ദൈവങ്ങളുടെ പേരുപറഞ്ഞ് കക്കുന്നവര്‍ക്കും രാഷ്ട്രീയം അടിയറ വെക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പ് 

 
k radhakrishnan

വിശ്വാസസമൂഹത്തിന്റെ പിന്തുണ നേടാന്‍ കാപട്യം അണിയാന്‍ തയ്യാറാകാത്ത ദേവസ്വം മന്ത്രി

തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്തെത്തിയപ്പോള്‍ കൈ കൂപ്പാതിരുന്നതും മേല്‍ശാന്തി നല്‍കിയ തീര്‍ത്ഥം വാങ്ങി കുടിക്കാതിരുന്നതുമാണ് പുതിയ വിവാദം. സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഉള്‍പ്പെടെ ആചാരം പാലിച്ചപ്പോള്‍, മന്ത്രി അത് ചെയ്തില്ലെന്നും വിശ്വാസ സമൂഹത്തെ അവഹേളിച്ചെന്നുമാണ് വിമര്‍ശനം. എല്ലാ ആക്ഷേപങ്ങള്‍ക്കും രാധാകൃഷ്ണന്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന്റെ പേരില്‍ ഉരുത്തിരിഞ്ഞ വിവാദങ്ങള്‍ക്കു മാത്രമല്ല, വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ പറ്റിക്കുന്ന, കോടികളുടെ വരുമാനത്തിന്റെ പങ്കുപറ്റാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന നേതാക്കള്‍ക്കും അധികൃതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മറുപടിയാണത്. വിശ്വാസവും രാഷ്ട്രീയവും അടിയറ വെക്കാതെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് രാധാകൃഷ്ണന്റെ വാക്കുകള്‍. 

കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ട വകുപ്പായിരുന്നു ദേവസ്വം വകുപ്പ്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ വിഷയങ്ങള്‍ സംസ്ഥാനമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടതു സര്‍ക്കാരിനെതിരെ തിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന ചര്‍ച്ചാവിഷയമായി. എന്നാല്‍, അതൊന്നും ഏശിയില്ലെന്നു മാത്രമല്ല, പിണറായി വിജയന്റെ നേതൃത്വത്തില്‍ ചരിത്രവിജയം നേടി ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. സിപിഎമ്മിലെ കരുത്തനായ നേതാവും ജനപ്രതിനിധിയെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോഡുമുള്ള കെ. രാധാകൃഷ്ണനെയാണ് ദേവസ്വം മന്ത്രിയായി പ്രഖ്യാപിച്ചത്. സവര്‍ണ-സാമുദായിക പരിഗണനകള്‍ക്കും സമുദായ സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കും വിധേയപ്പെടാത്ത തീരുമാനം. സ്വതന്ത്ര വകുപ്പായതിനുശേഷം ദേവസ്വം മന്ത്രിയാകുന്ന ആദ്യ ദളിത് വിഭാഗക്കാരന്‍ കൂടിയായി രാധാകൃഷ്ണന്‍.

ദേവസ്വം വകുപ്പിന്റെ ചുമതല കിട്ടുമ്പോള്‍ ഉള്ളിലുറങ്ങുന്ന ഭക്തിയെ പ്രകടിപ്പിക്കാന്‍ 'ലൈസന്‍സ്' ലഭിച്ചതില്‍ ഗൂഢമായി സന്തോഷിക്കുന്ന ഇടതു നേതാക്കളെ പോലെയായിരുന്നില്ല രാധാകൃഷ്ണന്‍. ക്ഷേത്രങ്ങളില്‍നിന്ന് ജാതീയതയെ പുറത്താക്കണമെന്നായിരുന്നു അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ അംശങ്ങളെ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സര്‍ക്കാര്‍ അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. ആരുടെയും വിശ്വാസം ചോദ്യം ചെയ്യാതെ, ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലും നിലനില്‍ക്കുന്ന അസമത്വത്തെയും തെറ്റായ കീഴ്‌വഴക്കങ്ങളെയുമാണ് അദ്ദേഹം എതിര്‍ത്തത്. നവീകരണമെന്ന ആശയം തന്നെയാണ് അതില്‍ നിറഞ്ഞുനിന്നത്. മുന്‍കാലങ്ങളില്‍ മന്ത്രിമാര്‍ പറയാതിരുന്നതും ചെയ്യാതിരുന്നതുമായ കാര്യങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പോയത്. 

തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് രാധാകൃഷ്ണ്‍ ശബരിമലയിലെത്തിയത്. പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, കെ.യു ജിനീഷ് കുമാര്‍ എംഎല്‍എ, വകുപ്പ് ഉദ്യോഗസ്ഥര്‍, അധികാരികള്‍ ഉള്‍പ്പെടെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സന്നിധാനത്ത് നട തുറന്നപ്പോള്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപനും കെ.യു ജിനീഷ് കുമാര്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ കൈകൂപ്പി തൊഴുതു നിന്നപ്പോള്‍, തികഞ്ഞ ബഹുമാനത്തോടെ രാധാകൃഷ്ണന്‍ അവിടെ നിന്നു. മേല്‍ശാന്തി നല്‍കിയ തീര്‍ത്ഥം വാങ്ങിയെങ്കിലും കഴിച്ചില്ല. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ വിവാദങ്ങള്‍ക്കും കാരണമായി. സന്നിധാനത്തുനിന്നും തീര്‍ത്ഥം വാങ്ങി സേവിക്കാതെ കൈകഴുകിയ മന്ത്രി രാധാകൃഷ്ണന്റേത് ശരിയായ നടപടിയല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ വിമര്‍ശിച്ചു. തീര്‍ത്ഥം സേവിക്കില്ലെങ്കില്‍ അത് വാങ്ങേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്ത്രിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങി കൈകഴുകാന്‍ ഉപയോഗിച്ച ദേവസ്വം മന്ത്രി വിശ്വാസികളെ അവഹേളിക്കുകയാണ് ചെയ്തതെന്നായിരുന്നു ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്റ് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങിനെ ചെയ്തില്ലെന്നുമായിരുന്നു വിമര്‍ശകരുടെ വാദം. വിവാദം മുറുകുകയും സോഷ്യല്‍ മീഡിയയില്‍ പക്ഷംതിരിഞ്ഞുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് രാധാകൃഷ്ണന്‍ പ്രതികരിച്ചത്. 

'ഞാന്‍ സാധാരണ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതിനര്‍ത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാന്‍ ചെറുപ്പം മുതല്‍ക്കേ ശീലിച്ചുവന്ന രീതി. ഈ വെള്ളമൊന്നും ഞാന്‍ കുടിക്കാറില്ല. ഞാന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ ജീവിതത്തില്‍ കഴിക്കാത്ത സാധനം കഴിക്കില്ല. അത് വിശ്വാസത്തിന്റെ പേരില്‍ കഴിക്കണം എന്ന് പറഞ്ഞാലും ഞാന്‍ കഴിക്കാന്‍ തയ്യാറാകില്ല. എനിക്കെന്റെ വിശ്വാസമുണ്ട്.? അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്. കക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതി. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ പേടിക്കുക. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല' -രാധാകൃഷ്ണന്റെ നിലപാട് വ്യക്തമായിരുന്നു. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായാണ് രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത്. നട തുറന്നപ്പോള്‍, എല്ലാവര്‍ക്കുമൊപ്പം മന്ത്രിയും അവിടെനിന്നു. തീര്‍ത്ഥം നല്‍കിയപ്പോള്‍ സാമാന്യ മര്യാദയുടെ ഭാഗമായി വാങ്ങി. അത് കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ അവകാശമാണ്. അതിപ്പോള്‍ സാധാരണ വിശ്വാസിയായാലും മന്ത്രിയായാലും അങ്ങനെ തന്നെയാണ്. ദേവസ്വം മന്ത്രിയായതുകൊണ്ട് വിശ്വാസവും ഭക്തിയും കൂടിയേ തീരൂവെന്നോ, അതല്ല നിര്‍ബന്ധമായും ആചാരങ്ങള്‍ പാലിച്ചേ മതിയാകൂവെന്നോ ശഠിക്കാനും ആര്‍ക്കും അവകാശമില്ല. നല്ല മധുരമുള്ള പ്രസാദവും വഴിപാടുകളുമൊക്കെ സ്വന്തം പേരില്‍ കഴിപ്പിച്ചിട്ടും പ്രമേഹത്തിന്റെ പേരില്‍ അവ പേരിനുപോലും കഴിക്കാത്ത എത്രയോപേര്‍ വിശ്വാസികള്‍ക്കിടയിലുണ്ട്. അതിനിടെ രാധാകൃഷ്ണന്റെ ചെയ്തി ക്രൂശിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മറ്റു പലതുമാണ്. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയപ്പോള്‍ ചിലരില്‍ തലയുയര്‍ത്തിയ അസഹിഷ്ണുതയുടെ മറ്റൊരു വകഭേദമാണത്. 

വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ പറ്റിക്കുന്ന, കോടികളുടെ വരുമാനത്തിന്റെ പങ്കുപറ്റാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന നേതാക്കള്‍ക്കും അധികൃതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മറുപടി കൂടിയാണ് രാധാകൃഷ്ണന്‍ നല്‍കുന്നത്. താന്‍ കൈ കൂപ്പുന്നതോ തീര്‍ത്ഥം കുടിക്കാതിരിക്കുന്നതോ അല്ല നോക്കേണ്ടത്. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നാണ് വിമര്‍ശകര്‍ പരിശോധിക്കേണ്ടത്. വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നുള്ളതിന് തെളിവുണ്ട്. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ പേടിച്ചാല്‍ മതി. ഒരു പൈസയും തനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. താന്‍ കക്കുന്നില്ല, അതുകൊണ്ട് തനിക്കൊരു ദൈവത്തേയും പേടിയില്ലെന്നതാണ് രാധാകൃഷ്ണന്റെ പക്ഷം. വാവരുനടയില്‍ എത്തിയപ്പോഴും രാധാകൃഷ്ണന്‍ കൈമുന്നില്‍ കെട്ടി തന്നെയാണ് നിന്നത്. ആശീര്‍വാദം നല്‍കുമ്പോള്‍ എതിര്‍ത്തില്ല, തല കുനിച്ചതുമില്ല. സന്നിധാനത്ത് തീര്‍ത്ഥം വാങ്ങിയപ്പോഴുള്ള അതേ നിലപാട് തന്നെയായിരുന്നു അത്. വിശ്വാസ സമൂഹത്തിന്റെ പ്രീതിയും പിന്തുണയും നേടാന്‍, കാപട്യം അണിയാനോ ഭക്തിപാരവശ്യത്തില്‍ സ്വയം മറന്നുനില്‍ക്കാനോ രാധാകൃഷ്ണന്‍ ഒരുക്കമല്ലായിരുന്നു. തന്റെ വിശ്വാസവും രാഷ്ട്രീയവും അടിയറ വെക്കാതെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുകയെന്ന മന്ത്രിയുടെ ഉത്തരവാദിത്തം മാത്രമാണ് രാധാകൃഷ്ണന്‍ നിറവേറ്റിയത്. ദൈവങ്ങളുടെ പേര് പറഞ്ഞ് എന്തെങ്കിലുമൊക്കെ കക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയം അടിയറ വെക്കുന്നുണ്ടെങ്കില്‍ അവരൊക്കെ ഒന്നു ഭയപ്പെട്ടിരിക്കുന്നത് നല്ലതാണെന്നുകൂടി രാധാകൃഷ്ണന്‍ പറഞ്ഞുവെക്കുന്നു.

വാലറ്റം: മുന്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെക്കുറിച്ച് വെറുതെയൊന്ന് ആലോചിച്ചുപോയി. ഇതുപോലൊരു മണ്ഡലകാലത്ത് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയപ്പോള്‍ വളരെ ഭക്തിയോടെ കൈകൂപ്പിയാണ് കടകംപള്ളി നിന്നത്. അന്ന് കൂടെയുണ്ടായിരുന്ന കെ.ടി ജലീലാകട്ടെ ബഹുമാനത്തോടെ കൂടെ നിന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാട് സമര്‍പ്പണവും നടത്തി പാര്‍ട്ടി നേതൃത്വത്തെ പോലും ചൊടിപ്പിച്ചതും ഈ കടകംപള്ളിയാണ്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു തന്റെ ക്ഷേത്ര ദര്‍ശനമെന്ന കടകംപള്ളിയുടെ വിശദീകരണം സിപിഎം അണികള്‍ക്കുപോലും അന്ന് ദഹിച്ചിരുന്നില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരിക്കെ കണ്ണേറ്റുമുക്കിലെ പാര്‍ട്ടി ഓഫീസിലേക്ക് പോകുമ്പോഴെല്ലാം വഴിവക്കിലുള്ള കോവിലിനു നേരെ കടകംപള്ളി കൈകൂപ്പാറുണ്ടെന്നും ചില വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിലും കടകംപള്ളിയുടെ ഭക്തി പ്രകടമായി. സായിബാബയുടെയും ഷിര്‍ദിബാബയുടെയും ചിത്രത്തിനു മുന്നില്‍വരെ അദ്ദേഹം തൊഴുതുനിന്നു. വിമര്‍ശനങ്ങള്‍ ഏറിയതുകൊണ്ടാകാം, തിരുവനന്തപുരത്തെ കരിക്കയ്ക്കം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയപ്പോള്‍, ദീപാരാധന സമയത്ത് കടകംപള്ളി കൈകൂപ്പിയില്ലെന്നു മാത്രമല്ല കൈകൂപ്പിയ സി ദിവാകരന്റെ കൈ തട്ടി മാറ്റാനും ശ്രമിച്ചു. മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയിലാണ് കടകംപള്ളിയെക്കുറിച്ച് ഓര്‍ത്തത്. പൂമൂടല്‍ ഉള്‍പ്പെടെ വഴിപാടുകളും ശ്രീകൃഷ്ണ ജയന്തിയും പൊങ്കാലയും ആഘോഷമാക്കിയവരും അയ്യപ്പനെക്കുറിച്ച് ആംഗലേയ ഭാഷയില്‍ കവിത എഴുതിയവരുമായ നേതാക്കളെ മനപൂര്‍വം മറന്നതല്ല.