ജയ് ഭീം കണ്ട് ഉറക്കം പോയ കേരളത്തിലാണ് ദീപു എന്ന ആദിവാസി യുവാവുള്ളത്

ജയ് ഭീം എന്ന ചലച്ചിത്രത്തിലെ കഥയ്ക്കു സമാനമാണ്  അത്തിക്കാട് പണിയ കോളനിയിലെ ദീപുവിന്റെയും ഭാര്യ അമ്പിളിയുടെയും അവസ്ഥ
 
deepu- jai bheem

ജയ് ഭീം കണ്ടശേഷം 'ഉറക്കം നഷ്ടപ്പെട്ട' കേരളത്തില്‍  ഒരു ആദിവാസി യുവാവിനു നീതി കിട്ടാന്‍ കുടുംബവും നാട്ടുകാരും അലയാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ജയ് ഭീം എന്ന ചലച്ചിത്രത്തിലെ കഥയ്ക്കും സന്ദര്‍ഭങ്ങള്‍ക്കും സമാനമാണ് വയനാട് മീനങ്ങാടിയിലെ അത്തിക്കാട് പണിയ കോളനിയിലെ ദീപുവിന്റെയും ഭാര്യ അമ്പിളിയുടെയും അവസ്ഥകള്‍. പക്ഷേ, സിനിമ കണ്ട് ആവേശം കൊണ്ടവരില്‍ എത്രപേര്‍ ഈ ആദിവാസി കുടുംബത്തെ കുറിച്ച് അന്വേഷിച്ചുകാണും?

വയനാട് ജില്ല ജയിലില്‍ റിമാന്‍ഡിലാണ് ദീപു എന്ന 22 കാരന്‍. മോഷണ കുറ്റത്തിനാണ് ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു മാരുതി കാര്‍ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതായിരുന്നു ദീപുവിനെതിരേ ആദ്യം ചുമത്തിയ കുറ്റം. വീട് കുത്തി തുറന്ന് സ്വര്‍ണവും മൊബൈലും മോഷ്ടിച്ചുവെന്ന കുറ്റങ്ങളും പിന്നാലെ വന്നു. മാനന്തവാടിയിലെയും സുല്‍ത്താന്‍ ബത്തേരിയിലെയും പൊലീസുകാരുടെയും ലിസ്റ്റില്‍ ദീപു വലിയൊരു മോഷ്ടാവാണ്.

പാമ്പിനെ പിടിക്കാന്‍ പോയ രാജാ കണ്ണ്, സ്വര്‍ണ കമ്മല്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് പിടിയിലാവുകയും കുറ്റം ഏല്‍ക്കാന്‍ വേണ്ടി ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനാവുകയും ഒടുവില്‍ പൊലീസ് ബൂട്ടിനടിയില്‍ നെഞ്ചിന്‍കൂട് തകര്‍ന്ന് കൊല്ലപ്പെടുകയും ചെയ്യുകയാണ് ജയ് ഭീമില്‍. സിനിമയ്ക്കു വേണ്ടി എഴുതിയുണ്ടാക്കിയ കെട്ടുകഥയല്ല രാജാ കണ്ണിന്റേത്. രാജാ കണ്ണിന്റെയും സെങ്കിണിയുടെയും കഥ കണ്ട മലയാളി പറഞ്ഞത്, ഇങ്ങനെയൊന്നും കേരളത്തില്‍ നടക്കില്ല, ഇവിടുത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നായിരുന്നു. ജാതി വിവേചനത്തിനും കസ്റ്റഡി കൊലപാതകങ്ങള്‍ അടക്കമുള്ള പൊലീസ് ക്രൂരതകള്‍ക്കും നിരവധി ഉദ്ദാഹരണങ്ങള്‍ ഉണ്ടെന്നിരിക്കെ തന്നെയായിരുന്നു മലയാളിയുടെ ആ അവകാശവാദമെന്നോര്‍ക്കണം. മുന്‍ ഉദ്ദാഹരണങ്ങളൊക്കെ തത്കാലം മാറ്റിവച്ചിട്ട് അത്തിക്കാട് പണിയ കോളനിയിലെ ദീപുവിനും രാജാ കണ്ണിനും സമാനതകളുണ്ടോയെന്ന് പരിശോധിച്ചുകൂടെ?

ദീപു എല്ലാ കുറ്റവും സമ്മതിച്ചു, ആവശ്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, പൊലീസ് പറയുന്ന തെളിവുകളും കുറ്റങ്ങളും യാഥാര്‍ത്ഥ്യമാണോ?  ദീപുവിന് ഒരു സൈക്കിള്‍ പോലും ചവിട്ടാന്‍ അറിയില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. സൈക്കിളോ ടൂ വീലറോ ഓടിക്കാന്‍ അറിയാത്ത ദീപു, ഒരു  മാരുതിക്കാര്‍ 200 മീറ്റര്‍ ദൂരം ഓടിച്ചു കൊണ്ടു പോയി എന്നാണ് പൊലീസ് പറയുന്നത്. അതിനുള്ള തെളിവ്, കാറിന്റെ സ്റ്റിയറിംഗില്‍ ഉണ്ടായിരുന്ന ദീപുവിന്റെ വിരലടയാളവും!

ആ വിരലടയാളം എങ്ങനെ വന്നൂ? ദീപുവിന്റെ മാതൃസഹോദര പുത്രനായ ബാബു പറയുന്നത് ഇങ്ങനെയാണ്;   ഭാര്യയുടെ വീട്ടില്‍ പോയി മടങ്ങി വരും വഴിയാണ് ദീപു സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഇറങ്ങിയത്. വീട്ടിലേക്ക് എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങിക്കാനുണ്ടായിരുന്നു. അവന്‍ ആ സമയം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നതുകൊണ്ടാണ് അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ചാരി നിന്നത്. ഉടന്‍ തന്നെ കാറില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി ദീപുവിനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും കാറിലേക്ക് വലിച്ചിടുകയും ചെയ്തു. അവര്‍ കാറിന്റെ താക്കോല്‍ ദീപുവിന്റെ കൈയില്‍ പിടിപ്പിക്കുകയും സ്റ്റിയറിംഗില്‍ കൈകൊണ്ട് പിടിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം ടൗണില്‍ ഉണ്ടായിരുന്നവര്‍ സാക്ഷികളാണ്. പൊലീസിന് ദീപുവിന്റെ വിരലടയാളം കിട്ടിയത് അങ്ങനെയാണ്'.


ദീപു കാറുമായി മുന്നോട്ടു 200 മീറ്റര്‍ ദൂരം ഓടിച്ചുപോയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്, പിന്നീടത് 70 മീറ്ററോളം റിവേഴ്‌സ് എടുത്തുപോയെന്നാക്കി. ഒരു ടൗണില്‍ വച്ചാണ് ഇതൊക്കെ നടന്നതെന്നാണ് പറയുന്നത്. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പലയിടങ്ങളിലും സിസിടിവി കാമറകളുണ്ട്. ദീപു കാര്‍ മോഷ്ടിച്ചെടുത്ത് ഓടിച്ചുകൊണ്ടു പോയിട്ടുണ്ടെങ്കില്‍ ഏതെങ്കിലും കാമറയില്‍ പതിയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ ഞങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് കാണിക്കുന്നില്ല. അതെന്തിനാണവര്‍ മറച്ചുവയ്ക്കുന്നത്. വിരലടയാളത്തേക്കാള്‍ വലിയ തെളിവാകില്ലായിരുന്നോ സിസിടിവി ദൃശ്യങ്ങള്‍? അതോ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നാണോ? ബാബു അടക്കമുള്ള ബന്ധുക്കള്‍ പൊലീസിനോടായി മാത്രമല്ല, സമൂഹത്തിനോട് കൂടിയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്.


കുറ്റം സമ്മതിക്കാന്‍ രാജാ കണ്ണ് കസ്റ്റഡിയില്‍ നേരിട്ട ക്രൂരതകളാണല്ലോ ജയ് ഭീം കണ്ട ശേഷം മലയാളിയുടെ ഉറക്കം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസ് എന്തും ചെയ്യും, വേണമെങ്കില്‍ കൊല വരെ. അതിനുദ്ദാഹരണങ്ങള്‍ പലതുണ്ടല്ലോ കേരളത്തില്‍. അതുകൊണ്ട് ദീപുവിന് നേരിട്ട മര്‍ദ്ദനങ്ങള്‍ക്കു പിന്നിലും അങ്ങനെയൊരു ഉദ്ദേശം ഉണ്ടായിരിക്കില്ലേ? ദീപുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്നതിന് സാക്ഷികളാണ് ഭാര്യ അമ്പിളിയും അമ്മ ലീലയും സഹോദരന്‍ ബാബുവുമൊക്കെ. മര്‍ദ്ദിക്കുക മാത്രമല്ല, പട്ടിണിക്കിടുകയും ചെയ്തൂ ദീപുവിനെ എന്നാണ് അമ്മയും ഭാര്യയും പറയുന്നത്.

അത്തിക്കാട് കോളനിയിലെ എസ് ടി പ്രമോട്ടര്‍ വിളിച്ചു പറയുന്നതുവരെ അവിടെയുള്ള ആരും തന്നെ ദീപു പൊലീസ് കസ്റ്റഡിയിലായ വിവരം അറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞ് പിറ്റേദിവസം രാവിലെ എല്ലാവരും സ്റ്റേഷനില്‍ എത്തുമ്പോള്‍ തീര്‍ത്തും അവശനായ നിലയിലായിരുന്നു ദീപു. ഒരു രാത്രി മുഴുവന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആ ചെറുപ്പക്കാരന് പലതും അനുഭവിക്കേണ്ടി വന്നുവെന്നാണ് ഭാര്യയും അമ്മയും പറയുന്ന കാര്യങ്ങളില്‍ നിന്നും മനസിലാകുന്നത്. 'ചുണ്ടുപൊട്ടി ചോരയൊലിപ്പിച്ച്, നീരുവന്ന് വീര്‍ത്ത മുഖവുമായി നില്‍ക്കുകയായിരുന്നു. ഞങ്ങളെ കണ്ടതോടെ അവന്‍ കരയാന്‍ തുടങ്ങി, ഇന്നലെ രാത്രി മുതല്‍ ഒന്നും കഴിക്കാന്‍ തന്നിട്ടില്ലെന്നും വിശക്കുന്നുണ്ടെന്നും അവന്‍ പറഞ്ഞു. ഒരുപാട് തല്ലിയെന്നും എങ്ങനെയെങ്കിലും വീട്ടില്‍ കൊണ്ടുപോകണമെന്നും അവന്‍ കരഞ്ഞു പറഞ്ഞു'; തന്റെ മുന്നിലെത്തുന്ന മാധ്യമങ്ങളോടെല്ലാം കണ്ണീരോടെ ലീല ആവര്‍ത്തിക്കുന്നുണ്ട് ഈ കാര്യങ്ങള്‍. ദീപു കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കില്‍, തല്ല് സഹിക്കാന്‍ പറ്റാതെയായിരിക്കുമെന്നതില്‍ ഭാര്യ അമ്പിളിക്ക് അടക്കം ആര്‍ക്കും സംശയമില്ല.

രാജാ കണ്ണ് അതിക്രൂരമായ മര്‍ദ്ദനങ്ങളേറ്റിട്ടും കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല, ചെയ്യാത്ത തെറ്റിന്റെ കുറ്റം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറായില്ല. ഒരുപക്ഷേ, രാജാ കണ്ണിനോളം സഹന ശക്തി ദീപുവിന് ഇല്ലായിരുന്നിരിക്കാം. വെറും 22 വയസുമാത്രമുള്ളൊരു ചെറുപ്പക്കാരനാണയാള്‍. പൊലീസിന്റെ തല്ല്ുകൊള്ളാന്‍ വയ്യാതെയാകാം ഒരുപക്ഷേ അയാള്‍ കുറ്റമെല്ലാം ഏറ്റത്. അതില്‍ സംശയമൊന്നും വേണ്ടെന്നാണ് ബാബു ഉറപ്പിച്ചു പറയുന്നത്. 'കാര്‍ മോഷ്ടിച്ചെന്ന കുറ്റം നില്‍ക്കില്ലെന്ന് പൊലീസിന് മനസിലായി. കാരണം, അവന് വണ്ടിയോടിക്കാന്‍ അറിയില്ല. അതോടെയാണ് മീനങ്ങാടി പൊലീസിനെ കൊണ്ട് സ്വര്‍ണവും മൊബൈലും മോഷ്ടിച്ചെന്ന കുറ്റം അവന്റെ തലയില്‍ ചാര്‍ത്തിയത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി ടൗണില്‍ കൊണ്ടുവനന്നിരുന്നു. പൊലീസ് തന്നെ ഏതോ കവര്‍ ദീപുവിന്റെ കൈയില്‍ കൊടുത്തു. സാക്ഷികളായി ഒപ്പിടാന്‍ അവിടെയുണ്ടായിരുന്നവരെ വിളിച്ചിട്ടും ആരും പോയില്ല, കള്ളസാക്ഷിയാകാന്‍ തയ്യാറല്ലെന്നായിരുന്നു അവരെല്ലാം പറഞ്ഞത്. പൊലീസിന്റെ കള്ളത്തരങ്ങള്‍ക്കുള്ള തെളിവല്ലേയിത്?'

ബാബു ജയ് ഭീം കണ്ടിട്ടില്ല, അമ്പിളിയോ ലീലയോ കണ്ടിട്ടില്ല. അങ്ങനെയൊരു സിനിമയെ കുറിച്ച് അവര്‍ക്ക് വലിയ അറിവുകളൊന്നുമില്ല. ജയ് ഭീമിനെ കുറിച്ച് വന്ന വിശകലനങ്ങളും വര്‍ണകളൊന്നും വായിച്ചറിഞ്ഞിട്ടുമില്ല. ഒരുപക്ഷേ ആ സിനിമ കണ്ടിരുന്നെങ്കിലോ, ഇനിയെപ്പോഴെങ്കിലും കണ്ടാലോ അവരുടെയെല്ലാം മനസില്‍ രാജാ കണ്ണിന് ദീപുവിന്റെ മുഖമായിരിക്കും. രാജാ കണ്ണിനെയും സെങ്കിണിയെയും അവര്‍ വളരെയെളുപ്പം മനസിലാക്കാനും കഴിയും; മറ്റാരെക്കാളും. പക്ഷേ, ഇപ്പോഴവര്‍ ഒരു ചന്ദ്രുവിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന് തീര്‍ച്ച. അവരുടെ വേദനയും യാചനയും മനസിലാകുന്ന ഒരാളെയെങ്കിലും. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ വേറെയാണെന്ന് ഊറ്റം കൊള്ളുന്നവരാരും തന്നെ അവരെ തേടി ഇതുവരെ പോയിട്ടില്ല. പോകുമോയെന്നും അറിയില്ല. 'ആദിവാസിയെ കള്ളനാക്കിയാല്‍ അത് ബാക്കിയുള്ളവരൊക്കെ വേഗം വിശ്വസിച്ചോളുമെന്നാണ് പൊലീസിന്' എന്ന ബാബുവിന്റെ വാക്കുകളില്‍ നിന്നും അതിനുള്ള കാരണം മനസിലാക്കാം.