ലീഗ്-ജമാഅത്തെ സൗഹൃദം; സിപിഎമ്മിന്റെ പേടിക്ക് കാരണമുണ്ട്
 

സ്വസമുദായത്തിനകത്ത് ശത്രുക്കളുടെ എണ്ണം കുറയുന്ന ലീഗിന്റെ രാഷ്ട്രീയ പ്രഹര ശേഷി വര്‍ധിപ്പിക്കുമെന്ന് സിപിഎം മനസിലാക്കിയിരിക്കുന്നു
 
 
muslim league-jama-pinarayi

മൂന്ന് പതിറ്റാണ്ടിലേറെയായി മുസ്ലിം സാമുദായിക രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന സമവാക്യങ്ങളില്‍ മാറ്റം കണ്ടുതുടങ്ങിയത് സി പി ഐ എമ്മിനെ പ്രകോപിച്ചിരിക്കുകയാണ്. 1989ല്‍ സുന്നി സംഘടനയായ സമസ്തയിലുണ്ടായ പിളര്‍പ്പ് മുതല്‍ മുസ്ലിം ലീഗിനെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരു വിഭാഗത്തെ ലഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗാകട്ടെ, മുസ്ലിം സമുദായത്തില്‍ പുതുതായി രൂപപ്പെടുന്ന പ്രസ്ഥാനങ്ങളെ എതിര്‍ത്ത് സമുദായത്തിനകത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകി. മുസ്ലിം സമുദായത്തില്‍ നിന്ന് മുളച്ചു പൊങ്ങുന്ന എല്ലാ രാഷ്ട്രീയ ഉണര്‍വ്വുകളെയും തോല്പിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കുകയും, അവരെല്ലാം മുസ്ലിം ലീഗ് വിരുദ്ധത എന്ന മിനിമം അജണ്ടയില്‍ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുകയും ചെയ്തു. പരസ്പരം വികര്‍ഷിക്കുന്ന മുസ്ലിം ഗ്രൂപ്പുകളെല്ലാം മുസ്ലിം ലീഗ് വിരുദ്ധതയില്‍ ഒന്നിച്ചു നിന്നതിന്റെ നേട്ടം മൂന്ന് പതിറ്റാണ്ട് കാലമായി ഇടതുപക്ഷം മലബാറില്‍ നേടിയിട്ടുണ്ട്.

 ജമാഅത്തെ ഇസ്ലാമിയാണ് ഇടതുപക്ഷത്തോടൊപ്പം നിന്ന ആദ്യ മുസ്ലിം സംഘടന. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലായിരുന്നു അത്. പിന്നീട് രൂപപ്പെട്ട കാന്തപുരം വിഭാഗം സുന്നികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് 'അരിവാള്‍ സുന്നി'കളെന്ന ഇരട്ടപ്പേര് നേടി. അബ്ദുന്നാസര്‍ മഅദനിയുടെ പി ഡി പി, ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഐ എന്‍ എല്‍ എന്നിവയും പരസ്പരം സഹകരിച്ചില്ലെങ്കിലും മുസ്ലിം ലീഗ് വിരുദ്ധത എന്ന മിനിമം അജണ്ടയില്‍ ഇടതുപക്ഷത്തിന് കരുത്ത് നല്‍കി. 'മാധ്യമം' ദിനപത്രം ലീഗിന്റെ ബദലുകള്‍ക്ക് മാധ്യമ ഇടം നല്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ മാധ്യമം വാര്‍ത്തകള്‍ക്ക് മുമ്പില്‍ സ്തംഭിച്ചു നിന്ന നിരവധി ഘട്ടങ്ങളുണ്ടായി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് പിന്തുണ നല്‍കിക്കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി മൂന്ന് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ കീഴ്‌വഴക്കത്തെ മറിച്ചിട്ടു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതാവര്‍ത്തിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ- സാമൂഹ്യ ഘടനയിലെ മാറ്റങ്ങള്‍ കാരണം ഇടതുപക്ഷത്തിന് 2021ല്‍ സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചു. എന്നിട്ടും വെല്‍ഫെയര്‍ പാര്‍ട്ടിയെ തള്ളിപ്പറയാന്‍ മുസ്ലിം ലീഗ് തയ്യാറായില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയും, ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള പാരസ്പര്യം ഒരു യാഥാര്‍ഥ്യമാണ്.

ജമാഅത്തെ ഇസ്ലാമിയും, മുസ്ലിം ലീഗും തമ്മിലുള്ള ശത്രുത കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി പഴയതു പോലെയില്ല. സൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറന്നിടുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നതല്ല ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കാഴ്ചപ്പാട്. രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം ലീഗിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കേണ്ടതില്ല എന്നത് ജമാഅത്തെ ഇസ്ലാമിയുടെ തത്വത്തിലുള്ള നിലപാടാണ്. ഈ നിലപാട് മാറ്റത്തെ പൂര്‍ണ്ണമായും മുസ്ലിം ലീഗ് ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മേല്‍ത്തട്ടില്‍ ചര്‍ച്ച ചെയ്ത നടപ്പാക്കിയ ഒരാശയം താഴെതട്ടിലെത്താന്‍ സമയമെടുക്കും. അത് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്ന് നിരീക്ഷിച്ച സാമൂഹ്യശാസ്ത്രജ്ഞര്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ ജമാഅത്ത്- മുസ്ലിം ലീഗ് സൗഹൃദത്തിന്റെ നേട്ടകോട്ടങ്ങള്‍ താഴേക്കിടയിലെത്താന്‍ ഇനിയും രണ്ട് വര്‍ഷം കാത്തിരിക്കേണ്ടതുണ്ട്.

2020ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി- മുസ്ലിം ലീഗ് നീക്ക്പോക്കിനെ പരാജയപ്പെടുത്തുന്നതിന് സി പി ഐ എം കോഴിക്കോട് കേന്ദ്രീകരിച്ച് ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സമസ്തയിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് നടത്തിയ പരിശ്രമങ്ങളായിരുന്നു അതില്‍ പ്രധാനം. മുജാഹിദിലെ മര്‍ക്കസുദ്ദഅവ വിഭാഗത്തെ കൂട്ടുപിടിച്ച് കാമ്പയിന്‍ സംഘടിപ്പിക്കുകയുണ്ടായി. മര്‍ക്കസുദ്ദഅവ വിഭാഗത്തിന്റെ ശബാബ് വാരിക മുജീ്ബ് റഹ്മാന്‍ കിനാലൂരിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ അജണ്ടകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ തിരിച്ചടിയുടെ കാരണമായി വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളുണ്ടായി. എന്നിട്ടും ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് സൗഹൃദത്തിന് കോട്ടം തട്ടുന്നില്ല എന്നത് സി പി എമ്മിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

ജമാഅത്തെ ഇസ്ലാമിയുമായുള്ള സൗഹാര്‍ദ്ദം മുസ്ലിം ലീഗിന്റെ മതേതര പ്രതിച്ഛായക്ക് കോട്ടം തട്ടുന്നുവെന്ന ആക്ഷേപമാണ് നിരന്തരമായി ഉയര്‍ന്നു കേള്‍ക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരാണ് ജമാഅത്തെ ഇസ്ലാമി. അന്നൊന്നും ഇടതുപക്ഷത്തിന്റെ മതേതര പ്രതിച്ഛായയെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നില്ല. 2021ല്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും പി ഡി പിയും, എസ് ഡി പി ഐയും ഇടതുപക്ഷത്തിന് വോട്ട് നല്കിയിട്ടുണ്ട്. അത് കൊണ്ട് ഇടതുപക്ഷത്തിന്റെ മതേതര പ്രതിച്ഛായ നഷ്ടമായിട്ടില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിം ലീഗ് സൗഹാര്‍ദ്ദം സ്ഥാപിക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ പ്രതിച്ഛായ നഷ്ടത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തിന് അകത്ത് നിന്ന് മുസ്ലിം ലീഗിന് ശത്രുക്കളുടെ എണ്ണം കുറയുന്നതില്‍ സിപിഎമ്മിനാണ് ആശങ്ക. സിപിഎം സ്പോണ്‍സര്‍ ചെയ്യുന്ന ആശങ്കയാണ് പലയിടത്ത് നിന്നായി പുറത്ത് വരുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വാരികയാണ് ജമാഅത്തെ ഇസ്ലാമിയുടെ 'പ്രബോധനം' വാരിക. ഡിജിറ്റില്‍- പ്രിന്റ് മീഡിയകളില്‍ മുന്നില്‍ നില്‍ക്കുന്ന മുസ്ലിം സംഘമാണ് ജമാഅത്തെ ഇസ്ലാമി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും ഉള്ള ജമാഅത്തും, മുഖ്യധാര രാഷ്ട്രീയ സംഘടനയായ മുസ്ലിം ലീഗും തമ്മിലുള്ള സൗഹൃദം മുസ്ലിം നിയോജക മണ്ഡലത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സി പി എമ്മിന് കൃത്യമായ ധാരണയുണ്ട്. സ്വസമുദായത്തിന് അകത്ത് നിന്ന് ശത്രുക്കളുടെ എണ്ണം കുറയുന്ന മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രഹര ശേഷി വര്‍ധിപ്പിക്കുമെന്ന് മനസ്സിലാക്കാന്‍ സിപിഎമ്മിന് ഗവേഷണം നടത്തേണ്ട കാര്യമില്ല. അതിനാലാണ് ഓരോ ദിവസവും മുസ്ലിം ലീഗിനെ സിപിഎം വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ഇടതടവില്ലാതെ സംസ്ഥാന മുഖ്യമന്ത്രി തന്നെ വിമര്‍ശന ശരങ്ങള്‍ ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയ യുക്തി മനസ്സിലാക്കാന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല, സാമാന്യ യുക്തി തന്നെ മതി.

മുസ്ലിം ലീഗിനെ ആര് ഗൗനിക്കാന്‍ എന്ന് ചോദിച്ച് നിസ്സാരമാക്കി മാറ്റാവുന്ന രാഷ്ട്രീയ മാറ്റങ്ങളല്ല കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ നിരന്തരമായി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത മുസ്ലിം ലീഗിനുണ്ടാകുന്നു എന്നത് ഇതിന്റെ അനുബന്ധമാണ്. മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത് സാമുദായിക രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)