കെവിനിലും അവസാനിക്കുന്നില്ല കേരളത്തിലെ ദുരഭിമാന കൊലവിളികള്‍

പട്ടിക ജാതിക്കാരനായ മിഥുന്‍ ലത്തീന്‍ വിഭാഗത്തില്‍പ്പെട്ട ദീപ്തിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് ദുരഭിമാന മര്‍ദ്ദത്തിന് കാരണം
 
midhun krishnan
ദുരഭിമാന കൊല നടന്നിട്ടുള്ളൊരു സംസ്ഥാനം തന്നെയാണ് കേരളം

ഇര കൊല്ലപ്പെടാതിരുന്നതുകൊണ്ട് മാത്രം അത്രകണ്ട് ചര്‍ച്ച വേണ്ടെന്ന് കേരളം തീരുമാനിച്ചൊരു സംഭവം നാല് ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു. മിഥുന്‍ കൃഷ്ണ എന്ന 25 കാരന്‍ നടു റോഡില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ആ ചെറുപ്പക്കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയും കാത്ത് കിടക്കുകയാണ്. ജയ് ഭീം എന്ന തമിഴ് സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ആവേശം കൊള്ളുകയും നെടുനീളന്‍ വിശകലനങ്ങള്‍ എഴുതിയും മതി മറക്കുന്ന മലയാളികള്‍ മിഥുന്‍ കൃഷ്ണയെ കുറിച്ച് കാര്യമായൊന്നും എഴുതിയിട്ടിരിക്കുന്നത് കണ്ടില്ല. ജയ് ഭീമില്‍ പറയുന്നതെന്താണോ അതു തന്നെയാണ് മിഥുന്‍ കൃഷ്ണയുടെ കാര്യത്തിലും സംഭവിച്ചതെന്നിരിക്ക തന്നെ! ജാതി(മതവും) മനുഷ്യാവകാശങ്ങളെ എങ്ങനെയെല്ലാം നിഷേധിക്കുന്നുവെന്നതാണല്ലോ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ജയ് ഭീമില്‍ പറയുന്നത്. അതൊക്കെ തമിഴ്‌നാട്ടില്‍ അന്ന് നടന്നത്, അല്ലെങ്കില്‍ തമിഴ്‌നാട്ടിലോ ബിഹാറിലോ ഉത്തര്‍പ്രദേശിലൊക്കെ മാത്രമായി ഇപ്പോഴും നടക്കുന്നത് എന്ന ധാരണ വച്ചുപുലര്‍ത്തിക്കൊണ്ടാണ് മലയാളിയുടെ ഈ ഇരട്ടത്താപ്പ്.

ഇനി മിഥുന്‍ കൃഷ്ണയ്ക്ക് സംഭവിച്ചതെന്തന്നതിലേക്ക് വരാം. പട്ടിക ജാതിക്കാരനായ മിഥുന്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ദീപ്തിയെ പ്രണയിച്ചു വിവാഹം കഴിച്ചു. മലപ്പുറം അരിക്കോട്ടെ ആതിര എന്ന പെണ്‍കുട്ടിയും കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനും ചെയ്ത അതേ 'തെറ്റ്'!  ആതിരയ്ക്കും കെവിനും ലഭിച്ച ശിക്ഷ മരണമായിരുന്നു, മിഥുന്റെ കാര്യത്തില്‍ ഭാഗ്യം ആ ചെറുപ്പക്കാരനെ തുണച്ചു. പക്ഷേ ഈ മൂന്നുപേര്‍ക്കുമെതിരേയുണ്ടായിരുന്ന കുറ്റപത്രങ്ങള്‍ക്ക് വളരെ അടുത്ത സാമ്യമുണ്ടായിരുന്നു; കുടുംബ അഭിമാനത്തെ ഹനിച്ചവര്‍!

രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദീപ്തിയും മിഥുനും ഒക്ടോബര്‍ 29 ന് വിവാഹിതരായത്. ഇവരെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരുടെയും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ മിഥുനും ദീപ്തിയും തങ്ങള്‍ വിവാഹിതരായെന്ന് പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് രണ്ടുപേരുടെയും വിവാഹം പള്ളിയില്‍വച്ച് നടത്തി തരാമെന്ന് ദീപിതിയുടെ സഹോദരന്‍ ഡോക്ടര്‍ ഡാനിഷ് ജോര്‍ജ് വാക്ക് നല്‍കുന്നു. ഈ വാക്ക് വിശ്വസിച്ച് പള്ളിയില്‍ എത്തിയ മിഥുനു മുന്നില്‍ മതം മാറണമെന്ന ആവശ്യം ഡാനിഷ് മുന്നോട്ടു വച്ചു. ഒന്നുകില്‍ മതം മാറി വിവാഹം കഴിക്കുക, അല്ലെങ്കില്‍ ബന്ധത്തില്‍ നിന്നും പിന്മാറുക. ദീപ്തിയെ ഒഴിവാക്കാന്‍ പണവും മിഥുന് വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, മിഥുനും ദീപ്തിയും വഴങ്ങിയില്ല. വികാരിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. പണത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ തങ്ങള്‍ പിരിയാനില്ലെന്ന് ദീപ്തിയും മിഥുനും ഉറച്ചു നിന്നതോടെ സംസാരം അവിടെ അവസാനിച്ചു. അതിനുശേഷമാണ് ഡാനിഷിന്റെ ക്രൂരതന്ത്രം നടപ്പിലായത്. അമ്മയെ കാണിക്കാം എന്നു പറഞ്ഞ് ദീപ്തിയെയും മിഥുനെയും വീട്ടിലേക്ക് ക്ഷണിച്ച ഡാനിഷ്, വഴിയില്‍ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മിഥുനെ ക്രൂരമായി തല്ലി ചതയ്ക്കുകയായിരുന്നു. 

ദീപ്തി മാധ്യമങ്ങളോട് പറഞ്ഞതിന്‍ പ്രകാരം മിഥുന്റെ ജാതി തന്നെയാണ് ഇവിടെയും ദുരഭിമാനം വൃണപ്പെടാന്‍ കാരണം. ജാതിയാണ് പ്രണയിക്കാനും വിവാഹം കഴിക്കാനും ജീവിക്കാനുമുള്ള യോഗ്യതയായി ഇവിടെയും കണക്കാക്കപ്പെട്ടത്. ഇതേ യോഗ്യതയുടെ പേരിലാണ് കെവിനും ആതിരയും കൊല്ലപ്പെടുന്നത്. ആതിര കൊലപ്പെട്ടപ്പോഴും പിന്നീട് കെവിന്‍ കൊല്ലപ്പെട്ടപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നു പറഞ്ഞ്, രേളത്തിന്റെ ദുരഭിമാന മനസ് പൊതിഞ്ഞു വയ്ക്കാനാണ് സമൂഹവും ഭരണകൂടവും ശ്രമിച്ചത്. അതിന്റെ അപകടം എത്ര വലുതാണെന്നാണ് മിഥുനു നേരെയുണ്ടായ അക്രമം തെളിയിക്കുന്നത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ കെവിന്‍ കൊല്ലപ്പെടില്ലായിരുന്നു. ഇവിടെയും ദീപ്തിയും മിഥുന്റെ കുടുംബവും ഉയര്‍ത്തുന്ന ആരോപണം, പരാതി നല്‍കിയിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ്.മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി കൊടുത്തിട്ടും പ്രതിയായ ഡാനിഷിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ഇപ്പോഴും എടുത്തിരിക്കുന്നതെന്നാണ് പരാതി. കേസ് എടുക്കാതെ ഡാനിഷിന് ഒളിവില്‍ പോകാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് ആരോപണം. ഒരു ഡോക്ടര്‍ കൂടിയായ, സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഡാനിഷിന് കേസില്‍ നിന്നു രക്ഷപ്പെടാനുള്ള വഴികളാണ് പൊലീസ് തുറന്നിട്ടിരിക്കുന്ന ആരോപണം ഗൗരവമേറിയതാണ്. മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ശക്തമായ പ്രതികരണം ഉണ്ടായാല്‍ മാത്രമെ ഒരുപക്ഷേ ഡാനിഷിനെതിരേ പൊലീസ് നടപടിയുണ്ടാകൂ. ഉണ്ടായാല്‍ തന്നെ വെറുമൊരു അടിപിടി കേസായി ഒതുങ്ങാനും സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുത്.

ദുരഭിമാന കൊല നടന്നിട്ടുള്ളൊരു സംസ്ഥാനം തന്നെയാണ് കേരളം. കെവിന്‍ കേസില്‍ വിധി പറഞ്ഞുകൊണ്ട് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തങ്ങളെക്കാള്‍ ജാതിയമായും സാമ്പത്തികമായും താഴ്ന്നു നില്‍ക്കുന്നവരുമായുള്ള ബന്ധങ്ങള്‍ അഭിമാനത്തിന് ക്ഷതം ഉണ്ടാക്കുമെന്നു കരുതുന്നൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നാണ് കെവിന്‍ കേസിലെ വിധിപ്രസ്താവത്തിലൂടെ കോടതി വ്യക്തമാക്കുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം പൊതുസമൂഹം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് മിഥുന്‍ കൃഷ്ണയുടെ കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗതയിലൂടെ തെളിയുന്നത്. ഈ നിസ്സംഗത തന്നെയാണ് തങ്ങളുടെ മകളോ സഹോദരിയോ ജാതിയിലോ സമ്പത്തിലോ തങ്ങളെക്കാള്‍ താഴ്ന്നവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താല്‍ കൊല നടത്താനും തല്ലിക്കൊല്ലാറാക്കാനും മടിയില്ലാത്തവരാക്കി ഒരു വിഭാഗത്തെ മാറ്റുന്നത്. ഇത്തവണ ഇര കൊല്ലപ്പെട്ടില്ലെങ്കിലും ഈ ' ദുരഭിമാന ചിന്ത' മാറാതെ നില്‍ക്കുന്നിടത്തോളം ഒരാശ്വാസത്തിനും വകയില്ലെന്നോര്‍ക്കുക...