മികച്ച ആരോഗ്യസംവിധാനങ്ങളുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധം ഇനിയും അശാസ്ത്രീയമാകരുത്; അടച്ചിടലല്ല പരിഹാരം

 
മികച്ച ആരോഗ്യസംവിധാനങ്ങളുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധം ഇനിയും അശാസ്ത്രീയമാകരുത്; അടച്ചിടലല്ല പരിഹാരം

കേരളം കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി, ലോക്ക്ഡൗൺ തുടങ്ങിയതിന്‍റെ നാല് മാസങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണല്ലോ. ഇപ്പോൾ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ വീണ്ടും ലോക്ക്ഡൗൺ വേണം എന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ കേരളം പോലെ വളരെ മികച്ച ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഉള്ള ഒരു സ്ഥലത്ത് ലോക്ക്ഡൗൺ പ്രത്യേകിച്ച് കൂടുതൽ ഫലമൊന്നുമുണ്ടാവില്ല, എന്ന് മാത്രമല്ല ലോക്ക്ഡൗൺ ജീവനും, ജീവിതത്തിനും ഭീഷണിയാണ്. കേരളം പോലെ, ജനസാന്ദ്രമായ, തൊട്ടു തൊട്ടു ജനങ്ങൾ പാർക്കുന്ന ഒരു സ്ഥലത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെന്റ് സോൺ, കമാൻഡോ പ്രതിരോധം മുതലായവ തീർത്തും ഉപയോഗശൂന്യമാണെന്ന് മാത്രമല്ല അവ വലിയ അപകടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. നാല് മാസം കൊണ്ട് ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെന്റ് സോൺ നേടാത്തതൊന്നും, ഇനിയും ഇവ കൊണ്ട് നേടില്ല. കോവിഡിനെ പറ്റി, ലോക്ക്ഡൗണിനെ പറ്റി, ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിൽനിന്നും കേരളത്തിന്‍റെ സാഹചര്യത്തിന് പ്രസക്തമായ, ചില കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.

കേരള മോഡൽ കോവിഡ് പ്രതിരോധം

കേരള സംസ്ഥാനത്ത് സ്വീകരിച്ച രീതികളെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന്‍റെ ഒരു മാതൃകയാണ് കേരള വികസന മാതൃക, അഥവാ കേരളാ മോഡൽ. വിദ്യാഭ്യാസം, ആരോഗ്യം, ഉയർന്ന ആയുർ ദൈർഘ്യം, കുറഞ്ഞ ശിശു മരണനിരക്ക്, കുറഞ്ഞ ജനന നിരക്ക് തുടങ്ങിയ സാമൂഹിക സൂചകങ്ങളിലെ നേട്ടങ്ങളാണ് ഇതിന്‍റെ സവിശേഷത. ഇതാണ് കേരളത്തിന്‍റെ ശക്തി.

കേരളത്തിന്‍റെ ഈ ശക്തിയിൽ ഊന്നി, ജനങ്ങളുടെ ജീവനും ജീവിതവും ഏറ്റവും മികച്ച രീതിയിൽ സംരക്ഷിച്ച്, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ശേഷി നല്ല രീതിയിൽ പരിപാലിച്ച്, ജനങ്ങളുടെ സ്വയംപര്യാപ്തത നിലനിർത്തി, അവരെ സഹിഷ്ണതയോടെ കൂടി നിർത്തി, കോവിഡ് പ്രതിരോധത്തിൽ ഒരു കേരളാ മോഡൽ, ലോകത്തിനു തന്നെ മാതൃകയാവുന്ന രീതിയിൽ നടപ്പാക്കുകയാണ് ചെയ്യേണ്ടത്.

കോവിഡ് കാലത്ത് കേരളം മാതൃകാപരമായ പല കാര്യങ്ങളും ചെയ്തു. അതിൽ ഏറ്റവും അഭിനന്ദനീയം എസ്എസ്എല്‍സി, കീം (KEAM) പരീക്ഷകൾ നടത്താൻ തീരുമാനിക്കുകയും ലോകത്തിനു തന്നെ മാതൃകയായി സര്‍ക്കാര്‍ അത് നടത്തിയതാണ്. ശാസ്ത്രീയമായി നോക്കിയാൽ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് ഒട്ടും അപകടകരമല്ല എന്ന ശാസ്ത്രവും, പരീക്ഷകൾ അപകടം വരുത്താത്ത രീതിയിൽ നടത്താമെന്നുമുള്ള ധൈര്യമാണ് ഇത് കാണിക്കുന്നത്. കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിവുള്ള ഒരു സർക്കാരിന്‍റെ മന:സ്ഥിതി ഇവിടെ നമ്മൾ കണ്ടു. ഈ പരീക്ഷകൾ വളരെ വിജയകരമായി തന്നെ നടത്തി കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും, ലോകത്തിലെ തന്നെ പല രാജ്യങ്ങൾക്കും മാതൃകയായി. ഇത് മാത്രമല്ല, ബിവറേജസ് കോര്‍പറേഷന്, ആരാധനാലയങ്ങൾ മുതലായവ അപകട ഭീഷണിയില്ലാതെ തുറന്നു കൊടുക്കാൻ തീരുമാനിച്ചതും, കൂടുതൽ ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുറന്നതു വഴി മദ്യ വില്‍പനയിലുള്ള തിരക്ക് കുറച്ചതും സർക്കാരിന് അഭിമാനിക്കാൻ വക നൽകുന്നവയാണ്.

ലോക്ക്ഡൗൺ & ഫ്ലാറ്റെൻ ദി കർവ്

ലോക്ക്ഡൗൺ കോറോണ വൈറസ് ഭീഷണി ഇല്ലാതാക്കും എന്നാണ് പലരും കരുതുന്നത്. അത് തെറ്റാണ്. ലോക്ക്ഡൗൺ കാലത്ത് സമൂഹ സമ്പർക്കം കുറവായതു കൊണ്ട് പകർച്ച തോതിന്‍റെ വേഗത കുറയ്ക്കും എന്നു മാത്രം. ഭീഷണി ഇല്ലാതാവണമെങ്കില്‍ പൊതുജനത്തിന് പ്രതിരോധ ശക്തി വാക്‌സിൻ വഴിയോ, രോഗം വന്നു പോയതിനു ശേഷമുള്ള ആന്റിബോഡി വഴിയോ, സ്വയം സഹജമായോ ഉണ്ടാവണം.

മനുഷ്യരിൽ പലരും പല കാരണങ്ങളാൽ കോറോണ വൈറസ് പ്രതിരോധമുള്ളവരാണ്. നമ്മുടെ സഹജമായ പ്രതിരോധം, പ്രായം, ലിംഗ ഭേദം, ബ്ലഡ് ഗ്രൂപ്പ്, ജനറ്റിക്‌സ്, വിറ്റാമിൻ ഡി, മറ്റു അസുഖത്തിനോടുള്ള പ്രതിരോധം, ആരോഗ്യസ്ഥിതി, പൂർവ വാക്‌സിനേഷൻ ഹിസ്റ്ററി അങ്ങനെ പലതും. പിന്നെ സ്ഥലത്തിന്‍റെ കാലാവസ്ഥ, ആർദ്രത, മുതലായ കാര്യങ്ങളും ഉണ്ടാവാം. അപ്പോൾ ഒരു നല്ല ശതമാനം ആളുകൾക്ക് ഇപ്പോൾ തന്നെ പ്രതിരോധം ഉണ്ടാവും. പ്രതിരോധം ഇല്ലാത്തവർക്ക് പകർച്ചവ്യാധി നിലനിൽക്കുന്നിടത്തോളം കാലം, വാക്സിനേഷൻ ഇല്ലാത്തിടത്തോളം കാലം, രോഗം വരാനാണ് സാധ്യത.

ലോക്ക്ഡൗൺ കൊണ്ട് പ്രയോജനം ഇല്ല എന്നല്ല. 'ഫ്ലാറ്റെൻ ദി കർവ്' എന്ന തത്വത്തിൽ കൂടി, രോഗത്തിന്‍റെ മൂര്‍ധന്യത്തിലുള്ള എണ്ണം കുറച്ച്, മൊത്തം രോഗികളുടെ എണ്ണം കുറയ്ക്കാതെ, രോഗവ്യാപന കാലഘട്ടം നീട്ടുമെന്നു മാത്രം.

മുകളിലെ ചിത്രത്തിൽ കാണുന്നത് പോലെ മൊത്തം രോഗികളുടെ എണ്ണം കുറയ്ക്കില്ല, രോഗം ഭാവിയിലേക്ക് മാറ്റിവച്ച്‌, ഒരേ സമയം രോഗ ബാധിതരാവുന്നവരുടെ എണ്ണം കുറയ്ക്കുകയും കൂടുതൽ കാലത്തേക്ക് രോഗ സാധ്യതാ കാലം നീട്ടുകയും ചെയ്യാം. ഈ സമയമുപയോഗിച്ച് ആരോഗ്യ സംവിധാനങ്ങൾ പര്യാപ്തമാണ് എന്ന് ഉറപ്പാക്കാം. ലോക്ക്ഡൗൺ കൊണ്ട് നമ്മൾ സമയം കടമെടുക്കുക മാത്രമാണ്, ലോക്ക്ഡൗൺ കാലാവധി കഴിയുമ്പോൾ രോഗം വീണ്ടും പടരും.

ഈ ശാസ്ത്ര തത്വം വച്ച്, ആരോഗ്യ പരിപാലനശേഷിയുള്ള ഒരു സ്ഥലത്ത് ലോക്ക്ഡൗൺ ചെയ്‌താൽ, യാതൊരു ഗുണവുമില്ലാതെ, രോഗവ്യാപന കാലഘട്ടം കൂട്ടും എന്ന് മാത്രം. ഇത് നഷ്ടവും കഷ്ടവും മാത്രം ഉണ്ടാക്കും. ഇതിനെ ഞാൻ 'ഓവർ ഫ്ലാറ്റനിങ് ദി കർവ്' എന്ന് വിശേഷിപ്പിക്കട്ടെ. ഈ സ്ഥിതിയും നല്ലതല്ല. കാരണം നമ്മൾ 'റിസോഴ്സ്സ് അണ്ടർ യൂട്ടിലൈസഷൻ' സ്ഥിതിയിലായി, കൂടാതെ സമയം നീണ്ടു പോകുകയും ചെയ്തു.

കാറ്റും വെളിച്ചവും കയറാത്ത മാതിരി, ഏറ്റവും ഫലപ്രദമായ രീതിയിൽ ലോക്ക്ഡൗൺ നടപ്പാക്കിയാൽ, രോഗവ്യാപന വേഗം കുറയുന്നത് വഴി ആരോഗ്യ സംവിധാനങ്ങൾ പര്യാപ്തമാക്കാൻ സമയം ലഭിക്കും. ഈ സമയം കൃത്യമായി ഉപയോഗിച്ച്, പിന്നീട് മഹാമാരി വളരെ വേഗത്തില്‍ വ്യാപിക്കുമ്പോഴേയ്ക്കും ആരോഗ്യ പരിപാലന സൗകര്യം തയ്യാറായിരിക്കും.

കോറോണ വൈറസ് അതിവേഗത്തിൽ പകരുന്നത് കാരണം എത്രമാത്രം മൃഗീയ ശക്തി ഉപയോഗിച്ച് ജനങ്ങളെ പൂട്ടിയിടാൻ നോക്കിയാലും സാധാരണ സ്ഥലങ്ങളിൽ പരീക്ഷണം മാതിരി ലോക്ക്ഡൗൺ ഫലപ്രദമായി നടത്താൻ സാധ്യമല്ല. ഈ കാര്യം ഇന്ത്യയിലെയും, കേരളത്തിലെയും കണക്കുകൾ നോക്കിയാൽ വ്യക്തമാവും. ലോക്ക്ഡൗൺ കൊണ്ട് രോഗവ്യാപനം കുറഞ്ഞിട്ടില്ല എന്ന്. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് ജൂൺ 29 മുതൽ ജൂലൈ 5 വരെ 66 രോഗികളും, കേരളമാകെ 1239 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അതായത്, ആകെയുള്ള കേസുകളുടെ 5.3 ശതമാനം തിരുവനന്തപുരത്താണ്. തിരുവനന്തപുരം വീണ്ടും ലോക്ക്ഡൗൺ ആക്കിയ, പൂന്തുറയിൽ കമാൻഡോ ഇറങ്ങിയ ജൂലൈ 6 മുതൽ ജൂലൈ 12 വരെയുള്ള ആഴ്ച തിരുവനന്തപുരത്ത് 457 രോഗികളും, കേരളമാകെ 2444 കേസുകളുമാണ് മുഖ്യമന്ത്രി അറിയിച്ചത്. അതായത്, ആകെയുള്ള കേസുകളുടെ 18.7 ശതമാനം തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ജൂലൈ 13 മുതൽ ജൂലൈ 19 വരെയുള്ള ആഴ്ച 1399 രോഗികളും, കേരളമാകെ 4607 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്; അതായത്, ആകെയുള്ള കേസുകളുടെ 30.37 ശതമാനം തിരുവനന്തപുരത്താണ്. ജൂൺ 29 മുതൽ ജൂലൈ 19 വരെ തിരുവനന്തപുരത്ത് കേസുകൾ 2020 ശതമാനം, അല്ലെങ്കിൽ 21.2 ഇരട്ടിയാണ് വർധിച്ചത്. ഈ സമയം കേരളമാകെ കേസുകൾ വർധിച്ചത് 3 .7 ഇരട്ടിയാണ്. എന്ന് വച്ചാൽ തോക്കും ലാത്തിയും വച്ച് 'ട്രിപ്പിൾ' ലോക്ക്ഡൗൺ നടത്തിയ സ്ഥലത്തു മറ്റിടത്തുള്ളതിനേക്കാൾ 5.7 ഇരട്ടിയാണ് രോഗ വ്യാപനം. കണക്കു പ്രകാരം ലോക്ക്ഡൗൺ രോഗം കുറയ്ക്കുന്നില്ല എന്ന് പകൽ പോലെ വ്യക്തമാണ്

അടിസ്ഥാന ആരോഗ്യ പരിപാലന സൗകര്യം

അടിസ്ഥാന ആരോഗ്യ പരിപാലന സൗകര്യം ഉള്ളിടത്ത് ലോക്ക്ഡൗൺ ഒരു മരണം പോലും കുറയ്ക്കില്ല. ആളുകൾ പട്ടിണിയിലും പരിവട്ടത്തിലുമാകും. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ കാരണം പാർശ്വഫലമായി ധാരാളം മരണങ്ങൾ ഉണ്ടാകും, ലോക്ക്ഡൗൺ കഴിയുമ്പോൾ, രോഗം വീണ്ടും പടരുകയും ചെയ്യും.

കോവിഡ് എന്നത് ചികിത്സയുള്ള ഒരു രോഗമല്ല. അതിനോടനുബന്ധിച്ചു വരുന്ന രോഗലക്ഷണങ്ങളാണ് ചികിത്സിക്കുക. കേന്ദ്ര ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദ്ദേശകരേഖയിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കും, ചെറിയ രോഗലക്ഷണങ്ങളുള്ളവർക്കും, അതിനുള്ള സൗകര്യമുള്ളവർക്ക്, വീടുകളിൽ തന്നെ ഒറ്റപ്പെട്ടു താമസിച്ച് രോഗ കാലാവധി പൂർത്തിയാക്കാവുന്നതാണ്. ഇത് തന്നെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. കേരളത്തിൽ ഇത് 4.2 ശതമാനമാണ്. ഇതേ നിർദേശം തന്നെയാണ് ലോകാരോഗ്യ സംഘടന നൽകുന്നത്.

കേരള സർക്കാർ ജൂലൈ 13-നു പുറത്തുവിട്ട ആദ്യ 500 രോഗികളുടെ വിശകലനത്തിൽ പറയുന്നത് 95.8 ശതമാനം രോഗികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു, അല്ലെങ്കിൽ വളരെ മിതമായിരുന്നു എന്നാണ്. 3.6 ശതമാനം ആളുകളിൽ തീവ്രത കുറഞ്ഞ തോതിലുള്ള ലക്ഷണങ്ങളും, 0.6 ശതമാനം ആളുകളിൽ തീവ്ര ലക്ഷണങ്ങൾ ഉണ്ട് എന്നുമാണ്. ജൂലൈ 23-ന് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് കോവിഡ് രോഗമുള്ളവർ 8818 ആളുകൾ ആണ്. ഇവരിൽ 53 പേര്‍ ഐസിയുവിലും ഒമ്പത് പേര് വെന്റിലേറ്ററിലുമാണ്, അതായത്, 0.6 ശതമാനം രോഗികൾക്ക് ഐസിയു തീവ്ര പരിചരണം വേണ്ടി വരുന്നു, 0.1 ശതമാനം പേര്‍ക്ക് വെന്റിലേറ്റർ ചികിത്സ വേണ്ടി വരുന്നു.

മാർച്ച് 25 ന് ലോക്ക്ഡൗൺ തുടങ്ങുന്നതിനു മുൻപ് തന്നെ കേരളത്തിൽ സർക്കാർ മേഖലയിൽ 1280 ആശുപത്രികൾ, 38,004 ചികിത്സ കിടക്കകൾ, 1900 ഐസിയു കിടക്കകൾ, 950 വെന്റിലേറ്ററുകൾ, സ്വകാര്യ മേഖലയിൽ 2650 ആശുപത്രികൾ, 68,200 ചികിത്സ കിടക്കകൾ, 3200 ഐസിയു കിടക്കകൾ, 1800 വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയുണ്ടായിരുന്നു. ആരോഗ്യമന്ത്രി ഏപ്രിൽ ആദ്യം പറഞ്ഞത് കേരളത്തിൽ ആവശ്യത്തിന് ആശുപത്രി കിടക്കകളും, ഐസിയു/വെന്റിലെറ്റർ സൗകര്യങ്ങളും ഉണ്ടെന്നാണ്; ഈ കണക്കുകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ കണക്കു കാണിക്കുന്നത് ഏകദേശം 1 ശതമാനം തീവ്രപരിചരണ സൗകര്യം മാത്രമാണ് ഉപയോഗിക്കുന്നത്. എന്ന് വച്ചാൽ 99 ശതമാനം ആരോഗ്യപരിപാലന സൗകര്യം ഇപ്പോൾ കേരളത്തിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത് നേരത്തെ പറഞ്ഞ 'ഓവർ ഫ്ലാറ്റനിങ് ദി കർവ്' സ്ഥിതിവിശേഷമാണ്

കേരളത്തിൽ ആകെ ഉള്ളതിന്‍റെ പകുതി ശേഷി മാത്രം കോവിഡ് പ്രതിരോധത്തിന് മാറ്റി വച്ചാൽ കൂടി നമുക്ക് 1,965 ആശുപത്രികളും, 53,102 ആശുപത്രി കിടക്കകളും, 2,550 ഐസിയു കിടക്കകളും, 1,375 വെന്റിലേറ്ററും കിട്ടും. കേരളത്തിലെ രോഗവിവര കണക്ക് വച്ചു നോക്കിയാൽ, ആരോഗ്യപരിപാലന ശേഷി വച്ച് നോക്കിയാൽ ഐസിയു ആണ് ഏറ്റവും പരിമിത ശേഷി അഥവാ 'കൺസ്‌ട്രൈൻഡ് റീസോഴ്സ്' എന്ന് മനസ്സിലാകും. ഐസിയു വച്ച് നോക്കുമ്പോൾ മറ്റുള്ളവ ആവശ്യത്തിനുള്ളതായി കാണാം. അതുകൊണ്ട്, ഐസിയു കപ്പാസിറ്റി ആധാരമാക്കി നമുക്ക് കേരളത്തിലെ സ്ഥിതി വിശകലനം നടത്താം.

കേരളത്തിൽ ഉള്ള 2,550 കോവിഡ് ഐസിയു കൊണ്ട്, ഈ 0.6 ശതമാനം ഐസിയു തീവ്ര പരിചരണ ആവശ്യകത വച്ച് നോക്കിയാൽ ഒരേ സമയം 4.25 ലക്ഷം കോവിഡ് രോഗികളെ നോക്കാനുള്ള സൗകര്യമുണ്ട്. സാധാരണ നിലയ്ക്ക് ശരാശരി ഒരു രോഗി പത്തു ദിവസത്തിൽ താഴെയാണ് കോവിഡ് കാരണം ഐസിയു ഉപയോഗിക്കുന്നത്. അപ്പോൾ പത്തു ദിവസത്തിൽ മൊത്തം 4.25 ലക്ഷം രോഗികൾ എന്നാൽ, നമുക്ക് ഒരു ദിവസം ഏകദേശം 42,500 വരെ ആകാം.

നമുക്കിവിടെ കാണാൻ കഴിയുന്നത് കേരളത്തിന്‍റെ ആരോഗ്യപരിപാലന ശേഷി വച്ച് ഐസിയു, വെന്റിലെറ്റർ ഉൾപ്പെടെ 16.3 ശതമാനം രോഗികളെ ചികിൽസിക്കാൻ ശേഷിയുണ്ട് എന്നാണ്. 95.7 ശതമാനം രോഗികൾ രോഗ ലക്ഷണങ്ങളില്ലാത്തവരും, ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമുള്ളവരാണ് എന്നാണ് നമ്മൾ കണ്ടത്, അപ്പോൾ ദിവസേന 42,500 രോഗികളെ നമ്മൾ ടെസ്റ്റ് ചെയ്തു കണ്ടു പിടിച്ചാലും, അവരിൽ ചികിത്സ വേണ്ടിയ 4.3 ശതമാനം ആളുകൾക്ക് മാത്രമല്ല, അതിന്‍റെ ഏകദേശം മൂന്നിരട്ടി നമുക്കുണ്ട്. ഓർക്കുക, ഇത് സംസ്ഥാനത്തുള്ള ആകെ ആരോഗ്യപരിപാലന ശേഷി മാത്രമാണ്. എന്ന് വച്ചാൽ ഇതിന്‍റെ ഇരട്ടി സൗകര്യം ഉണ്ട്, അത്യാവശ്യമായാൽ അതും ഉപയോഗിക്കാം. ഈ ആരോഗ്യ പരിപാലന ശേഷി വച്ചു കേരളത്തിൽ നമുക്ക് കോവിഡ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മാനേജ് ചെയ്യാം.

ബാക്കിയുള്ള വളരെ ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആ ലക്ഷണത്തിന്‍റെ മരുന്ന് സ്വന്തം വീട്ടിൽ തന്നെ കഴിച്ചു സുഖപ്പെടാം, സാധാരണ ഫ്ലൂ മാതിരി. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കു യാതൊരു ചികിത്സയും വേണ്ട.

ഈ സ്ഥിതിക്ക് ഫലപ്രദമായി ലോക്ക്ഡൗൺ നടപ്പാക്കാൻ പറ്റിയാൽ കൂടി കേരളത്തിൽ അത് ആവശ്യമില്ല. അത് പ്രത്യേകിച്ചു ഒരു ഗുണവും നൽകില്ല. വെറും നഷ്ടങ്ങൾ മാത്രം. ലോക്ക്ഡൗൺ അനാവശ്യമാണ്.

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദ്ദേശ പ്രകാരവും കേരളത്തിലെ അനുഭവവും മറ്റും കാണിക്കുന്നത്, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ഒരു ചികിത്സയും ആവശ്യമില്ല എന്നതാണ്. കേരളത്തിൽ ഈ വിഭാഗം രോഗം കണ്ടുപിടിക്കുന്നവരിൽ 95 ശതമാനമാനത്തിന് മേലെയാണ് എന്നാണ് നമ്മൾ കണ്ടത്. First-Line COVID Treatment Centres (FLCTC) ഉണ്ടാക്കി ഇവരെ അവിടെയാക്കുന്നതിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. കോവിഡ് ഇത്ര മാത്രം കേരളത്തിൽ പടർന്ന സ്ഥിതിക്ക് ചികിത്സ വേണ്ടാത്തവരെ ഇവിടെയാക്കുന്നത് പകർച്ച കുറയ്ക്കാനും സഹായിക്കില്ല, മാത്രമല്ല വളരെ വിലപ്പെട്ട ആരോഗ്യ പരിപാലന സൗകര്യങ്ങൾ അനാവശ്യമായി ഇല്ലാതാക്കും, അതിനു വേണ്ടി ഡോക്ടർമാർ, നേഴ്സ്മാർ തുടങ്ങിയവരെ വിനിയോഗിക്കുന്നത് ഇറ്റലിയിലെ പോലെ വലിയ വിപത്തിലേക്ക് വഴി വയ്ക്കും.

കോവിഡ് മരണ സാധ്യതകൾ

മാർച്ച് 22നാണ് കേരളത്തിൽ കോവിഡ് ഉള്ള ഒരാളിൽ ആദ്യ മരണം സംഭവിച്ചത്,. അതും കൂട്ടി, പിന്നീടിതുവരെയുള്ള നാല് മാസം കൊണ്ട്, 125 ദിവസം കൊണ്ട് കോവിഡ് ഉള്ള അൻപത് ആളുകൾ കേരളത്തിൽ മരിച്ചു. മരിച്ചവരിൽ എല്ലാവര്‍ക്കും തന്നെ മറ്റു മാരക അസുഖങ്ങൾ ഉള്ളവരായിരുന്നു. ലോക്ക്ഡൗൺ, കമാൻഡോ മുതലായ കാര്യങ്ങൾ ഒരു മരണം പോലും കേരളത്തിലെ സാഹചര്യത്തിൽ കുറച്ചിട്ടുണ്ടാവില്ല. അപ്പോൾ ഈ ശരാശരി കണക്കു വച്ച് രണ്ടര ദിവസം കൂടുമ്പോൾ ഒരു മരണം, എന്ന് വച്ചാൽ ഒരു വര്‍ഷം ഏകദേശം 150 മരണം സംഭവിക്കാം . ഈ വളരെ ചെറിയ മരണ നിരക്കാണ് കേരളത്തിന്‍റെ ആരോഗ്യപരിപാലന ശേഷിയുടെയും രോഗപ്രതിരോധത്തിന്‍റെയും ഏറ്റവും വലിയ വിജയം.

അടുത്ത എട്ടു മാസം, ഈ കഴിഞ്ഞ നാല് മാസം കൊണ്ട് മരിച്ച 50 രോഗികളുടെ ഏഴിരട്ടി, അഥവാ 350 രോഗികൾ മരിച്ചാൽ കൂടി പന്ത്രണ്ടു മാസം, ഒരു വര്‍ഷം കൊണ്ട് 400 മരണം സംഭവിക്കാം എന്ന് കണക്കാക്കാം. കേരളത്തിൽ ഒരു വര്‍ഷം പലവിധ രോഗകാരണങ്ങളാലും പ്രായാധിക്യവും മൂലം ശരാശരി 2,00,000 മരണങ്ങൾ നടക്കാറുണ്ട് അതായത് കേരളത്തിൽ മൊത്തം അഞ്ഞൂറ് മരണം നടക്കുമ്പോൾ ഒന്ന് മാത്രമാവാം കോവിഡ് ഉള്ള ഒരാളിൽ സംഭവിക്കുന്നത്.

അഥവാ കോവിഡ് മരണങ്ങൾ ഇവിടെ കണക്കാക്കിയതിന്റെ രണ്ടിരട്ടിയായായി, വര്‍ഷം 800 ആയാലും, 500-ൽ 498 മരണവും കോവിഡ് കൊണ്ടാവില്ല, എന്നാൽ മൂന്ന് ഇരട്ടിയായായി, വര്‍ഷം 1200 ആയാലും, 500ൽ 497 മരണവും കോവിഡ് കൊണ്ടാവില്ല. ഇത് രോഗത്തിന്റെ മാരകതീയത വ്യക്തമാക്കുന്ന കണക്കുകളാണ്.

കോവിഡ് മൂലമെന്ന് കണക്കാക്കുന്ന മരണങ്ങൾ മിക്കവാറും എല്ലായ്പ്പോഴും മറ്റ് മാരക രോഗങ്ങൾ ഉള്ളവരിലായിരിക്കും. ലോകം ആകെയുള്ള കണക്ക്‌ നോക്കിയാൽ നൂറ് കോവിഡ് മരണത്തിൽ തൊണ്ണൂറ്റിയൊമ്പതിലധികവും മറ്റ് മാരകരോഗങ്ങൾ സ്ഥിരീകരിച്ചവരിലാണ്. ഈ കണക്കു പ്രകാരം, കേരളത്തിലെ ശരാശരി കണക്കു നോക്കിയാൽ, ഒരു വർഷത്തിൽ വിരലിലെണ്ണാന്‍ പറ്റുന്ന മരണങ്ങൾ മാത്രം കോവിഡ് കാരണമായി സംഭവിക്കാം.

കേരളം പോലെ ആരോഗ്യ പരിപാലന ശേഷിയുള്ള ഒരു സ്ഥലത്ത്, ലോക്ക്ഡൗൺ, ക്വാറന്റൈൻ മൂലം ഒരു ജീവൻ പോലും കൂടുതലായി കോവിഡിൽ നിന്ന് രക്ഷപെട്ടതായി ഉണ്ടാവില്ല. എന്നാൽ ലോക്ക്ഡൗൺ, ക്വാറന്റൈൻ പാർശ്വഫലം മൂലം ധാരാളം ജീവനുകൾ ഇല്ലാതാവുന്നുണ്ട്, ജീവിതങ്ങൾ തകരുന്നുണ്ട്.

സാധാരണനിലയ്‌ക്ക്‌ സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത ഒരു മരണത്തെ തടുക്കാനുള്ള വിഫല ശ്രമത്തിൽ, അശാസ്ത്രീയമായ ഇടപെടൽ മൂലം, അനാവശ്യമായി ആയിരക്കണക്കിന് ജീവനുകളും ലക്ഷക്കണക്കിന് ജീവിതങ്ങളും തകരുന്നു. തീരെ മാരകമല്ലാത്ത ഒരു രോഗത്തിന് അതീവ മാരകമായ ചികിത്സ നല്‍കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

രോഗവ്യാപന ഘട്ടവും രോഗവ്യാപന രീതികളും

രോഗ വ്യാപന ഘട്ടം മാറുന്നതിനനുസരിച്ച് പ്രതിരോധ മാർഗ്ഗവും മാറണം എന്നതാണ് ശാസ്ത്രം. രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടങ്ങളിൽ രോഗപകർച്ച തടയാൻ കണ്ടൈൻമെൻറ് സോൺ, ബഫർ സോൺ, ക്വാറന്റൈൻ മുതലായ പല മാർഗ്ഗങ്ങൾ അവലംബിക്കാം. എന്നാൽ, രോഗം ഒരു പരിധി വിട്ട് പടർന്നു കഴിഞ്ഞാൽ ഇവ പ്രയോജനമില്ലാതാവും. കോവിഡ് വരുന്ന വലിയൊരു ശതമാനത്തിനും യാതൊരു രോഗലക്ഷണങ്ങളും കാണാറില്ല. അമേരിക്കയിലെ ഒരു പഠനത്തിൽ കണ്ടത് യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവർ, ടെസ്റ്റ് വഴി കണ്ടെത്തുന്ന ലക്ഷണങ്ങളുള്ള രോഗികളെക്കാൾ 50 ഇരട്ടി വരെയാവാം എന്നാണ്. ഐസിഎംആര്‍ ഇത് 80 ശതമാനം വരെയാവാം എന്ന് പറയുന്നു. ഡൽഹിയിൽ കണ്ട പഠനത്തിൽ അത് 80 ശതമാനത്തിനു മേലാണ്. കേരളത്തിലെ 500 രോഗികളുടെ പഠനത്തിൽ ഇത് 42 ശതമാനം ആണ് എന്നും കാണിക്കുന്നു.

മാത്രമല്ല, നമുക്ക് ടെസ്റ്റ് നടത്താൻ പറ്റുന്നത് വളരെ ചെറിയ ശതമാനത്തിൽ മാത്രമാണ്. ഈ ലക്ഷണങ്ങൾ കാണിക്കാത്ത രോഗികൾ സമൂഹത്തിൽ ആകമാനം ആയിട്ടുണ്ടാവും. ഭൂരിഭാഗം രോഗികളും അസുഖം വന്നു എന്ന് പോലുമറിയാതെ രോഗമുക്തി നേടിയിട്ടുണ്ടാവും. അതാണ് ആന്റിബോഡി ടെസ്റ്റ് റിസൾട്ട് എല്ലായിടത്തും കാണിക്കുന്നത്. അപ്പോൾ സമൂഹത്തിൽ ആർക്ക് രോഗം ഉണ്ട്, ആർക്ക് രോഗമല്ല എന്ന് മിക്കവാറും അറിയാൻ പറ്റില്ല. ആ നിലയ്ക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ, ബഫർ സോൺ, ക്വാറന്റൈൻ ഒന്നും യാതൊരു പ്രതിരോധവും തീർക്കില്ല.

ജൂലൈ 23-ന് 22,438 ടെസ്റ്റിൽ നിന്നും 1078 പേര്‍ രോഗികളാണ് എന്നാണ് കണ്ടെത്തിയത്, അതിന്‍റെ അർഥം, ഏകദേശം 5 ശതമാനം പേര്‍ രോഗികളാണ് എന്നാണ്. കേരളത്തിന്‍റെ മുഴുവൻ ജനസംഖ്യയെ ഒരുമിച്ചു ടെസ്റ്റ് ചെയ്‌താല്‍ ഈ നിരക്ക് വച്ച് ഇത് 17 ലക്ഷത്തോളം ആണെന്നും കാണാം. പക്ഷെ ഇതിൽ സിംഹഭാഗവും യാതൊരു ലക്ഷണവുമില്ലാത്തവരായിരിക്കും.

ലോകാരോഗ്യ സംഘടന കോവിഡ് പകരുന്നതിനെപ്പറ്റി പുറത്തിറക്കിയ ഏറ്റവും പുതിയതായി പഠനത്തിൽ പരാമർശിച്ചിരിക്കുന്നത് സമ്പർക്കവും ശ്വാസ കണികകളും മുഖേനയുമാണ് കോവിഡ് സംക്രമണം മിക്കവാറും നടക്കുക എന്നാണ്. രോഗമുള്ള ഒരാളുടെ ശ്വാസത്തിൽ നിന്നുള്ള കണികകള്‍ വഴി ചുമയ്ക്കുമ്പോളോ തുമ്മുമ്പോഴോ ഉറക്കെ സംസാരിക്കുമ്പോഴോ പാട്ടു പാടുമ്പോഴോ ഒക്കെ വൈറസ് പുറത്തു വരാം. ഈ ശ്വാസ കണികയിലുള്ള കൊറോണ വൈറസ് രോഗിയുമായി അടുത്തിടപെടുന്ന മറ്റൊരാളുടെ മൂക്കോ, വായോ കണ്ണുകളോ മുഖേന ഉള്ളിൽ പോയി രോഗം പിടിപെടാം.

വായുവും സൂഷ്മ ശ്വാസ കണികകളും പ്രതലങ്ങൾ കൂടാതെ മറ്റുള്ള കാരണങ്ങൾ മുഖേന പടരുന്നതായി ഇത് വരെ ഒരു പഠനത്തിലും സ്ഥിരീകരിച്ചിട്ടില്ല. ലോകമാസകലം ഇന്നേക്ക് വരെ ഒരു കോടി അമ്പതു ലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ആകെ സ്ഥിരീകരിച്ചിട്ടുള്ള പകർച്ചകൾ രോഗിയുമായുള്ള അടുത്ത സമ്പർക്കവും ശ്വാസ കണികകളും മൂലം മാത്രമാണ്. വായു മൂലമോ പ്രതലം മൂലമോ മറ്റ്‌ രീതിയിലോ രോഗം ഒരാളിലേക്കും പകർന്നതായി കണ്ടിട്ടില്ല.

ഈ നിലയ്ക്ക് പ്രതലം വഴിയും വായു വഴിയും രോഗം പകരുമെന്ന് കരുതി ചന്തകൾ അടയ്ക്കുകയും കടകൾ പൂട്ടുകയും വഴി തടയുകയും ചെയ്യുന്നതും ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ, ബഫർ സോൺ ഒന്നും യാതൊരു പ്രതിരോധവും തീർക്കില്ല. ബുദ്ധിമുട്ടുണ്ടാക്കുക മാത്രം ചെയ്യും.

പകർച്ചവ്യാധി കാലാവധിയും ടെസ്റ്റ് രീതികളും

കോവിഡ് സാധാരണനിലയ്ക്ക് ഏകദേശം മൂന്നു മുതൽ നാല് മാസം വരെയാണ് ഒരു പ്രദേശത്തു വന്നു പോകാൻ എടുക്കുന്ന സമയം. ഇത് കോവിഡ് പെയ്തൊഴിഞ്ഞ സ്പെയിൻ, ഇറ്റലി, ന്യൂയോർക്ക് എന്നീ പ്രദേശങ്ങൾ നോക്കിയാൽ വ്യക്തമായി കാണാം. എന്തിനേറെ, ഇന്ത്യയിൽ ഡൽഹിയിലും നമുക്കിത് സംഭവിക്കുന്നത് കാണാൻ സാധിക്കും. ഇതിനെ പിടിച്ചു കെട്ടാൻ പറ്റില്ല. ആകെ ചെയ്യാൻ സാധിക്കുന്നത്, ചികിത്സ ആവശ്യമുള്ള ചുരുക്കം ചിലർക്ക് അത് ലഭ്യമാക്കുക എന്നത് മാത്രമാണ്. സർക്കാർ സംവിധാനങ്ങൾ അതിലാണ് ശ്രദ്ധിക്കേണ്ടത്.

പൊതുജനങ്ങളെ എല്ലാവരെയും ചികിത്സക്കായി ടെസ്റ്റ് ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല, കാരണം രോഗലക്ഷണമില്ലാത്തവർക്ക് യാതൊരു ചികിത്സയുമില്ല. മാത്രമല്ല എല്ലാവര്‍ക്കും ടെസ്റ്റ് എന്നത് പ്രായോഗികമല്ല. ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റ് വച്ച് നടത്തിയാലും, കേരളം മുഴുവൻ ടെസ്റ്റ് ചെയ്തു തീർക്കണമെങ്കിൽ ഒരു വര്‍ഷത്തോളമെടുക്കും. രോഗമില്ലാത്ത ഒരാളെ ദിവസം ടെസ്റ്റ് ചെയ്ത്, രണ്ടു ദിവസം കഴിഞ്ഞു നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് വരുന്നതിനു മുൻപ് തന്നെ അയാൾക്ക് രോഗം പിടിക്കാം. എന്നാൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ് എന്ന് കാണിക്കും. ഇതാണ് സ്ഥിതി. ടെസ്റ്റ് നടത്തി വളരെ ദിവസങ്ങൾക്ക് ശേഷം റിസൾട്ട് അറിയിക്കുന്ന രീതി ഉപകാരത്തെക്കാൾ ഉപദ്രവം ചെയ്യും. അതുകൊണ്ട് ലക്ഷണമുള്ളവരിൽ മാത്രം ചികിത്സക്കായി ടെസ്റ്റ് ചെയ്യുക, അവരുടെ റിസൾട്ട് അതിവേഗം കണ്ടുപിടിക്കുക. പഠനങ്ങൾക്കായി സാംപ്ലിങ് നടത്തുന്ന സർവ്വേ ടെസ്റ്റുകൾ ശാസ്ത്രീയമായി അതിനു വേണ്ടി വേറെ നടത്തുക.

ടെസ്റ്റ് തോത് വർധിക്കുന്നതിന് അനുപാതമായി രോഗികളുടെ എണ്ണവും കൂടും. ഇത് സാധാരണമാണ്. ടെസ്റ്റുകളിൽ കാണുന്ന രോഗികൾ മാത്രമല്ല സമൂഹത്തിലുള്ളത്. അതുകൊണ്ട് രോഗ കണക്കിന് വല്യ പ്രസക്തിയില്ല. കൂടാതെ ടെസ്റ്റിന്‍റെ രീതിക്കനുസരിച്ച് തെറ്റായ ധാരാളം റിസൾട്ടുകൾ ഉണ്ടാവാം.

ഇറ്റലിയുടെയും ന്യൂയോർക്കിന്റെയും ചാർട്ടുകൾ ഇവിടെ കൊടുക്കുന്നു.

ടെസ്റ്റ് രണ്ടു കാരണങ്ങളാണ് നടത്തേണ്ടത്. (1) ലക്ഷണങ്ങളുള്ളവരിൽ, രോഗം സ്ഥിരീകരിക്കാനും, (2) രോഗ വ്യാപനം അറിയാനുള്ള സർവ്വേ . ഇത് കൂട്ടിക്കുഴയ്ക്കാൻ പാടില്ല. എന്നാല്‍ കേരളത്തിൽ ഇതല്ല നടക്കുന്നത്.

ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ സാധാരണ ഫ്ലൂ മാതിരിയാണ്. ശ്വാസതടസ്സമോ മറ്റു മാരക രോഗങ്ങൾ ഉള്ളതോ ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. ഇതാണ് പൊതുവെയുള്ള മരണ കാരണങ്ങൾ. ചികിത്സക്ക് വേണ്ടി രോഗം സ്ഥിരീകരിക്കാനുള്ള ടെസ്റ്റുകൾ ഇങ്ങനെയുള്ളവർക്കായിട്ടാണ് വേണ്ടത്. രോഗലക്ഷണം അനുസരിച്ച് വിദഗ്ധ ചികിത്സ നൽകാൻ ഇത് സഹായിക്കും.

രോഗവ്യാപനം അറിയാനുള്ള സർവ്വേ, ജനസാന്ദ്രത അനുസരിച്ച്, കൃത്യമായ അതിരുകൾ നിശ്ചയിച്ച്, കൃത്യമായ ഇടവേളയിൽ നടത്തേണ്ടതാണ്. മുംബൈയിൽ ഇത് പിൻകോഡ് അനുസരിച്ചാണ് നടത്തുന്നത്. ഡൽഹിയിലും ഇതു മാതിരി തന്നെ. കേരളത്തിലെ ടെസ്റ്റ് റിസൾട്ടിൽ നിന്നും മനസ്സിലാക്കുന്നത് ഇത് ഇങ്ങനെയല്ല എന്നാണ്. ഇത് തിരുത്തേണ്ടതുണ്ട്.

കോവിഡ് പകർച്ച എങ്ങനെ നിയന്ത്രിക്കാം

ലോക്ക്ഡൗണും അതിന്‍റെ മറ്റു പ്രാദേശിക വകഭേദങ്ങളും സാധാരണ ജീവിത സാഹചര്യങ്ങളിൽ കോവിഡ് പ്രചാരണം കുറയ്ക്കാൻ കാര്യമായി സഹായിക്കുന്നില്ല എന്ന സ്ഥിതിക്ക്, ശാസ്ത്രീയമായി, ഫലപ്രദമായ, മറ്റെന്തു മാര്‍ഗങ്ങള്‍ ഉണ്ടെന്നു നോക്കാം.

ലോകാരോഗ്യ സംഘടന (WHO) നമുക്കും മറ്റുള്ളവർക്കും കോവിഡ് പകരാതിരിക്കാനായി പറയുന്ന ഏഴു മാർഗ്ഗനിർദേശങ്ങൾ ഇവയാണ്.

1. കൈകൾ സോപ്പ് ഉപയോഗിച്ച് കൂടെ കൂടെ കഴുകുക

2. കണ്ണുകളിലും മൂക്കിലും വായിലും തൊടാതിരുക്കുക

3. ചുമയ്ക്കുമ്പോൾ കൈമുട്ട് കൊണ്ടോ, തൂവാല കൊണ്ടോ മൂടുക

4. തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുക

5. അസുഖം തോന്നിയാൽ, എത്ര ചെറിയ പനിയും ചുമയുമാണെങ്കിലും വീട്ടിലിരിക്കുക

6. പനി, ചുമ, ശ്വാസതടസ്സം ഇവ ഒരുമിച്ചുവന്നാൽ ചികിത്സ തേടുക.

7. പുതിയതായി ശാസ്ത്രീയമായി വരുന്ന കാര്യങ്ങൾ മനസ്സിലാക്കുക

മാസ്ക് ധരിച്ചാൽ മാത്രം കോവിഡ് പകർച്ച നിർത്താമെന്ന് പല ശാസ്ത്രീയ പഠനങ്ങളും കാണിക്കുന്നുണ്ട്. ഏറ്റവും പുതിയതായി അമേരിക്കയിൽ മിസ്സോറിയിലെ സ്പ്രിങ്‌ഫീൽഡിൽ നിന്നുള്ള ഒരു പഠനം അമേരിക്കൻ CDC ഈയിടെ പുറത്തുവിട്ടിരുന്നു. അവിടെ ഒരു ഹെയർ സലൂണിൽ ലക്ഷണങ്ങളോടുകൂടി കോവിഡ് സ്ഥിരീകരിച്ച രണ്ടു ഹെയർ സ്റ്റൈലിസ്റ്റുകള്‍139 ക്ലയന്റ്റ്‌സുമായി 15 മുതൽ 45 മിനിറ്റ് വരെ, അടഞ്ഞ മുറിയിൽ, വളരെ അടുത്തിടപഴകി. എന്നാൽ ഇതിൽ ഒരാൾക്കുപോലും കോവിഡ് ബാധിച്ചില്ല. കാരണം, ഇവരെല്ലാവരും മാസ്ക് ധരിച്ചിരുന്നു.

ഇത്ര മാത്രമേയുള്ളൂ നമ്മളാലാവുന്ന ഫലപ്രദമായ കോവിഡ് പ്രതിരോധം. മറ്റുള്ളതെല്ലാം പൊതുജനങ്ങളെ അനാവശ്യ ബുദ്ധിമുട്ടിലാക്കാനും നാടിന്‍റെ സമ്പദ്‌വ്യവസ്ഥ തകർക്കാനും മാത്രം ഉപകരിക്കും.

ലോക്ക്ഡൗണിന്‍റെ സാമ്പത്തിക ദുഷ്ഫലം

ഗൾഫ് മേഖലയിലെ സാമ്പത്തിക തളർച്ച കേരളത്തിലേക്കുള്ള വിദേശ വരുമാനം ഇരുപതു ശതമാനത്തിലേറെ ഇപ്പോൾ തന്നെ കുറച്ചിട്ടുണ്ട്. ലോക്ക്ഡൗണിൽ കഴിയുന്ന ഓരോ ദിവസവും 1500 കോടി മുതൽ 2000 കോടി രൂപ വരെ കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ നഷ്ടപ്പെടുത്തുന്നതായി വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കേരളത്തിൽ ഈ സാമ്പത്തിക വര്‍ഷം മൊത്തം സംസ്ഥാന സാമ്പത്തിക ഉത്പാദനത്തിന്റെ വളർച്ച പുറകോട്ടായിരുക്കും എന്നാണ് ഇപ്പോഴുള്ള പ്രവചനം.

കേരളത്തിന്‍റെ പ്രധാന തൊഴിൽദാതാക്കളായ നിർമ്മാണ മേഖലയും ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലയും മിക്കവാറും നിശ്ചലമായ നിലയിലാണ്. കൃഷി മേഖല, മൽസ്യബന്ധനം, നിർമ്മാണ മേഖല തുടങ്ങിയവ എഴുപത്തഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും ദിവസ വേതനം വാങ്ങുന്നവരും മിക്കവാറും തൊഴിൽ ചെയ്യാനാവാതെ വീട്ടിലിരിപ്പാണ്. ചെറുകിട, ഇടത്തരം സംരംഭകർ ദിവസം തോറും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു‌. കേരളത്തിൽ നിക്ഷേപം നടത്താൻ തീരെ അനുകൂലമല്ലാത്ത ഒരു സാഹചര്യമായി കഴിഞ്ഞിരിക്കുന്നു.

അശാസ്ത്രീയത, കോവിഡ് പ്രതിരോധത്തിന്‍റെ പേരിലുള്ള അധിക ചിലവുകള്‍; ഈ ബാധ്യതകൾ കേരളത്തിലെ സാധാരണക്കാരാണ് വഹിക്കേണ്ടി വരുന്നത്.

സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണിനു പുറമെ ശാസ്ത്രീയമായി യാതൊരു പ്രയോജനവും കാണിക്കാൻ പറ്റാത്ത, ലോകത്തൊന്നുമില്ലാത്ത ട്രിപ്പിൾ ലോക്ക്ഡൗൺ, കമാൻഡോ പ്രതിരോധം, അതിനും മേലെ കണ്ടൈൻമെൻറ് സോൺ എന്നീ മാർഗ്ഗങ്ങൾ കേരളത്തിലെ സ്ഥിതി പൂർണമായും അസ്ഥിരപ്പെടുത്തിയിരിക്കുന്നു. ഒരു ജീവൻ പോലും കൂടുതൽ രക്ഷിക്കാൻ പറ്റാതെ കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ജീവിതം താറുമാറാക്കുന്ന സ്ഥിതിയാണ് ഇതുകൊണ്ടുണ്ടാകുന്നത്.

കേരളത്തിന്‍റെ തനതായതും മേന്മയേറിയതുമായ സാഹചര്യം മുതലാക്കി, പ്രതിരോധ ആരോഗ്യ ടൂറിസം, ചെറുകിട തൊഴിൽ മേഖല, സഹകരണാടിസ്ഥാനത്തിൽ ഭക്ഷ്യ വിളകളുടെ കൃഷി, പ്രകൃതിക്കിണങ്ങുന്ന സുസ്ഥിര വികസനം മുതലായവ പ്രോത്സാഹിപ്പിച്ചുള്ള നടപടികളാണ് ആവശ്യം. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ തുടങ്ങുന്നതിനു പകരം നമ്മൾ അനാവശ്യ ഭീതിയില്‍ ആണ്ട് സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ വീട്ടു തടങ്കലിലാക്കുന്ന നിലയിലാണ് കാര്യങ്ങള്‍.

സംസ്ഥാന പിറവിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് കേരളമിപ്പോൾ. ഇത് അടിയന്തിരമായി മാറണം, അല്ലെങ്കിൽ നമ്മൾ മാത്രമല്ല, കേരളത്തിലെ വരും തലമുറകൾ പോലും ഇതിൽ പെട്ട് തകർന്നു പോകും.

ലോക്ക്ഡൗൺ എന്ന ദുരിതക്കയം

ലോക്ക്ഡൗൺ രോഗപ്രതിരോധം തടയാൻ ഒട്ടും സഹായിക്കുന്നില്ല എന്ന് വ്യക്തമായല്ലോ. ചുരുക്കം ചില സ്ഥലങ്ങളിൽ, ആരോഗ്യപരിപാലന സൗകര്യങ്ങൾ പര്യാപ്തമല്ലാത്തയിടത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നത് മനസിലാക്കാം. പക്ഷെ, കേരളം പോലെ ആരോഗ്യപരിപാലന സൗകര്യങ്ങൾ ആവശ്യത്തിനുള്ളയിടത്തു ഇത് അനാവശ്യമാണെന്ന് മാത്രമല്ല, അത് അപകടം വരുത്തി വയ്ക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി മാത്രമാണ് വൈറസ് വരാതിരിക്കാനുള്ള മാർഗ്ഗം. വാക്സിനേഷൻ ഇല്ലാത്തിടത്തോളം കാലം, നമ്മൾ അത് സ്വതവേ, ശരീരത്തിൽ ഉണ്ടാക്കിയെടുക്കണം. ഇതിനേറ്റവും പ്രധാനം, പോഷക ഗുണമുള്ള ഭക്ഷണം, വ്യായാമം, വൈറ്റമിൻ ഡി, മാനസിക സന്തോഷം എന്നിവയാണ്‌. ലോക്ക്ഡൗൺ ഇത് കൂട്ടാൻ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല, ഇതിനു വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി കുറയുന്ന ഇവരിൽ പലരും, ലോക്ക്ഡൗൺ കഴിഞ്ഞു വരുന്ന അടുത്ത രോഗകാലത്ത് അതിനടിമയാവുകയോ, മരണപ്പെടുകയോ ചെയ്യും. മറ്റസുഖങ്ങൾക്ക് ചികിത്സ കിട്ടാതെ പലരുടെയും ആരോഗ്യനില ദൈനംദിനം വഷളാവുന്ന അവസ്ഥയും സംസ്ഥാനത്തുണ്ട്.

ജൂലൈ ആദ്യം മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച്, ലോക്ക്ഡൗണിന്റെ പാർശ്വഫലം കാരണം കേരളത്തിൽ 66 കുട്ടികൾ ആത്മഹത്യ ചെയ്തു. ലോകത്തുള്ള ഏതു കണക്കു വച്ച് നോക്കിയാലും കോവിഡ് കാരണം കേരളത്തിൽ ഒരു നിലയ്ക്കും 66 കുട്ടികൾ മരിക്കില്ല. (ന്യൂയോര്‍ക്കിൽ 18,900 മരണത്തിനു മേൽ നടന്നിടത്തു ആകെ മരിച്ചത് 13 കുട്ടികളാണ്, അതും മറ്റസുഖങ്ങളാൽ). കേരളത്തിലുള്ള ആരോഗ്യ സംവിധാനം നോക്കിയാൽ ലോക്ക്ഡൗൺ കൊണ്ട് ഒരു മരണം പോലും കുറച്ചിട്ടുണ്ടാവില്ല. ആ നിലയ്ക്ക് ഈ 66 കുട്ടികളുടെ മരണവും ലോക്ക്ഡൗൺ കൊണ്ടുണ്ടായ അനാവശ്യ മരണങ്ങളാണ്.

ഈ വിധത്തില്‍, ഇല്ലാത്ത ഭീകരതയെ പേടിച്ച്, സമൂഹത്തിലാകെ അതിഭയാനകമായ രീതിയില്‍ മാനസിക പ്രശ്നങ്ങൾ കൂടുകയാണ്. തിരികെ വരുന്ന പ്രവാസികളെ വീട്ടിൽ കയറ്റാതെ, രോഗം വന്നവരെ ഭീതിയോടെ മറ്റുള്ളവർ നോക്കിക്കാണുന്ന സ്ഥിതി വരെ ഉണ്ടായി. ആശുപത്രികളിലും ക്വാറന്റൈനിലും, ഒപ്പം, പട്ടിണിയും പരിവട്ടവും കൊണ്ട് പല ആത്മഹത്യകളും നടക്കുന്നുണ്ട്. മുതിർന്ന പൗരന്മാർ ഒറ്റപ്പെട്ടു, അവരുടെ ജീവിതത്തിന്‍റെ അവസാന കാലം നരകിച്ചു മരിക്കുകയാണ്. കുട്ടികളെപ്പോലെ മുതിർന്ന പൗരന്മാരും മാനസികാരോഗ്യ പ്രശ്നത്തിൽ പെട്ടു വലയുകയാണ്.

കേരളത്തിലെ മൊത്തം മരണ കണക്ക് നോക്കിയാൽ, അഞ്ഞൂറിൽ ഒന്നിൽ താഴെ മാത്രം സംഭവിക്കുന്ന കോവിഡ് എന്ന രോഗത്തിന് വേണ്ടി സംസ്‌ഥാനത്തെ മിക്ക ആരോഗ്യ സംവിധാനങ്ങളും മാറ്റി വച്ചു, മരണത്തിനു വരെ കാരണമാകാവുന്ന മറ്റു രോഗങ്ങൾക്ക് ചികിത്സ കിട്ടാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. ഇതിനു പുറമെ വീട്ടിൽ പൂട്ടിയിട്ടിരുന്ന്, വെയില് കൊള്ളാതെ, വ്യായാമമില്ലാതെ, പോഷകാഹാരങ്ങൾ കഴിക്കാതെ ഉള്ള രോഗപ്രതിരോധം ഇല്ലാതായി മാരകരോഗങ്ങൾക്ക് പലരും കീഴ്‌പ്പെടും.

വരുമാനം നഷ്ടപ്പെട്ട കുടുംബനാഥർ വഴിമുട്ടി നിൽക്കുകയാണ്. നിത്യവരുമാന തൊഴിലിൽ ഏർപ്പെട്ടവർ, അസംഘടിത തൊഴിലാളികൾ, ചെറിയ സംരംഭകർ, ഇവര്‍ക്കെല്ലാം വരുമാനം നഷ്ടപ്പെട്ട് കടക്കെണിയിൽ ആഴ്ന്നുകൊണ്ടിരിക്കുകയാണ്. ആത്മഹത്യയല്ലാതെ ഒരു വഴിയുമില്ലെന്നു പലരും ഉറക്കെ പറഞ്ഞു തുടങ്ങി. ഇതെല്ലാം ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ എന്നേ അശാസ്ത്രീയമായ, തെറ്റായ ഒറ്റമൂലികൾ വരുത്തി വയ്ക്കുന്നതാണ്.

സാധാരണ ഫ്ലൂ പോലെ മാത്രം രോഗലക്ഷണങ്ങളുള്ള ഒരു രോഗത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടി ജനങ്ങളെ അതിഭീകര ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് മാത്രമല്ല, ചില പ്രത്യേക വിഭാഗക്കാരാണ് രോഗത്തിന് കാരണമെന്ന തെറ്റിദ്ധാരണയും ജനങ്ങളിൽ പടർന്നു. പൊതുജനം ചുമതലാബോധമില്ലാത്തവരാണ്, അവരെ അടിച്ചമർത്തിയില്ലെങ്കിൽ രോഗം നിയന്ത്രിക്കാനാവില്ല എന്ന തെറ്റിദ്ധാരണ പരത്താൻ പല ഇടങ്ങളിൽ നിന്നും വരുന്ന വാർത്തകൾ സഹായിച്ചു. ജനങ്ങൾ ശത്രുക്കളാണ്, രോഗം വരുന്നവർ എന്തോ അപരാധം ചെയ്ത മട്ടിലാണ് പല അധികാരികളും പെരുമാറുന്നതും സംസാരിക്കുന്നതും. പൂന്തുറയിൽ കമാൻഡോ ഇറങ്ങിയപ്പോൾ സർക്കാരിന്‍റെ കോവിഡ് പ്രതിരോധത്തിന്‍റെ തലപ്പത്തിരിക്കുന്ന ഒരധികാരി പറഞ്ഞ വാചകം ഒരു വലിയ വിവാദം തന്നെ ഉണ്ടാക്കി; അധികാരികളുടെ ഇത്തരം പ്രവണതകളും നല്ലതല്ല.

അശാസ്ത്രീയ തിരക്ക് കുറയ്ക്കൽ ശ്രമങ്ങൾ

രോഗപ്പകർച്ച കുറയ്ക്കാൻ തിരക്കിനുള്ള സാദ്ധ്യതകൾ കുറയ്ക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ, കേരളത്തിൽ നടപ്പാക്കുന്ന പല കാര്യങ്ങളും തിരക്ക് കൂട്ടുകയാണ്, കുറയ്ക്കുകയല്ല.

കടയിൽ തിരക്ക് കുറയ്ക്കണമെങ്കില്‍ കൂടുതൽ സമയം, കൂടുതൽ കടകൾ തുറക്കണം, അപ്പോൾ സാധനം വാങ്ങുന്നവർ തിക്കും തിരക്കുമില്ലാതെ സാധനം വാങ്ങി പോകും. ഉദാഹരണത്തിന് ഒരു കടയിൽ സാധാരണ നിലയ്ക്ക് 12 മണിക്കൂറിൽ 120 പേര് സാധനം വാങ്ങിയാൽ, ശരാശരി ഒരു മണിക്കൂറിൽ 10 ആളുകളാണ്. ഈ പത്തു മണിക്കൂർ കട, നാല് മണിക്കൂർ ആയി കുറച്ചാൽ ഒരു മണിക്കൂറിൽ ശരാശരി 30 പേരാകും കടയിൽ വരിക; അതോടെ തിരക്ക് കൂടുന്നു. ദിവസവും 160 പേര് വരുന്ന ഒരു കട കൂടി അടച്ചിട്ടാൽ, അവിടെ സാധനം വാങ്ങുന്നവരും ഇവിടെ വരും; അപ്പോൾ മണിക്കൂറിൽ ഇവിടെ ശരാശരി 70 ആളുകളാകും. തിരക്ക് അനിയന്ത്രിതമാകും.

കൂടുതൽ ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുറന്നതു വഴി മദ്യവില്പനയിലുള്ള തിരക്ക് കുറഞ്ഞത് നമ്മൾ കണ്ടതാണ്. ഹോം ഡെലിവറി റസ്റ്റോറന്‍റുകൾ ഇല്ലാതാവുമ്പോൾ, അനാവശ്യ ദൗർലഭ്യം ഉണ്ടാകുന്നു. ചന്തകൾ അടയ്ക്കുന്നത് കൊണ്ട്, മറ്റിടങ്ങളിൽ തിരക്ക് കൂടുകയാണ്. ഞായറാഴ്ച കടകൾ അടച്ചാൽ മറ്റു ദിവസങ്ങളിൽ തിരക്ക് കൂടും. ഓർക്കുക, പലരും അന്നന്ന് വേണ്ട സാധനങ്ങൾ ദിവസേന കഷ്ടിച്ച് വാങ്ങുന്നവരാണ്.

പൊതുഗതാഗത്തിൻറെ എണ്ണം കുറയ്ക്കുമ്പോൾ തിരക്ക് കൂടുകയാണ്, കുറയുകയല്ല. പൊതു ഗതാഗതം ചെറിയ ദൂരത്തേക്ക് ചുരുങ്ങുമ്പോൾ, ആളുകൾ കൂടുതൽ തവണ മാറിക്കയറി തിരക്ക് കൂടുന്നു. ഓർക്കുക, ഉദ്ദേശം തിരക്ക് കുറച്ച് രോഗപ്പകർച്ച കുറയ്ക്കാനാണെങ്കിൽ, ഈ ആര്യഗ്നല്‍ അതിനു സഹായിക്കുകയല്ല എന്ന് മാത്രമല്ല, വിപരീത ഫലമാണുണ്ടാവുക.

കേരളത്തിലെ ഇന്നത്തെ സ്ഥിതിക്ക് ശാസ്ത്രീയമായി യാതൊരു ഗുണവുമില്ലാത്ത ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ എവിടെയും, എപ്പോഴും യാതൊരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കാമെന്ന നിലയിൽ, സംരംഭകരും, തൊഴിലാളികളും ഒരുപോലെ വഴിമുട്ടി നിൽക്കുകയാണ്.

ലോകം നമ്മെ എന്ത് പഠിപ്പിക്കുന്നു?

ഇറ്റലിയിൽ ലൊംബാർഡി മേഖലയിൽ അതിരൂക്ഷമായ സ്ഥിതിവിശേഷമുണ്ടാകാൻ കാരണം അവിടെ രോഗം പ്രതിരോധിച്ച രീതിയിലെ തെറ്റായിരുന്നു. മുതിർന്ന പൗരന്മാർ ഒരുമിച്ചു താമസിക്കുന്ന സ്ഥലങ്ങൾ അവർ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ല. അതുകൊണ്ട്, പ്രായാധിക്യമുള്ള, മറ്റസുഖങ്ങളുള്ള വളരെയധികം മുതിർന്ന പൗരന്മാർക്ക് ഒരുമിച്ച് രോഗം വന്നു. ഇവർക്കാവശ്യമുള്ള വെന്റിലേറ്ററും, ഐസിയു സൗകര്യവും ഇല്ലാതായി. ഉള്ള സൗകര്യത്തിൽ മിക്കവാറും തീവ്ര രോഗ ലക്ഷണങ്ങളില്ലാത്തവർ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ ലൊംബാർഡിയിൽ മാത്രം രണ്ടായിരത്തിനു മേലെ ഐസിയു ക്ഷാമം വന്നു. ഇത് ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്താനും ഇടയാക്കി.

ആരോഗ്യ പ്രവർത്തകർക്ക് ആവശ്യത്തിന് പിപിഇ മുതലായ സൗകര്യം ഇല്ലായിരുന്നു. അതുവഴി, അവർക്കും അസുഖം വന്ന് ക്വാറന്റൈനിലായി. പല ആശുപത്രികളും അടയ്‌ക്കേണ്ടി വന്നു. അങ്ങനെ ആരോഗ്യപരിപാലന രംഗത്തെ അപര്യാപ്തത കൊണ്ടാണ് ഇത്ര മാത്രം ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായത്.

ന്യൂയോർക്ക് സിറ്റി നോക്കിയാൽ, അവിടുത്തെ കണക്കുകൾ മുഴുവൻ ശരിയാണ് എന്ന് കരുതാന്‍ പറ്റില്ല. മൊത്തം മരണത്തിന്‍റെ 42 ശതമാനം കോവിഡ് മൂലമാണെന്നാണ് അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളും ആരോഗ്യ പരിപാലന വ്യവസായ കുത്തകകളുടെയും, മറ്റു സാമ്പത്തിക പ്രേരണകളുമാവാം

കേരളത്തേക്കാൾ വളരെയധികം മുതിർന്ന പൗരന്മാരും ജനസാന്ദ്രതയുള്ള, ആളുകൾ ഇടുങ്ങിയ വീടുകളിൽ താമസിക്കുന്ന ജപ്പാനിൽ, ലോക്ക്ഡൗൺ മുതലായ വലിയ തോതിലുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. ഒളിമ്പിക്സ്, വലിയ ആൾക്കൂട്ടം വരുന്ന പരിപാടികൾ മുതലായവ മാത്രം വേണ്ട എന്ന് വച്ചു. പൊതുഗതാഗതം, മെട്രോ റെയിൽ, വാഹനഗതാഗതം, കടകൾ എല്ലാം തുറന്നിരുന്നു. ജനങ്ങളോട് സർക്കാർ കൂട്ടം കൂടരുത്, മാസ്ക് ഉപയോഗിക്കുക എന്ന് മാത്രം അപേക്ഷിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്ക്, അതനുസരിച്ചു മാത്രം ചികിത്സ. അനാവശ്യമായ ഭീതിയുണ്ടാക്കാന്‍ ഒന്നുമില്ല. ജൂലൈ 24-ന് ജപ്പാൻ കണ്ട ഏറ്റവും വലിയ ഒറ്റ ദിവസത്തെ രോഗക്കണക്ക് വന്നപ്പോൾ അവിടെ മധ്യവേനൽ പ്രമാണിച്ച് നാലു ദിവസം അവധി നടന്നു കൊണ്ടിരിക്കുകയാണ്. ഈ സമയം വീട്ടിലിരിക്കാതെ യാത്ര ചെയ്യാൻ സർക്കാർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബാറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, യാത്രാ സംവിധാനങ്ങൾ എല്ലാം സാധാരണഗതിയിൽ.

കേരളം മറ്റു സ്ഥലങ്ങളിലെ പരാജയത്തിന് കാരണമായ തെറ്റുകൾ അതേ പടി ആവർത്തിക്കാതെ നല്ല രീതികൾ അവലംബിക്കുക, അത് മനസ്സിലാക്കി പ്രായോഗികമാക്കാൻ പറ്റിയ അധികാരികളെ നിയമിക്കുക.

ഉപസംഹാരം

കോവിഡ് ഒരു പ്രകൃതി ദുരന്തമല്ല, അത് ഒരു ക്രമസമാധാന പ്രശ്നവുമല്ല; ഒരു താരതമ്യ പി.ആര്‍ മത്സരവുമല്ല. കോവിഡ് ഒരു ആരോഗ്യ പ്രശ്നമാണ്; കോറോണ വൈറസ് പകർച്ച മനസ്സിലാക്കുന്നത് കണക്കു കൊണ്ടുമാണ്.

ഏതു രീതിയിൽ നോക്കിയാലും കേരളത്തിലെ കോവിഡ് മരണനിരക്ക് വളരെ കുറവാണ്. ഇത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിജയം. ഈ വിജയം നമുക്ക് പൊതുജന സൗഹാർദ്ദമായ, വികസനത്തിന് സഹായിക്കുന്ന മാതിരി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും. മാസ്ക് ധരിച്ചു നടന്നാൽ മാത്രം മതി, കൃത്യമായ രോഗപ്രതിരോധം കിട്ടും.

നല്ല രീതിയിൽ ആരോഗ്യ സംവിധാനമുള്ള, ജനസാന്ദ്രതയുള്ള കേരളത്തിൽ ഇതിനേക്കാൾ കൂടുതലായി ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ, നിരോധനം മുതലായവ യാതൊരു അധിക പ്രയോജനവും നൽകില്ല; വിപത്തുകൾ നമുക്ക് ഒഴിവാക്കുകയും ചെയ്യാം. പോലീസിനും മറ്റു ക്രമസമാധാന സംവിധാനങ്ങൾക്കും കോവിഡ് പ്രതിരോധത്തിൽ വല്യ പ്രസക്തിയില്ല. ശക്തിയല്ല, ശാസ്ത്രമാണ് ആവശ്യം. ജനങ്ങളുടെ ആരോഗ്യ പ്രശ്നം, അങ്ങനെ കണ്ടു ജനങ്ങളെ ഭീതിയിലാഴ്ത്താതെ, ശത്രുപക്ഷത്താക്കാതെ, വിശ്വാസത്തിലെടുത്ത് ഒത്തൊരുമിച്ചു നേരിടുക, വിജയിക്കുക.

ടെസ്റ്റ് പോസിറ്റീവ് ആകുന്ന എല്ലാവർക്കും പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത 'ചികിത്സ' നൽകുന്ന രീതി മാറ്റി, FLCTC വഴി ആരോഗ്യ സംവിധാനങ്ങൾ പാഴാക്കുന്ന രീതി മാറ്റി, ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരെ മാത്രം ചികിത്സിക്കുക. ആരോഗ്യ സംവിധാനങ്ങൾ അവർക്കായി മാറ്റി വയ്ക്കുക.

ഭീതി വേണ്ട, ജാഗ്രത മതി എന്ന മുദ്രാവാക്യം പൂർണ്ണമായി ഉൾക്കൊണ്ട്, ലോക്ക്ഡൗൺ വേണ്ട, ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ട, കണ്ടൈൻമെൻറ് സോൺ വേണ്ട, മാസ്ക് മതി എന്ന രീതിയിലേക്ക് കേരളം ഉടനടി മാറണം. ജനജീവിതം സാധാരണ ഗതിയിലാക്കണം, തൊഴിൽ ചെയ്യാനും, കുടുംബം പോറ്റാനുമുള്ള സാഹചര്യം ഉണ്ടാക്കണം. ശാസ്ത്രീയമായി രോഗം നേരിടാനും ജനങ്ങളുടെ ക്ഷേമത്തിനും മാത്രം അടങ്ങുന്ന ആവശ്യമുള്ള കാര്യങ്ങൾക്കായി ചിലവ് ചുരുക്കുക.

അപകടങ്ങൾ സർവ്വ സാധാരണമാണ്. അപകടം വന്നാലുള്ള ആഘാതം മാത്രമല്ല, അത് വരാനുള്ള സാധ്യതയും ഒരുപോലെ മനസ്സിലാക്കി നടത്തുന്ന പൊതുഭരണം വിജയിക്കും. കോവിഡ് ഒരു വൻ ദുരന്തമായി കണ്ടു പേടിച്ചിരിക്കാതെ, മുന്നേറാനുള്ള ഒരു അവസരമായി കണ്ട് അത് ഉപയോഗിക്കുക. ശാസ്ത്രവും സാമാന്യ ബുദ്ധിയും നിശ്ചയദാര്‍ഢ്യവും സഹാനുഭൂതിയും ഒത്തൊരുമിക്കുന്നതാകട്ടെ നവ കേരള മോഡൽ. വരും തലമുറയ്ക്ക് നമ്മളെ കൊണ്ട് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഇതാവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)