ഐതിഹാസികം; ഇത് കര്‍ഷകരുടെ ഇച്ഛാശക്തിയുടെ വിജയം

 
SAVE FARMERS

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണ്. തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ഫാസിസ്റ്റ്-കോര്‍പ്പറേറ്റ് ഭരണകൂടത്തിനെതിരെ, മരിച്ചുവീണാലും പിന്മാറില്ലെന്ന ശപഥവുമായാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. അധിക്ഷേപങ്ങളും ആരോപണങ്ങളും ഭീകരമായ അടിച്ചമര്‍ത്തലുകളും നേരിട്ടാണ് രാജ്യ തലസ്ഥാനത്ത് അവര്‍ തമ്പടിച്ചത്. മഹാമാരിയെയും അതിശൈത്യത്തെയും കടുത്ത ചൂടിനെയും കൂടി അവര്‍ക്ക് നേരിടേണ്ടിവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ പിന്തുണയുണ്ടായിട്ടുപോലും ജനകീയ സമരങ്ങള്‍ പരാജയപ്പെടുന്ന കാലത്ത്, സാധാരണക്കാരായ കര്‍ഷകരുടെ സമരത്തിന്റെ ഗതിയും അതായിരിക്കുമെന്ന് വിധിയെഴുത്തുകള്‍ വന്നു. തോറ്റുപിന്മാറുന്നതിനേക്കാള്‍ മരണമാണ് ഭേദമെന്ന് ഉറപ്പാക്കിയവരെ അതൊന്നും ബാധിച്ചില്ല. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പോലും കീഴ്‌മേല്‍ മറിച്ചുകൊണ്ട്, 1988ല്‍ തങ്ങളുടെ പൂര്‍വ്വികര്‍ നേടിയ സമരവിജയത്തിന്റെ ചരിത്രം അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. രാജ്യത്തെ അന്നമൂട്ടുന്നവരുടെ, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയുടെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ അവര്‍ക്കു സാധിച്ചു. കര്‍ഷകര്‍ തുടങ്ങിവെച്ച സമരം, ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ബഹുജന മുന്നേറ്റമായി മാറിയതോടെയാണ് ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നത്. 

ഡല്‍ഹി കീഴടക്കിയ ആദ്യ സമരം
32 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ് മൈതാനിയില്‍ കര്‍ഷകര്‍ ഒരാഴ്ചയോളം സമരം നടത്തി. വന്‍ ഭൂരിപക്ഷത്തിന്റെ ഗര്‍വ്വില്‍ അധികാരത്തിലേറിയ രാജീവ് ഗാന്ധിക്കും കോണ്‍ഗ്രസിനും കര്‍ഷക പ്രക്ഷോഭം വലിയ കാര്യമായിരുന്നില്ല. പക്ഷേ, പിന്തിരിയാന്‍ കര്‍ഷകര്‍ ഒരുക്കമായിരുന്നില്ല. ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) നേതൃത്വത്തിലായിരുന്നു സമരം. നേതൃത്വനിരയില്‍ മഹേന്ദ്ര സിംഗ് തികായത്തും. ട്രാക്ടറുകള്‍, ട്രോളികള്‍, കാളവണ്ടികള്‍, സൈക്കിളുകള്‍ എന്നിവയിലും കാല്‍നടയായും കര്‍ഷകര്‍ തലസ്ഥാന നഗരിയിലെത്തി. രണ്ടരലക്ഷത്തോളം കര്‍ഷകരാണ് അന്ന് സമരത്തില്‍ പങ്കെടുത്തത്. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്റെ സംഭരണവില കൂട്ടിയതില്‍ നടപടി, കാര്‍ഷികവില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. സാമുഹിക അടുക്കളകള്‍ ഒരുങ്ങി, രാഷ്ട്രീയ, സാമുഹിക, സന്നദ്ധ സംഘടനകള്‍ പിന്തുണയുമായെത്തി. പ്രതിപക്ഷ നിരയില്‍നിന്ന് വി.പി സിംഗ്, കാന്‍ഷി റാം, ഓം പ്രകാശ് ചൗട്ടാല, എ.ബി വാജ്പേയി, മേനക ഗാന്ധി, ജോര്‍ജ് ഫെര്‍ണാണ്ടസ്, രാമകൃഷ്ണ ഹെഗ്ഡെ, ചന്ദ്രശേഖര്‍ ആസാദ്, ദേവി ലാല്‍ എന്നിവര്‍ സമര വേദിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ശബ്ദമായി. പക്ഷേ, സമരവേദിയുടെ നിയന്ത്രണം കര്‍ഷകര്‍ക്കു തന്നെയായിരുന്നു. എന്നിട്ടും സമ്പന്നരായ കര്‍ഷകര്‍, പ്രശസ്തിക്കായുള്ള സമരം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശ എന്നിങ്ങനെ ആരോപണങ്ങള്‍ കേട്ടു. എല്ലാത്തിനും ഒടുവില്‍ ആവശ്യങ്ങളില്‍ ഭൂരിഭാഗവും നേടിയെടുത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍നിന്നും മടങ്ങിയത്. അതോടൊപ്പം ഡല്‍ഹി രാഷ്ട്രീയവും മാറിത്തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ പതനവും കര്‍ഷക സമരത്തെ പിന്തുണച്ച നേതാക്കളുടെ നല്ല കാലവും അവിടെ തുടങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് വീഴുന്നു, ബിജെപി വാഴുന്നു
1980ല്‍ 377 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്റെ നേട്ടം. ജനത പാര്‍ട്ടി (എസ്) ആയിരുന്നു രണ്ടാമത്തെ വലിയ കക്ഷി. 43 സീറ്റുകള്‍. സിപിഎം 39, ജനത പാര്‍ട്ടി 17, ഡിഎംകെ 16, സിപിഐ 14, ബിജെപി 13 എന്നിങ്ങനെയായിരുന്നു മറ്റു പാര്‍ട്ടികളുടെ സീറ്റുകള്‍. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു 1984ലെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സീറ്റ് നേട്ടം 426 ആയി ഉയര്‍ന്നു. ടിഡിപി 30 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയായി. സിപിഎം 23, ജനത പാര്‍ട്ടി 16, എഐഎഡിഎംകെ 12, ഡിഎംകെയും ബിജെപിയും രണ്ട് എന്നിങ്ങനെ വലിയ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പില്‍ കണ്ടു. എന്നാല്‍ 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും തിരിച്ചടിയേറ്റു. 1989ല്‍ കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. ജനതാദള്‍ 142 സീറ്റില്‍ ജയിച്ചു. ബിജെപി 89, സിപിഎം 34, സിപിഐ 12, എഐഎഡിഎംകെ 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. കര്‍ഷക പ്രക്ഷോഭം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായി. ആര്‍ക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതായ രാഷ്ട്രീയ പരിസരം. രാജീവ് ഗാന്ധിയും കോണ്‍ഗ്രസും അധികാരത്തിന്റെ പടികള്‍ വിട്ടിറങ്ങിയപ്പോള്‍ ജനതാദള്‍, ബിജെപി ഉള്‍പ്പെടുന്ന രാഷ്ട്രീയ സഖ്യം അധികാരത്തിലെത്തി. വി.പി സിംഗെന്ന പുതിയ ദേശീയ നേതാവിന്റെ ഉദയവും വാഴ്ചയും ഇന്ത്യ കണ്ടു. പിന്നീടങ്ങോട്ട് മുന്നണി രാഷ്ട്രീയം പലകുറി മാറിമറിഞ്ഞു. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ അപ്രമാദിത്തത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു 1988ലെ കര്‍ഷക പ്രക്ഷോഭം.

2020-21ലെ കര്‍ഷക പ്രക്ഷോഭം
1988ലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബികെയു നേതാവ് മഹേന്ദ്ര സിംഗ് തികായത്തിന്റെ മകന്‍ രാകേഷ് തികായത്താണ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഇക്കുറി ഡല്‍ഹിയിലെത്തിയത്. 2011ല്‍ മരിക്കുന്നതുവരെ അധികാര മോഹമോ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ പോലും ചെയ്യാത്ത പിതാവിന്റെ പാതയിലായിരുന്നു രാകേഷിന്റെയും സഞ്ചാരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സര്‍ക്കാരിന്റെ ഒരു നടപടിയും അംഗീകരിക്കില്ലെന്നായിരുന്നു നിലപാട്. മരിച്ചുവീണാലും സമരവേദി വിടില്ലെന്ന് കര്‍ഷകര്‍ ശപഥമെടുത്തു. 1988നു സമാനമായിരുന്നു കാര്യങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ഗര്‍വ്വുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. പാര്‍ലമെന്റിലെ തിണ്ണമിടുക്കില്‍, വോട്ടിങ്ങും ചര്‍ച്ചയും കൂടാതെ വിവാദ നിയമങ്ങള്‍ പാസാക്കിയവര്‍ കര്‍ഷകരുടെ ഉന്നമനത്തെക്കുറിച്ച് വാചാലരായി. പ്രതിപക്ഷത്തിന്റെ കൈയിലെ കളിപ്പാവകളാണ് സമരം ചെയ്യുന്നവരെന്ന് അവഹേളിക്കപ്പെട്ടു. തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, ഖലിസ്ഥാനികള്‍, രാജ്യദ്രോഹികള്‍, അക്രമികള്‍, തെമ്മാടികള്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ടു. മതം പറഞ്ഞ് വിഭജിക്കാന്‍ നോക്കി. കര്‍ഷകരെ പഴി പറയാന്‍ കേന്ദ്രമന്ത്രിമാര്‍ മത്സരിച്ചു. കേന്ദ്ര സര്‍ക്കാരും അവര്‍ പോറ്റിവളര്‍ത്തുന്ന കോര്‍പ്പറേറ്റുകളും പല തരത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. അതിന് കൂട്ടുനില്‍ക്കാന്‍ ചില മാധ്യമങ്ങള്‍ മത്സരിച്ചു. സുപ്രീംകോടതിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങള്‍ കേട്ടു. സമരഭൂമിയിലേക്കുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞ് സമരക്കാരെ പുകച്ചു പുറത്തുചാടിക്കാന്‍ ഭരണ സംവിധാനങ്ങള്‍ ശ്രമിച്ചു. പലതരത്തില്‍ സമരക്കാര്‍ നിരന്തരം ആക്രമിക്കപ്പെട്ടു. പൊലീസും സേനകളും ശത്രുക്കളോടെന്നപോലെ പെരുമാറി. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകപ്പെട്ടു. ഭരണകൂടത്തിന്റെ ഒത്താശയോടെ, പുറത്തുനിന്നുള്ളവരും സമരക്കാരെ ആക്രമിച്ചു.

ഭരണകൂടധാര്‍ഷ്ട്യങ്ങളെ വിജയിച്ച വര്‍ഗരാഷ്ട്രീയം 
പതിവു പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമപ്പുറം കാര്യമായൊന്നും ചെയ്യാനില്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിയര്‍ക്കുമ്പോഴേക്കും കര്‍ഷക സമരത്തിന് പുതിയ മുഖം കൈവന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തലസ്ഥാന നഗരിയിലേക്കെത്തി. പ്രായമായവര്‍ തങ്ങളുടെ അവശതകള്‍ മറന്നു. കോവിഡും തണുപ്പുമൊന്നും അവരെ തടഞ്ഞില്ല. സമൂഹ അടുക്കളകള്‍ തയ്യാറായി. ഒരുമിച്ച് ഭക്ഷണം കഴിച്ച്, അവര്‍ തെരുവുകളില്‍ അന്തിയുറങ്ങി. ആളുകള്‍ ഒറ്റയായും കൂട്ടമായും സഹായങ്ങളുമായെത്തി. ഭക്ഷണവും വെള്ളവും വസ്ത്രവും തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളികളുമൊക്കെയായി വ്യക്തികളും സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ നല്‍കി. ജനാധിപത്യത്തിലെ ജനങ്ങളുടെ ശക്തിപ്രകടനമായി സമരം മാറി. കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ മണ്ണൊരുക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മണ്ണില്‍ പണിയെടുക്കുന്നവര്‍ ഒരുമിച്ചുനിന്നു. മതവും വര്‍ഗീയതയും പറഞ്ഞ് സമരം കലക്കാനെത്തിയവര്‍ക്കുമുന്നില്‍ വര്‍ഗ രാഷ്ട്രീയത്തിന്റെ പുതിയ പാഠം ചുരുള്‍ നിവര്‍ന്നു. നാനാത്വത്തില്‍ ഏകത്വത്തെ പ്രതിഫലിപ്പിക്കുന്നതായി സമരവേദികള്‍. കോണ്‍ഗ്രസ്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സമരത്തിന് ഊര്‍ജം പകര്‍ന്നു. പക്ഷേ, വര്‍ഗീയ, വിഭാഗീയ ചിന്തകള്‍ക്കെന്നപോലെ അമിത രാഷ്ട്രീയ ചിന്തകള്‍ക്കും അവിടെ സ്ഥാനമില്ലായിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയെന്ന പേരില്‍ നാല്‍പ്പതോളം കര്‍ഷക സംഘടനകള്‍ ഒരുമിച്ചുനിന്നു. ജഗജിത് സിംഗ് ദല്ലേവാള്‍, അശോക് ധവാലെ, ഹന്നാന്‍ മൊല്ല, രാകേഷ് ടിക്കായത്ത്, യോഗേന്ദ്ര യാദവ്, വിജു കൃഷ്ണന്‍ തുടങ്ങിയവര്‍ കര്‍ഷകരുടെ ശബ്ദമായി.  

പരാജയപ്പെടുന്നതോ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ വീര്യം ചോര്‍ന്നുപോകുന്നതോ ആയ രാഷ്ട്രീയ സമരങ്ങളുടെ ഗതി കര്‍ഷക സമരത്തിനും വന്നുചേരരുതെന്ന വാശി നേതാക്കള്‍ക്കുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം അത് പ്രകടമായിരുന്നു. പലപ്പോഴായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍പ്പോലും അവര്‍ വീണുപോയില്ല. അതിനിടെ രൂപപ്പെട്ട ചില്ല ഭിന്നതകളെ പരിഹരിക്കാനും വിഘടിച്ചുനില്‍ക്കുന്നവരെ അകറ്റിനിര്‍ത്താനും നേതാക്കള്‍ ശ്രമിച്ചു. എല്ലാത്തരം ചിന്തകളെയും തങ്ങള്‍ക്കനുകൂലമായ രീതിയിലേക്ക് സമന്വയിപ്പിച്ചു. ഒരു തരത്തിലുള്ള അജണ്ടകള്‍ക്കുമുന്നിലും തോല്‍ക്കാതെ, കര്‍ഷക-തൊഴിലാളി സമരമായി അത് അനുദിനം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. ജന വിരുദ്ധ, ഫാസിസ്റ്റ്-കോര്‍പ്പറേറ്റ് സര്‍ക്കാരിനെതിരായ പോരാട്ടമായി പൊതുസമൂഹം അതിനെ ഏറ്റെടുത്തു. രാജ്യ തലസ്ഥാനനഗരിക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ പിന്തുണയേറി. രാജ്യത്ത് തങ്ങള്‍ക്കനുകൂലമായിരുന്ന രാഷ്ട്രീയ സാഹചര്യത്തെ കീഴ്‌മേല്‍ മറിക്കാനുള്ള കരുത്ത് കര്‍ഷക സമരത്തിനുണ്ടെന്ന് ബോധ്യം വന്നതോടെ ഭരണകൂടം അപകടം മണത്തു. ഉപതെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടികള്‍ക്കൊപ്പം അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും അവരുടെ നെഞ്ചിടിപ്പ് കൂട്ടി. ഒരു വര്‍ഷമാകുമ്പോഴും ചോരാത്ത കര്‍ഷകരുടെ സമരവീര്യത്തിനുമുന്നില്‍ അടിയറവ് പറയാനല്ലാതെ മോദി സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലായിരുന്നു. ഏഴ് വര്‍ഷത്തെ ഭരണത്തിനിടെ, പ്രധാനമന്ത്രി മോദിക്ക് ആദ്യമായി തന്റെ തീരുമാനം പിന്‍വലിക്കേണ്ടിവന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ സമരത്തിന്റെ വിജയം. കര്‍ഷകരില്‍ ഉറഞ്ഞുകൂടിയ ഇച്ഛാശക്തിക്കുമുന്നില്‍ ഫാസിസ്റ്റ്-കോര്‍പ്പറേറ്റ് ഭരണകൂടത്തിന്റെ സര്‍വ ഗര്‍വ്വും തകര്‍ന്നുവീണു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ ജനകീയ-രാഷ്ട്രീയ സമരങ്ങളും നേതൃത്വവും തോറ്റുപോകുന്ന നാളില്‍, ബഹുജന സമരങ്ങള്‍ എങ്ങനെയായിരിക്കണമെന്നുകൂടിയാണ് സാധാരണക്കാരായ കര്‍ഷകര്‍ പറഞ്ഞുതരുന്നത്.

Photo: Priya Solomon