ബിജെപിയുടെ ഇരുതല മൂര്‍ച്ചയുള്ള ഗെയിം പ്ലാന്‍, കേരളം പിടിക്കാന്‍ അത് മതിയോ?

 
ബിജെപിയുടെ ഇരുതല മൂര്‍ച്ചയുള്ള ഗെയിം പ്ലാന്‍, കേരളം പിടിക്കാന്‍ അത് മതിയോ?


തിരെഞ്ഞെടുപ്പ് കാലത്തു ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെ സാധാരണമാണ്; അതങ്ങു അമേരിക്കയിലായാലും ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലായാലും. എന്നാൽ ഈ തിരെഞ്ഞെടുപ്പ് വർഷത്തിൽ ആരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ പോന്നത്ര ആരോപണ-പ്രത്യാരോപണങ്ങളും വിവാദങ്ങളുമാണ് കേരളത്തിൽ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭരണത്തിനും ഭരണമുന്നണിയായ എൽ ഡി എഫിനും നേതൃത്വം നൽകുന്നത് സി പി എം ആകയാൽ പ്രതിപക്ഷ ശരങ്ങളത്രയും പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എം മന്ത്രിമാരെയും സി പി എം നേതാക്കളെയുമാണ്. കഴിഞ്ഞ യു ഡി എഫ് ഭരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. അന്ന് സരിതയും സോളാറും ബാർകോഴയുമൊക്കെ ആയിരുന്നു പ്രതിപക്ഷത്തിന്റെ ആയുധങ്ങളെങ്കിൽ ഇന്നിപ്പോൾ സ്വപ്നയും സ്വര്‍ണക്കടത്തും ലൈഫും മാത്രമല്ല സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയുമൊക്കെ മക്കളെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങളും ഒക്കെയായി സമൃദ്ധമായ ചേരുവ തന്നെയുണ്ട്. എല്ലാറ്റിനും ഉപരിയായി കേന്ദ്ര അന്വേഷണ ഏജൻസികളായ എൻ ഐ എ, സെൻട്രൽ കസ്റ്റംസ്, ഇ ഡി, നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, സി ബി ഐ യുമെല്ലാം അന്വേഷണവുമായി രംഗത്തുണ്ടുതാനും. നൂറു ദിവസം പിന്നിടുമ്പോഴും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയിട്ടില്ലായെങ്കിലും പ്രസ്തുത സംഭവം ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റ്‌ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല.
സർക്കാരിനും സി പി എമ്മിനുമെതിരെ പ്രതിപക്ഷം ആടിത്തിമിർക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയും ഗൗരവതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിൽ പ്രധാനം കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തെ ബാർക്കോഴ കേസ് തന്നെ. ആ കേസിൽ പ്രതിസ്ഥാനത്തു ഉണ്ടായിരുന്നവരിലൊരാൾ അന്നത്തെ ധനമന്ത്രി കെ എം മാണി ആയിരുന്നതിനാൽ മാണി പുത്രൻ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് - എമ്മിന്റെ ഇടതുമുന്നണി പ്രവേശവുമായി ബന്ധപ്പെട്ടാണ് ബാർക്കോഴ വിഷയം വീണ്ടും പൊന്തിവന്നിരിക്കുന്നത്. അതും ഇരുതല മൂർച്ചയുള്ള വാളുപോലെ! കെ എം മാണിയുടെ രക്തത്തിനുവേണ്ടി മുറവിളികൂട്ടിയവരുമായി മാണി പുത്രൻ സന്ധിചെയ്യുന്നുവെന്നതാണ് കേരള കോൺഗ്രസ്സിലെ തന്നെ എതിർ ചേരിയുടെയും കോൺഗ്രസ്, യു ഡി എഫ് നേതാക്കളുടെയും ആക്ഷേപത്തിന് അടിസ്ഥാനമെങ്കിൽ മാണിയെ പിന്നിൽ നിന്നും കുത്തിയത് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കളായിരുന്നുവെന്ന മറുവാദമാണ് ജോസ് കെ മാണിയും കൂട്ടരും ഉയർത്തുന്നത്. ഇത് സ്ഥാപിക്കാനായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏജൻസിയെക്കൊണ്ട് നടത്തിച്ചുവെന്നു പറയപ്പെടുന്ന ഒരു അന്വേഷണ റിപ്പോർട്ടും ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട് .അതിനിടയിൽ തന്നെയാണ് ബാർക്കോഴ സംബന്ധിച്ച് കേസുകൊടുത്ത ബിജു രമേശിന്റെ വെളിപ്പെടുത്തലും. മുൻ കെ പി സി സി പ്രസിഡന്റും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് 50 ലക്ഷം രൂപയും മറ്റൊരു മന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്കിയിരുന്നവെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിരെഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിലെ ഗ്രൂപ്പ് വൈരം കൂടുതൽ മൂർച്ഛിക്കുന്നുവെന്ന സൂചന നൽകുന്ന ഒന്നാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാഫിൽ അംഗമായിരുന്ന ജിക്കുമോൻ ജേക്കബിന്റെ വെളിപ്പെടുത്തൽ. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം വെളിപ്പെട്ടിട്ടും കോൺഗ്രസിലെ ചില നേതാക്കൾ അദ്ദേഹത്തിനെതിരെ നിലകൊണ്ടു എന്നതാണ് ജിക്കുമോന്റെ ആക്ഷേപം. ബിജു രമേശിന്റെ വെളിപ്പെടുത്തലും ജിക്കുമോന്റെ വെളിപ്പെടുത്തലുമൊക്കെ ലക്‌ഷ്യം വെക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തന്നെയാണ്. ഇത്തരം വെളിപ്പെടുത്തലുകൾ സി പി എമ്മിനും എൽ ഡി എഫിനും നൽകുന്ന ആശ്വാസം തെല്ലൊന്നുമല്ല. അതോടൊപ്പം തന്നെ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണവും മുസ്ലിം ലീഗ് എം എൽ എ, എം സി ഖമറുദീനെതിരായ സ്വർണനിക്ഷേപ തട്ടിപ്പുമൊക്കെ അവർ ആയുധമാക്കുന്നുമുണ്ട്.

ആരോപണ, പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ യു ഡി എഫും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ഏറെ സന്തോഷിക്കുന്നത് ബി ജെ പിയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ സോളാർ, ബാർക്കോഴ വിഷയങ്ങളിലായാലും ഇപ്പോൾ പിണറായി സർക്കാരിനെതിരായ സ്വർണക്കടത്ത്, ലൈഫ് മിഷൻ, സി പി എം നേതാക്കളുടെ മക്കൾക്കെതിരായ ആരോപണങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളിലും വിമർശനവും സമരവുമൊക്കെയായി ബി ജെ പി മുന്നിൽ തന്നെ നിൽക്കുന്നു, അന്നും ഇന്നും. ഇതിനിടയിൽ അവരെ പ്രതിരോധത്തിലാക്കാൻ പോന്ന ചില ഇടപെടലുകൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനിൽ നിന്നും ഉണ്ടാവുന്നുണ്ടെന്നത് കേരളത്തിലെ ബി ജെ പി നേതാക്കൾ സൗകര്യപൂര്‍വ്വം മറച്ചുവെക്കുന്നുമുണ്ട്. കള്ളക്കടത്തു സ്വർണം നയതന്ത്ര ബാഗേജിലല്ല വന്നതെന്ന് സ്ഥാപിക്കാൻ മുരളീധരൻ നടത്തുന്ന ശ്രമവും ദുബായിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ സെമിനാറിൽ സ്മിതാ മേനോൻ എന്ന യുവതിയെ ഔദ്യോഗിക പ്രതിനിധിയായി പങ്കെടുപ്പിക്കുക വഴി നടത്തിയ പ്രോട്ടോകോൾ ലംഘനവും ഒക്കെ ഇങ്ങനെ മൂടിവെക്കപ്പെടുന്നവയിൽ പെടും. വി മുരളീധരനുമായി ബന്ധപ്പെട്ടു തന്നെ ഉയരുന്ന മറ്റൊരു ആക്ഷേപം അദ്ദേഹം കേന്ദ്ര മന്ത്രിയാണെന്നത് മറന്നു കേരള സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾക്ക് മുതിരുന്നുവെന്നതാണ്.
ശബരിമല വിഷയത്തിൽ സുവർണാവസരം മണത്തു പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവന്നെങ്കിലും അതിന്റെ ഗുണം യു ഡി എഫിന് ലഭിച്ചതിലുള്ള മനപ്രയാസം ബി ജെ പിയെ വിട്ടുപോയിട്ടില്ല. അതുകൊണ്ടു തന്നെ 'അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ ' എന്ന് പറഞ്ഞതുപോലെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും പല നേതാക്കളും ആരോപണ, പ്രത്യാരോപണ ശരങ്ങളേറ്റു പിടയുമ്പോഴും ബി ജെ പി കൃത്യമായ ഗെയിം പ്ലാനോടുകൂടിയാണ് കളം പിടിച്ചിരിക്കുന്നതെന്നത് കാണാതെ പോകാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാർട്ടിയുടെ ഉന്നത നേതാക്കളെയും വർധിത വീര്യത്തോടെ ആക്രമിക്കുമ്പോൾ തന്നെ കോൺഗ്രസിനെയും യു ഡി എഫിനെയും തീർത്തും അപ്രസക്തമാക്കികൊണ്ടു കേരളത്തിൽ പ്രധാന പ്രതിപക്ഷം ബി ജെ പി തന്നെയാണ് എന്ന പ്രതീതി സൃഷ്ട്ടിക്കാൻ പോന്ന എല്ലാ തന്ത്രങ്ങളും അവർ പയറ്റുന്നുണ്ട്. 'ഒക്കെചെങ്ങായി' എന്ന പരിഹാസം ചൊരിഞ്ഞു യു ഡി എഫിനെയും ബി ജെ പി യെയും കൂട്ടിക്കെട്ടി ആക്രമിക്കാൻ പിണറായി വിജയനും മറ്റും ശ്രമിക്കുമ്പോഴും സംസ്ഥാനത്തു ഇപ്പോൾ സജീവമായി ചർച്ചചെയ്യപ്പെടുന്ന ഒട്ടുമിക്ക ആരോപണങ്ങളും ആദ്യം ഉന്നയിച്ചതിന്റെയും അവ സജീവമായി നിലനിര്‍ത്തുന്നതിന്റെയും ക്രെഡിറ്റ് എടുക്കാനുള്ള ബോധപൂർവമായ ശ്രമം ബി ജെ പി നടത്തുന്നതായി കാണാം. ഇതൊക്കെ പറയുമ്പോഴും ബി ജെ പി യുടെ ഈ ഗെയിം പ്ലാൻ കേരളം പോലൊരു സംസ്ഥാനത്തു എത്രകണ്ട് വിജയിക്കുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)