കോണ്‍ഗ്രസിനും യുഡിഎഫിനും സാഹചര്യം മുതലാക്കാനായില്ല; തമ്മിലടിച്ച് തിരിച്ചടി ഇരന്നുവാങ്ങി

 
കോണ്‍ഗ്രസിനും യുഡിഎഫിനും സാഹചര്യം മുതലാക്കാനായില്ല; തമ്മിലടിച്ച് തിരിച്ചടി ഇരന്നുവാങ്ങി

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ലഭിച്ച തിളക്കമാര്‍ന്ന വിജയം സിപിഎമ്മിനും ഇടതുപക്ഷ മുന്നണിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കുന്നത് വലിയ ആശ്വാസം. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കടന്നുപോയിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് പിടിച്ചുനില്‍ക്കാന്‍ ശക്തമായ പിടിവള്ളി. കോണ്‍ഗ്രസും യുഡിഎഫുമാകട്ടെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലും അതിന്റെ പ്രയോജനങ്ങളൊന്നും നേടാനാകാതെ പോയതിന്റെ പ്രതിസന്ധിയിലും. മുസ്ലിംലീഗും പി.ജെ ജോസഫും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ബിജെപിക്കാവട്ടെ 2015ല്‍ നിന്നും മുന്നോട്ടുപോകാനായെങ്കിലും പ്രതീക്ഷിച്ച നേട്ടം സാധ്യമായിട്ടില്ല.

ഇത്രമേല്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലും നേട്ടം ഉണ്ടാക്കാനാകാതെ പോയത് വിരല്‍ ചൂണ്ടുന്നത് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഗുരുതരമായ ആന്തരിക പ്രതിസന്ധികളിലേക്കാണ്. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരിയ്ക്കലും ലഭിക്കാത്ത തരത്തില്‍ അനുകൂലമായ സാഹചര്യമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംജാതമായത്. സിപിഎമ്മും സര്‍ക്കാരും ആരോപണങ്ങളുടെ പെരുമഴയില്‍ നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് നടന്നത്. പക്ഷെ അതിന്റെ അനുരണനങ്ങള്‍ താഴെതട്ടിലേക്ക് എത്തിച്ച് ഫലം കൊയ്യാന്‍ കോണ്‍ഗ്രസിനും ഐക്യ മുന്നണിയ്ക്കും സാധിച്ചില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞു. തങ്ങളുടെ കോട്ടകള്‍ ഭദ്രമായികാത്തുവെന്നു പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസും യുഡിഎഫും തികഞ്ഞ ഗൗരവത്തോടെ കാര്യങ്ങള്‍ പരിശോധിയ്ക്കണമെന്ന് ആവശ്യം മുന്നോട്ടുവെയ്ക്കുന്നു. കോണ്‍ഗ്രസ് കാലുവാരിയെന്ന് പി.ജെ. ജോസഫ് തുറന്നടിയ്ക്കുകയും ചെയ്തു.

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പാര്‍ട്ടിയ്ക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് കെ. മുരളീധരനും പറഞ്ഞുകഴിഞ്ഞതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കത്ത് കൂടുതല്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടുന്ന ചിത്രമാണ് തെളിയുന്നത്. വ്യാഴാഴ്ച ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ വലിയ തോതിലുള്ള വിഴുപ്പലക്കലുകള്‍ നടക്കുമെന്ന കാര്യം ഉറപ്പ്. അടിത്തറയ്ക്കു ഇളക്കമൊന്നുമുണ്ടായിട്ടില്ലെന്ന തരത്തിലെ പ്രസ്താവങ്ങള്‍ക്കപ്പുറത്തേക്ക് കടന്നു എന്തുകൊണ്ടു രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായില്ലെന്നതു സംബന്ധിച്ച വ്യക്തമായ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് സംയുക്ത പത്രസമ്മേളനം നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞതായി തോന്നുന്നില്ല. രാഷ്ട്രീയ കാര്യസമതിയിലെ ചര്‍ച്ചകള്‍ക്കുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം എന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ സ്വീകരിച്ചത്.

കടുത്ത പ്രതിസന്ധികള്‍ക്കു നടുവിലൂടെ പോകുന്ന സിപിഎമ്മിന് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാവുന്ന എല്ലാ സാഹചര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നു. അത് നല്‍കുന്ന ആത്മവിശ്വാസം വൈകിട്ട് പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ട്. ജനങ്ങള്‍ക്കെതിരെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രതിപക്ഷത്തിനു കിട്ടിയ ശിക്ഷയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനം നടത്താന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ആരും ചുരുക്കി കാണരുതെന്നും ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ജനഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


സ്വര്‍ണ്ണക്കടത്തടക്കം സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ജനങ്ങളെ സ്വാധീനിയ്ക്കുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചിരുന്നെങ്കില്‍ വലിയ തിരിച്ചടി എല്‍ഡിഎഫിന് സംഭവിക്കേണ്ടതായിരുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ ഇരിയ്ക്കുന്ന മുന്നണിക്ക് സാധാരണ നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാണ് സംഭവിക്കാറുള്ളത്. 2010ലും 2015ലും ഒക്കെ കണ്ടത് അതാണ്. അതിന് അപവാദമായിരുന്നത് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ജില്ല കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പായിരുന്നു. അന്ന് ജില്ല കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വിജയം കണ്ട് നിയമസഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയ ഇടതു മുന്നണിയ്ക്ക് വിജയം നിയമസഭയില്‍ ആവര്‍ത്തിയ്ക്കാനും കഴിഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റേയും നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പരിഗണനകള്‍ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തുന്നത് കരുതലോടെ വേണം.

സംസ്ഥാനത്തുടനീളം ഇടതു തരംഗമാണ് ദൃശ്യമായത്. ചിട്ടയും ഏകോപിതവുമായ പ്രവര്‍ത്തനവും സംസ്ഥാനത്ത് ഭരണത്തിലുള്ളതിന്റെ ആനുകൂല്യവും എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. സിപിഎം ജോസ് കെ മാണിയുമായി അടക്കം ഉണ്ടാക്കിയ കൂട്ടുകെട്ടുകെട്ടുകളെ സാധൂകരിക്കുന്ന ആധികാരിക വിജയമാണ് മധ്യകേരളത്തിലെ ചിത്രം നല്‍കുന്നത്. ചരിത്രത്തിലാദ്യമായി പാല മുന്‍സിപ്പാലിറ്റി ഭരണം ഇടതു മുന്നണിക്കു കൈയാളാനായി. മറ്റു ഇടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. മുന്‍സിപ്പാലിറ്റിയിലൊഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലും തല്‍സ്ഥിതി നിലനിര്‍ത്താനോ കഴിഞ്ഞ തവണത്തേതില്‍ നിന്നും മുന്നോട്ടു പോകാനോ എല്‍ഡിഎഫിനു സാധിച്ചു.

ബിജെപി തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചുവെങ്കിലും അവര്‍ക്കു പ്രതീക്ഷിച്ചതുപോലെയുള്ള നേട്ടം സാധ്യമായില്ല. ഏറെ കണക്കുകൂട്ടലുകളുമായി മത്സരത്തിനിറങ്ങിയ പല പ്രമുഖര്‍ക്കും തിരിച്ചടി നേരിട്ടു. തിരുവനന്തപുരവും തൃശൂരും പോലെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ സ്ഥലങ്ങളിലും കണക്കുകൂട്ടിയ പോലെ കാര്യങ്ങള്‍ മുന്‍പോട്ട് പോയില്ല. പാര്‍ട്ടിയ്ക്കത്തെ പ്രശ്നങ്ങള്‍ പല ഇടങ്ങളിലും തലവേദനകള്‍ സൃഷ്ടിച്ചതും കാരണമാകാം.

കോണ്‍ഗ്രസിനു രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, തന്ത്രപമായ പിഴവുകളും സംഭവിച്ചു. തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പുകളിലെ പരിഗണനാക്രമങ്ങള്‍ കണക്കിലെടുത്ത് തന്ത്രങ്ങള്‍ മെനയാനോ ഇടപെടലുകള്‍ നടത്താനോ കഴിഞ്ഞില്ല. നേതാക്കന്മാരുടെ തമ്മിലടി തിരഞ്ഞെടുപ്പ് കാലത്തും നിര്‍ബാധം തുടര്‍ന്നു. റിബല്‍ പ്രശ്നത്തിലും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടായില്ല. തമ്മില്‍ തല്ല് താഴെ തലത്തിലേക്ക് എത്തിയ്ക്കാനാണ് ഉത്തരവാദിത്തപ്പെട്ടവരുടെ നടപടികള്‍ പോലും വഴിവെച്ചത്. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തിലും മറ്റും നേതാക്കള്‍ ഭിന്നത പരസ്യമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനും മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരനും എം.എം. ഹസനും കെ.സുധാകരനും ഒക്കെ പല രീതിയില്‍ പ്രതികരിച്ചു വാര്‍ത്തകള്‍ സൃഷ്ടിച്ചു. കോണ്‍ഗ്രസിലെ ഭിന്നത തിരിച്ചടിക്ക് കാരണമായതായി മുന്നണിയിലെ നേതാക്കള്‍ തുറന്നുപറഞ്ഞത് വരും ദിവസങ്ങളില്‍ യുഡിഎഫിനകത്തെ ചര്‍ച്ചകള്‍ ഏത് ദിശയിലേക്ക് തിരിയുമെന്ന വ്യക്തമായ സൂചന നല്‍കുന്നുണ്ട്.

വോട്ടു നില പൂര്‍ണ്ണമായി പരിശോധിച്ചശേഷം മാത്രമേ എത്രമാത്രം വോട്ടുചോര്‍ച്ച എവിടെയൊക്കെ സംഭവിച്ചുവെന്ന കാര്യം വ്യക്തമാകുയുള്ളു. അത്തരം കണക്കുകള്‍ എന്തായാലും യുഡിഎഫിനെയും കോണ്‍ഗ്രസിനേയും സംബന്ധിച്ചിടത്തോളം ഈ തിരിച്ചടി വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് നേതാക്കളുടെ പ്രതികരണത്തില്‍ തെളിയുന്നത്. രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായില്ലെന്ന് കാര്യം അവരില്‍ പലരും തുറന്നുസമ്മതിക്കുന്നുമുണ്ട്. നാള്‍ക്കുനാള്‍ ദുര്‍ബലമാകുന്ന കേന്ദ്ര നേതൃത്വവും ഭിന്നത ശക്തമായ സംസ്ഥാന നേതൃത്വവും ഏകോപിതമായും തന്ത്രപരമായും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനാവായ്കയും ഒക്കെ കോണ്‍ഗ്രസിനെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു. പ്രശ്നങ്ങള്‍ എല്ലാം പരിശോധിച്ച് പരിഹരിക്കുമെന്നു നേതാക്കള്‍ ആവര്‍ത്തിയ്ക്കുമ്പോഴും പരിഹരശ്രമങ്ങളിലേയ്ക്കോ അതോ കൂടുതല്‍ തമ്മിലടിയിലേയ്ക്കോ പാര്‍ട്ടി കടക്കുകയെന്നത് പക്ഷെ, കാത്തിരുന്നു തന്നെ കാണണം.