രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി; കിട്ടുമ്മാവനിലൂടെ മലയാളത്തെ രസിപ്പിച്ച യേശുദാസന്‍

 
Yesudasan

ലളിതമായ വരകളില്‍നിന്ന് രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ വേഗത്തില്‍ വായിച്ചെടുക്കാനാകുമായിരുന്നു

രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാം യേശുദാസനെ. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണുകളുടെ രചയിതാവ്. രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെയും സംഭവങ്ങളെയും നേതാക്കളെയുമൊക്കെ നര്‍മ്മത്തിലും കുറിയ്ക്കുകൊള്ളുന്ന ആക്ഷേപ ഹാസ്യത്തിലുമൊക്കെയായി മലയാളിക്ക് പരിചപ്പെടുത്തിയ കലാകാരന്‍. ആറ് പതിറ്റാണ്ടോളം നീണ്ട വര ജീവിതത്തില്‍, ജനപ്രിയ കാര്‍ട്ടൂണിസ്റ്റുകളില്‍ മുന്നിലായിരുന്നു രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ യേശുദാസന്റെ സ്ഥാനം. യുദ്ധക്കൊതിയനായിരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ആറ്റംബോബുമായി നൃത്തം ചവിട്ടുന്ന കാര്‍ട്ടൂണുമായി വര തുടങ്ങിയ യേശുദാസന്‍ ചിരിയുടെയും ചിന്തയുടെയും നിരവധി 'ആറ്റംബോബു'കളാണ് പിന്നീട് വായനക്കാര്‍ക്ക് സമ്മാനിച്ചത്. 

ജനനം, ആദ്യ കാര്‍ട്ടൂണ്‍ 
1938 ജൂണ്‍ 12ന് മാവേലിക്കരയ്ക്കടുത്തുള്ള ഭരണിക്കാവില്‍ കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി ജനനം. ചക്കാലേത്ത് ജോണ്‍ യേശുദാസന്‍ എന്നായിരുന്നു മുഴുവന്‍ പേര്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്നായിരുന്നു കാര്‍ട്ടൂണ്‍ രംഗത്ത് സജീവമാകുന്നത്. പന്തളം കെ.പിയുടെ പത്രാധിപത്യത്തില്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരു 'അശോക' എന്ന വിനോദമാസികയില്‍, 1955ലാണ് യേശുദാസന്റെ കാര്‍ട്ടൂണ്‍ ആദ്യമായി അച്ചടിച്ചുവന്നത്. യുദ്ധക്കൊതിയനെന്ന് ലോകം വിശേഷിപ്പിച്ചിരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതായിരുന്നു കാര്‍ട്ടൂണ്‍. ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാര്‍ട്ടൂണ്‍ പരമ്പരയായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി. വൈക്കം ചന്ദ്രശേഖരന്‍ നായരായിരുന്നു കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് ചന്തു എന്ന പേരിട്ടത്. എന്നാല്‍ സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവന്‍' പ്രധാന കഥാപാത്രമായ പോക്കറ്റ് കാര്‍ട്ടൂണാണ് യേശുദാസനെ ജനപ്രിയനാക്കിയത്. 

ശങ്കറിന്റെ ശിഷ്യത്വം
1963ല്‍ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡല്‍ഹിയിലെ ശങ്കേഴ്‌സ് വീക്കിലിയില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചു. തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തി. അന്നത്തെ രാജ്യസഭാംഗമായിരുന്ന സി. അച്യുത മേനോന്റെ ആവശ്യപ്രകാരം 1969 മുതല്‍ 'ബാലയുഗം' എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയേറ്റു. പിന്നീട് ശങ്കേഴ്‌സ് വീക്കിലിയുടെ ചുവടുപിടിച്ച് രാഷ്ട്രീയ മാസിക 'അസാധു', സിനിമാ ഹാസ്യമാസികയായ 'കട്ട്-കട്ട്', 'ടക്-ടക്' എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. 1985ല്‍ മലയാള മനോരമ ദിനപത്രത്തില്‍ ചേര്‍ന്നു. 23 വര്‍ഷം അവിടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. തുടര്‍ന്ന് മെട്രോ വാര്‍ത്ത, ദേശാഭിമാനി ദിനപത്രങ്ങളിലും സേവനം അനുഷ്ഠിച്ചു. 

കേരളം കീഴടക്കിയ കിട്ടുമ്മാവന്‍
മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ കൂടിയാണ് കിട്ടുമ്മാവന്‍. വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരമാണ് 1959 ജൂലൈ 19 മുതല്‍'കിട്ടുമ്മാവന്‍' വരച്ചുതുടങ്ങിയത്. 'സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും' അഭിപ്രായം പറയുന്ന കിട്ടുമ്മാവനെ ആളുകള്‍ ഏറ്റെടുത്തു. പൈലി, കാര്‍ത്ത്യായനി, പാച്ചരന്‍ ഭാഗവതര്‍, ചെവിയന്‍ പപ്പു, കാഥികന്‍ കിണറ്റുകുഴി, അയല്‍ക്കാരന്‍ വേലുപിള്ള, ചായക്കടക്കാരന്‍ മമ്മൂഞ്ഞ്, മാത്തനേഡ് എന്നിങ്ങനെ കഥാപാത്രങ്ങളും കിട്ടുമ്മാവനൊപ്പം പ്രത്യക്ഷപ്പെട്ടു. അവര്‍ക്കെല്ലാം മലയാളികളുടെ മനസില്‍ പ്രത്യേക ഇടം ലഭിച്ചു. വനിതയിലെ 'മിസ്സിസ് നായര്‍', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്' 'ജൂബാ ചേട്ടന്‍' എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളും യേശുദാസന്റെ വരയില്‍ ജനിച്ചു. ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും നിറഞ്ഞുനിന്ന കാര്‍ട്ടൂണുകളില്‍നിന്ന് രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ വേഗത്തില്‍ വായിച്ചെടുക്കാനാകുമായിരുന്നു. മുന്നണി രാഷ്ട്രീയം, നേതാക്കള്‍, ഉപനേതാക്കള്‍, ഉപജാപക്കാര്‍, ചരടുവലിക്കാര്‍ എന്നിങ്ങനെ ഒരുപറ്റം കഥാപാത്രങ്ങള്‍ വരകളില്‍ നിറഞ്ഞുനിന്നു.
 
പദവികള്‍, ബഹുമതികള്‍
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനാണ് യേശുദാസന്‍. കേരള ലളിതകലാ അക്കാദമിയുടെ ഉപാധ്യക്ഷനും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളഭാഷ പ്രസിദ്ധീകരണങ്ങിലും കാലികപ്രസിദ്ധീകരണങ്ങിലും ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984ല്‍ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' എന്ന എക്കാലത്തെയും മികച്ച ചിത്രത്തിന് സംഭാഷണം എഴുതിയത് യേശുദാസനായിരുന്നു. 1992ല്‍ എ.ടി. അബു സംവിധാനം ചെയ്ത 'എന്റെ പൊന്നു തമ്പുരാന്‍' എന്ന ചിത്രത്തിന് തിരക്കഥയും യേശുദാസന്റേതായിരുന്നു. പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്‌മോര്‍ട്ടം, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് പലവട്ടം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ് 2001 ല്‍ ലൈഫ് ടൈം അവാര്‍ഡ് നല്‍കി ആദരിച്ചു. എന്‍.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവന്‍ സ്മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്മാരക പുരസ്‌കാരം, ബി. എം. ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അന്ത്യം
കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു യേശുദാസന്‍. ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവായതോടെ, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാല്‍, കോവിഡാനന്തര അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ആരോഗ്യം മോശമായതോടെ ബുധനാഴ്ച പുലര്‍ച്ചെ 3.45ഓടെയായിരുന്നു അന്ത്യം. ഭാര്യ: മേഴ്സി. മക്കള്‍: സാനു വൈ. ദാസ്, സേതു വൈ. ദാസ്, സുകുദാസ്.