റിയ ചക്രബര്‍ത്തിമാരെ ടിആര്‍പിക്ക് വേണ്ടി മാധ്യമ വിചാരണ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചാനല്‍ നിരക്ക് തീരുമാനിക്കുന്നതില്‍ നിന്ന് ട്രായ് മാറി നില്‍ക്കുകയാണ്

 
റിയ ചക്രബര്‍ത്തിമാരെ ടിആര്‍പിക്ക് വേണ്ടി മാധ്യമ വിചാരണ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചാനല്‍ നിരക്ക് തീരുമാനിക്കുന്നതില്‍ നിന്ന് ട്രായ് മാറി നില്‍ക്കുകയാണ്

കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകള്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണവും അതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളുടെയും പിന്നാലെ കൂടിയിരിക്കുകയാണ്. ഓരോ ദിവസവും പ്രൈംടൈമില്‍ അവതാരകര്‍ രാജ്പുത്തിന്‍റെയും അദ്ദേഹത്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തിയുടെയും ജീവിതത്തിലെ ഓരോ ചെറിയ വിവരങ്ങളും ചികഞ്ഞു പെറുക്കികൊണ്ടിരിക്കുന്നു.ന്യൂസ്‌ ചാനലുകള്‍ എല്ലാം ഈ വിഷയത്തില്‍ അതീവ ശ്രദ്ധലുക്കളാണ് കാരണം അതവര്‍ക്ക് ടെലിവിഷന്‍ റേറ്റിംഗ് പോയിന്‍റ് അഥവാ ടി ആര്‍ പി കൂടുതല്‍ നേടിക്കൊടുക്കുന്ന ഒരു കാര്യമാണ്. ടിആര്‍പി എന്നത് എത്രയാളുകള്‍ ഒരു ചാനലിലെ പരിപാടി കാണുന്നു എന്നുള്ളത് മനസ്സിലാക്കുന്നതിനുള്ള ഒരു സാങ്കേതിക മാര്‍ഗ്ഗമാണ്. ഒരു ചാനലിന്‍റെ പരസ്യത്തിലൂടെയുള്ള വരുമാനത്തെയും മറ്റും സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം കൂടിയാണിത്.

Koan Advisory ഈ അടുത്ത കാലത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒരു ചാനലിന്‍റെ വരുമാനത്തിന്‍റെ 70 ശതമാനത്തോളം പരസ്യങ്ങളിലൂടെയാണ് ഉണ്ടാകുന്നത് എന്ന് കണ്ടെത്തി. പരസ്യങ്ങളുടെ മേലുള്ള ഈ ആശ്രിതത്വം ഇത്തരത്തില്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനു വേണ്ടിയുള്ള നിലവാരമില്ലാത്ത ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് ചാനലുകളെ നയിക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ 2004 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് സബ്സ്ക്രിപ്ഷനും പരസ്യ വരുമാനവും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥക്ക് വഴി തെളിച്ചത്. TRAI-യുടെ ഈ നീക്കം വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതും, 900-ലധികം വരുന്ന ടെലിവിഷന്‍ ചാനലുകളെയും അതിന്‍റെ ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നതിനെ ലക്ഷ്യം വെച്ചുള്ളത് കൂടിയായിരുന്നു.

പുതിയ റെഗുലേറ്ററി ഫ്രെയിംവർക്ക്: തർക്കത്തിന്‍റെ കാരണം

മാര്‍ച്ച്‌ 2017-ല്‍ ട്രായ് മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നു: ഇന്‍റര്‍ കണക്ഷന്‍ റെഗുലേഷന്‍, ക്വാളിറ്റി ഓഫ് സര്‍വീസസ് റെഗുലേഷന്‍ പിന്നെ പുതിയ താരിഫ് റേറ്റുകള്‍. ഇതു മൂന്നും കൂടി ചേര്‍ത്ത് ന്യൂ റെഗുലേറ്ററി ഫ്രയിം വര്‍ക്ക് (NRF) എന്നറിയപ്പെടുന്നു. അഞ്ചു മാസത്തോളം നീണ്ടു നിന്ന പൊതു അഭിപ്രായ പരിശോധനക്ക് ശേഷം മൂന്ന് പ്രധാനപ്പെട്ട തീരുമാനങ്ങളാണ് TRAI ന്യൂ റെഗുലേറ്ററി ഫ്രയിം വര്‍ക്ക് (NRF) രൂപീകരിക്കുന്നതില്‍ സ്വീകരിച്ചത് - വൈവിധ്യമാര്‍ന്നതും നിലവാരമേറിയതുമായ ഉള്ളടക്കം, കണ്ടന്‍റ് ദാതാക്കളും ഡിസ്ട്രിബ്യൂട്ടേഴ്സുമായുള്ള ഇടപാടുകളിലെ സുതാര്യത, കൂടാതെ ഉപയോക്താക്കൾ അടയ്‌ക്കേണ്ട തുല്യമായ താരിഫും. ഉടന്‍ തന്നെ ഡിടിഎച് (ഡയറക്ട് ടു ഹോം) സേവന ദാതാക്കളായ ടാറ്റാ സ്കൈ യും ഭാരതി ടെലി മീഡിയ ലിമിറ്റഡും ഡല്‍ഹി ഹൈക്കോടതിയില്‍ NRF-ന്‍റെ സാധുതയെ ചോദ്യം ചെയ്തു കൊണ്ട് പെറ്റീഷന്‍ സമര്‍പ്പിച്ചു. ടാറ്റ സ്കൈ TRAI യുടെ നടപടികള്‍ അതിരു കടന്നതും നിയമ സാധുത ഇല്ലാത്തതുമാണെന്ന് വാദിച്ചു. പക്ഷേ, TRAI അവരുടെ പദ്ധതികളുമായി മുന്നോട്ടു പോകുകയും 2019 മാര്‍ച്ചില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. 2020 ജനുവരിയില്‍ TRAI റെഗുലേറ്ററി ഫ്രെയിം വര്‍ക്കില്‍ പിന്നെയും മാറ്റം വരുത്തുകയും, ടെലിവിഷന്‍ പ്രക്ഷേപകര്‍ ബോംബെ ഹൈക്കോടതിയില്‍ അതിനെ വീണ്ടും എതിര്‍ക്കുകയും ഉണ്ടായി.

ചാനലുകള്‍ക്ക് നിരക്ക് നിശ്ചയിക്കുന്ന വിഷയമാണ് ബോംബെ ഹൈക്കോടതി പ്രധാനമായും പരിഹരിക്കുമെന്ന് കരുതുന്ന വിഷയം. ഇത് പ്രക്ഷേപണം നടത്തുന്നവരെയും കാഴ്ചക്കാരെയും ഒരേപോലെ ബാധിക്കുന്ന വിഷയമാണ്. പ്രക്ഷേപകരും വിതരണക്കാരും 19 രൂപയ്ക്കു താഴെ മാത്രമേ ചാനലുകള്‍ക്ക് വിലയിടാന്‍ പാടുള്ളൂ എന്ന് NRF അനുശാസിച്ചിരുന്നു. 2020 ജനുവരിയില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇത് 12 രൂപയാക്കി കുറച്ചിരുന്നു. പ്രക്ഷേപകരേ സംബന്ധിച്ചിടത്തോളം ഇത് അവര്‍ക്ക് കാഴ്ചക്കാരില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന പണത്തിനു പരിധി നിശ്ചയിക്കുന്ന തീരുമാനമായിപ്പോകുകയും അതു കാരണം അവര്‍ക്ക് കൂടുതല്‍ പരസ്യങ്ങളെ ആശ്രയിക്കേണ്ട സാഹചാര്യം ഉണ്ടാക്കുകയും ചെയ്തു. വിലയില്‍ പരിധി നിശ്ചയിച്ചില്ലായിരുന്നുവെങ്കില്‍ പ്രക്ഷേപകര്‍ക്ക് വ്യത്യസ്തരായ കാണികള്‍ക്കു വേണ്ടി വൈവിധ്യങ്ങളായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു.

ഒരു കൂട്ടം ചാനലുകളുടെ കൂട്ടം അഥവാ പാക്കേജുകളുടെ വില കിഴിവ് ചെയ്യുന്നതിന് TRAI നിശ്ചയിച്ചിരിക്കുന്ന പരിധിയാണ് മറ്റൊരു തർക്കവിഷയം. പാക്കേജുകളിലുള്ള ചാനലുകളുടെ മൊത്തം തുകയുടെ പതിനഞ്ചു ശതമാനത്തിനു മുകളില്‍ കിഴിവ് ചെയ്യുന്നതിന് സാധിക്കുകയില്ല എന്നതാണ് NRF വഴി TRAI ഏര്‍പ്പെടുത്തിയ മറ്റൊരു നിയമം. ഇത് മദ്രാസ്‌ ഹൈക്കോടതി തള്ളി കളഞ്ഞു. പക്ഷേ വീണ്ടും TRAI ആ നിയമം തിരികെ കൊണ്ട് വരികയും 15 ശതമാനം എന്നത് 33.3 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഒരു പാക്കേജിലുള്ള ഏതെങ്കിലും ഒരു ചാനലിന്‍റെ വില അതിലെ മുഴുവന്‍ ചാനലുകളുടെ ശരാശരി വിലയുടെ മൂന്ന് മടങ്ങ്‌ അധികം ആകാനും സാധിക്കില്ല എന്നും ഒരു നിയമം TRAI മുന്നോട്ടു വെച്ചിരുന്നു. ഇത് ചില ചാനലുകളുടെ പരസ്യത്തില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കും. ഇതിന്‍റെ ഫലമായി പ്രക്ഷേപകര്‍ക്ക് പാക്കേജിലെ കൂടുതല്‍ വരുമാനമുള്ള ഏതെങ്കിലും ഒരു ചാനലിനെ മാത്രം ആശ്രയിച്ച് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കേണ്ടതായും അതിലൂടെ ലാഭം ഉണ്ടാക്കേണ്ടതായും വന്നേക്കാം.

ഉപയോക്താക്കൾക്ക് ചാനല്‍ പാക്കേജുകള്‍ വിൽക്കുന്നതിന്‍റെ നേട്ടങ്ങൾ സ്വന്തമാക്കുന്നതില്‍ നിന്ന് TRAI യുടെ നിയന്ത്രണങ്ങള്‍ പ്രക്ഷേപകരെ തടയുന്നു. യുഎസ്, യുകെ, കാനഡ, കരീബിയൻ എന്നീ രാജ്യങ്ങളിലെ റഗുലേറ്ററി ബോഡികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള വിദഗ്ദ്ധനായ ഡോ. ജെഫ്രി ഐസനാച്ച് പറയുന്നതനുസരിച്ച്, ചാനലുകളുടെ മാർക്കറ്റ് അധിഷ്ഠിത ബണ്ട്ലിംഗ് നടത്തുന്നത് കാര്യക്ഷമമായ വിലനിർണ്ണയത്തിന് സഹായിക്കുന്നു. ഇത് ഒന്നിലധികം ചാനലുകളുടെ ഇടപാടുകളും വിവരച്ചെലവും കുറയ്ക്കുകയും ജനപ്രിയ ചാനലുകളുള്ള ഒരു പാക്കേജില്‍ ഉൾപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളെ പുതിയതും മികച്ചതുമായവയിലേക്ക് കൊണ്ടുവരുന്നു. ചാനലുകളെ പാക്കേജുകളില്‍ ഉള്‍പ്പെടുത്തുമ്പോള്‍, ചാനലുകള്‍ ഓരോന്നായി നടത്തിക്കൊണ്ടു പോകുന്നതിനു ആവശ്യമായി വരുന്ന തുകയേക്കാള്‍ കുറച്ചു ചിലവിട്ടാല്‍ മതിയാകും.

അമിത നിയന്ത്രണത്തിനു വേണ്ടിയുള്ള ആസക്തി

2004 ല്‍ പുറത്തിറങ്ങിയ ഗവണ്‍മെന്‍റ് വിജ്ഞാപനത്തില്‍ കൂടി TRAI ആക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ കൂട്ടത്തില്‍ ബ്രോഡ്‌കാസ്റ്റിംഗ് എന്നത് കൂടി ഉള്‍പ്പെടുത്തി. അന്നുമുതൽ, TRAI, ടെലിവിഷന്‍ മാര്‍ക്കറ്റിനെ നിയന്ത്രിക്കുകയും ചാനൽ നിരക്ക് നിർണ്ണയം പോലുള്ള ബിസിനസ്സ് രീതികളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്‍റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ICRIER) എന്ന സ്ഥാപനം 10 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ചൈനയും ഇന്ത്യയും മാത്രമാണ് ചാനൽ നിരക്ക് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തി. ഏറ്റവും നിയമാനുസൃതമായ നിയമ ചട്ടക്കൂടുകളിലൊന്നാണ് ഇന്ത്യയുടെ ടിവി വിപണി എന്നതാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്‍റ് ഡവലപ്മെന്‍റിന്‍റെ (OECD)സർവീസസ് ട്രേഡ് റെസ്റ്റ്രിക്റ്റീവ്‌നെസ് ഇൻഡെക്സ് നല്‍കുന്ന വിവരം.

ഉള്ളടക്കം സൃഷ്ടിക്കുക, അത് വിതരണം ചെയ്യുക ഈ രണ്ടു തൂണുകളിലാണ് പ്രക്ഷേപണം നിലകൊള്ളുന്നത്. എല്ലാവര്‍ക്കും കൂടി ചേര്‍ത്ത് ഒരു നിയമം എന്നത് ഈ മേഖലയില്‍ പ്രാവര്‍ത്തികമായ ഒരു കാര്യമല്ല. കാരണം വിവിധങ്ങളായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായി വരുന്ന ചിലവും പലതാണ്. വിതരണത്തിന്‍റെ താരതമ്യേന സ്ഥിരമായി നില്‍ക്കുന്ന ചെലവുകളിൽ നിന്ന് വ്യത്യസ്തമായി, ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിന് അത് ഉള്ളടക്കത്തിന്‍റെ സ്വഭാവം അനുസരിച്ച് വ്യത്യാസപ്പെടുന്നു. 2004 ഒക്ടോബറിൽ പുറപ്പെടുവിച്ച ഒരു താരിഫ് ഉത്തരവിൽ, നിയന്ത്രണത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രത്യേക പ്രശ്നമാണ് ചാനൽ നിരക്ക് നിർണ്ണയം എന്ന് TRAI അംഗീകരിച്ചിരുന്നു. ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായി വരുന്ന ഉൽ‌പാദനച്ചെലവിലെ വ്യതിയാനങ്ങളും, ചാനലുകള്‍ക്ക് നിശ്ചിതമായ വിലയിടേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും TRAI ഇതിനു മുന്‍പും പരാമര്‍ശിച്ചിരുന്നു. എന്നിട്ടും ഇന്ന് പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തിൽ ഒരു ഏകീകൃത താരിഫ് പരിധി പ്രയോഗിക്കാൻ TRAI നിർബന്ധിക്കുന്നു.

മുന്നോട്ടുള്ള വഴി

യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ, റെഗുലേറ്റർമാർ ടെലിവിഷന്‍ ചാനലുകളുടെ സാമ്പത്തിക നിയമനിർമ്മാണത്തിൽ നിന്നും ഉള്ളടക്കത്തിന്‍റെ നിരക്ക് പരിധി നിർണ്ണയിക്കുന്നതിൽ നിന്നും അകലം പാലിക്കുന്നു. അത്തരം ഉള്ളടക്കം പകർപ്പവകാശമുള്ള സൃഷ്ടിയായി യോഗ്യത നേടുന്നതിനാലാണിത്. പകർപ്പവകാശത്തെക്കുറിച്ചുള്ള ആദ്യകാല അന്താരാഷ്ട്ര ഉടമ്പടിയായ ബെർണി കൺവെൻഷനിൽ ഒപ്പിട്ടവരിൽ ഇന്ത്യ മാത്രമാണ് പ്രക്ഷേപണ മേഖലയുടെ ഉള്ളടക്കത്തെയും മറ്റു കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഏക രാജ്യം.

വര്‍ധിച്ചു വരുന്ന തർക്കങ്ങളുടെയും സെൻസേഷണലിസ്റ്റ് ഉള്ളടക്കങ്ങളുടെ ആവിര്‍ഭാവത്തിന്‍റെയും പശ്ചാത്തലത്തില്‍ ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മികച്ച സമ്പ്രദായങ്ങൾക്കൊപ്പം സ്വന്തം ചട്ടക്കൂട് നവീകരിക്കാൻ TRAI തയ്യാറാകണം. ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമിതമായി ഇടപെടുന്നതിൽ നിന്ന് ഇന്ത്യയുടെ കമ്യൂണിക്കേഷന്‍ റെഗുലേറ്ററെ തടയേണ്ടതിന്റെ ആവശ്യകത മുൻ സർക്കാരുകളും പാർലമെന്‍ററി സമിതികളും ഉയർത്തിക്കാട്ടിയിരുന്നു. 12, 13, 14 ലോക്‌സഭകൾ പ്രക്ഷേപണത്തിന്‍റെ സാങ്കേതിക വശങ്ങളെ അതിന്‍റെ ക്രിയാത്മക ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു നിയമനിർമ്മാണത്തിന്‍റെ സാധുതയെ കുറിച്ച് പരിഗണിച്ചിരുന്നു. എന്നാല്‍ അതില്‍ അന്തിമ തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടിരുന്നില്ല. പ്രത്യേകിച്ചും മാധ്യമങ്ങളെയും വിനോദത്തെയും പ്രധാന മേഖലകളായി സർക്കാർ തിരിച്ചറിഞ്ഞിട്ടുള്ള പശ്ചാത്തലത്തില്‍, സാമ്പത്തിക നിയന്ത്രണങ്ങളില്‍ നിന്നും ഉള്ളടക്കത്തെ വേര്‍തിരിക്കേണ്ടത്തിന്‍റെ ആവശ്യകത ഈ ഏറ്റവും പുതിയ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് ഉയർത്തിക്കാട്ടുന്നുണ്ട്.

(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎംഎസ് ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)