തലശ്ശേരി കലാപം-സിപിഎം വിരോധത്തിനിടെ പിടി തോമസ് മറിച്ചുപിടിക്കുന്നത് ചരിത്ര വസ്തുതകള്‍, വെള്ളപൂശാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ്സിനെയും

 
തലശ്ശേരി കലാപം-സിപിഎം വിരോധത്തിനിടെ പിടി തോമസ് മറിച്ചുപിടിക്കുന്നത് ചരിത്ര വസ്തുതകള്‍, വെള്ളപൂശാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ്സിനെയും

കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ ഒരു പ്രസംഗ ഭാഗമാണ്. ഏതോ ഒരു കോണ്‍ഗ്രസ് യോഗത്തില്‍ അദ്ദേഹം നടത്തുന്ന പ്രസംഗമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. 1971 ല്‍ നടന്ന തലശ്ശേരി കലാപമാണ് വിഷയം. കലാപത്തെ തടയാന്‍ ശ്രമിച്ചുവെന്ന സിപിഎം നേതാക്കളുടെ അവകാശവാദങ്ങള്‍ തള്ളിക്കളയുകയല്ല, കലാപം തന്നെ സിപിഎം ഉണ്ടാക്കിയതാണെന്ന പ്രതീതിയാണ് പി ടി തോമസ് സൃഷ്ടിക്കുന്നത്. ഇതിന് അദ്ദേഹം തന്റെതായ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ തലശ്ശേരി കലാപത്തെ കുറിച്ചുള്ള സൂചനകളില്‍ സിപിഎം വിമര്‍ശനത്തിന്റെ മറവില്‍ അന്ന് കലാപത്തിന്റെ ഭാഗമായ ഹിന്ദുത്വ വാദികളെ രക്ഷിച്ചെടുക്കുകയാണ് തോമസ് ചെയ്യുന്നതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാഷ്ട്രീയ എതിരാളികളായ സിപിഎമ്മിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ കലാപത്തിന്റെ കാരണക്കാരായവരെ രക്ഷിച്ചെടുക്കുന്ന ദൗത്യമാണ് കോണ്‍ഗ്രസ് നേതാവ് ചെയ്യുന്നതെന്നത് അത്ഭുതകരമാണ്. അതും ഹിന്ദുത്വ വര്‍ഗീയത രാഷ്ട്രീയ അധികാരത്തിന്റെ സഹായത്തോടെ രാജ്യവ്യാപകമായി പലതരത്തിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന പാശ്ചാത്തലത്തില്‍.

തലശ്ശേരി കലാപത്തെക്കുറിച്ച് പിടി തോമസ് പറഞ്ഞത് സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു, പള്ളി തകര്‍ത്തു, പള്ളി സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലെ തര്‍ക്കത്തിനിടയിലാണ് എന്നിങ്ങനെയുള്ള വാദങ്ങളാണ് പി ടി തോമസ് ഉയര്‍ത്തുന്നത്. ഇവിടെ എവിടെയും കലാപത്തിന്റെ ഭാഗമായിരുന്നു ഹിന്ദുത്വ വാദികളില്ല, ഒരു ഘട്ടത്തില്‍ കലാപത്തിനിറങ്ങിയ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ല. ഇതൊക്കെ അദ്ദേഹം ചെയ്യുന്നത് കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് അന്വേഷിച്ച ജോസഫ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണ് പറയുന്നതെന്നതിനെ അതിന്റെ സമഗ്രതയില്‍ കാണാതെയുള്ള ഏത് വിലയിരുത്തലും തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുമെന്ന കാര്യം വ്യക്തമാണ്. ഹിന്ദു തീവ്രവാദത്തെ മറിച്ചുപിടിക്കാനുള്ള തോമസിന്റെ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ കലാപം ഉണ്ടായതെന്നാണ് ജസ്റ്റീസ് വിതയത്തില്‍ കണ്ടെത്തുന്നത്. കാലപത്തിന്റെ അടിയന്തര കാരണമായി പറയുന്ന മേലുട്ട് മഠപ്പുരയിലെ ഉല്‍സവ ഘോഷയാത്രയ്ക്കിടെ ഉണ്ടായെന്ന് പറയുന്ന ചെരിപ്പേറ് മുതല്‍ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മുസ്ലീം വിരുദ്ധ അതിക്രമങ്ങള്‍ക്ക് ഹിന്ദുത്വ സംഘങ്ങള്‍ എങ്ങനെയാണ് കാരണമായതെന്നതടക്കമുള്ള കാര്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം മറച്ചു പിടിച്ചാണ് പിടി തോമസ് സിപിഎമ്മിനെ വിമര്‍ശിക്കാന്‍ തലശ്ശേരി കലാപത്തെ ഉയര്‍ത്തികൊണ്ടുവരുന്നത്. രാഷ്ട്രീയമായി സിപിഎമ്മിനെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങള്‍ കിട്ടുമെന്നിരിക്കെ, അരനൂറ്റാണ്ടുമുമ്പ് നടന്ന തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ രാഷ്ട്രീയ ഉദ്ദേശം കേരള സമൂഹത്തെ സംബന്ധിച്ച് അപകടകരമാണ്.

1971 ല്‍ നടന്ന സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിതയത്തില്‍ കമ്മീഷന്‍ പറയുന്നുണ്ട്. അതില്‍ പ്രധാനം, കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടകൂടുകള്‍ക്ക് വഴങ്ങാതെ ജനങ്ങള്‍ മതപരമായി ചേരിതിരിഞ്ഞ് കലാപത്തില്‍ ഏര്‍പ്പെട്ടുവെന്നാണ്. ഇങ്ങനെ മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ കൂട്ടത്തില്‍ സിപിഎമ്മിന്റെ ആളുകളും ഉള്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ഒരു സംഘടനയെന്ന നിലയില്‍ ഇതില്‍ ഇടപെട്ടത് ഹിന്ദു വര്‍ഗീയ വാദികളായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.' നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളെ പോലെ കഴിഞ്ഞ സ്ഥലമാണ് തലശ്ശേരി. 'മാപ്പിള കലാപം' പോലും രണ്ടു സമുദായങ്ങളുടെ സമധാനപരമായ സഹവര്‍തിത്വത്തെ ബാധിച്ചില്ല. ആര്‍എസ്എസ്സും ജനസംഘവും തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ് സ്ഥിതിഗതികള്‍ മാറിയത്. അവരുടെ മുസ്ലീം വിരുദ്ധ പ്രചാരണവും ഇതിന് പ്രതികരണമായി മുസ്ലീം ലീഗെന്ന വര്‍ഗീയ സംഘടനയുടെ കീഴില്‍ അണിനിരന്നുള്ള പ്രതികരണവും അസ്വസ്ഥതകള്‍ ഉണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കി.' ആര്‍ എസ് എസ്സ് എന്നത് വര്‍ഗീയ സംഘടനയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് പറയുന്ന കമ്മീഷന്‍ മുസ്ലീങ്ങളുടെ അവകാശങ്ങള്‍വേണ്ടിയാണ് നിലകൊള്ളുന്നതെങ്കിലും അതിനെയും വര്‍ഗീയ സംഘടനായായാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ വര്‍ഗീയ കലാപങ്ങളിലും ആര്‍എസ്എസ് സമാനമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും മറ്റ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പരമാര്‍ശിച്ച് പോകുന്നുണ്ട്.

പി ടി തോമസ് പറയുന്നത് കേട്ടാല്‍ തലശ്ശേരിയിലെ വര്‍ഗീയ കലാപത്തിന്റെ മുഖ്യ പങ്കാളി സിപിഎം ആണെന്ന് തോന്നും. ( ഇത് പിടി തോമസ് പറയുന്നതു മാത്രമല്ല, കോൺഗ്രസുകാരും ആർഎസ്എസ്സുകാരും നിരന്തരം പ്രചരിപ്പിക്കുന്ന ഒരു കാര്യം കൂടിയാണ്.) ഇതില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത് നല്ലതായിരിക്കും. യഥാര്‍ത്ഥത്തില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഎം വിതയത്തില്‍ കമ്മീഷന് മുന്നില്‍ ഹാജരാകുകയോ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കാരായവര്‍ ഹാജരായിട്ടുണ്ടെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാര്‍ട്ടി ഹാജരാക്കത്തതുകൊണ്ടുതന്നെയാവും ഒരു പ്രസ്ഥാനം എന്ന നിലയില്‍ സിപിഎം കലാപത്തിനെതിരെ എടുത്ത നടപടികള്‍ കാര്യമായി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കപ്പെടാത്തതും. അതേസമയം പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം ചെയ്ത പോസിറ്റീവായ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മുസ്ലീംലീഗിനോടുളള രാഷ്ട്രീയ എതിര്‍പ്പുമായി ബന്ധപ്പെട്ട സിപിഎം നടത്തിയ പ്രചാരണം, പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള അണികളില്‍ മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കിയിരുന്നുവെന്നത് പാര്‍ട്ടി തന്നെ പിന്നീട് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂര്‍ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എന്‍പി ഉല്ലേഖ് എഴുതിയ Kannur Inside India's bloodiest revenge politics എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. സിപിഎം മുന്നണി ഉപേക്ഷിച്ച് പോയ ലീഗിനെതിരെ നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങള്‍ മുസ്ലീം വിരുദ്ധ വികാരം സൃഷ്ടിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്ന് എ കെ ഗോപാലന്‍, കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് മുസ്ലീം ലീഗിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ജാഥ് നടത്തുകയും ചെയ്തു. With such respected leader hitting out at League the sentiment among Hindus especially known for its Hindu Muslim business rivalry and having seen communal skirmishes in the past was vehemently along religious lines എന്നാണ് എന്‍ പി ഉല്ലേഖ് എഴുതുന്നത്. ഇതുതന്നെ വിതയത്തില്‍ കമ്മീഷനും ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിയുടെ മുസ്ലീം ലീഗിനെതിരായ നിലപാട് അണികള്‍ക്കിടയില്‍ മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കിയെടുത്തുവെന്നാണ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പറയുന്നത്. ഇത് തലശ്ശേരി കലാപ വേളയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തികളെന്ന നിലയില്‍ പങ്കാളികളാകുന്നതിന് കാരണമായിട്ടുണ്ടാകാം. എന്തിന് എല്ലാ പാര്‍ട്ടികളിലെയും ഹിന്ദുക്കള്‍ കലാപത്തില്‍ പങ്കെടുത്തു. അന്ന് നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഒ യുടെ തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ഇക്കാര്യം കമ്മീഷന്റെ വിസ്താര വേളയില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് തങ്ങളുടെ പ്രവര്‍ത്തകരും കലാപത്തിൽ പങ്കെടുത്തുവെന്ന്. സംഘടനയെന്ന നിലയിൽ ആസുത്രണത്തോടെ പങ്കാളികളായത് ഹിന്ദു വർഗീയ ശക്തികളാണ്.

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് വ്യക്തമായ പദ്ധതിയോടെ ഹിന്ദു വര്‍ഗീയവാദികള്‍ ആണ് കലാപം ആസൂത്രണം ചെയ്തതെന്നതാണ്. ഇതിനായി കലശോല്‍സവത്തെ ഉപയോഗിച്ചു. ഇതിന്റെ വിശാദാംശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ടാം ഘട്ടത്തിലാണ് മുസ്ലീങ്ങള്‍ തിരിച്ചടിച്ചത്. തലശ്ശേരി പട്ടണത്തില്‍ ഹിന്ദുക്കളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണം ഈ ഘട്ടത്തിലുണ്ടായി. വ്യാപകമായ കള്ള പ്രചാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയ സംഘടനകള്‍ നടത്തിയതെന്നും ഇതാണ് കലാപത്തിലെ മൂന്നാം ഘട്ടത്തിന് കാരണമായതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഘട്ടത്തിലാണ് വ്യാപകമായി മുസ്ലീം വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടത്.

അതായത് തലശ്ശേരിയില്‍ നടന്ന കലാപത്തില്‍ ഹിന്ദു വര്‍ഗീയ സംഘടനകളുടെ പങ്കാളിത്തം, അതുപൊലെ രാഷ്ട്രീയത്തെ മറികടക്കുന്ന രീതിയില്‍ വിവിധ പാര്‍ട്ടികളിലെ അണികളിലുണ്ടായ വര്‍ഗീയത കലാപത്തെ തീവ്രമാക്കിയെന്നും കമ്മീഷന്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ അതേസമയം ഇപ്പോള്‍ പിടി തോമസ് പ്രതിസ്ഥാനത്തു നിര്‍ത്തുന്ന സിപിഎമ്മിനെക്കുറിച്ച് മറ്റൊരു കാര്യം കൂടി വിതയത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കലാപം ആളിപ്പടര്‍ന്ന ഡിസംബര്‍ 29-ാം തീയതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി കൊടി കെട്ടിയ കാറില്‍ കലാപത്തില്‍നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രചാരണം നടത്തിയെന്നതാണ് അത്. ഇത്തരത്തില്‍ ഒരു ഇടപെടല്‍ മറ്റ് രാഷ്ട്രീയ സംഘടനകള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുമില്ല.

ഇത്തരത്തിലുള്ള എല്ലാ വസ്തുതകളും മറച്ചുവെച്ചാണ് കോണ്‍ഗ്രസിന്റെ നേതാവ് ആര്‍എസ്എസ്സിനെ ഫലത്തില്‍ വെള്ള പൂശുന്ന തരത്തില്‍ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത്. ഇത് ചരിത്രവസ്തുകളെ വക്രീകരിക്കുന്നതിന് തുല്യമാണ്. അത് ഫലത്തില്‍ അക്രമികളായ ഹിന്ദുത്വ സംഘടനകളെ സഹായിക്കുന്നതിനാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതാണ് പിടി തോമസിന്റെ 'കണ്ടെത്തിലിന്റെ' ഏറ്റവും വലിയ സാമൂഹ്യ അപകടം.