ദുരന്തങ്ങളുടെ മുതലെടുപ്പുകാര്‍; മതം മുതല്‍ പലിശക്കാര്‍ വരെ

 
ദുരന്തങ്ങളുടെ മുതലെടുപ്പുകാര്‍; മതം മുതല്‍ പലിശക്കാര്‍ വരെ

എത്ര സംസ്കാര സമ്പന്നരെന്നു പറയുമ്പോഴും മനുഷ്യരുടെ ഉള്ളിൽ എപ്പോഴും അടങ്ങിയൊതുങ്ങിക്കഴിയുന്ന ദുരയും ആർത്തിയും പലപ്പോഴും നിലവിട്ടു പുറത്തുവരാറുണ്ട്. പലപ്പോഴുമത് ദുരന്തമുഖങ്ങളിലാണ് സംഭവിക്കുക. ഒരു അപകടം സംഭവിച്ചാൽ ദുരന്തം സംഭവിച്ച ദിക്കിൽ നിന്നും മോഷണം സാധാരണ പതിവാണ്. അത്തരം ഒന്നിന് ഞാന്‍ ദൃക്സാക്ഷിയായിട്ടുണ്ട്. കഴിഞ്ഞ കേദാർ നാഥ് പ്രളയ സമയത്ത് രക്ഷപ്പെട്ട് പോന്ന പലരെയും നേപ്പാളി പോർട്ടർമാരും കാശ്മീരി ചുമട്ടുകാരും പണം തട്ടിയെടുക്കാൻ ഉപദ്രവിച്ചെന്നും കൊലപ്പെടുത്തിയെന്നും രക്ഷപ്പെട്ടുവന്ന ചിലർ പോലീസ് പോസ്റ്റുകളിൽ പറഞ്ഞിരുന്നു. അപ്പോഴാണ് വരുന്നവരെ എല്ലാം ചെക്ക് ചെയ്യാൻ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പോലീസിന് നിർദേശം കൊടുത്തത്. അതിനെ തുടര്‍ന്ന് അവിടെ നിന്നും മടങ്ങിയ ഒരു പോർട്ടറുടെ ബാഗിൽ നിന്ന്, ഊരിയെടുക്കാൻ വയ്യാത്ത വളകൾ ഉള്ളതുകൊണ്ട് മുറിച്ചെടുത്ത ഒരു സ്ത്രീയുടെ കൈ കണ്ടെത്തുകയുണ്ടായി.

കേദാർ നാഥ് ക്ഷേത്രത്തിന്റെ പണമെല്ലാം സൂക്ഷിക്കാനായി അവിടെ ഒരു ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ദുരന്തമുണ്ടായ ശേഷം ഹെലികോപ്റ്ററിൽ രക്ഷപ്പെടാൻ പ്ളാനില്ലാതെ ചുറ്റിപ്പറ്റി നിന്ന രണ്ട് പേർ പട്ടാളത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. സന്യാസിമാരുടെ വേഷം ധരിച്ച് ക്ഷേത്ര നടയിൽ പിച്ചയ്ക്കിരുന്ന ഇവരുടെ ഭാണ്ഡം പട്ടാളക്കാർക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. നട തുറന്നതു മുതല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയാണ് രണ്ടു പേരുടെയും ഭാണ്ഡത്തില്‍ ഉണ്ടായിരുന്നത്.

ലോകത്ത് എവിടെയെല്ലാം അപകടങ്ങളോ യുദ്ധങ്ങളോ ലഹകളകളോ ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ ഇപ്രകാരം കൊള്ളയടിക്കലും മോഷണവും പതിവാണ്. അവരാരും ദുരന്തം വരാൻ കാത്തിരുന്നവരല്ല. പക്ഷെ ഉള്ളിലൊളിപ്പിച്ചുവെച്ചിരുന്ന ദുരയുടെ വാസന അവരെ സാഹചര്യം ഒത്തുകിട്ടിയപ്പോൾ കള്ളന്മാരും കൊള്ളക്കാരുമാക്കി. അവർ ക്രിമിനലുകളായി സ്വയം അവരോധിക്കുകയാണ്. പക്ഷെ ദുരന്തം കാത്തിരിക്കുന്ന ആർത്തി മൂത്ത ചിലരുണ്ട്; അത് മിഷണറിമാരാണ്. അവരെപ്പറ്റി നല്ല വാക്കുകൾക്കൊപ്പം ഇതും കൂടി പറയാതെ വയ്യ. ഒത്തിരി സേവനങ്ങൾ ചെയ്യുന്ന ആൾക്കാരാണ് മിഷണറിമാർ. ഒരു പരിധിവരെ ആർക്കും വേണ്ടാതെ കിടക്കുന്ന ദൈന്യരെയും നിരാശ്രയരെയും അവർ കൂടെ കൂട്ടും. കൂട്ടത്തിൽ അവരെ മത പരിവർത്തനം ചെയ്യും എന്നത് ഒരു പോരായ്മയായി എതിരാളികൾ പറയും. പക്ഷെ അവരും ചെയ്തുകൂടാത്ത കാര്യങ്ങൾ ഇത്തരം ദുരന്തമുഖങ്ങളിൽ ചെയ്യുന്നുണ്ട്.

ദുരന്തങ്ങളുടെ മുതലെടുപ്പുകാര്‍; മതം മുതല്‍ പലിശക്കാര്‍ വരെ

ദുരന്തശേഷം രുദ്രപ്രയാഗിലെ ജില്ലാ മജിസ്ട്രേറ്റ് വിളിച്ച പ്രകാരം എത്തിയതായിരുന്നു ഈ ലേഖകൻ. അല്പം കാത്തിരിക്കേണ്ടി വന്നു. അപ്പോഴവിടെ മൂന്ന് മലയാളി സേവാ പ്രവർത്തകർ എത്തിച്ചേർന്നു. എനിക്കൊപ്പം ഉണ്ടായിരുന്നത് ഒരു വിദേശിയായിരുന്നു. ഞങ്ങൾ മജിസ്ട്രേറ്റിനു കൊടുക്കേണ്ട ഒരു പേപ്പർ എഴുതികൊണ്ടിരിക്കുന്നതിനാൽ മൂന്ന് പേരെ അത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല. പക്ഷെ എഴുതിക്കഴിഞ്ഞ് വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരുടെ സംസാരം അല്പം കേൾക്കേണ്ടിവന്നു. ഏരിയാകൾ പങ്കു വെച്ചു കിട്ടിയ കഥകളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിൽ സ്കൂളു പണിയാൻ പറ്റിയ സ്ഥലം, പള്ളിക്ക് പറ്റിയ സ്ഥലം എന്നിങ്ങനെ അവരുടെ ആശകളും ആശങ്കകളുമാണ്. ദുരിതാശ്വാസ പ്രവർത്തനത്തിനുവന്നവർ അവിടെ ആഗ്രഹിക്കുന്നത് ദുരിതമൊപ്പാനല്ല, തങ്ങളുടെ പ്രവർത്തന മേഖല വലുതാക്കാനാണ്.

ഡോക്ടർമാരും മരുന്നുമായി കാത്തു നില്ക്കുന്നവർക്ക് പോലും ഹെലികോപ്റ്റർ കിട്ടാത്തപ്പോഴും കെ പി യോഹാന്നാന്റെ സംഘത്തിന് അവിടെ ദുരന്തമേഖലയിൽ പോകാൻ ഹെലികോപ്റ്റർ കൊടുക്കാൻ മുകളിൽ നിന്ന്‍ നിര്‍ദേശം വന്നതും കണ്ടു. എന്തുകൊണ്ട് ഇത് എഴുതി എന്നു കരുതുന്നെങ്കിൽ, നേപ്പാൾ ദുരന്ത സമയത്ത് ദുരമൂത്ത മിഷണറിമാരുടെ 'വിത്തുവിതയ്ക്കാൻ വയൽ ദൈവം ഒരുക്കിത്തന്നു’ എന്ന് പറഞ്ഞുള്ള ട്വീറ്റുകൾ ആരംഭിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ എഴുതിയവർക്ക് കാര്യം മനസിലായിട്ടുണ്ടാവാം. ഏറ്റവും വലിയ മിഷണറി ഗ്രൂപ്പിന്റെ ഏഷ്യൻ കാര്യങ്ങളുടെ നിയന്ത്രണം നടത്തുന്നത് കാഠ്മണ്ഡുവിലാണ്. മിക്കവാറും എല്ലാവർക്കും ഡൽഹിയിൽ ഓഫീസുകളും ഗോഡൗണുകളും ഉണ്ട്. അവരുടെ ഗോഡൗണുകളിൽ ദുരന്ത മുഖങ്ങളിലേക്ക് മാത്രം അയയ്ക്കുന്ന കൊതുകുവല, മെഴുകുതിരി, ടോർച്ച് തുടങ്ങിയവ മാത്രമാണ് ശേഖരിച്ചുവെച്ചിരിക്കുന്നത്. ഇത്രയും മുന്നൊരുക്കങ്ങൾ ചെയ്തിട്ടുള്ളവർക്ക് ദുരന്തം ഉണ്ടായ ശേഷം എന്താണ് ചെയ്യെണ്ടതെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണോ?

പക്ഷെ നമ്മുടെ സമൂഹം കാണാതെ പോവുന്ന ഒന്നുണ്ട്. ഓരോ ദുരന്തം കഴിയുമ്പോഴും അതിനെ സഹായിക്കുന്ന മനസ്സിൽ നന്മയുള്ള ആയിരക്കണക്കിനു മനുഷ്യരുടെ നിസ്വാർത്ഥ ധനവും സാധന സാമഗ്രികളും ഒന്നും ആരും ശ്രദ്ധിക്കില്ലെങ്കിലും എല്ലാ മതക്കാരുടെതുമായ പുതിയ ആരാധനാലയങ്ങളും സ്കൂളുകളും ദുരന്തത്തിന്റെ മറപിടിച്ച് നിയമപരമായ തടസ്സങ്ങളെ പലതിനെയും തകർത്ത് ഉണ്ടായി വരുന്നത് എല്ലാ ദിക്കിലും നമുക്ക് കണ്ടെത്താൻ സാധിക്കും.

ദുരന്തങ്ങളുടെ മുതലെടുപ്പുകാര്‍; മതം മുതല്‍ പലിശക്കാര്‍ വരെ

സർക്കാരിലെ അഴിമതിക്കാർ ദുരന്തം ഒരു വിളവെടുപ്പായിട്ടാണ് കരുതുന്നത്. ഉത്തരാഖണ്ഡിൽ 500 വീടുകൾ വെച്ച് കൊടുക്കുവാൻ അമൃതാനന്ദമയി മഠം മുന്നോട്ടു വരുകയും അവർ സാധന സാമഗ്രികളുമായ് പണി തുടങ്ങുകയും 10-ഓളം വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. അതേ സമയം സർക്കാർ ഇടപെട്ട് അത് നിർത്തിച്ചു. അവർ അവിടെ പണിത വീടുകൾക്ക് പത്ത് മുതൽ പതിമൂന്ന് ലക്ഷം വരെയായിരുന്നു ചിലവ്. സർക്കാർ അവരോട് പറഞ്ഞത് ലോക ബാങ്കിന്റെ ധനസഹായം കിട്ടുന്നുണ്ട്. അത് അഞ്ച് ലക്ഷം രൂപയാണ്. അത് കിട്ടണമെങ്കിൽ നിങ്ങൾ വീട് പണിയുന്നത് നിർത്തണം എന്നാണ്. എന്നു വെച്ചാൽ അമൃതാനന്ദമയി മഠം സൗജന്യമായി യുദ്ധകാലാടിസ്ഥാനത്തിൽ വീട് പണി തുടങ്ങിയപ്പോൾ ലോകബാങ്കിൽ നിന്നും ലോണായികിട്ടുന്ന പണം അഞ്ച് ലക്ഷം വീതം നാട്ടുകാർക്ക് വീതിക്കുക. ആ വീതിക്കുന്ന അഞ്ച് ലക്ഷവും അവർക്ക് കിട്ടില്ല എന്നത് അടുത്ത തമാശ. എങ്കിലും ജനങ്ങളെ വീണ്ടും പലിശ കൊടുക്കുന്ന കടക്കാരനാക്കുന്ന ലോകബാങ്ക് കടം കിട്ടാൻ സൗജന്യമായി പണിയുന്ന വീടുകളുടെ നിർമ്മാണം നിർത്തിവെപ്പിച്ച സർക്കാരിന്റെ ഉദ്ദേശം ഇത്രമാത്രം. ലോണെടുത്ത് കിട്ടുന്ന പണം തട്ടിപ്പ് നടത്താം, പക്ഷെ സൗജന്യമായി വീടു വെച്ച് കൊടുക്കുന്നവരിൽ നിന്നും ഒന്നും കിട്ടുകയില്ല. ഇതും ജനസേവനത്തിന്റെ പുത്തൻ മാതൃകയാണ്.

ദുരന്തങ്ങളുടെ മുതലെടുപ്പുകാര്‍; മതം മുതല്‍ പലിശക്കാര്‍ വരെ

ഉത്തരാഖണ്ഡിലേക്കുള്ള ദുരന്തനിവാരണ സാമഗ്രികൾ (കോൺഗ്രസ് സർക്കാർ അയച്ചത്) രാഹുൽ ഗാന്ധിയെ കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്യിപ്പിക്കാൻ ദിവസങ്ങൾ ഡൽഹിയിൽ കെട്ടിക്കിടന്നു. ഇനി നമ്മൾ, സാധാരണക്കാർ ഒരു ദുരന്തമുണ്ടായാൽ ഒത്തിരി പേരെ ഭയക്കണം എന്നായിരിക്കുന്നു. ദുരാഗ്രഹികളായ രാഷ്ട്രിയക്കാർ, മതം വളർത്താൻ ഇരപിടിക്കാൻ നടക്കുന്ന മതസംഘടനകള്‍, തല്ക്കാലം കിട്ടിയ അവസരത്തിൽ മോഷ്ടിക്കാനും കൊള്ളയടിക്കാനുമിറങ്ങുന്ന കൊള്ളക്കാർ; കൃത്യമായ ഒരു ദുരന്ത, ദുരിത നിവാരണ സേനകൾ ജനമനസ്സുകളിൽ നിന്നു തന്നെ പുറപ്പെട്ടു വരികയേ ഇതിനൊരു താല്ക്കാലിക പരിഹാരമുള്ളു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)