. മണല്‍മാഫിയയ്ക്ക് വേണ്ടിയും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ആക്രമണങ്ങളില്‍ ഏറെക്കാലം മുന്‍നിരയില്‍ തന്നെ ഇയാളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് ഇടനിലക്കാരനെന്ന് പറയാവുന്ന ഒരു നിലയിലേക്ക് മാറി. തല്ലാനും കൊല്ലാനും ആളെ അയച്ചുകൊടുക്കുന്ന ക്വൊട്ടേഷന്‍ ബിസിനസുകാരില്‍ ഒരാളാണ് സുദേഷ് ഇന്ന്. കക്കൂസ് മാലിന്യങ്ങള്‍ നിറയ്ക്കാനുള്ള വാഹനങ്ങള്‍ വിട്ടുനല്‍കുന്ന ഇടപാട് മുതല്‍ അത് പൊതുസ്ഥലത്ത് തട്ടുന്നതിന് വരെ നേരിട്ടിറങ്ങുകയും ഇടനിലനില്‍ക്കുകയും ചെയ്യുന്ന ഈ വ്യക്തി ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും പൊതുസമ്മതനുമാണ്. പൊതുപ്രവര്‍ത്തകനായി നാട്ടില്‍ സജീവമാണ് ഇയാള്‍. വലിയ വീടും കോടിക്കണക്കിന് പണം കൈമറിയുന്ന ബിസിനസും രാഷ്ട്രീയ സ്വാധീനവുമുള്ള ഒരാളായി ഇപ്പോള്‍ നാട്ടില്‍ വിലസുന്നു'- ഇതുപോലുള്ള എത്രയെത്ര സുദേഷുമാരുണ്ട് ആലപ്പുഴയില്‍. ഒരു ദിവസം ഇതേ സുദേഷുമാര്‍ കൊല്ലപ്പെട്ടാല്‍, അതൊരു രാഷ്ട്രീയ കൊലപാതകമായി മാറുകയും ചെയ്യും. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം ഉപേക്ഷിച്ച് യൂത്ത്‌കോണ്‍ഗ്രസില്‍ അംഗത്വം നേടിയതിന്റെ പ്രതികാരമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് രേഖകളില്‍ കൊല്ലപ്പെട്ടയാള്‍ നിരവധി അക്രമ കേസുകളില്‍ പ്രതിയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ ബിജെപി പ്രവര്‍ത്തകനായിരുന്നെന്നും സ്ഥിരീകരിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിന്റെ പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ഹര്‍ത്താലും നടത്തി. പിന്നീടുള്ള പോലീസ് അന്വേഷണത്തില്‍ ഗുണ്ടാ സംഘത്തലവനായിരിക്കെ ചെയ്ത അക്രമങ്ങളായിരുന്നു കൊലപാതകത്തിന് വഴിവച്ചതെന്ന വ്യക്തമായി. ക്വട്ടേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് അയാള്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായത്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടിയും അക്രമങ്ങള്‍ നടത്താന്‍ മുന്നില്‍ തന്നെ നിന്നു. ഒടുവില്‍ കത്തിക്ക് ഇരയായി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്ലാസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. റോഡില്‍ സംസാരിക്കുന്നതിനിടെ എന്തോ വാക്കുതര്‍ക്കമുണ്ടായതിന്റെ പേരില്‍ ഒരാള്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉല്ലാസും പ്രതിയും വിവിധ ഗുണ്ടാസംഘങ്ങളില്‍ പെട്ടവരായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഫെബ്രുവരി 10ന് വിഷ്ണു എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടു. ഉല്ലാസിന്റെ മരണം നടന്ന ദിവസം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന കാരണത്താല്‍ ഉല്ലാസിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടപ്പിലാക്കിയതാണ് ചേപ്പാട് സ്വദേശി ജിഷ്ണുവിന്റെ വധം. ജിഷ്ണു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നെങ്കിലും ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതോടെ പകരംവീട്ടലുകള്‍ അവിടംകൊണ്ട് അവസാനിച്ചു. ജിഷ്ണുവും ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തില്‍ പെട്ടയാളായിരുന്നുവെന്ന് പോലീസ് പറയുന്നു.

ആലപ്പുഴയിലെ  എന്ന് അവസാനിക്കുമെന്ന് പറയാന്‍ കഴിയുമോ? ഇനിയൊരു കൊലപാതകം കൂടി നടക്കാതെ നടക്കാന്‍ പൊലീസിന് കഴിയുമോ? എല്ലാം കഴിഞ്ഞശേഷം എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആവേശം കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.. അവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കേണ്ട ഭരണവര്‍ഗമാണെങ്കില്‍ മനുഷ്യ ജീവനുകളെക്കാള്‍ മറ്റു പലതിനുമാണ് പ്രധാന്യം കൊടുക്കുന്നത്. ഇക്കൂട്ടരെല്ലാം കാണിക്കുന്ന നിഷ്‌ക്രിയത്വമാണ് ചോരയുണങ്ങാത്ത മണ്ണായി ആലപ്പുഴയെ മാറ്റുന്നത്.