'സ്റ്റാന്‍ഡ് വിത്ത് സൂര്യ' എന്ന് പ്രഖ്യാപിക്കുന്ന തമിഴ് സിനിമയും, അവനവന്റെ കാര്യം നോക്കുന്ന മലയാള സിനിമയും

സൂര്യക്കൊപ്പവും ഞങ്ങള്‍ നില്‍ക്കും എന്ന് പ്രഖ്യാപിക്കാന്‍ തമിഴ് സിനിമയ്ക്ക് ധൈര്യം വരുന്നത് അവരുടെ രാഷ്ട്രീയ-സാമൂഹ്യ ബോധ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്
 
suriya

'ഞങ്ങള്‍ വിജയ്‌ക്കൊപ്പം നിന്നു, കമലിനൊപ്പം നിന്നു, ഞങ്ങള്‍ സൂര്യക്കൊപ്പവും നില്‍ക്കും';  വ്യക്തവും ശക്തവുമായ പ്രഖ്യാപനമാണ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ഈ വാക്കുകള്‍. വണ്ണിയര്‍ സംഘവും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷിയും(പിഎംകെ) നടന്‍ സൂര്യയെ വേട്ടയാടുന്നത് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നാണ് സിദ്ധാര്‍ത്ഥ് തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ് സിനിമകള്‍ക്കൊപ്പം അവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരും അഭിനന്ദിക്കപ്പെടുന്നത് ഇത്തരം നിലപാടുകളിലൂടെയാണ്. തനിക്കെതിരേ ശക്തമായ സംഘപരിവാര്‍ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് ഒരിക്കല്‍ നടന്‍ പ്രകാശ് രാജ് പറഞ്ഞത്- ' സമൂഹം തരുന്ന ഇഷ്ടത്തിന്റെ പുറത്ത് കിട്ടുന്ന പ്രശസ്തിയും സ്ഥാനവും സ്വന്തമാക്കുന്ന ഓരോ കലാകാരനും ആ സമൂഹത്തിനു വേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. കലാകാരന്മാര്‍ ഭീരുക്കളായാല്‍ അവര്‍ ഭീരുക്കളുടെതായ ഒരു സമൂഹത്തേയാകും സൃഷ്ടിക്കുന്നത്' എന്നാണ്. സിദ്ധാര്‍ത്ഥാണെങ്കിലും പ്രകാശ് രാജാണെങ്കിലും, പറയാനുള്ളത് പറയുന്നതില്‍ അവര്‍ ആരെയും ഭയക്കുന്നില്ല. കമല്‍ ഹാസന്‍, പ്രകാശ് രാജ്, വിജയ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി തുടങ്ങി മുഖ്യധാര നടന്മാര്‍ക്കെതിരേ പല വിഷയങ്ങളിലായി ജാതി-വര്‍ഗ്ഗീയ-രാഷ്ട്രീയ സംഘങ്ങളില്‍ നിന്നും ആക്രോശങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ക്കൊപ്പം നില്‍ക്കാന്‍ അവരുടെ കൂടെയുള്ളവര്‍ തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ സൂര്യയെ വേട്ടയാടാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോഴും ഒപ്പം നില്‍ക്കുക എന്ന സാമൂഹിക ധര്‍മം തന്നെയാണ് തമിഴ് സിനിമ ലോകം ചെയ്യുന്നത്.

തെക്കന്‍ തമിഴ്‌നാട്ടിലെ പ്രബല ജാതി സംഘടനയാണ് വണ്ണിയര്‍ സംഘം, അവരുടെ രാഷ്ട്രീയ പര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷി തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായഘടകമാണ്. അവരുടെ അഞ്ച് എംഎല്‍എമാര്‍ ഇപ്പോള്‍ തമിഴ്‌നാട് നിയമസഭയിലുണ്ട്. വണ്ണിയര്‍ സംഘവും പിഎംകെയും ഇപ്പോള്‍ തങ്ങളുടെ 'ശക്തി' തെളിയിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത് നടന്‍ സൂര്യയെ ' കീഴ്‌പ്പെടുത്താന്‍' ശ്രമിച്ചുകൊണ്ടാണ്. വണ്ണിയര്‍ സമുദായത്തെ അപമാനിച്ചു എന്നതാണ് കുറ്റം. സൂര്യയും ഭാര്യ ജ്യോതികയും നിര്‍മിച്ച് ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തില്‍ തങ്ങളെ അപമാനിക്കാന്‍ കരുതിക്കൂട്ടി ശ്രമിച്ചു എന്നതാണ് വണ്ണിയര്‍ സമുദായത്തിന്റെ പരാതി. സിനിമയില്‍ ലോക്കപ്പ് കൊലപാതകത്തിന് നേതൃത്വം കൊടുക്കുന്ന ഇന്‍സ്‌പെക്ടറെ വണ്ണിയര്‍ സമുദായക്കാരനായി ചിത്രീകരിച്ചു എന്നതാണ് പരാതിക്ക് അടിസ്ഥാനം. ജയ് ഭീം യഥാര്‍ത്ഥസംഭവത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാകുമ്പോള്‍, ബാക്കിയെല്ലാം കഥാപാത്രങ്ങളും യഥാക്രമം സൃഷ്ടിക്കപ്പെട്ടപ്പോള്‍, യഥാര്‍ത്ഥ സംഭവത്തില്‍ രാജാ കണ്ണിന്റെ കൊലപാതകത്തിന് നേതൃത്വം വഹിച്ച ഇന്‍സ്‌പെക്ടര്‍ ക്രിസത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ളായിരിക്കെ, സിനിമയില്‍ എന്തുകൊണ്ട് വണ്ണാര്‍ സമുദായക്കാരനാക്കി എന്നാണ് ആ ജാതി സംഘടനയുടെയും അവരുടെ രാഷ്ട്രീയ കക്ഷിയുടെയും ചോദ്യം. അത്തരമൊരു സൂചന വരുന്ന രംഗം നീക്കം ചെയ്തിട്ടും പ്രതിഷേധക്കാര്‍ അടങ്ങിയിട്ടില്ല. അവര്‍ അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിട്ടുണ്ട്, സൂര്യ പൊതുമധ്യത്തില്‍ മാപ്പ് പറയണം. അവിടം കൊണ്ടും മതിയാകാതെയവര്‍ സൂര്യയുടെ ചിത്രം പ്രദര്‍ശിപ്പിച്ച ഒരു തിയേറ്റര്‍ ആക്രമിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സൂര്യയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിലാണ് സ്റ്റാന്‍ഡ് വിത്ത് സൂര്യ എന്ന് നിലപാട് പ്രഖ്യാപിച്ചുകൊണ്ട്, നാസര്‍, സിദ്ധാര്‍ത്ഥ് തുടങ്ങിയ നടന്മാരും പാ. രഞ്ജിത്തിനെപ്പോലുള്ള സംവിധായകരും രംഗത്തു വരുന്നത്. സ്റ്റാന്‍ഡ് വിത്ത് സൂര്യ എന്ന ഹാഷ് ടാഗില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മാത്രമല്ല, സമൂഹത്തിലെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയാണ്. അഭിപ്രായ വ്യത്യാസത്തിന്റെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെയോ, കലാസൃഷ്ടിയെയോ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വമാണെന്ന് ഓര്‍മിപ്പിക്കുകയാണ് വണ്ണിയര്‍ സംഘത്തെയും പിഎംകെയും. ഇതേകാര്യം സംഘപരിവാറിനോടും ശക്തമായ ഭാഷയില്‍ തന്നെ തമിഴ് സിനിമാലോകം പറഞ്ഞിട്ടുണ്ട്. ജിഎസ്ടിയും ക്യാഷ്ലെസ് ഇക്കോണമിയും പരാമര്‍ശിക്കപ്പെടുന്ന ഡയലോഗുകളുടെ പേരില്‍, വിജയ് എന്ന നടനെ ജോസഫ് വിജയ് എന്ന ക്രിസത്യാനിയാക്കി സംഘപരിവാര്‍ ആക്രമിച്ചപ്പോഴും വിജയ് യുടെ സഹപ്രവര്‍ത്തകര്‍ മൗനമായിരുന്നില്ലെന്നോര്‍ക്കണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹൈന്ദവ തീവ്രവാദത്തെ ചോദ്യം ചെയ്ത പ്രകാശ് രാജിനെ കൈകാര്യം ചെയ്യാനിറങ്ങിയവരുടെ മുന്നിലും തമിഴ് സിനിമാലോകം പ്രതിരോധശക്തിയായി തന്നെയാണ് നിന്നത്.

ആരുടെ മുന്നിലും വിധേയപ്പെടില്ല എന്നു തന്നെയാണ് വിജയും പ്രകാശ് രാജും ഇപ്പോള്‍ സൂര്യയുമെല്ലാം പ്രഖ്യാപിക്കുന്നത്. വണ്ണിയര്‍ സംഘത്തിന്റെയോ പിഎംകെയുടെയോ ഭീഷണി സൂര്യ വകവയ്ക്കുന്നില്ല. പിഎംകെ നേതാവ് അന്‍പുമണി രാമദോസിന്റെ പ്രകോപനത്തോട് വളരെ സംയമനത്തോടെയാണെങ്കിലും നിര്‍ഭയത്വത്തോടെയാണ് സൂര്യ പ്രതികരിച്ചത്. തെറ്റ് ചെയ്‌തെന്നു കരുതുന്നില്ല, അതിനാല്‍ കീഴ്‌പ്പെടാന്‍ തയ്യാറല്ലെന്നു തന്നെയാണ് മര്യാദയുടെ ഭാഷയില്‍ രാമദോസിനോട് സൂര്യ പരോക്ഷമായി പറഞ്ഞിരിക്കുന്നത്. തന്നെ ക്രിസ്ത്യാനിയെന്നു വിളിച്ചവരോട് അതേ ഞാന്‍ ജോസഫ് വിജയ് എന്ന ക്രിസ്ത്യാനി തന്നെയാണെന്നായിരുന്നു വിജയ് ഉറക്കെ പ്രഖ്യാപിച്ചത്. യേശു രക്ഷിക്കുന്നു എന്ന കുറിവാചകമുള്ള ലെറ്റര്‍ പാഡില്‍ സിനിമയ്ക്കും തനിക്കുമെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് പക്വതയോടെ മറുപടി പറയുമ്പോള്‍, അതിലെ ഏറ്റവും ശക്തമായ താക്കീതായി തോന്നിയത് ജോസഫ് വിജയ് എന്ന പേര് തന്നെയായിരുന്നു. പ്രകാശ് രാജ് സിര്‍സിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ ബിജെപിക്കാര്‍ ആ വേദി ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം നിങ്ങളുടെ ഈ വൃത്തിയാക്കലും ശുദ്ധീകരിക്കലും തുടരാമോ എന്നായിരുന്നു പരിഹാസത്തോടെ പ്രകാശ് രാജ് പ്രതികരിച്ചത്. ഇതാണ് കലാകാരന്‍ കാണിക്കേണ്ട നിര്‍ഭയത്വം. പ്രതികരണശേഷി തന്നെയാണ് ഒരു കലാകാരന് ഭൂഷണമായിട്ടുള്ളത്, മൗനമല്ല.

നിര്‍ഭാഗ്യമെന്ന് പറയട്ടെ, മലയാള ചലച്ചിത്ര ലോകത്തിന് ഇക്കാര്യം ഇനിയും ബോധ്യമായിട്ടില്ല. കൂട്ടത്തില്‍ ഒരുത്തന്‍ ആക്രമിക്കപ്പെടുന്നതു കണ്ടാലും, അവനവന്റെ കാര്യം നോക്കി മിണ്ടാതിരിക്കാനാണ് മലയാള സിനിമയിലെ ഭൂരിഭാഗത്തിനും താത്പര്യം. ആളും അര്‍ത്ഥവും കൊണ്ട് ശക്തമായൊരു ഓര്‍ഗനൈസേഷന്‍ ഉണ്ടായിട്ടുപോലും അവരീ നിശബ്ദത തുടരുകയാണ്. അതിനുള്ള ഏറ്റവും പുതിയ ഉദ്ദാഹരണമാണ് ജോജു ജോര്‍ജ്. ജോജുവില്‍ നിന്നു തുടങ്ങി മറ്റ് താരങ്ങളുടെ ഷൂട്ടിംഗ് തടയുന്നതില്‍ വരെ കാര്യങ്ങളെത്തിയിട്ടും ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന മട്ടില്‍തല കുനിച്ചിരിക്കുകയായിരുന്നു ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍. ഒരു വ്യക്തിയെയല്ല, ഇന്‍ഡസ്ട്രിയെ തന്നെ ഒരു കൂട്ടര്‍ ടാര്‍ഗറ്റ് ചെയ്‌പ്പോഴും അവര്‍ക്കൊരു കുലുക്കവും ഉണ്ടായിട്ടില്ലെങ്കില്‍ അവരെത്ര ഭീരുക്കളായിരിക്കണം? കൃത്യമായ എന്തെങ്കിലുമൊരു തെളിവ് ഇല്ലാതെയാണ് വൈറ്റിലയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട കാര്‍ അപകടത്തില്‍ ജോജുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപണം നടത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ ഇത്ര കഴിഞ്ഞിട്ടും ജോജുവിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പോലും ഒരു വാക്കുപോലും പ്രതികരിച്ച് കണ്ടില്ല. നിങ്ങള്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണത് പറഞ്ഞതെന്ന് ചോദിക്കാന്‍ മെനക്കെട്ടിട്ടില്ല. ജോജുവിനെ കുടിയനും ലഹരിയടിമയുമാക്കിയപ്പോഴും, അയാളുടെ വീടിനു മുന്നില്‍ അതിക്രമം കാട്ടിയപ്പോഴും സ്വീകരിച്ച അതേ മൗനം. എന്നും സെയ്ഫ് സോണില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍. സമൂഹത്തോട് പ്രത്യേകിച്ചെന്തെങ്കിലും പ്രതിബദ്ധത അവര്‍ക്കുള്ളതായി തോന്നിയിട്ടില്ല. സമൂഹം കാണിക്കുന്ന ഇഷ്ടമാണ് നിങ്ങളുടെ പ്രശസ്തിയും സ്ഥാനങ്ങളുമെന്നവര്‍ ഓര്‍ക്കുന്നില്ല. സിനിമാക്കാരന് പ്രതികരിക്കാന്‍ പാടില്ലെന്നോ, സിനിമാക്കാരന് രാഷ്ട്രീയം പറയാന്‍ പാടില്ലെന്നോ, സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, അങ്ങനെയൊക്കെ ചെയ്യണമെങ്കില്‍ താനുമൊരു സാമൂഹ്യജീവിയാണെന്ന ബോധം ഉണ്ടാകണം.  സൂര്യക്കൊപ്പവും ഞങ്ങള്‍ നില്‍ക്കും എന്ന് പ്രഖ്യാപിക്കാന്‍ തമിഴ് സിനിമയ്ക്ക് ധൈര്യം വരുന്നത് അവരുടെ രാഷ്ട്രീയ-സാമൂഹ്യ ബോധ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. താരം മാത്രമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം ബോധമോ ബോധ്യങ്ങളോ ഉണ്ടാകില്ല.