കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും

ജാതിസംവരണത്തെ ഇല്ലാതാക്കി സാമ്പത്തിക സംവരണമാക്കുക എന്നത് സിപിഎമ്മിന്റെ ചരിത്രപരമായ ദൗത്യമായിരുന്നുവെന്നും അത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത ഗംഗാധരന്മാര്‍ പാര്‍ട്ടിയില്‍ അപൂര്‍വമായി ഉണ്ടായിരുന്നുവെന്നും ചരിത്രം പറയുന്നു. വി.എന്‍ പ്രസന്നന് എഴുതിയ പി. ഗംഗാധരന്റെ ജീവചരിത്ര വായന.
ഏതൊരു പ്രസ്ഥാനത്തിനും വേണ്ടി ജീവിക്കുന്ന നിരവധി മനുഷ്യരില്‍ ചിലര്‍ വളരെയേറെ ശ്രദ്ധിക്കപ്പെടുകയും എന്നാല്‍ അവരെപ്പോലെ പ്രസ്ഥാനത്തില്‍ ഇടപെടുന്ന ചിലര്‍ ആരുമറിയാതെ പോവുകയും ചെയ്യുന്ന പ്രശ്നം എക്കാലത്തും നടന്നിട്ടുണ്ട്. ചരിത്രത്തെ ഇങ്ങനെ തള്ളപ്പെട്ടവരുടെ കണ്ണിലൂടെ വായിക്കുമ്പോഴാണ് ചില അടിയൊഴുക്കുകളെ സന്ധിക്കേണ്ടിവരുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ നിരവധി മനുഷ്യരെക്കാണാന്‍ കഴിയും. പാര്‍ട്ടിയുടെ ആശയഗതികളെയും പ്രത്യയശാസ്ത്ര ഇടപെടലുകളെയും വിയോജിച്ചുകൊണ്ട് അതിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചവര്‍ ഒരു പക്ഷേ അപൂര്‍വമാണ്. അവരില്‍ മിക്കവരും തന്നെ പാര്‍ട്ടിക്ക് പുറത്തുപോയിട്ടുമുണ്ടാകും. എന്നാല്‍ കേരളസമൂഹത്തിലെ അടിസ്ഥാന സാമൂഹ്യപ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാടിനോടു വിയോജിക്കുകയും അതിലെ സംഘര്‍ഷങ്ങളേറ്റുവാങ്ങി അതിനെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്ത് ഒടുവില്‍ പുറത്തു പോവുകയും ചെയ്ത പള്ളുരുത്തിക്കാരനായ പി ഗംഗാധരന് എന്ന പിജിയുടെ ജീവിതം ഇക്കാലത്ത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നതുകാണാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാവുകയും പാര്‍ട്ടി അതിനുശേഷം നടത്തിയിട്ടുള്ള എണ്ണമറ്റ സമരങ്ങളില്‍ ഭാഗഭാക്കുകയും ചെയ്ത പി ജി പക്ഷേ പാര്‍ട്ടിയോട് വിയോജിച്ചത് സംവരണം എന്ന പ്രശ്നത്തിലാണെന്നതാണ് ഇന്ന് പ്രധാനമാകുന്നത്. പാര്‍ട്ടിക്ക് ആദ്യകാലം മുതലേ- അമ്പതുകള്‍- താത്പര്യം ജാതിസംവരണമായിരുന്നില്ലെന്നും മറിച്ച് സാമ്പത്തിക സംവരണത്തോടായിരുന്നുവെന്നുമുള്ള വസ്തുത ഇത് ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന തത്വമായ വര്ഗബഹുജനമുന്നേറ്റവും സോഷ്യലിസവും മുതലാളിത്ത വിരുദ്ധതയും നിര്‍മിക്കുന്ന സാമ്പത്തികത്വം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ/ ഇന്ത്യയിലെ സാമൂഹികതയോ അതിന്റെ ആധാരമായ ജാതിയെയോ കാണുവാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലന്നാണ്. ജാതി, സാമുദായികത തുടങ്ങിയ ആശയങ്ങളെ പാടേ വിലക്കുന്ന പ്രത്യയശാസ്ത്രഭൂമികയുടെ അച്ചടക്കപരിശീലനമാണ് പാര്‍ട്ടി ജീവിതമെന്ന് പിജിയുടെ ജീവിതം വ്യക്തമാക്കുന്നു.
ഇന്നത്തെ പള്ളുരുത്തിയിലെ ഒരു ദരിദ്ര ഈഴവ കുടുംബത്തില്‍ ജനിച്ച പി ഗംഗാധരന് (1910-1985) നാലാംക്ലാസ് വരെ കഷ്ടിച്ച് പഠിച്ചു. പിന്നെ മറ്റ് മാര്ഗമൊന്നുമില്ലിതിരുന്നതിനാല് ഒരു കൊപ്രാ മില്ലില്‍ ഉണങ്ങുന്ന കൊപ്രാകള് കാക്കകൊണ്ടുപോകാതിരിക്കാനുള്ള പണി- കാക്കനോക്കല്- ചെയ്തു. അധികം വൈകാതെ അതില്‍ നിന്ന് പറഞ്ഞുവിടപ്പെട്ടു. അതിനുശേഷം നാരായണഗുരുവിന്റെ ആശ്രമത്തിലെത്തി സന്യാസജീവിതത്തിന്റെ പടവുകളില്‍ സഞ്ചരിച്ച് പിന്നീട് യൗവനത്തിലേക്ക് കാലൂന്നിയപ്പോള്‍ സാമൂഹിക പ്രവര്ത്തനങ്ങളിലിറങ്ങുകയും അക്കാലത്തു നടന്ന് ഉപ്പുകുറുക്കല്‍ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയിലിലാകുകയും ചെയ്തു. ഇക്കാലത്തുതന്നെ അദ്ദേഹം അംബേദ്കറിന്റെ ആശയങ്ങളിലേക്കും തിരിഞ്ഞിരുന്നു. നാരായണഗുരുവും അംബേദ്ക്കറുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയിലെ പ്രധാനികള്‍. ഇക്കാലത്താണ് അംബേദ്ക്കറും ഗാന്ധിയും തമ്മിലുള്ള സംവരണത്തെക്കുറിച്ചും സംവരണമണ്ഡലങ്ങളെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ വലിയ സംവാദവിഷയമാകുന്നതും. പി ജി അംബേദികറിന്റെ ഭാഗത്ത് നില്‍ക്കുകയും ഇതേക്കുറിച്ച് ആഴത്തില്‍ പഠിക്കുയും ചെയ്തു. പില്ക്കാലത്ത് അദ്ദേഹം ബ്രാഹ്മണാധിപത്യം എന്ന പേരില്‍ പുസ്തകമെഴുതുകയും ചെയ്തു. എന്നല്ല തന്റെ ജീവിതത്തിലുടന്നീളം അദ്ദേഹം ബ്രാഹ്മണാധിപത്യത്തെ വിമര്‍ശിക്കുന്ന ധര്മത്തിലുമായിരുന്നു. 1934ല്‍ ഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ പള്ളുരുത്തിയിലെ ശ്രീനാരായണ യോഗം ഗാന്ധിക്ക് മംഗളപത്രം സമര്‍പ്പിക്കുകയും അംബേദ്കറുടെ സംവരണം എന്നാശയത്തെ എതിര്‍ത്തത് ശരിയായില്ലെന്നു രേഖപ്പെടുത്തുകയും ചെയ്തു. സഹോദരനയ്യപ്പനുമായി ഗാഢമായ ബന്ധം ഇക്കാലത്തേ അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ രൂപപ്പെട്ടപ്പോഴും അവരുടെ സൗഹൃദം ദൃഡമായിരുന്നു.
1930-കളില്‍ കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാര്‍ ഡി എസ് പി യായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പി ജി അതില്‍ ചേര്‍ന്നു. ഇക്കാലത്ത് പി കൃഷ്ണപിള്ള കേരളമൊട്ടാകെ സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു. അതില്‍ എറണാകുളം ഭാഗത്തെ പ്രവര്‍ത്തനങ്ങളിലും കൊച്ചിയിലെ മിക്ക ഫാക്ടറികളിലെ തൊഴിലാളി സമരങ്ങളിലും പിജി ശക്തമായ സാന്നിധ്യമായിരുന്നു. ഇങ്ങനെ കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതൃത്വങ്ങളിലൊരാളായി പി ജി മാറുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകയോഗമായ പിണറായി മീറ്റിംഗില്‍ ഒരാളായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. സാമ്രാജ്യത്തിനെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ വളരെക്കാലം ജയിലിലടയ്ക്കുകയും ചെയ്തു. പാലിയംസമരം, കുട്ടങ്കുളം സമരം, അന്തിക്കാട് ചെത്തുതൊഴിലാളി സമരം, പുന്നപ്ര -വയലാര്‍ തുടങ്ങി നിരവധി സമരങ്ങളിലൂടടെയാണ് തന്റെ പാര്‍ട്ടി സ്വത്വത്തെ അദ്ദേഹം രൂപപ്പെടുത്തിയത്. അതിലൂടെ ഇ എംഎസ് അടക്കമുള്ളവരുമായി നല്ല ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.
പാര്ട്ടിപ്രവര്ത്തകനായിരിക്കുമ്പോഴും എസ് എന്‍ ഡി പിയുമായി അദ്ദേഹം സജീവബന്ധം പുലര്‍ത്തിയിരുന്നു. യോഗത്തിലെ ഈഴവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ഉപകരണമായി പാര്‍ട്ടി പിജിയെ ഉപയോഗിക്കുകയായിരുന്നുവെന്നും അതിന് സംസ്ഥാനസമിതിയുടെ അനുമതിയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ തന്റെ യോഗബന്ധം പാര്‍ട്ടിയുടെ വര്ഗപ്രത്യയശാസ്ത്രത്തിലൂടെ വിശദമായി പരിശോധിച്ചശേഷമാണ് അതില്‍ ഭാഗഭാക്കായത്. ഇതില്‍ ഏറ്റവും പ്രധാനം 1945-ലെ യോഗത്തിന്റെ എറണാകുളത്തുവച്ച് നടന്ന അവകാശപ്രഖ്യാപനസമ്മേളനമായിരുന്നു. ഒരു പക്ഷേ കേരളചരിത്രത്തിലെ തന്നെ, കീഴാളസമുദായത്തിന്റെ വേറിട്ട അവകാശപ്രഖ്യാപനമായിരുന്നു ഇത്. ലിംഗനീതിയും കീഴാളനീതിയും ഉയര്‍ത്തിപ്പിടിച്ച അതിന്റെ രേഖ തയാറാക്കിയത് സഹോദരന് അയ്യപ്പനുമായിരുന്നു. ചുരുക്കത്തില്‍ യോഗത്തിന്റെ സാമുദായിക നീതിയെക്കുറിച്ചുള്ള ബോധ്യങ്ങളും ബ്രാഹ്മണാധിപത്യത്തിനെതിരേയുള്ള വിയോജിപ്പും മുതലാളിത്തത്തിനെതിരേയുള്ള എതിര്‍പ്പും രൂപപ്പെടുത്തിയ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു പിജിയുടേത്. അദ്ദേഹത്തിന്റെ യോഗം ബന്ധം കേവലമായ ഒന്നായിരുന്നില്ല, മറിച്ച് ജാതിയിലടിസ്ഥാനപെട്ട സമൂഹത്തിലെ നീതിയാഥാര്ഥ്യമാകേണ്ടത് സാമുദായികമായിട്ടാണെന്ന കാഴ്ചപ്പാടിന്റെ പ്രകാശനമായിട്ടാണ്. ഇതാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും യോഗത്തിനും പാര്ട്ടിക്കുമേതിരേ നീങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
ആര് ശങ്കര്‍ എസ് എന്‍ ഡി പി യോഗത്തിന്റെ അധ്യക്ഷസ്ഥാനത്തുവന്നപ്പോള് സംഭവിച്ച അപചയത്തിനെതിരേ പിജിയും മറ്റും ചേര്‍ന്ന് കേരള എസ് എന്‍ ഡി പി സഭ രൂപീകരിക്കുകയും പില്ക്കാലത്ത് ഇവ ഒന്നിക്കുകയും ചെയ്യുന്നു. ഈഴവരെ മാത്രം ഒന്നിപ്പിക്കാനല്ല അദ്ദേഹം ശ്രമിച്ചത്, മറിച്ച് പിന്നാക്ക സമുദായങ്ങളെ ഒരു കുടക്കീഴിലണിനിര്ത്താനും അവരുടെ സമ്മേളനം വിളിച്ചുകൂട്ടാനും അദ്ദേഹം ശ്രമിച്ചു. ഇങ്ങനെയാണ് പിന്നാക്ക സമുദായ ഫെഡറേഷന് രൂപം കൊള്ളുന്നത്. 1957-ല്‍ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ഭരണത്തിലെത്തിയ പാര്‍ട്ടി, സംവരണം പോലുള്ള വിഷയങ്ങളില്‍ സാമ്പത്തികത്തില്‍ ഊന്നിയതോടെ പി ജി അതിനെതിരേയും കലഹിക്കുന്നു.
http://www.azhimukham.com/offbeat-cpm-minister-kadakampalli-surendrans-controversial-statements-on-reservation/
അറുപതുകളിലാണ് പാര്‍ട്ടി സര്‍ക്കാര്‍ സര്‍വീസിലെ സംവരണക്കാര്യങ്ങള്‍ പരിശോധിക്കുവാന്‍ രണ്ട് കമ്മീഷനുകളെ നിയോഗിച്ചത്. അതിനുമുമ്പ് അമ്പത്തിയെട്ടില്‍ ഒരു ഭരണപരിഷ്കാരക്കമ്മറ്റിയെ നിയോഗിച്ചിരുന്നു. അതില്‍ സാമ്പത്തികസംവരണക്കാര്യം വന്നിരുന്നു. എന്നാലത് പാര്‍ട്ടി തള്ളിക്കളഞ്ഞു. അറുപതിലെ കുമാരപിള്ള കമ്മീഷന്, വിദ്യഭ്യാസാനുകൂല്യങ്ങളുടെ പ്രശ്നമാണ് പരിശോധിച്ചത്. 4800 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു. അത് വലിയ എതിര്പ്പിടിയാക്കി. പിന്നീട് 1967-ലാണ് നെട്ടൂര്‍ പി ദാമോദരനെ കമ്മീഷനാക്കി സര്‍വീസിലെ സംവരണക്കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് തീരുമാനിച്ചത് ഇ എം എസിന്റെ കാലത്താണ്. 1970-ല്‍ സമര്‍പ്പിച്ച പ്രസ്തുത റിപ്പോര്‍ട്ട് സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമാക്കണമെന്നു പ്രഖ്യാപിക്കുകയായിരുന്നു. 8000 രൂപയില്‍ കൂടുതല്‍ വാര്ഷിവരുമാനമുള്ളവര്ക്ക് സംവരണം നല്കരുതെന്നു പറയുന്ന റിപ്പോര്‍ട്ട് സംവരണം നാല്പതില്നിന്ന് 38 ശതമാനമായി കുറയ്ക്കുയും ചെയ്തു. എന്നാല്‍ സെലക്ഷന്പോസ്റ്റുകളിലേക്ക് സംവരണം ബാധകമാക്കാനും ഈ റിപ്പോര്‍ട്ട് ശിപാര്‍ശ നല്കി.
ഈ റിപ്പോര്‍ട്ടിനെതിരേ പിജി രംഗത്തുവന്നു. സംവരണത്തെ സാമ്പത്തിക സംവരണമാക്കുന്നതിനെ അദ്ദേഹം പലവട്ടം എതിര്‍ത്തു. പലപ്രാവശ്യം സംസ്ഥാനകമ്മറ്റിക്കും എകെജിക്കും ഇഎംഎസിനും കത്ത് നല്കി. ഉയര്‍ന്ന ഉദ്യോഗങ്ങളിലെ സവര്‍ണകുത്തക തുടരുമെന്നും അത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നുമാത്രമല്ല സര്‍ക്കാര്‍ സര്‍വീസിലും കോടതികളിലും മറ്റും കീഴാളരുടെ പ്രാതിനിധ്യം വളരെ കുറവായിരിക്കുന്നത് ഇക്കാലത്ത് അദ്ദേഹം കണ്ടെത്തി വിശകലന വിധേയമാക്കിയിരുന്നു. ഈഴവരടക്കമുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവ് ജനാധിപത്യത്തിന്റെ വികാസത്തിനു തടസ്സമാണെന്നദ്ദേഹം വാദിച്ചിരുന്നു. ഏതായാലും പി ജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിന്നാക്ക സമുദായ ഫെഡറേഷന് ഈ റിപ്പോര്‍ട്ട് തള്ളിക്കളയുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സംവരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇഎംഎസ് ഉറച്ചുതന്നെയായിരുന്നു. കൊല്ലത്തു നടന്ന പാര്‍ട്ടി സമ്മളനത്തില്‍ ഈ റിപ്പോര്‍ട്ടിനെ അംഗീകരിക്കുകയും റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ സങ്കുചിത സാമുദായിക താത്പര്യത്തെ ഇളക്കിവിടുകയാണെന്നും അത് നാടിനാപത്താണെന്നും വിലയിരുത്തി. എന്നുമാത്രമല്ല ഈ റിപ്പോര്‍ട്ട് മാറ്റം കൂടാതെ നടപ്പാക്കണം എന്നും ഇഎംഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക സംവരണത്തിന് പാര്‍ട്ടി എതിരായുണ്ടായിരുന്ന കാര്യമൊക്കെ ചൂണ്ടിക്കാട്ടി ഇഎംഎസിന് പിജി കത്തയച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല എന്നു പറയപ്പെടുന്നു.
http://www.azhimukham.com/trending-caste-kerala-and-boys-fb-post-on-reservation/
എന്നാല്‍ എസ് എന്‍ഡിപി യോഗം ഇതിനെതിരേ രംഗത്തുവരികയും ഈഴവരുടെ സംവരണസംരക്ഷണയോഗം തിരുവനന്തപുരത്ത്, കമ്മീഷന് റിപ്പോര്‍ട്ട് അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുകയും ചെയ്തു. ആ സമ്മേളനത്തില്‍ പാര്‍ട്ടി എതിര്‍പ്പ് വകവയ്ക്കാതെ പിജി സംസാരിക്കുകയും ബ്രാഹ്മണാധിപത്യത്തെ ചെറുക്കുവാന്‍ കീഴാളസമുദായങ്ങളൊന്നിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംവരണവാദത്തിലെ നിലപാട് സംഘര്‍ഷത്തിലേക്കു നീങ്ങുകയും പാര്‍ട്ടി അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കുകയും സസ്പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് 1971-ല്‍ അദ്ദേഹം രാജിവച്ചുവെങ്കിലും അത് പാര്‍ട്ടി സ്വീകരിച്ചില്ല. പിന്നീടു ചില സംസാരങ്ങളൊക്കെ ഉണ്ടായെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ നിലപാടിലോ പാര്‍ട്ടി നിലപാടിലോ മാറ്റം വരുത്തിയില്ല. 1972 ല്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കി. പിന്നീട് പിന്നാക്ക സമുദായ ഫെഡറേഷനെ സജീവമാക്കുന്നില്‍ പ്രവര്‍ത്തിച്ച പി ജി, എസ് ആര് പിയുടെ (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാന്‍ പാര്‍ട്ടി) നേതൃത്വത്തിലേക്കും വരികയും ചെയ്തു. ജീവിതാന്ത്യംവരെ സജീവമായി സമൂഹത്തിനു നടുവില്‍ ജീവിക്കുകയായിരുന്നു പി ജി എന്ന മനുഷ്യന്. അദ്ദേഹം എല്ലാനിലയ്ക്കും യോജിക്കാഞ്ഞത് ബ്രാഹ്മണാധിപത്യത്തോടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതചരിത്രം രേഖപ്പെടുത്തുന്നു. ഇന്ന് പി ഗംഗാധരന് എന്ന പി ജി ആരുമറിയാതിരിക്കുകയും മറ്റൊരു പിജിയെ (പി ഗോവിന്ദപ്പിള്ള) നാമറിയുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ വി എന്‍ പ്രസന്നന് എഴുതിയ പി ഗംഗാധരന്റെ ജീവചരിത്രം നമ്മളെ ക്ഷണിക്കുന്നത് പുതിയൊരു അന്വേഷണത്തിലേക്കാണ്.
സംവരണത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളെല്ലാം അംബേദ്ക്കറുടെ കാഴ്ചപ്പാടുകളിലൂടെയാണ് പി ജി രൂപപ്പെടുത്തിയത്. സംവരണമെന്നാല്‍ സാമ്പത്തികമല്ലെന്നും സാമുദായികമാണെന്നും പാര്‍ട്ടിയിലെ സാമ്പത്തികസംവരണവാദത്തിന്റെ കാരണം സവര്ണമേധാവിത്വമാണെന്നും അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാതെ എഴുതുകയും പറയുകയും ചെയ്തു. ആദ്യകാലത്ത് പാര്‍ട്ടിയുടെ നിലപാട് സാമ്പത്തിക സംവരണത്തിനെതിരായിരുന്നുവെന്നും -ഇന്ത്യയിലെ സമൂഹികനിലയിലെ അസമത്വം ജാതിപരമാണെന്നും സാമ്പത്തികമല്ലെന്നും - എന്നാല്‍ പിന്നീടിത് മാറുകയായിരുന്നുവെന്നും അദ്ദേഹം ചരിത്രപരമായി വിശദീകരിക്കുന്നു. ഈ ചിന്തകളെല്ലാമടങ്ങിയ അദ്ദേഹം പാര്‍ട്ടിയുമായി നടത്തിയ എഴുത്തുകളാണ് ബ്രാഹ്മണാധിപത്യം എന്ന ലഘുപുസ്തകത്തിന്റെ ഉള്ളടക്കം. എന്നുമാത്രമല്ല മുപ്പതുകളില്‍ അംബേദ്ക്കറിന്റെ ചിന്തകളെ ആഴത്തില്‍ അവതരിപ്പിച്ചിരുന്ന അഭിമാനി എന്നൊരു മാസികയും അദ്ദേഹം നടത്തിയിരുന്നു. സൈദ്ധാന്തിക വിശകലനത്തിനുപരി പ്രായോഗിക രാഷ്ട്രീയത്തില്‍ ഊന്നിയിരുന്ന അദ്ദേഹം പിന്നീട് ദലിത് സംഘടനകളുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുകയും ചെയ്തു.
http://www.azhimukham.com/kerala-snm-training-college-suspended-its-principal-for-her-stand-on-reservation-by-dhanya/
കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന സാമ്പത്തികസംവരണം എന്നത് ഇക്കാലത്ത് രൂപപ്പെട്ട ഒന്നല്ലെന്നും മറിച്ച് അതിന് ചരിത്രപരമായ വേരുകളുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. സവര്‍ണതയോടു സന്ധിചെയ്യുന്ന, സാമൂഹിക വിഭവങ്ങളെല്ലാം ചില ഉന്നത സമുദായങ്ങള്‍ക്കു മാത്രമാകണമെന്നു കരുതുന്ന കേരളീയ സാമൂഹികഘടനയെക്കുറിച്ച് വേണ്ടത്ര ധാരണകളില്ലാത്ത ചിന്തയുടെ അനന്തരഫലമാണത്. കേരളത്തില്‍ ജാതി അപ്രത്യക്ഷമായിരിക്കുന്നുവെന്നും ഇപ്പോഴുള്ളത് സാമ്പത്തിക വ്യത്യാസങ്ങളാണെന്നുമുള്ള പുരോഗമന നാട്യത്തിന്റെ പിന്‍ബലത്തിലുള്ള വാദമാണതിന്റെ കാതല്‍. അങ്ങനെ കേരളം ജാത്യേതരമായ ഇടമാകുന്നു. ഈ കേരളത്തില്‍ ഉത്തരേന്ത്യയിലോ മറ്റോ കാണുന്ന ജാതിവ്യത്യാസങ്ങളൊന്നുമില്ലെന്നുള്ള നാട്യമാണ് പുരോഗമന മലയാളിയെ ഭരിക്കുന്നത്. ഈ പുരോഗമന മലയാളിയുടെ ഈ നാട്യത്തിന്റെ സാമൂഹികശാസ്ത്രമാണ് സാമ്പത്തിക സംവരണം. അത് സൃഷ്ടിച്ചത് പാര്‍ട്ടിയാണെന്നത് ഗൗരവമായ പ്രശ്നമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജാതിക്കോളനികളും ചെങ്ങറകളും അരിപ്പകളും മുത്തങ്ങകളും വടയമ്പാടികളും ജാതിരഹതിമായ കേരളത്തിന്റെ പുരോഗമന നാട്യത്തെ വലിച്ചു ചീന്തുന്ന ഏടുകളാണെന്നുള്ളതാണ് വസ്തുത. പി ഗംഗാധരന്മാരുടെ അറിയപ്പെടാത്ത ഏടുകള്‍ നമ്മുടെ ഇത്തരം പുരോഗമന നാട്യങ്ങളെ ചോദ്യംചെയ്യുന്നതിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നുണ്ട്.
ആധാരം
പി ഗംഗാധരന്- നിഷ്കാസിതനായ നവോത്ഥാനനായകന്‍, സഖാവ് പി ഗംഗാധരന് ഫൗണ്ടേഷന് എറണാകുളം- വി എന്‍ പ്രസന്നന്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
http://www.azhimukham.com/offbeat-reservation-is-not-a-poverty-eradication-programme-by-vishak/
http://www.azhimukham.com/kerala-is-kerala-left-govt-feeding-modis-anti-reservation-politics-writing-sunil/
http://www.azhimukham.com/trending-sunny-m-kapikkadu-on-reservation/
http://www.azhimukham.com/india-caste-class-indian-politics-yechury-speech-and-kerala-government-reservation-policy/
http://www.azhimukham.com/athira-engineering-student-cet-reservation-technical-university-rakesh/
http://www.azhimukham.com/keralam-kerala-government-decision-to-give-economic-reservation-will-sabotage-castereservation/
