പാലായിലെ അടി ആര്‍ക്കാണ് കൊള്ളുന്നത്?

 
പാലായിലെ അടി ആര്‍ക്കാണ് കൊള്ളുന്നത്?

പാലായില്‍ പുതിയ ചാര്‍ച്ചക്കാര്‍ തമ്മില്‍ മുന്‍സിപ്പല്‍ ഓഫീസില്‍ കിടന്ന് തമ്മില്‍ തല്ലുന്നതും വൈകാതെ അതൊരു സോദരപ്പോര് മാത്രമാണെന്നും പറഞ്ഞു ഇരു പക്ഷവും രംഗത്ത് വരുന്നതും മലയാളക്കരയാകെ കണ്ടു. കോള്‍മയിര്‍ക്കൊണ്ടു. പല മാധ്യമന്മാരും വിധിയാം വണ്ണം അത് നീളത്തിലും വണ്ണത്തിലും കുറുക്കിയും നീട്ടിയും ആവര്‍ത്തിച്ചു കാണിച്ചു ലാലസചിത്തരായി. ശാന്തം. പാപം. 'സോദരപ്പോരൊരു പോരല്ലെന്ന് ആരോതി' എന്ന കവിവാക്യം കേട്ടുവളര്‍ന്ന പാവം മലയാളിയുടെ മാനവഹൃദയം പേറുന്ന ഈയുള്ളവരെപ്പോലെയുള്ള ക്ഷുദ്രചിത്തന്മാരുടെ മനസ്സ് പക്ഷെ, സംശയോഷ്മള രശ്മികളുടെ അസിധാരയാല്‍ പ്രചോദിതമായി. വി.എന്‍. വാസനെപ്പോലുള്ള സിപിഎം നേതാക്കള്‍ തീര്‍ത്തും വ്യക്തിപരമായ പ്രശ്‌നമെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്നതു കേട്ടിട്ടും മനസ്സ് പല വഴിയിലും കറങ്ങിനടന്നുപോയി.

പറഞ്ഞുവരുന്നത് കേരള കോണ്‍ഗ്രസ് ജോസ് മോന്‍ കഷണവും അവരുടെ പുതിയ ചാര്‍ച്ചക്കാരായ സിപിഎമ്മിലെ കൗണ്‍സില്‍ അംഗങ്ങളും തമ്മില്‍ പാലാ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ അടി കലശലിനെക്കുറിച്ചാണ്. കരുണാര്‍ദ്രമായ നിലവിളിയുടെ അകമ്പടി മേളത്താല്‍ കൊഴിപ്പിക്കുന്നതായിരുന്നു ഛില്ലഛിങ്കാരനാദമണ്ഡിതിമായ കാനനപ്രദേശമല്ലാതെ ഇരുന്നിട്ടും സിംഹവാരണാദി നാനാവതാരങ്ങള്‍ ചുറ്റുപാടും കറങ്ങിനടക്കാതിരുന്നിട്ടും, അവിടെയുണ്ടായ പോര്‍വിളി. പണ്ട് കോളജുകളിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ തമ്മില്‍തല്ല് ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍. വിഷയം ഒരു ഓട്ടോ സ്റ്റാന്റും സ്റ്റാന്റിംഗ് കമ്മറ്റി ചേരലും ഒക്കെയായ തര്‍ക്ക വിതര്‍ക്കങ്ങളായിരുന്നു പോല്‍. ചിന്ന ചിന്ന പ്രശ്‌നങ്ങള്‍. ഓട്ടോ സ്റ്റാന്റിന്റെ പേരില്‍ ഇതാകുമെങ്കില്‍ ബസ് സ്റ്റാന്റായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചിന്ത വേണ്ടാത്തതാണ്. എന്നാലും മനസ്സിലേക്ക് വന്നു. സംഭവത്തിന് പലതരം പാഠങ്ങളുണ്ടായി. പാഠഭേദങ്ങളും. ഇത്തരം രസക്കാഴ്ചകളില്‍ മുഴുകി ചാരുകസേരയില്‍ കിടക്കവെ, എല്ലാം സബൂറായെന്നും തികച്ചും വ്യക്തിപരമെന്നും ഒക്കെ നേതാക്കള്‍ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ദിവസം ഒന്നു കഴിഞ്ഞിട്ടും ടെലിവിഷന്‍ സെറ്റുകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ അടിയൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നേതാക്കളും വിശദീകരിച്ചു.

അത് നമ്മള്‍ വിശ്വസിക്കണം. പറയുന്നത് നേതാക്കളാണ്. അത് മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു. കാരണം, ഒന്ന് കത്തോലിക്ക പാര്‍ട്ടിയാണ്. പള്ളിയും പുരോഹിതനും പറഞ്ഞുകൊടുക്കുന്നതാണ് പ്രധാനം. അല്മായന് വിശ്വാസകാര്യത്തില്‍ സഭ വിശദീകരിച്ചു കൊടുക്കുന്നതാണ് പ്രമാണമാകേണ്ടത്. അല്ലാതെ, വിശുദ്ധപുസ്തകത്തിലൂടെ സ്വയം വെളിപ്പെട്ട് വരുന്നതല്ല. സഭയുടെ പ്രവര്‍ത്തനത്തിന് സവിശേഷമായ ഒരു ശ്രേണിയുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ശ്രേണി ബന്ധവും ഏതാണ്ട് അത് തന്നെ. ന്യുനപക്ഷം ഭൂരിപക്ഷത്തിനും കീഴ്ഘടകം മേല്‍ഘടകത്തിനും കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന, മുകളില്‍ നിന്നും കെട്ടിപ്പെടുക്കുന്ന സംവിധാനം. അവിടേയും കണ്ണു കൊണ്ടു കാണുന്നതിനോ നേരിട്ട് വായിച്ച് അറിയുന്നതിനോ ഒരു വലിയ പ്രസക്തിയൊന്നുമില്ല. ഏറിവന്നാല്‍ ഏതു ഘടകത്തിലാണോ പ്രവര്‍ത്തിക്കുന്നത് അവിടെ പറയാം, ധൈര്യമുണ്ടെങ്കില്‍. പക്ഷെ, ഉപരിഘടകം തീരുമാനമെടുത്താല്‍ പിന്നെ സ്വന്തം ബോധ്യങ്ങള്‍ക്ക് പ്രസക്തിയില്ല. കണ്ടതും വായിച്ചതുമല്ല, ചര്‍ച്ച ചെയ്ത് വോട്ടിനിട്ടോ ഇടാതേയോ തീരുമാനിച്ചതോ മുകളില്‍ നിന്നും പറഞ്ഞുതന്നതോ ആവും പ്രമാണം. ആവണം പ്രമാണം. അത്തരം പ്രമാണത്തെ പിന്‍പറ്റേണ്ടിവന്നതുകൊണ്ടാവാം സോദരപ്പോര് എന്ന പേരുമായി ഒടുവില്‍ ഇരുകക്ഷികളും രംഗത്ത് എത്തിയത്. പക്ഷെ, എഴുത്തച്ഛന്‍ പറഞ്ഞതുപോലെ പോര് സോദരര്‍ തമ്മില്‍ തന്നെയാണെങ്കിലും പോര് തന്നെ. എഴുത്തച്ഛന്‍ മാത്രമല്ല സ്പാനിഷ് എഴുത്തുകാരനായ കാമിലോ ജേസ് സേലയും ഇത് പറയുന്നുണ്ട്. പോര് സോദരര്‍ തമ്മിലാണെങ്കില്‍ അത്രയും വലിയ പോര് ലോകത്ത് എവിടേയും ഉണ്ടാകില്ല. ഫാമിലി ഓഫ് പാസ്‌കല്‍ ദ്വാര്‍ത്തേയില്‍. കുരുക്ഷേത്രത്തിന്റെ സാരവും അത് തന്നെയല്ലേ? അപ്പോള്‍ നമ്മള്‍ വളരെ സൂക്ഷിക്കണം സോദരപ്പോരാണെന്നത്, തികച്ചും വ്യക്തിപരരമാണെന്നത്...

സിപിഎമ്മും മാണി സാറിന്റെ പാര്‍ട്ടിയും തമ്മിലെ ഗാഢാനുരാഗത്തിന്റെ ഏറ്റവും ഉദാത്തമായ തലം നമ്മള്‍, മലയാളികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ബജറ്റ് അവതരണ ദിനത്തില്‍ കണ്ടതാണല്ലോ? എത്ര ലഡുവാണ് അവിടെപ്പൊട്ടിയത്? ആ കാഴ്ച വീണ്ടും വീണ്ടും കണ്ട് മലയാളി കോള്‍മയിര്‍ക്കൊള്ളാത്ത ദിനങ്ങളില്ല. സഭയുടെ 'ഉന്നത മൂല്യങ്ങള്‍' എല്ലാം ഉയര്‍ത്തിപ്പിടിച്ച് 'ജനാധിപത്യത്തിന്റെ മഹിതഗാധകള്‍' വിരചിച്ചുകൊണ്ട്, പില്‍ക്കാലം സ്പീക്കറായ, രാമനേയും കൃഷ്ണനേയും സ്വന്തം നാമധേയമാക്കി കൊണ്ടുനടക്കുന്ന ശ്രീരാമകൃഷ്ണനും അതുപോലുള്ളവരും ഒക്കെച്ചേര്‍ന്ന് കാണിച്ചുതന്ന, എഴുതിച്ചേര്‍ത്ത ആ ദിനത്തെ ഓര്‍മ്മിക്കാതെ സിപിഎമ്മിന്റേയും കേരള കോണ്‍ഗ്രസിന്റേയും ഈ മധുവിധുക്കാലത്തെക്കുറിച്ച് ചിന്തിക്കാനേ ആവില്ല. അതൊക്കെ എല്ലാവരുടേയും മനസ്സിലുണ്ട്. നേതാക്കന്മാര്‍ ഒരു മേശയുടെ ചുറ്റുമിരുന്ന് ചര്‍ച്ചാനന്തരം തോളത്ത് കൈയിടുമെങ്കിലും അടിത്തട്ടില്‍ അത് അത്രപെട്ടന്ന് സാധിക്കില്ലെന്ന കാര്യമാണ് ഇന്നലത്തെ പാല ദൃശ്യങ്ങള്‍ കാണിച്ചുതന്നത്. വലിയ പോരിന്റെ കനലുകള്‍ അവരുടെ മനസ്സിലുണ്ടുതന്നെ.

കുറച്ചു ആഴ്ചകള്‍ക്കു മുന്‍പ് ഇടച്ചേരിയിലെ ഒരു കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്റെ സുഹൃത്തായ അദ്ദേഹത്തിന്റെ ബന്ധുവുമായി സംസാരിക്കുന്നത് കേള്‍ക്കാനിടയായി. അദ്ദേഹം കേരള കോണ്‍ഗ്രസില്‍ സജീവമാണ്. രാവും പകലുമില്ലാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും ഒക്കെ പോകുന്നുമുണ്ട്. അദ്ദേഹം ഇതുവരെ ആര്‍ജ്ജിച്ചതൊക്കെ, മക്കളുടേയും മരുമക്കളുടേയും ജോലികളടക്കം എല്ലാം മാണി സാറിന്റെ സഹായം കൊണ്ടു ലഭിച്ചതാണ്. അതുകൊണ്ടുതന്നെ സത്യവിശ്വാസിയായ അദ്ദേഹത്തിന് ജോസ് മോനെ വിട്ട് ഒരിടത്തും പോകാനാവില്ല. പക്ഷെ, പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍...അദ്ദേഹം അര്‍ത്ഥോക്തിയില്‍ നിര്‍ത്തി. അതിന്റെ അര്‍ത്ഥം വ്യക്തമാണ്. സിപിഎമ്മിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ വോട്ടുചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്ന എന്തോ ഉണ്ട്. താഴെത്തട്ടില്‍ തമ്മില്‍ ശക്തമായി എതിരിട്ടു വളര്‍ന്നവര്‍ക്ക് അത്രപെട്ടന്ന് എല്ലാം മറക്കാനാവില്ല. അണികളില്‍ ഒരു വിഭാഗത്തിന് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ ചാര്‍ച്ചക്കാരെ ഉള്‍ക്കൊള്ളാനാവായ്ക ഉണ്ടെന്നത് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കുതന്നെ അറിയാം. സിപിഎമ്മിലും ഇടതുപക്ഷത്തുമുണ്ട് ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍. ഇത്തരക്കാരുടെ അടക്കിപ്പിടിച്ച വിദ്വേഷം അണപൊട്ടുന്നതാണ് പാല മുന്‍സിപ്പാലിറ്റിയില്‍ ഉണ്ടായത്. പിന്നെ, നേതാക്കള്‍ വിളിച്ചു പറഞ്ഞപ്പോള്‍ , ചിരിക്കുകയും കൈകൊടുക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷെ, ഉള്ളില്‍ അതൊന്നുമാകണമെന്നില്ല. കുറച്ചുപേരെങ്കിലും പോളിംഗ് ബൂത്തിലേക്ക് ഇത്തരം ആധിബാധ്യതകളുമായി പോവുകയും നിശബ്ദമായി അതൃപ്തി അടയാളപ്പെടുത്തുകയും ചെയ്‌തേക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പക്ഷെ ഇതൊന്നും ബാധിച്ചില്ലല്ലോയെന്ന മറു ചോദ്യമുയര്‍ത്തുന്നവരുണ്ട്. യുക്തിസഹമാണ് ആ ചോദ്യം.

ജനങ്ങളുടെ പൊതുബോധത്തില്‍ ഓര്‍മ്മകള്‍ക്ക് ദൈര്‍ഘ്യം തീരെ കുറവാണെന്ന വിചാരമാണ് രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ട് മുന്‍പ് പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അധികാരം എന്നത് മാത്രം പ്രമാണമാകുമ്പോള്‍, നേരത്തെ മുന്‍പോട്ട് വെച്ച് തത്വവും വിചാരവും ഒക്കെ പാര്‍ട്ടികള്‍ അട്ടത്ത് വെയ്ക്കും. സാമാന്യയുക്തിക്ക് ചേരാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാലാകണമെന്നില്ലെന്നവരപ്പോള്‍ പറയും. ചിലപ്പോള്‍ അത് മൂന്നാകും. അഞ്ചാകുകയും ചെയ്യാം. സാക്ഷാല്‍ ലീഡര്‍ കെ. കരുണാകരന്‍ ജനാധിപത്യത്തിനു നല്‍കിയ ഹിതോപദേശമാണിത്. അധ്വാന വര്‍ഗ്ഗ സിദ്ധാന്തവും വര്‍ഗ്ഗസമരവും ഒക്കെ ചേര്‍ത്തുവെയ്ക്കുന്നതും ഈ യുക്തിയുടെ ആധിആധാരത്തിന്മേലാണ്. ജനങ്ങള്‍ ഒന്നും അധികകാലം ഓര്‍ത്തുവെയ്ക്കില്ലെന്ന ആത്മവിശ്വാസത്തിലും. ഇടയ്ക്കിടെ പൊട്ടുന്ന അടികളേക്കാള്‍ ഇരുപാര്‍ട്ടികളും കരുതിയിരിക്കേണ്ടത് പൊട്ടാതെ കിടക്കുന്ന അടികളിലാണ്. എപ്പോള്‍ വേണമെങ്കിലും അത് പുറത്തുവരാം. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നവേളയിലും മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍, ക്യാമറകള്‍ക്കു മുന്നില്‍ തന്നെ അത് സംഭവിച്ചുവെങ്കില്‍...നിശബ്ദമായ അതൃപ്തികള്‍ എവിടേക്കാണ് നയിക്കുക?