ബോളിവുഡിനെ വെല്ലുവിളിക്കുന്ന ഹിന്ദുത്വയുടെ ക്ഷത്രിയമുഖം; കങ്കണ റാണൗട്ട് ബോളിവുഡില്‍ നടത്തുന്ന കടന്നാക്രമണത്തില്‍ ജാതിയും ഒരു ഘടകമാണ്; കാഞ്ച ഐലയ്യ എഴുതുന്നു

 
ബോളിവുഡിനെ വെല്ലുവിളിക്കുന്ന ഹിന്ദുത്വയുടെ ക്ഷത്രിയമുഖം; കങ്കണ റാണൗട്ട് ബോളിവുഡില്‍ നടത്തുന്ന കടന്നാക്രമണത്തില്‍ ജാതിയും ഒരു ഘടകമാണ്; കാഞ്ച ഐലയ്യ എഴുതുന്നു

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ, ശിവസേന സര്‍ക്കാരിനെതിരെയും ബോളിവുഡിലെ മയക്കുമരുന്ന് സംസ്‌കാരമെന്ന് പറയപ്പെടുന്നതിനെതിരെയും കങ്കണ റാണൗട്ട് ഉയര്‍ത്തിയ കലഹവുമൊന്നും വെറും രാഷ്ട്രീയ വിവാദങ്ങള്‍ മാത്രമല്ല, മറിച്ച് അതില്‍ ആഴത്തിലുള്ള ജാതിയുടെ തലങ്ങളും അടങ്ങിയിട്ടുണ്ട്. പക്ഷേ, ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍, ഇക്കാര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്, അല്ലെങ്കില്‍ അവര്‍ അതിനെക്കുറിച്ച് അജ്ഞരാണ്.

ക്ഷത്രിയ സമുദായത്തില്‍ നിന്നും ബോളിവുഡില്‍ ഉയര്‍ന്നു വരുന്ന രണ്ടു പേരായിരുന്നു സുശാന്തും കങ്കണയും. മറ്റ് പ്രാദേശിക സിനിമ വ്യവസായങ്ങളില്‍ നിന്ന് വിഭിന്നമായി, ബോളിവുഡ് നിയന്ത്രിക്കുന്നത് ബ്രാഹ്മണരും ബനിയകളും കായസ്ഥകളും ഖത്രികളും യാഥാസ്ഥിതിക മുസ്ലീം പുരോഹിതരുടെ തിട്ടൂരത്തിന് വഴങ്ങാത്ത കുറച്ച് മുസ്ലീങ്ങളുമാണ്.

ചരിത്രപരമായി തന്നെ ഭരണകര്‍ത്താക്കളെന്ന് അറിയപ്പെടുന്ന ക്ഷത്രിയ സമുദായം, പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം ഇംഗ്ലീഷ് സംസാരിക്കുന്ന, പാശ്ചാത്യവത്ക്കരിക്കപ്പെട്ട ഒരു ആധുനിക സമൂഹമായി മാറിയില്ല. ഈയടുത്ത് വരെ വളരെ യാഥാസ്ഥിതികമായി തന്നെ അവര്‍ തുടര്‍ന്നു. ബോളിവുഡാകട്ടെ, പതുക്കെ പതുക്കെ, ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ ഉള്‍പ്പെട്ട, പാശ്ചാത്യവത്ക്കരിക്കപ്പെട്ട സാംസ്‌കാരിക മൂലധനമുള്ള ഒന്നായി മാറുകയും ചെയ്തു.

സിനിമ, വിനോദ മേഖലകളില്‍ തുടക്കം മുതല്‍ തന്നെ ഹോളിവുഡിനെ അനുകരിക്കുന്ന ഒരു മാതൃക ഹിന്ദി സിനിമ ലോകം തുടക്കം മുതല്‍ പിന്തുടരുന്നുണ്ട്. വിപണിയില്‍ എളുപ്പത്തില്‍ വിറ്റുപോകാന്‍ സാധ്യതയുള്ള വിധത്തില്‍ ആധുനികതയെ സ്വീകരിക്കുന്നുവെന്ന് നടിക്കുമ്പോഴും അതിന്റെ ഉള്ളടക്കമാകട്ടെ അങ്ങേയറ്റം പിന്തിരിപ്പനാണ് താനും. അഭിനേതാക്കളും സംവിധായകരും പാശ്ചാത്യ മേഖലയുമായി വളരെ ചേര്‍ന്നു നില്‍ക്കുമ്പോഴും സിനിമ നിര്‍മാതാക്കളുടെ പശ്ചാത്തലം വളരെ വിഭിന്നമായ ഒന്നാണ്. വിദേശത്ത് ജനിച്ചവര്‍ നടീ നടന്മാരും സാങ്കേതിക വിദഗ്ധരുമാകുന്നത് തുടക്കം മുതല്‍ തന്നെ ഇവിടെ പതിവാണ്. അതുകൊണ്ടു തന്നെ ഹിന്ദി സിനിമ മേഖലയ്ക്ക് ഒരു കോസ്‌മോപൊളിറ്റന്‍ സ്വഭാവം കൈവരികയും ചെയ്തിട്ടുണ്ട്.

ദേശീയോദ്ഗ്രഥന മുന്നേറ്റ കാലത്തും അതിനു ശേഷവും ബ്രാഹ്മണര്‍, ബനിയ, കായസ്ഥ, ഖത്രി സമൂഹങ്ങള്‍ കൂടുതലായി പരിഷ്‌കരിക്കപ്പെടുന്ന സാഹചര്യമുണ്ടായി. 2014-ല്‍ ആര്‍എസ്എസ്-ബിജെപി അധികാരത്തില്‍ വന്നതോടെ ഹിന്ദി സിനിമ മേഖലയില്‍ ഒരു സാംസ്‌കാരിക പ്രതിസന്ധിയുണ്ടാവുകയും ചുവരെഴുത്ത് കൃത്യമായി വായിച്ച ഇതിലെ ചിലര്‍ ഹിന്ദുത്വയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്തു. അതല്ലെങ്കില്‍ ഹിന്ദുത്വയുടെ സാംസ്‌കാരിക പോലീസിംഗുമായി ചേര്‍ന്നു പോകുന്ന ഒന്നല്ല ബോളിവുഡ് സംസ്‌കാരം. എങ്കില്‍ പോലും ഇപ്പോഴും ചിലരെങ്കിലും വര്‍ഗീയതയ്ക്കും മത യാഥാസ്ഥിതികതയ്ക്കും സാംസ്‌കാരിക പോലീസിംഗിനും എതിരായ നിലപാട് സ്വീകരിക്കുന്നുണ്ട്.

ഇന്നും തങ്ങളുടെ ഫ്യൂഡല്‍ ഹിന്ദു മന:സ്ഥിതിയില്‍ ജീവിക്കുന്ന ക്ഷത്രിയ സമുദായം പക്ഷേ, ഈ സിനിമ മേഖലയ്ക്ക് എന്നും പുറത്തായിരുന്നു. മറ്റ് 'ദ്വിജ' സമുദായങ്ങളിലുള്ളതിനേക്കാള്‍ ക്ഷത്രിയ സമുദായത്തിലെ സ്ത്രീകള്‍ ഇന്നും പുരുഷന്മാരുടെ മേല്‍ക്കോയ്മ അനുസരിച്ച് ജീവിക്കുന്നവരാണ്.

മറ്റ് ദ്വിജ സമുദായങ്ങളായ ബ്രാഹ്മണര്‍, ബനിയ, കായസ്ഥ, ഖത്രി സമുദായങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് കാണിച്ച വിമുഖതയാണ് ക്ഷത്രിയ സമുദായത്തെ പിന്നിലേക്ക് തള്ളുന്നതിന് പ്രധാന കാരണമായത്. ഇതാകട്ടെ, അവരുടെ രാഷ്ട്രീയ സാധ്യതകളെയും ബാധിച്ചു.

ബ്രാഹ്മണരാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ സ്വീകരിക്കുകയും ഇന്നും അധികാര രാഷ്ട്രീയത്തില്‍ തങ്ങളുടെ മേല്‍ക്കോയ്മ തുടരുന്നതും കാണാം. രാജാറാം മോഹന്‍ റോയ് മുതല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും അടല്‍ ബിഹാരി വാജ്‌പേയിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മൊറാര്‍ജി ദേശായിയും പി.വി നരസിംഹ റാവുവുമൊക്കെ ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ബനിയ സമുദായത്തില്‍ നിന്നാകട്ടെ, മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മുതല്‍ രാം മനോഹര്‍ ലോഹ്യയും നരേന്ദ്ര മോദിയും (അദ്ദേഹത്തിന് ഒരു ഒബിസി സര്‍ട്ടിഫിക്കറ്റുമുണ്ട്!!) ഒക്കെ ഉദാഹരണങ്ങളാണ്. ഇവരൊക്കെ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും വ്യവസായിക മൂലധന സമ്പത്തിന്റെയുമൊക്കെ ഗുണഫലങ്ങള്‍ നേടിയവരാണ്, മോദിക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ബനിയ സമുദായത്തിന്റെ മൂലധനത്തിനു മേല്‍ അദ്ദേഹത്തിനുള്ള നിയന്ത്രണവും പിന്തണയും പകരംവയ്ക്കാനില്ലാത്തതാണ്. സുഭാഷ് ചന്ദ്രബോസും രാജേന്ദ്ര പ്രസാദും ജയപ്രകാശ് നാരായണും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ജ്യോതി ബസുവും ഒക്കെയടങ്ങുന്ന കായസ്ഥരും ഇക്കൂട്ടത്തിലുണ്ട്. ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം പ്രധാനമന്ത്രി പദത്തിലെത്തപ്പെടുകയും അത് ഗുണകരമാവുകയും ചെയ്ത ഇന്ദര്‍ കുമാര്‍ ഗുജ്‌റാളും മന്‍മോഹനന്‍ സിംഗുമൊക്കെ ഖത്രി സമുദായക്കാരാണ്.

ക്ഷത്രിയ സമുദായത്തില്‍ നിന്നുള്ള ഏറ്റവും പ്രമുഖരായ രാഷ്ട്രീയക്കാര്‍ വി.പി സിംഗും ചന്ദ്രശേഖറുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിമാരായിരുന്നെങ്കിലും ഇരുവരും മാധ്യമങ്ങളുടെ ഒരുവിധത്തിലുള്ള ഇഷ്ടക്കാരുമായിരുന്നില്ല. ജാട്ട് സമുദായക്കാരനായ ചൗധരി ചരണ്‍ സിംഗും വൊക്കലിഗക്കാരനായ എച്ച്.ഡി ദേവഗൗഡയും ശൂദ്ര സമുദായങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരും ഇംഗ്ലീഷ് വിദ്യാഭ്യാസമോ 'നടപ്പ് ഉപചാരങ്ങളോ' പരിചയമില്ലാത്തവരുമായിരുന്നു. ആ നിലയില്‍ അവര്‍ പ്രതിനിധീകരിച്ചിരിുന്നത് ഗ്രാമീണ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയേയും അതിന്റെ സംസ്‌കാരത്തേയുമാണ്. അതേ സമയം, ബോളിവുഡിലാകട്ടെ, ഈ വിധത്തില്‍ ശൂദ്രരരോ ദളിതരോ നിര്‍ണായക പദവികളൊന്നും കാര്യമായി കൈയാളിയിട്ടുമില്ല.

ഇതില്‍ രസകരമായ മറ്റൊരു കാര്യം വി.പി സിംഗും ചന്ദ്രശേഖറും പാവപ്പെട്ടവരോട് കൂടുതല്‍ ആഭിമുഖ്യം കാണിച്ചിട്ടുള്ളവരാണ് എന്നതാണ്. വി.പി സിംഗ് ആകട്ടെ കൂടുതലായി ഒബിസി, എസ്.സി, എസ്.ടി സമുദായക്കാരെ പിന്തുണച്ചയാളുമാണ്. അവര്‍ ആ അര്‍ത്ഥത്തില്‍ ഒരിക്കലും ക്ഷത്രിയരുടെ നേതാക്കളായിരുന്നില്ല.

രാം മന്ദിര്‍ വിഷയം തന്റെ ഉയര്‍ച്ചയ്ക്കുള്ള പ്രധാന വിഷയങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടി യോഗി ആദിത്യനാഥ് ഉയര്‍ന്നു വരുന്നതു വരെ ക്ഷത്രിയ സമുദായത്തില്‍ നിന്ന് ശക്തരായ മറ്റ് നേതാക്കളൊന്നും ഉണ്ടായിട്ടില്ല. ബ്രാഹ്മണര്‍ എതിര്‍ക്കുന്ന വിശ്വാമിത്രനെ പോലെ കാഷായ വസ്ത്രം ധരിച്ച യോഗി ഹിന്ദുത്വ ശക്തികളുടെ കമാന്‍ഡറായി മാറുകയും ചെയ്തു. ഈയടുത്ത് ഗ്യാംഗ്‌സ്റ്ററായ വികാസ് ദുബെയുടെ 'ഏറ്റുമുട്ടല്‍' കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ ക്ഷത്രിയരും ബ്രാഹ്മണരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ തെളിവു കൂടിയാണ്.

എല്ലാക്കാലത്തും ബലിയാട് എന്ന അവസ്ഥയില്‍ നിന്നും ക്ഷത്രിയ സമുദായം ഇപ്പോള്‍ കൂടുതലായി സംഘടിച്ചിട്ടുണ്ട്. അവര്‍ രൂപീകരിച്ചതാണ് ശ്രീ രാജ്പുത് കര്‍ണി സേന. സാരസ്വത് ബ്രാഹ്മണ സമുദായാംഗമായ ദീപിക പദുക്കോണ്‍ അഭിനയിച്ച പത്മാവത് എന്ന സിനിമയ്‌ക്കെതിരെ ഈ സേന അഴിച്ചുവിട്ട പ്രക്ഷോഭം അടുത്ത കാലത്തു നടന്നതാണ്. യോഗിയുടെ പിന്തുണയോടെ, കേന്ദ്ര സേനയുടെ സംരക്ഷണത്തിലാണ് കങ്കണ റാണൗത്ത് ഈയടുത്ത് മുംബൈയിലെത്തിയതെങ്കിലും അവര്‍ക്ക് 'സംരക്ഷണം' നല്‍കാന്‍ കര്‍ണി സേനാംഗങ്ങളും മുംബൈയിലെത്തിയിരുന്നു. ശിവസേനയ്ക്ക് എതിരു നില്‍ക്കുന്നതില്‍ ബിജെപിയുടെ പിന്തുണ ഗുണകരമാകുമെന്ന് കങ്കണ മനസിലാക്കി. (ഉദ്ദവ് താക്കറെയുടെ കുടുംബം ചാന്ദ്രിയസേന കായസ്ഥ പ്രഭു സമുദായത്തില്‍ വരുന്നതാണ്. എങ്കിലും ശിവസേനയ്ക്ക് മറാത്തികള്‍ക്കിടയിലും ഒബിസികള്‍ക്കിടയിലും നല്ല സ്വാധീനമുണ്ട്).


തനിക്ക് ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതും ചെറു പട്ടണത്തില്‍ നിന്നു വരുന്നു എന്നതും മൂലം ബോളിവുഡില്‍ താന്‍ നിലനിന്നേക്കില്ലെന്നാണ് കരുതിയതെന്ന് കങ്കണ തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കങ്കണ മറ്റൊരു തലത്തിലെത്തയിരിക്കുന്നു, ബംഗാളി ബ്രാഹ്ണനായ റിയ ചക്രബര്‍ത്തിക്കെതിരെ ഇപ്പോള്‍ അവര്‍ പോരാടും, ജനനം കൊണ്ട് ബ്രാഹ്ണ സമുദായാംഗവും കായസ്ഥ സമുദായക്കാരനെ കല്യാണവും കഴിച്ച ബോളിവുഡിലെ അതികായരിലൊരാളായ ജയാ ബച്ചനെ ആക്രമിക്കാനും അവര്‍ക്കിപ്പോള്‍ കഴിയുന്നു.

കോണ്‍ഗ്രസ് വിരുദ്ധ സമീപനം സ്വീകരിക്കുന്നതിനൊപ്പം ദേശീയവാദിയായ ഹിന്ദുത്വ പ്രതിച്ഛായ സ്വീകരിക്കുകയാണ് കങ്കണ ചെയ്തത്. ശിവസേനയെ കങ്കണ വിശേഷിപ്പിച്ചത് 'സോണിയ സേന' എന്നാണ്.

2019-ല്‍ കങ്കണ മണികര്‍ണിക എന്ന സിനിമയില്‍ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ വേഷം അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സഹസംവിധായിക കൂടി ആയതുകൊണ്ട് ലക്ഷ്മിഭായിയെ കുറിച്ചുള്ള ചരിത്രം വളച്ചൊടിക്കാനും പരിഷ്‌കര്‍ത്താവും ഫെമിനിസ്റ്റ് ആശയങ്ങളുമുള്ള ഒരു ക്ഷത്രിയ സ്ത്രീയായി അവരെ അവതരിപ്പിക്കാനും കങ്കണയ്ക്ക് കഴിഞ്ഞു. ബ്രാഹ്മണ സമുദായത്തില്‍ ജനിച്ച ലക്ഷ്മിഭായി വിവാഹത്തോടെയാണ് ക്ഷത്രിയ ആയി മാറുന്നത്. ഇത് കങ്കണ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു.

ദീപിക പദുക്കോണിന്റെയും ഖത്രി സമുദായക്കാരിയായ പ്രിയങ്ക ചോപ്രയുടേയുമൊക്കെ മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ അവര്‍ക്കിഷ്ടമുള്ള കരിയര്‍ തെരഞ്ഞെടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചപ്പോള്‍ കങ്കണയുടെ കുടുംബം ചെയ്തത് അവരുടെ മോഡലിംഗ്, സിനിമാ താത്പരങ്ങളെ എതിര്‍ക്കുകയായിരുന്നു. ദീപിക പദുക്കോണിന്റെയോ പ്രിയങ്ക ചോപ്രയുടേയോ അല്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ള ബണ്ട് സമുദായത്തില്‍ നിന്നുള്ള ഐശ്വര്യ റായിയുടേയോ ശില്‍പ്പ ഷെട്ടിയുടേയോ കുടുംബത്തെ പോലെ പാശ്ചാത്യ ജീവിത ശൈലി ഒട്ടും പരിചയമില്ലാത്തവരായിരുന്നു കങ്കണയുടെ കുടുംബം.

ആധുനികമായ എന്തിനോടും കലഹിക്കുന്ന ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടുന്ന ചരിത്രമുള്ള ഒരു സമുദായത്തില്‍ നിന്നാണ് കങ്കണ റാണൗട്ട് വരുന്നത്. മറ്റ് ദ്വിജ സമുദായങ്ങളെയോ മുസ്ലീങ്ങളേയോ പോലെ ക്ഷത്രിയര്‍ക്ക് ബോളിവുഡില്‍ കാര്യമായ നിക്ഷേപങ്ങളോ സ്ഥാനമോ ഇല്ല. കങ്കണ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന കൂസലില്ലായ്മയും ധൈര്യവും അവര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്ന് ലഭിക്കുന്നതാണ്. ഹിന്ദി അല്ലെങ്കില്‍ ദേശീയ ചലച്ചിത്ര മേഖല എന്ന നിലയില്‍ ബോളിവുഡ് ഇന്ന് കൈയാളുന്ന അധീശത്വം അവസാനിപ്പിക്കുക എന്നതും കങ്കണയുടെ ആവശ്യമാണ്. ഏകശിലാത്മകമായ, ഒരു ഹിന്ദുത്വ-ദേശീയവാദി ചലച്ചിത്ര മേഖലയ്ക്കായി വഴിവെട്ടുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യവുമല്ല. ഇത് അവരുടെ "ഒരു രാജ്യം ഒരു സാംസ്‌കാരിക ദേശീയത' പദ്ധതിയുടെ ഭാഗവുമാണ്. കങ്കണ അതില്‍ വളരെയധികം യോജിക്കുകയും ചെയ്യും.

ഒരു സമുദായത്തിന്റെ മുഴുവന്‍ പിന്തുണയുള്ള, ഉയര്‍ന്നു വരുന്ന നായികയും നിര്‍മാതാവുമാണ് കങ്കണ റാണൗട്ട്. സുശാന്ത് സിംഗിന്റെ മരണത്തില്‍ ക്ഷത്രിയ സമുദായം ഒന്നടങ്കം അസ്വസ്ഥരാണ്. അതാകട്ടെ, റിയാ ചക്രബര്‍ത്തിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. റിയ ചക്രബര്‍ത്തിയെ പിന്തുണയ്ക്കുന്നതാകട്ടെ കോണ്‍ഗ്രസാണ്. റിയ ബംഗാളി ബ്രാഹ്മണ സമുദായാംഗമാണെന്നും അതുകൊണ്ടാണ് അവര്‍ ദ്രോഹിക്കപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിക്കുകയും ചെയ്തിരുന്നു. കങ്കണയാകട്ടെ, ജയാ ബച്ചനെ ആക്രമിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയുകയും ചെയ്തു.

ആര്‍എസ്എസിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണ് ക്ഷത്രിയര്‍. കാരണം, ആര്‍എസ്എസിന്റെ ചരിത്രത്തില്‍ ബ്രാഹ്മണനല്ലാത്ത ഏക തലവന്‍ രാജു ഭയ്യ എന്ന രാജേന്ദ്ര പ്രസാദിന്റെ കാലഘട്ടത്തിലാണ് രാംജന്മഭൂമി പ്രശ്‌നം വീണ്ടും സജീവമാക്കിയത്. രാജു ഭയ്യ ക്ഷത്രിയ സമുദായാംഗമായിരുന്നു. സംഘടനാ തലത്തില്‍ ആര്‍എസ്എസിനാകട്ടെ ക്ഷത്രിയ സമുദായാംഗങ്ങളെ അവഗണിക്കാനും സാധിക്കില്ല. തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കങ്കണയെ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും.

എന്നിരുന്നാലും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും ആധുനികതയോടുമുള്ള കാര്യത്തില്‍ ദ്വിജ സാമൂഹിക ക്രമത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായി തന്നെ ക്ഷത്രിയര്‍ തുടരുന്നു. ചരിത്രപരമായി തന്നെ മാംസം ഭക്ഷിക്കുന്നവരാണെങ്കിലും ആര്‍എസ്എസിന്റെ ഭക്ഷണ സംസ്‌കാരത്തില്‍ ഉള്‍ക്കൊള്ളുന്നതിനു വേണ്ടി അവരില്‍ ചിലരെങ്കിലും സസ്യഭക്ഷണം ശീലിക്കുന്നവരായിട്ടുണ്ട്. രസകരമെന്ന് പറയട്ടെ, ബ്രാഹ്മണരും ബനിയകളും മാംസഭക്ഷണം കഴിക്കുന്നവരാകുന്ന കാലത്ത് കങ്കണ സസ്യഭക്ഷണ ശീലത്തിലേക്ക് തിരിയുന്നു എന്നാണ് പറയപ്പെടുന്നത്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അകാലത്തിലുള്ള ആത്മഹത്യയും കങ്കണ റാണൗട്ടിന്റെ പേരാളിയായ നായിക എന്ന പ്രതിച്ഛായയും വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ക്ഷത്രിയ സമുദായത്തിലേക്ക് കുറെക്കൂടി ശ്രദ്ധ കൊടുക്കാന്‍ കാരണമായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലാകട്ടെ, വികാസ് ദുബെയെ വെടിവച്ച് കൊന്നതിനു ശേഷം സമാജ്‌വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടേയും പിന്തുണയോടെ ബ്രാഹ്മണര്‍ പരശുരാമനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എല്ലായിടത്തും കങ്കണ മാത്രമാണ്.

മറ്റൊരു സമുദായം ഇതുവരെ സംഘടിച്ചിട്ടില്ലാത്ത വിധത്തിലാണ് യോഗി ആദിത്യനാഥ് ക്ഷത്രിയ സമുദായത്തെ സംഘടിപ്പിച്ചത്. കങ്കണയുടെ ഇപ്പോഴുള്ള ഉയര്‍ച്ച ബോളിവുഡിലും ഇതര ദ്വിജ സമുദായങ്ങള്‍ക്ക് സിനിമയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും ക്ഷത്രിയ സമുദായം ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളിയായും കാണാവുന്നതാണ്.

(ദി വയറുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎംഎസ് ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)