എന്തും ചെയ്യുന്ന ക്രിമിനലുകളും ഒന്നും ചെയ്യാത്ത പൊലീസും; ഭയന്നു ജീവിക്കുന്ന കേരളം
 

. കൊല്ലുക മാത്രമല്ല, കൊന്നൂവെന്ന് നാടിനെ അറിയിക്കാനും തക്ക ധൈര്യം കാട്ടുന്ന ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്‌
 
 
criminal


'ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അത് നടുറോഡില്‍ എറിയുന്നു. എത്ര ഭീതിതമായ സാഹചര്യമാണിത്';  കേരള ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയാണ്. കേരളത്തിലെ സാധാരണക്കാരായ ഓരോ മനുഷ്യനും പേറുന്ന അതേ ആശങ്ക. കൊല്ലുക മാത്രമല്ല, കൊന്നൂവെന്ന് നാടിനെ അറിയിക്കാനും തക്ക ധൈര്യം കാട്ടുന്ന ക്രിമിനല്‍ സംഘങ്ങള്‍ കേരളത്തിന്റെ ഏതു മൂലയിലും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ പൊലീസുണ്ട്. പക്ഷേ അവരെക്കാളൊക്കെ ശക്തരാണ് തങ്ങളെന്ന മട്ടിലാണ് ഗൂണ്ടകളും കൊലപാതകികളും വിലസുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സുധീഷ് വധമാണ് ഹൈക്കോടതി പരാമര്‍ശിച്ചത്. കൊലക്കത്തികളില്‍ നിന്നു രക്ഷപ്പെടാനോടി ഏതോ വീട്ടില്‍ ഒളിച്ചയാളെ, ആ വീട്ടിലുള്ളവരുടെ കഴുത്തില്‍ ആയുധം വച്ച് ഭീഷണിപ്പെടുത്തിയശേഷം വെട്ടിനുറുക്കുന്നു. കൊന്നിട്ടും പക തീരാതെ രണ്ടു കാലുകളും വെട്ടിയെടുക്കുന്നു. അതിലൊരു കാല്‍ നടുറോഡില്‍ പരസ്യമായി ഉപേക്ഷിക്കുന്നു. മലയാളത്തിലെ ക്വട്ടേഷന്‍ സിനിമകളില്‍ പോലും ഇങ്ങനെയൊരു രംഗം ഉണ്ടായിട്ടില്ല.

കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശ്ചര്യപ്പെടുന്നവരുണ്ടാകും. കൊലപാതകം, പീഡനം, മര്‍ദ്ദനം, മോഷണം തുടങ്ങി എന്ത് ക്രിമിനല്‍ സംഭവങ്ങള്‍ നടന്നാലും ഇതേ ആശ്ചര്യം മലയാളി പുറത്തെടുക്കാറുണ്ട്. ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്നതെന്ന് ആശ്ചര്യപ്പെടുന്ന പല കുറ്റകൃത്യങ്ങളും കേരളത്തില്‍ പണ്ടുകാലം മുതല്‍ക്കെ നടന്നു വരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന കൊലപാതകങ്ങളുടെ രീതി മനസിലാക്കിയാല്‍ മതി ഇങ്ങനെയൊക്കെ കേരളത്തില്‍ നടക്കുമോ എന്ന കുണ്ഠിതം അവസാനിക്കാന്‍. തിരുവനന്തപുരത്ത് മാത്രമായി നടന്ന കൊലപാതകങ്ങള്‍ മതി കേരളത്തിന്റെ ക്രിമിനല്‍ മനസ് എത്രത്തോളം ഭീകരമാണെന്നറിയാന്‍. നിസാര തര്‍ക്കങ്ങളോ അടിപിടികളോ വളര്‍ത്തുന്ന പകയുടെ പകരം വീട്ടലുകളായാണ് പല അരും കൊലകളും നടന്നിട്ടുള്ളത്. ക്ഷേത്രോത്സവത്തിനിടയില്‍ ആനയുടെ വാലില്‍ പിടിച്ചു വലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വക്കം സ്വദേശിയായ ഷെബിര്‍ എന്ന യുവാവിന്റെ കൊലപാതകത്തിലാണ് കലാശിച്ചത്. ബൈക്കില്‍ നിന്നും പിടിച്ചിറക്കി കാറ്റടിക്കൊമ്പുകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു ഏഴംഗസംഘം ഷെബിറിനെ. ആ ക്രൂരത അക്രമികളില്‍ ഒരാള്‍ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കരമന സ്വദേശിയായ അനന്തു ഗിരീഷ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും കേരളം മറന്നു കാണില്ല. മുന്‍ വൈരാഗ്യമായിരുന്നു അനന്തുവിന്റെ കൊലപാതകത്തിനു പിന്നിലും. പട്ടാപ്പകല്‍ അനന്തുവിനെ രണ്ടംഗ സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. അനന്തുവിന്റെ കൈകളിലെ ഞരമ്പുകള്‍ സഹിതം മാംസം മുറിച്ചെടുത്തു, അതും ജീവനോടെ. കൊലയാളി സംഘം ആ ചെറുപ്പക്കാരനെ വളഞ്ഞിട്ട് തല്ലി, കരിക്കും തടിക്കഷ്ണങ്ങളും ഉപയോഗിച്ചു തലയിലടക്കം മാരകമായി മര്‍ദ്ദിച്ചു. രക്തത്തില്‍ കുളിച്ച് ജീവനുവേണ്ടി അനന്തു പിടഞ്ഞപ്പോള്‍ കൊലയാളികള്‍ വട്ടം കൂടി നിന്നും ആര്‍ത്തു ചിരിച്ചു, തങ്ങളുടെ പ്രവര്‍ത്തികള്‍ വീഡിയോയില്‍ പകര്‍ത്തിയും ആസ്വദിച്ചു.

കൊലപാതകങ്ങളുടെ കേന്ദ്രമായി മാറിയ ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞമാസമാണ് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി അരുണ്‍ കുമാറെന്ന ഗൂണ്ടാ നേതാവിനെ ആലപ്പുഴയില്‍ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം തന്നെയായിരുന്നു വെറും പതിനഞ്ചു വയസ് പ്രായം മാത്രമുള്ള അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ  ഉത്സവ പറമ്പിലിട്ട് കുത്തിക്കൊലപ്പെടുത്തയത്.

എറണാകുളം നെട്ടൂരില്‍ അര്‍ജ്ജുന്‍ എന്ന കൗമാരക്കാരനെ കൊന്നു കുഴിച്ചു മൂടിയതും കേരളം മറന്നിട്ടുണ്ടാകില്ല. അര്‍ജുനൊപ്പം ബൈക്കില്‍ പോയപ്പോഴാണ് തന്റെ സഹോദരന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് എന്നതിനാല്‍, ആ മരണത്തിന് ഉത്തരവാദി അര്‍ജുന്‍ ആണെന്ന് സ്വയം വിധിച്ചാണ് സുഹൃത്തുകൂടിയായ നിബിനും സൂഹൃത്തുക്കളും ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത്. റെയില്‍വേ അടച്ചു പൂട്ടിയ തിരുനെട്ടൂര്‍ സ്റ്റേഷന്റെ മറുവശത്തുള്ള കണ്ടല്‍കാടായിരുന്നു അര്‍ജുനു വേണ്ടിയുള്ള കൊലക്കളമായി പ്രതികള്‍ തെരഞ്ഞെടുത്തത്. സ്റ്റേഷന്‍ അടച്ചു പൂട്ടിയതോടെ ജനസാന്നിധ്യം ഇല്ലാതായ ഇവിടം കഞ്ചാവ്-ലഹരി ഉപയോക്താക്കളുടെ വിഹാര കേന്ദ്രമായി മാറി. പൊലീസ് പോലും ചെന്നെത്താത്ത സ്ഥലം. ഉപയോഗം മാത്രമല്ല, അതൊരു ലഹരി വില്‍പ്പന കേന്ദ്രം കൂടിയായിരുന്നു. അര്‍ജുനെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവരാന്‍ നിബിനും സംഘവും പറഞ്ഞു വിട്ടതും അര്‍ജുന്റെ സുഹൃത്ത് കൂടിയായ പതിനേഴുകാരനെയാണ്. സംശയമൊന്നും കൂടാതെ ഒപ്പം ചെന്ന അര്‍ജുനെ പതിനേഴുകാരന്‍ കൊലയാളികളുടെ പക്കല്‍ എത്തിച്ചു. അര്‍ജുനെ ആദ്യം ചോദ്യം ചെയ്യലിനാണ് പ്രതികള്‍ വിധേയനാക്കിയത്. തന്റെ അനിയനെ കൊന്നതാണോയെന്നറിയാന്‍ നിബിനായിരുന്നു അര്‍ജുനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ചോദ്യം ചെയ്യലിനൊപ്പം തന്നെ മര്‍ദ്ദനവും ഉണ്ടായിരുന്നു. ഒന്നാം പ്രതി റോണിയായിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. കല്ലും പട്ടിക കഷ്ണങ്ങളും കൊണ്ടായിരുന്നു മര്‍ദ്ദനം. ശരീരത്തിലും തലയ്ക്കും മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മരിച്ചെന്ന് മനസിലായതോടെ അര്‍ജ്ജുന്റെ മൃതദേഹം കണ്ടല്‍ കാടുകള്‍ക്കിടയിലെ ചതുപ്പ് നിലത്തില്‍ ചവിട്ടി താഴ്ത്തി. ആളനക്കം ഉണ്ടാകാത്ത സ്ഥലമാണെങ്കിലും ഏതെങ്കിലും കാരണവശാല്‍ മൃതദേഹം ആരെങ്കിലും കാണാന്‍ ഇടവരരുതെന്ന് ഉറപ്പിച്ച് ചതുപ്പില്‍ നിന്നും ശരീരം മുകളിലേക്ക് ഉയര്‍ന്നു വരാതിരിക്കാന്‍ വേലിക്കല്ലുകള്‍ ഉറപ്പിച്ചു. അവിടം കൊണ്ട് തീര്‍ന്നില്ല, മൃതദേഹത്തിന്റെ ദുര്‍ഗന്ധം പരക്കാന്‍ സാധ്യത മുന്നില്‍ കണ്ട്, അത് മറയ്ക്കാന്‍ വേണ്ടി സമീപത്തായി തന്നെ ഒരു തെരുവ് നായയെ തല്ലിക്കൊന്നു കൊണ്ടുവന്നിട്ടു. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ഒരു ലോറിയില്‍ ഉപേക്ഷിച്ചു. അര്‍ജുന്റെ കൊലപാതകം നടന്ന് കേവലം ഒരു വര്‍ഷം പിന്നിടുമ്പോഴായിരുന്നു നെട്ടൂരില്‍ തന്നെ ഫഹദ് എന്ന പത്തൊമ്പതുകാരന്‍ കൊല്ലപ്പെടുന്നത്. രണ്ട് ലഹരി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഫഹദിന്റെ ജീവനെടുത്തത്. ഇരുമ്പ് വടികൊണ്ട് തലയിലും ദേഹത്തും ശക്തമായ അടിയേല്‍ക്കുകയും വടിവാളിന് കൈത്തണ്ടയില്‍ വെട്ടേല്‍ക്കുകയും ചെയ്ത ഫഹദ് ദേശീയപാത കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറച്ചുദൂരം പോയശേഷം തളര്‍ന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഏറെ വൈകിയിരുന്നു. പിന്നീട് ആശുപത്രയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 20 മണിക്കൂറോളം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണ് പോളിടെക്നിക് വിദ്യാര്‍ത്ഥിയായ ഫഹദിന്റെ മരണം സ്ഥിരീകരിക്കുന്നത്. പനങ്ങാട് പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഈ സംഭവം നടന്നത്.

2020 ല്‍ പന്ത്രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂരില്‍ നടന്നത് എട്ടുകൊലപാതകങ്ങളായിരുന്നു. നിധില്‍ വധം അതിലേറ്റവും ക്രൂരവംു ഭയപ്പെടുത്തുന്നതുമായിരുന്നു. കൊലക്കേസ് പ്രതിയായ നിധിലിനെ ഒരു സംഘം നടുറോഡില്‍ വച്ചാണ് വെട്ടിക്കൊന്നത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ നിധില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് ശേഷം കാറില്‍ മടങ്ങവെയായിരുന്നു കൊലയാളി സംഘം കാര്‍ ഇടിപ്പിച്ച ശേഷം വാഹനത്തില്‍ നിന്നും പുറത്തിറക്കി വെട്ടിക്കൊല്ലുന്നത്. ഈ കൊലയാളി സംഘത്തിലെ ഒരാള്‍ നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നയാളായിരുന്നു. നിധിലിനെ വെട്ടിയവരില്‍ ഇയാളും ഉണ്ടായിരുന്നു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്നവരുടെ ആയുധം കൊണ്ട് തന്നെ ഇയാളുടെ ഒരു വിരല്‍ വെട്ടേറ്റ് തൂങ്ങുകയും ചെയ്തു. കൊലപാതകത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ട രീതി സിനിമകളില്‍ കാണുന്നതുപോലെയായിരുന്നു. അക്രമികള്‍ വന്ന വാഹനം സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ അതുവഴി വന്ന മറ്റൊരു കാറും ബൈക്കും വടിവാളും മഴുവും കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തശേഷം അതിലാണ് കടന്നു കളഞ്ഞത്. രണ്ട് പ്രതികളെയാണ് ഈ കേസില്‍ പൊലീസ് പിടികൂടിയിട്ടുള്ളത്.

ഭയപ്പെടുത്തുന്ന കൊലപാതക കഥകള്‍ ഇനിയുമുണ്ടെറേ പറയാന്‍. ഒരു കൊലപാതകം ഇത്രയും ക്രൂരമായി ചെയ്യാമോ എന്ന പേടിയാണ് ഓരോ വാര്‍ത്തകള്‍ കേട്ടു കഴിയുമ്പോഴും ഉണ്ടാകുന്നത്. കേരള ഹൈക്കോടതിയുടെ ആശങ്കയും അതാണ്. പക്ഷേ, കോടതി വരെ അസ്വസ്ഥമാകുമ്പോഴും ഇവിടുത്തെ സര്‍ക്കാരിനോ പൊലീസിനോ അത്തരം വികാരങ്ങളൊന്നുമില്ലാത്ത പോലെയാണ് പെരുമാറുന്നത്. കുറ്റം നടന്നു കഴിഞ്ഞ് കുറ്റവാളികളെ പിടിക്കുന്നുണ്ടല്ലോ എന്ന ന്യായമാണ് പൊലീസിനുള്ളത്. കുറ്റം നടന്നിട്ട് ചെയ്യുന്നതല്ല, കുറ്റം നടക്കാതെ തടയുന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. ലഹരി തെറ്റിക്കുന്ന മാനസിക നില, പണത്തിനുവേണ്ടിയുള്ള അത്യാഗ്രഹം, പക; ഇവയൊക്കെയാണ് ഓരോ കൊലപാതകങ്ങള്‍ക്കു പിന്നിലും. ഒരേ സംഘമായി പ്രവര്‍ത്തിച്ചവര്‍, അധികാരത്തിന്റെയും പണത്തിന്റെയും പേരില്‍ തമ്മില്‍ തെറ്റുകയും പക സൂക്ഷിച്ച് വച്ച് പരസ്പരം കൊന്നൊടുക്കുകയും ചെയ്യുന്നു. ക്വട്ടേഷന്‍ സംഘങ്ങളും സംഘങ്ങളിലൊന്നിലും ഉള്‍പ്പെട്ടിട്ടെങ്കിലും എന്തിനും തയ്യാറായി നടക്കുന്ന ക്രിമിനലുകളും കേരളത്തിലെ ഓരോ ജില്ലയിലും ദിനംപ്രതിയെന്നോം കൂടുന്നുണ്ട്. പൊലീസിന്റെ പരാജയം തന്നെയാണിത്. ഈയടുത്ത് നടന്ന പല കൊലപാതകങ്ങളും അവസരം പാര്‍ത്തിരുന്നു നടത്തിയ പകരം വീട്ടലുകളാണ്. കൊല്ലപെടാന്‍ പോകുന്നവനെയും കൊല്ലാന്‍ പോകുന്നവനെയും മുന്‍കൂട്ടി കണ്ടെത്താന്‍ കേരള പൊലീസിന് കഴിവില്ല എന്നു പറയാന്‍ കഴിയില്ലല്ലോ! ഒരു പ്രദേശത്തെ ക്വട്ടേഷന്‍/ ഗൂണ്ടാ സംഘങ്ങളെ കണ്ടെത്താനും അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും മതിയായ സംവിധാനങ്ങളുള്ള ഒരു സേനയാണ് കേരള പൊലീസ്. അതിന് അത്രവലിയ റിസ്‌ക് എടുക്കേണ്ടതുമില്ല. ഓരോ പ്രദേശത്തെയും ക്രിമിനലുകളെ കുറിച്ച് അന്നാട്ടുകാരോട് രഹസ്യമായി തിരക്കിയാല്‍ തന്നെ മതിയാകും. ക്വട്ടേഷന്‍ നേതാക്കളുടെയും ഗൂണ്ടാ തലവന്മാരുടെയുമെല്ലാം നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സൗകര്യങ്ങളും പൊലീസിനുണ്ട്. പക്ഷേ, ഒന്നും ചെയ്യുന്നില്ല. പൊലീസ് വിചാരിച്ചാല്‍ തടയാന്‍ കഴിയുന്ന എത്രയോ കൊലപാതകങ്ങളുണ്ടായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചുകളും ഇന്റലിജന്‍സ് സംവിധാനങ്ങളുമൊക്കെ ഭരണാധികാരികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല, നാടിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടിക്കൂടിയുള്ളതാണ്.

കേരള പൊലീസ് മാനുവലില്‍ പറയുന്നത്, സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ ഡിജിപി വരെ ഏത് റാങ്കിലുള്ള പൊലീസുകാരനും 24 മണിക്കൂറും പൊലീസുകാരന്‍ തന്നെയായിരിക്കണമെന്നാണ്. ഓരോ പൊലീസുകാരനും അവരവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് വിവരശേഖരണം നടത്തണം. കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെ കുറിച്ചും വിവരങ്ങള്‍ സമ്പാദിക്കണം. അതിന് ഏതു വഴിയും സ്വീകരിക്കാം. ഇതിനായി ആരെയും പ്രത്യേകിച്ച് നിയോഗിക്കണമെന്നില്ല. ഓരോ പൊലീസുകാരിനും നിക്ഷിപ്തമായ കര്‍ത്തവ്യമാണത്. ഏകദേശം അമ്പത്തിരണ്ടായിരം പൊലീസുകാര്‍ കേരളത്തില്‍ ഉണ്ടാകും. ഇവരത്രയും പേരും മേല്‍പ്പറഞ്ഞ കര്‍ത്തവ്യം ചെയ്യാന്‍ ബാധ്യസ്ഥരമാണ്. അമ്പത്തിരാണ്ടായിരം പൊലീസുകാരും ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്വത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിച്ചാല്‍ മതി, ക്രിമിനലുകളില്‍ നിന്നും ഈ നാട് രക്ഷപ്പെടും. അതാരും ചെയ്യുന്നില്ല, ചെയ്യാന്‍ താത്പര്യം കാണിക്കുന്നില്ല, ചെയ്യിക്കുന്നില്ല എന്നതാണ് പ്രശ്‌നം.